റിഥ്വിക് റോഷൻ ചിത്രമായ കോയി മിൽ ഗയയിലെ “ഇധർ ചലാ മേം ഉധർ ചലാ ജാനേ കഹൻ മേം കിധർ ചലാ..” എന്ന ഗാനത്തിലെ ഈ വരികൾ ഇന്നത്തെ യുവാക്കളുടെ ജീവി തത്തെ വരച്ചു കാട്ടുന്ന അർത്ഥവത്തായ വരികളാണ്. അത് മറ്റൊന്നും കൊണ്ടല്ല. കുറച്ചുകാലമായി അവർക്ക് നല്ലതായി തോന്നുന്ന ഒരു ജീവിതശൈലി സ്വീകരിച്ചു തുടങ്ങിയിരിക്കുന്നുവെന്നതാണ്. തിരക്കുകൾ കുത്തിനിറച്ചുള്ള ജീവിതശൈലി ഇന്നത്തെ യുവത്വത്തിന്‍റെ മുഖമുദ്രയായി മാറിയിരിക്കുന്നു. എന്നാൽ ദീർഘകാലാടിസ്‌ഥാനത്തിൽ ആ ജീവിതശൈലി അവരുടെ ആരോഗ്യം, പെരുമാറ്റം, ജോലി, എന്നിങ്ങനെ എല്ലാറ്റിനെയും ദോഷകരമായി ബാധിക്കുന്നു എന്നതാണ് സത്യം.
“പെൻഡുലം ലൈഫ്സ്റ്റൈൽ” എന്നാണ് ഈ ജീവിതശൈലിയെ വിശേഷിപ്പിക്കുക. അതായത് രണ്ട് വിപരീത ദിശകൾക്കിടയിൽ ആടിക്കൊണ്ടിരിക്കുന്ന ജീവിതം അല്ലെങ്കിൽ ഒരു വ്യക്തി രണ്ട് തീവ്രതകൾക്കിടയിൽ ആടിക്കൊണ്ടിരിക്കുകയും സ്‌ഥിരതയോ സന്തുലിതാവസ്‌ഥയോ നിലനിർത്താൻ കഴിയാതെ വരികയും ചെയ്യുന്ന ഒരവസ്ഥാ വിശേഷം. ഒന്നുകിൽ നമ്മൾ ആവശ്യത്തിലധികം എന്തെങ്കിലും ചെയ്യുന്നു അല്ലെങ്കിൽ പൂർണ്ണമായും അത് ഉപേക്ഷിക്കുന്നു. ഇതിൽ എതെങ്കിലും ഒന്ന് സംഭവിക്കാം. നമ്മുടെ ജോലി, ആരോഗ്യം, ബന്ധങ്ങൾ, മനസ്സമാധാനം എന്നിവയെ ഈ ജീവിതശൈലി മോശമായി ബാധിക്കുമെന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. യുവാക്കൾ ഇതിനെ “ഒഴുക്കിനൊപ്പം പോകുക” എന്നാണ് വിശേഷിപ്പിക്കുക. ഇനി ഇത് അവരുടെ ജീവിതഗതിയിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നത് നോക്കാം.
എന്താണ് പെൻഡുലം ജീവിതശൈലി?
അമിത ജോലിയും വിശ്രമവും: ഭക്ഷണ-ആരോഗ്യ കാര്യത്തിൽ ഒരു ശ്രദ്ധയും നൽകാതെ ആഴ്‌ചകളോളം അമിതമായി ജോലി ചെയ്യുകയും പിന്നീട് പെട്ടെന്ന് ഏതാനും ദിവസങ്ങൾ ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ. ആ സമയത്ത് അവർ ഒരു ജോലിയിലും ഏർപ്പെടുകയില്ല.
മാനസികാവസ്‌ഥയിലെ മാറ്റങ്ങൾ: വളരെയധികം സന്തോഷമോ പ്രചോദനമോ അനുഭവപ്പെടുകയും പിന്നീട് ദുഃഖത്തിലേക്കോ നിഷ്ക്രിയത്വത്തിലേക്കോ വീഴുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്. ചിലപ്പോൾ ആളുകൾ വളരെ സന്തോഷമുള്ളവരോ ഉത്സാഹഭരിതരോ ആകാം. എന്നാൽ പിന്നീട് പെട്ടെന്ന് ദുഃഖവും വിഷാദവും അവരിൽ ഉണ്ടാകാം. ഒരു ഓഫീസ് പ്രോജക്റ്റിൽ തിരക്കിലായിരിക്കുകയും പകൽ വിശ്രമമോ രാത്രിയിൽ ആവശ്യത്തിന് ഉറക്കമോ ഇല്ലാതെ അത് പൂർത്തിയാക്കാൻ തീവ്രമായി ശ്രമിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ രാവും പകലും കഠിനമായി പഠിക്കുകയും പരീക്ഷ കഴിഞ്ഞാലുടൻ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും മാറി ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ തുടങ്ങുകയും ചെയ്യുന്നവരിൽ ഈ മാനസികാവസ്‌ഥ ഉണ്ടാകാറുണ്ട്.
ആരോഗ്യത്തിലും ഭക്ഷണക്രമത്തിലും ഉയർച്ച താഴ്ച്ചകൾ : ഒരു ഘട്ടത്തിൽ ആളുകൾ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും കർശനമായി പാലിച്ച് തുടങ്ങുകയും ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ജങ്ക് ഫുഡ് കഴിക്കാൻ തുടങ്ങുകയും ചെയ്യും. ഒരു മാസം ജിമ്മിൽ കർശനമായ വ്യായാമം ചെയ്യുകയും പിന്നീട് അടുത്ത 2 മാസക്കാലം വ്യായാമം ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാതിരിക്കുകയും ചെയ്യുന്നതുപോലെയാണിത്. പിന്നീട് നല്ല ഭക്ഷണക്രമവും വ്യായാമവും ഏതാനും ദിവസം പിന്തുടരുകയും തുടർന്ന് വീണ്ടും അലസനാകുകയും ചെയ്യും. പെൻഡുലം ജീവിതശൈലിയിൽ ഈ ചക്രം ആവർത്തിക്കപ്പെടുന്നു.
ബന്ധങ്ങളിലെ അസ്‌ഥിരത: സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ധാരാളം സമയം ചെലവഴിക്കുന്ന ചിലരുണ്ട്. എന്നിരുന്നാലും ചിലപ്പോൾ അവരുടെ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാം. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാൻ വേണ്ടി ചിലർ സുഹൃത്തുക്കളെ അവഗണിച്ചു കാണാറുണ്ട്. നേരെ മറിച്ചും സംഭവിക്കാം. പങ്കാളിയിൽ നിന്ന് അകന്നു നിൽക്കുന്നവരുമുണ്ട്. ഇവക്കിടയിൽ എങ്ങനെ സന്തുലിതാവസ്ത നിലനിർത്താമെന്നും അവ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും അവർക്ക് മനസ്സിലാകുകയുമില്ല.
തീരുമാനങ്ങൾ എടുക്കുന്നതിൽ മടി: പുതിയൊരു ജോലി ആരംഭിക്കുകയും കുറച്ച് സമയം കഴിഞ്ഞു അത് ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ജോലി തുടങ്ങുകയും ചെയ്യും. ഇതൊരു ചാക്രിക പ്രവർത്തനമായി തുടരാം.
ഈ ജീവിതശൈലി എന്തുകൊണ്ട്?
സന്തുലിതാവസ്‌ഥയുടെ അഭാവം: സ്വന്തം മുൻഗണനകൾ ശരിയായി തീരുമാനിക്കാൻ ആളുകൾക്ക് കഴിയുന്നില്ല. അതിനാൽ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയാതെ വരും. ജോലിക്കും കുടുംബത്തിനുമായി സമയം എങ്ങനെ വിഭജിക്കണമെന്ന് തീരുമാനിക്കാൻ പ്രയാസം നേരിടും.
സമ്മർദ്ദവും പ്രതീക്ഷകളും: മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ആളുകൾ സ്വയം അവഗണിച്ചു കാണാറുണ്ട്. എന്നിരുന്നാലും ചുറ്റുമുള്ളവരേക്കാൾ മികച്ചവരാകാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാൽ യുവാക്കൾ സ്വയം ഏറ്റവും മികച്ച പതിപ്പായി മാറണമെന്നും അലസമായ മാനസികാവസ്‌ഥ പിന്തുടരുതെന്നും മനസ്സിലാക്കണം.
സഹപ്രവർത്തകൻ രാത്രി ഉറങ്ങാതെയോ ഉച്ചഭക്ഷണം ഒഴിവാക്കിയോ ജോലി പൂർത്തിയാക്കുകയാണെങ്കിൽ നിങ്ങളും അപ്രകാരം ചെയ്യേണ്ടതില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക. സ്ഥാപനത്തിന് നിങ്ങളുടെ ജോലിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ സമയബന്ധിതമായി ആ ജോലി പൂർത്തിയാക്കി ആരോഗ്യ പരിപോഷണത്തിൽ തുല്യ ശ്രദ്ധ നൽകുക.
വികാരങ്ങളെ ആശ്രയിക്കൽ: ലക്ഷ്യം മനസ്സിലാക്കാതെ സ്വന്തം വികാരങ്ങളെ മുൻനിർത്തി തീരുമാനങ്ങൾ എടുക്കുക. ഉദാഹരണത്തിന് ജോലി ചെയ്യാനോ പഠിക്കാനോ ഉള്ള മാനസികാവസ്‌ഥയിലല്ലായെങ്കിൽ അത് മാറ്റിവച്ചുകൊണ്ടേയിരിക്കുന്നത്. ആത്യന്തികമായി ആ ജോലി ചെയ്യുകയെന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. എന്നാൽ വൈകാരിക തീരുമാനങ്ങൾ എടുക്കുന്നത് പിന്നീട് ഒരു ഭാരമായി മാറും.
പെൻഡുലം ജീവിതശൈലിയുടെ പോരായ്മകൾ
ശാരീരികവും മാനസികവുമായ തളർച്ച: തുടർച്ചയായ അമിത ജോലി അല്ലെങ്കിൽ അനാവശ്യമായ അലസത കാരണം ശരീരം ക്ഷീണിക്കുകയും മനസ്സ് അസ്വസ്ഥമായി തുടരുകയും ചെയ്യും.
ബന്ധങ്ങളിലെ അകലം: പ്രവചനാതീതമായ നിങ്ങളുടെ പെരുമാറ്റം കാരണം പങ്കാളിയുമായോ സുഹ്യത്തുക്കളുമായോ സഹപ്രവർത്തകരുമായോ ഉള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം.
സമ്മർദ്ദവും ഉത്കണ്ഠയും: അസ്‌ഥിരത ജീവിതത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
പൊരുത്തക്കേട്: ജീവിതത്തിലെ പൊരുത്തക്കേട് ദീർഘകാല ലക്ഷ്യങ്ങൾ നേടുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പെൻഡുലം ജീവിതശൈലി എങ്ങനെ ഒഴിവാക്കാം
സന്തുലിതാവസ്‌ത പ്രധാനമാണ്: ജോലിക്കും വിശ്രമത്തിനും ഇടയിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തുക. ഓഫീസ് ജോലി കഴിഞ്ഞാൽ ദിവസവും ഒരു മണിക്കൂർ നേരം സ്വന്തം ആവശ്യത്തിനായി മാറ്റി വയ്ക്കുക.
ചെറിയ ലക്ഷ്യങ്ങൾ: വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം ശീലങ്ങൾ ക്രമേണ മാറ്റുക. ലക്ഷ്യങ്ങൾ യാഥാർത്ഥ്യബോധമുള്ളതും നേടിയെടുക്കാവുന്നതുമായിരിക്കണം. സന്തുലിതമായ ജീവിതത്തിലേക്കുള്ള ആദ്യ പടിയാണിത്. പുതിയ ഒരു ശീലമോ ജോലിയോ ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും എന്നാൽ അത് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ ആദ്യം ആ ജോലി 10 മിനിറ്റ് നേരം ചെയ്യുക. തുടർന്ന് ക്രമേണ ജോലി സമയം വർദ്ധിപ്പിക്കുക. ഉദാ. ശരീരഭാരം കുറയ്ക്കണമെങ്കിൽ തുടക്കത്തിൽ ദിവസവും 15 മിനിറ്റ് നേരം വ്യായാമം ചെയ്യുക. തുടർന്ന് സമയം കൂട്ടാം.
ദിനചര്യയിൽ ഉറച്ചുനിൽക്കുക: ദൈനംദിന ജീവിതത്തിനായി ഒരു ദിനചര്യ ക്രമീകരിച്ച് അത് പിന്തുടരുക. ദിവസവും ഒരു നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ഒരു ശീലമാക്കുക.
പ്രിയപ്പെട്ടവരോട് സംസാരിക്കുക: സ്വന്തം പ്രശ്നങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടുക. സമ്മർദ്ദത്തിലാണെങ്കിൽ അടുത്തുള്ള ഒരാളിൽ നിന്ന് അതിനായി ഉപദേശം തേടുക. അല്ലെങ്കിൽ ഒരു ഡോക്ടറെ സന്ദർശിക്കുക.
ധ്യാനവും വിശ്രമ രീതികളും സ്വീകരിക്കുക: മനസമാധാനം കൈവരിക്കുന്നതിന് ധ്യാനം, യോഗ അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമം പരിശീലിക്കാം. ഇത് ഒരു ഭാരമായി മാറുന്നത് ഒഴിവാക്കാൻ ആദ്യം 10 മിനിറ്റ് നേരം ധ്യാനം പരിശീലിക്കുക. തുടർന്ന് ക്രമേണ സമയം വർദ്ധിപ്പിക്കാം.
പെൻഡുലം ജീവിതശൈലി
വളരെ മനോഹരമായി തോന്നുമെങ്കിലും അത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. കാരണം നമ്മുടെ ആരോഗ്യത്തെയും ജോലിയേയും ബന്ധങ്ങളേയും അത് പ്രതികൂലമായി ബാധിക്കും. സന്തുലിതവും സുസ്‌ഥിരവുമായ ജീവിതം നയിക്കാൻ നമ്മൾ ചെറിയ ചുവടുകൾ വയ്ക്കണം. ഇത് നമ്മുടെ ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല ആന്തരിക സമാധാനവും സന്തോഷവും നൽകുകയും ചെയ്യും.
ചെലവഴിക്കാനുള്ള സമയം കണ്ടെത്താതിരിക്കുകയും ചെയ്യും ഇത്തരക്കാർ. എന്നാൽ ആ ജോലി പൂർത്തിയായി കഴിഞ്ഞാൽ അടുത്തതായി എന്തുചെയ്യണമെന്ന് അവർക്ക് മനസ്സിലാകാതെ വരികയും പ്രകോപിതരാകുകയും ചെയ്യാം.