ബാങ്കോക്ക് എന്നു കേൾക്കുമ്പോൾ ഒരു മോഡേൺ നഗരത്തിന്‍റെ ചിത്രമാണ് കൺമുന്നിൽ തെളിഞ്ഞു വരികയെങ്കിലും ആധുനികതയും ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകവും ഇഴചേർന്ന ഒരിടമാണിത്. വമ്പൻ നൈറ്റ് ക്ലബ്ബുകൾ, മസാജ് പാർലർ, ലോകപ്രശസ്തവും രുചികരവുമായ തായ് വിഭവങ്ങൾ ലഭിക്കുന്ന റെസ്‌റ്റോറന്‍റുകൾ, രഹസ്യമായി സെക്‌സ്ഷോ പ്രദർശിപ്പിക്കുന്ന ക്ലബ്ബുകൾ… കുടാതെ മനോഹരമായ ബൗദ്ധക്ഷേത്രങ്ങളും ഗർവ്വോടെ തലയുയർത്തി നിൽക്കുന്നു.
ഒരു കാലത്ത് തോടുകളുടെ ശൃംഖല തന്നെ ഇവിടെ ഉണ്ടായിരുന്നു. വഞ്ചിയിലിരുന്ന് നഗരം മുഴുവനും ചുറ്റിക്കാണാം. റോഡുകൾക്ക് വീതി കുട്ടിയതോടെ തോടുകൾ പലതും വെട്ടിച്ചുരുക്കി, ചിലത് നാമാവശേഷവുമായി. എന്നാൽ ചാവോ ഫായാ നദി വരെയെത്തുന്ന ചില തോടുകൾ ഇന്നും ബാങ്കോക്കിലുണ്ട്. ഇവയിലുടെ ജലയാത്ര നടത്തി നഗരം മുഴുവനും ചുറ്റിക്കാണാം. അതുകൊണ്ടാണ് ബാങ്കോക്ക് ‘ഏഷ്യയിലെ വെനീസ്’ എന്നറിയപ്പെടുന്നത്.
അടുത്ത ദിവസം ഞങ്ങൾ ഒരു നൗകയിലിരുന്ന് ചാവോ ഫായാ നദി കടന്ന് പടിഞ്ഞാറെ തീരത്തുള്ള ധനപുരിയിലെത്തി. ഒരു കാലത്ത് ധനപുരിയും ബാങ്കോക്കും രണ്ടു നഗരങ്ങളായിരുന്നു. പിന്നീട് ധനപുരിയും ചേർന്നായിരുന്നു ബാങ്കോക്കിന്‍റെ വികസനം.
ധനപുരിയിൽ നിന്നും ഒരു ബോട്ട് വാടകയ്ക്കെടുത്ത് ഞങ്ങൾ മുന്നോട്ടു നീങ്ങി. അനേകം ചെറിയ റെസ്‌റ്റോറന്‍റുകളും അരിമില്ലുകളും ക്ഷേത്രങ്ങളും തടിയിൽ തീർത്ത വീടുകളും കടന്നായിരുന്നു യാത്ര. നദിക്കരയിൽ ധാരാളം കുട്ടികൾ കളിച്ചു രസിക്കുന്നു. നദിയിലേക്ക് ചാടി പ്രഭാത സ്നാനം ചെയ്യുന്നവരും ധാരാളമുണ്ടായിരുന്നു.
ഫ്ളോട്ടിംഗ് ബസാർ
ഞങ്ങളുടെ നൗകയ്ക്ക് അരികിലുടെ ധാരാളം ചെറിയ തോണികൾ കടന്നുപോയി. ഇവയിൽ ചിലതിൽ ബാംബു ഹാറ്റ് ധരിച്ച യുവതികളുമുണ്ട്. പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിനായി മാർക്കറ്റിലേക്ക് പോകുന്നവർ. ഞങ്ങൾ റെസ്റ്റോറന്‍റിന് അടുത്തുകൂടി കടന്നു പോയപ്പോൾ തായ് വിഭവങ്ങളുടെ സുഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി. ചില തോണികളിൽ കടകളുമുണ്ട്. ഉപ്പു മുതൽ കർപ്പുരം വരെ കിട്ടുന്ന കടകൾ.
അല്പദൂരം മുന്നോട്ടു നീങ്ങിയപ്പോൾ തോണികൾ കുട്ടിയിട്ട് വിശാലമായ പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നതും കണ്ടു. ബാങ്കോക്കിലെ പ്രശസ്‌തമായ ഫ്ളോട്ടിംഗ് ബസാറാണതെന്ന് തോണിക്കാരൻ പറഞ്ഞു. പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ, മീൻ, ഭക്ഷ്യവിഭവങ്ങൾ എന്തും ഇവിടെ കിട്ടും. ഈ കടകളിലെ കച്ചവടക്കാർ സ്ത്രീകളാണ്.
ഇറച്ചിക്കടകളിൽ ചൈനീസ് യുവാക്കൾ ഇരിക്കുന്നതും കണ്ടു. ബൗദ്ധമതാനുയായികളായതിനാൽ തായ് ജനത അഹിംസയിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ മാംസഭക്ഷണം കഴിക്കാൻ അവർക്കൊരു മടിയുമില്ല!
അരുണക്ഷേത്രം
മടക്കയാത്രയിൽ ഞങ്ങൾ ബാങ്കോക്കിലെ അരുണക്ഷേത്രത്തിൽ അല്പ സമയം ചെലവഴിച്ചു. ബാങ്കോക്കിലെ പേരുകേട്ട ഈ ക്ഷേത്രം 250 അടി ഉയരത്തിലാണ് നിൽക്കുന്നത്. യാത്രയുടെ ക്ഷീണമെല്ലാം പമ്പ കടത്തുന്നതാണ് ഇവിടെ നിന്നുള്ള നഗരത്തിന്‍റെ നയന മനോഹര ദൃശ്യങ്ങൾ.
ഞങ്ങൾ അരുണ ക്ഷേത്രത്തിൽ നിന്നിറങ്ങി രാജകീയ നൗകകൾ സന്ദർശിച്ചു. നദിക്കരയിൽ പ്രത്യേകമായി നിർമ്മിച്ച തണലിൽ നിരനിരയായി കിടക്കുന്ന നൗകകൾ നീളവും തിളക്കവുമുള്ള നാഗങ്ങളെപ്പോലെ തോന്നിച്ചു.
രാജപ്രൗഢിയുടെ പ്രതീകങ്ങളാണ് ഈ നൗകകൾ. ഇവയെ പങ്കെടുപ്പിച്ചു കൊണ്ട് നവംബർ മാസത്തിൽ നദിയിൽ ഒരു മേള നടക്കാറുണ്ട്. ഈ അവസരത്തിൽ നൗകകൾ പ്രത്യേകമായി അലങ്കരിക്കും. തായ് രാജാവ് രാജകീയ ചടങ്ങുകൾ പ്രകാരം ഹംസനൗകയിൽ ഉപവിഷ്ടനാ വും. ചുവന്ന വസ്ത്രധാരികളായ 50 പേർ തുഴയും. ആ രാജകീയ ജലയാത്ര ഒന്നു കാണേണ്ടതു തന്നെ.
അടുത്ത ദിവസം നഗരം ചുറ്റി കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഗ്രാന്‍റ് പാലസിൽ നിന്നായിരുന്നു തുടക്കം. രാജാ രാമ ഒന്നാമനാണിത് നിർമ്മിച്ചത്. വിശാലമായ ഹാൾ, ഇതിലാണ് രാജസിംഹാസനം സുക്ഷിച്ചിരിക്കുന്നത്. രാജഭവനം കുടാതെ മരതകക്കല്ലു കൊണ്ട് നിർമ്മിച്ച ബുദ്ധ പ്രതിമയുള്ള ക്ഷേത്രവും ഗ്രാന്‍റ് പാലസിന്‍റെ ഭാഗമാണ്. 1784 ലാണ് ക്ഷേത്രനിർമ്മാണം പൂർത്തിയായത്. രാജാവ് രാമ ഒന്നാമൻ മുതൽ പുതിയ ഭരണാധികാരി നരേശ് രാമ ഒമ്പതാമൻ വരെയുള്ള രാജാക്കന്മാർ ക്ഷേത്രം മരാമത്ത് നടത്തുകയും പുതുക്കി പണിയുകയും ചെയ്തുവന്നു.
ചൈന ടൗൺ
ഗ്രാന്‍റ് പാലസിനോടു ചേർന്ന് മറ്റൊരു ക്ഷേത്രവുമുണ്ട്, വട്ട് ഫോ. ശയനമുദ്രയിലുള്ള 46 മീറ്റർ നീളമുള്ള ബുദ്ധപ്രതിമയും ഇവിടെയുണ്ട്. ഈ ക്ഷേത്രം ഒരു കാലത്ത് തായ്‌ലന്‍റിന്‍റെ വിദ്യാകേന്ദ്രം കുടിയായിരുന്നു. രാജ്യത്തെ ആദ്യ യൂണിവേഴ്സിറ്റി. ക്ഷേത്രത്തിന്‍റെ ഒരു ഭാഗത്ത് പരമ്പരാഗത തായ് മസ്സാജ് വിദ്യ അഭ്യസിപ്പിക്കുന്നുണ്ട്. തായ് മസ്സാജിംഗിന്‍റെ ശാസ്ത്രീയ രീതിയാണിവിടെ അവലംബിക്കുന്നത്.
അടുത്തതായി ഞങ്ങൾ ചൈനാ ടൗൺ (യാവോവരാത്) സന്ദർശിച്ചു. സുഖോഥായി കാലഘട്ടത്തിൽ ഇവിടെയെത്തിയ ചൈനീസ് വ്യാപാരികളാണിത് നിർമ്മിച്ചത്. ഇവിടെ ഒരു ക്ഷേത്രമുണ്ട്. ഇതിൽ സ്വർണ്ണത്തിൽ നിർമ്മിച്ച ഒരു ബുദ്ധ വിഗ്രഹമുണ്ട്. ഇവിടെ സ്വർണ്ണാഭരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കമ്പ്യൂട്ടർ സ്പെയർ പാർട്‌സ്, പുരാവസ്‌തുക്കൾ, ഇറക്കുമതി ചെയ്ത സംഗീത ഉപകരണങ്ങൾ എന്നിവ ലഭിക്കും. കൂടാതെ സ്വർണ്ണക്കടകളുമുണ്ട്.
വട്ട് ബെൻ ചമ്പാ ബോഫിത്ത് എന്ന മാർബിൾ ക്ഷേത്രം ചൈനാ ടൗണിലാണ്. രാമ അഞ്ചാമന്‍റെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചത്. യൂറോപ്യൻ ശൈലിയിൽ പണിത വർണ്ണവൈവിധ്യമുള്ള ഗ്ലാസ്സ് ജാലകങ്ങൾ ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. അടുത്തായി രാജവീഥി റോ ഡിൽ ദുസിത് രാജപ്രസാദ് അങ്കണത്തിൽ ഒരു മ്യൂസിയവും ഉണ്ട്. തേക്കു തടിയിൽ തീർത്ത, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണിത്. 3 നിലകളുള്ള ഈ രാജ കൊട്ടാരത്തിൽ 81 മുറികളാണുള്ളത്. തായ് രാജാക്കന്മാർ ഉപയോഗിച്ച പല വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
അനന്ത്സമവോം രാജസിംഹാസന ഹാൾ സന്ദർശനം മറക്കാൻ കഴിയില്ല. തായ് രാജാവ് രാമ അഞ്ചാമൻ രാജകീയ സമ്മേളനങ്ങൾക്കായി പ്രത്യേകമായി പണിതതാണിത്. ഇറ്റാലിയൻ മാർബിളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പഴയ ശൈലിയിൽ നിർമ്മിച്ച തായ് കെട്ടിടങ്ങളും നാടൻ കലാരൂപങ്ങളും കാണാൻ താല്‌പര്യമുള്ളവർക്ക് ജിം തോംസൺ മ്യൂസിയം നല്ല വിരുന്നാണ്. നാഷണൽ ഗാലറി മ്യൂസിയത്തിൽ തായ്‌ലന്‍റിലെ കലാകാരന്മാരുടെ കലാസൃഷ്‌ടികളും കാണാം.
ഷോപ്പിംഗിനും പ്രശസ്തമാണ് തായ്‌ലന്‍റ്. ലോകപ്രശസ്‌തവും വില കുടിയതുമായ വാച്ചുകൾ മുതൽ ലേറ്റസ്‌റ്റ് ഡിസൈനർ ഡ്രസ്സുകൾ വരെ ഡ്യൂപ്ലിക്കേറ്റായി ഇവിടെ നിർമ്മിച്ചു കിട്ടും. വിലക്കുറവാണെന്നു മാത്രമല്ല ഒറിജിനലാണെന്നു തോന്നിക്കുകയും ചെയ്യും. വിലക്കുറവ്, മനോഹരം, ഈടുറ്റത് എന്നതാണ് വ്യാപാരികളുടെ മുദ്രാവാക്യം. അതുകൊണ്ടു തന്നെയാണ് ടൂറിസ്‌റ്റുകൾ വീണ്ടും വീണ്ടും ഇവിടെ ഷോപ്പിംഗിനെത്തുന്നത്.