സൗന്ദര്യവും അഭിനയമികവുകൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ ബോളിവുഡ് താരമാണ് അപേക്ഷ പോർവൽ, മിസ് ഇന്ത്യ ഡൽഹി തുടങ്ങി ബോളിവുഡിലേക്കുള്ള അവരുടെ യാത്രയെപ്പറ്റി അറിയാം.

മുംബൈയിൽ ജനിച്ചുവളർന്ന അപേക്ഷ പോർവലിന് ചെറുപ്പം തുടങ്ങി അഭിനയ മോഹമുണ്ടായിരുന്നു. ജെഫ് ഗോൾഡ് ബെർഗ് സ്‌റ്റുഡിയോയിൽ മെത്തേഡ് ആക്റ്റിംഗിൽ പഠനം പൂർത്തിയാക്കിയ അപേക്ഷ കോമഡി തീയറ്റർ പ്രൊഡക്ഷൻ ആയ ഡീറേഞ്ചഡ് മാര്യേജിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ രംഗത്തേക്ക് ചുവടുവച്ചത്. അഭിനയത്തിനൊപ്പം നിരവധി സൗന്ദര്യ മത്സരങ്ങളിലും അപേക്ഷ പോർവൽ പങ്കെടുത്തിട്ടുണ്ട്.

2015ലെ മിസ് ഇന്ത്യ ഡൽഹി ജേതാവാണ് അപേക്ഷ. അതിന് ശേഷം 2017-ൽ മിസ് ‌യൂണിവേഴ്‌സ് ഇന്ത്യയുടെ രണ്ടാം റണ്ണർ അപ്പായി. ഇന്ത്യൻ ക്ലാസിക്കൽ നൃത്തമായ കഥക്കിൽ ശിക്ഷണവും നേടിയിട്ടുണ്ട്.

“സ്ലേവ് മാർക്കറ്റ്” എന്ന അറബി ഷോയിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റവും കുറിച്ചു. 1900 കളുടെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള ഈ പരമ്പരയിൽ ഒരു ഇന്ത്യൻ രാജകുമാരിയായാണ് അപേക്ഷ അഭിനയിച്ചത്. ഇംപെർഫെക്റ്റ് 2018 എന്ന വെബ് സീരിസിലും അപേക്ഷ അഭിനയിച്ചിരുന്നു. അഭിനയം കൂടാതെ ആയോധന കലകൾ, കുതിരസവാരി, വായന, യാത്ര തുടങ്ങിയവയും അപേക്ഷയുടെ ഹോബികളാണ്. താൻ അഭിനയിച്ച ഹണിമൂൺ എന്ന വെബ്‌സിരീസ് പുറത്തിറങ്ങിയതിന്‍റെ സന്തോഷത്തിലാണിപ്പോൾ അപേക്ഷ. അപേക്ഷയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും.

സീരിസിലെ കഥാപാത്രത്തെക്കുറിച്ച് പറയാനുള്ളത്

ഇങ്ങനെയൊരു കഥാപാത്രം ഞാൻ ഇതുവരെ ചെയ്ത‌ിട്ടില്ല. ഇതിൽ അധിൽ ഇറാനിയുടെ ഭാര്യയുടെ വേഷമാണ് ചെയ്യുന്നത്. സോയ എന്ന കഥാപാത്രം. സോയ ഒരു ഫിറ്റ്നസ്സ് ട്രെയ്‌നറാണ്. വളരെ സാധ്യതയുള്ള കഥാപാത്രമാണ്. 6 എപിസോഡുകൾ ആയിട്ടുണ്ട്. ഓരോ എപിസോഡിലും പുതിയ കഥാപാത്രങ്ങളെ എക്സ്‌പ്ലോർ ചെയ്‌തു വരികയാണ്. വളരെ ആവേശം നിറഞ്ഞ അനുഭവമാണ്.

ഫിറ്റ്നസ്സ് ഇഷ്ടമാണ്

സിനിമ അഭിനയത്തിന് പുറമെ ഫിറ്റ്നസ്സും ഇഷ്ട‌പ്പെടുന്നു. ആഴ്‌ചയിൽ 5 ദിവസവും ജിമ്മിൽ പോകാൻ ഇഷ്‌ടമാണ്. ഇതിന് പുറമെ ഞാൻ ആയോധനകലകളും പരിശീലിക്കുന്നുണ്ട്. ആയോധനകലകളും വാൾ പയറ്റും ഇഷ്ടമാണ്. ഇതാണ് സോയയെയും അപേക്ഷയെയും തമ്മിൽ അടുപ്പിക്കുന്ന ഫാക്ടർ. ബാക്കിയുള്ള കാര്യങ്ങളൊക്കെ വ്യത്യസ്‌തമാണ്. അതിനാൽ എന്‍റെ കഥാപാത്രത്തെ ഉൾക്കൊള്ളുകയെന്നത് അൽപം ശ്രമകരമായിരുന്നു.

അഭിനയരംഗത്തേക്ക് കടക്കാനുള്ള പ്രചോദനം

കുട്ടിക്കാലം മുതലേ മിസ് ഇന്ത്യ ആകണമെന്നത് എന്‍റെ ആഗ്രഹമായിരുന്നു. എന്നാൽ സാമ്പത്തിക ശാസ്ത്രത്തിൽ ഓണേഴ്സ് എടുത്ത് ശേഷം ഞാനൊരു സ്‌റ്റാർട്ട് അപ്പ് കമ്പനിയിൽ 2 വർഷക്കാലം ജോലി ചെയ്തു. തുടർന്ന് മിസ് ഇന്ത്യയ്ക്ക് അപേക്ഷിച്ചു. 2017-ലെ വിജയിയായി.

9 മാസം ദൈർഘ്യമുള്ള 2 വർക്ക് ഷോപ്പുകളിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ മെത്തേഡ് ആക്റ്റിംഗ്, ഡിപ്ലോമ പ്രോഗ്രാം എന്നിവയൊക്കെ ചെയ്‌തു. അങ്ങനെ ആക്റ്റിംഗ് പഠിക്കാൻ വേണ്ടി ഞാൻ തീയറ്ററിൽ ചേർന്നു. മിസ് ഇന്ത്യ യൂണിവേഴ്‌സ് ആയതുകൊണ്ടാണ് ഞാൻ അഭിനയരംഗത്തേക്ക് വന്നതെന്ന് പറയാനാകില്ല. കാരണം അതത്ര എളുപ്പമായിരുന്നില്ല.

കുടുബത്തിന്‍റെ പിന്തുണ

വീട്ടുകാരുടെ പിന്തുണ എപ്പോഴുമുണ്ടായിരുന്നു. ഞാൻ മിസ് ഇന്ത്യ ആകണമെന്ന് എന്‍റെ കുടുംബവും ആഗ്രഹിച്ചിരുന്നു. മിസ് ഇന്ത്യ മത്സരങ്ങൾ കുടുംബത്തിനൊപ്പം ഇരുന്നു ടിവിയിൽ കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഒരു ദിവസം ഞാൻ മിസ് ഇന്ത്യ ആകുമെന്ന് എന്‍റെ രക്ഷിതാക്കൾ വിചാരിച്ചിരുന്നു. ആ സ്വപ്‌നം അവർ എന്‍റെ ഉള്ളിലും വളർത്തിയെടുത്തു. അഭിനയരംഗത്തേക്ക് കടക്കുക എന്നത് ആ സമയത്ത് പ്ലാനിൽ ഉണ്ടായിരുന്നില്ല. പക്ഷേ വീട്ടുകാരുടെ പോസിറ്റീവായ നിലപാട് എന്നെ അഭിനയരംഗത്ത് എത്താൻ സഹായിച്ചു. ഏതൊരു കുട്ടിയുടെയും കരിയർ മികച്ചതാക്കുന്നതിൽ രക്ഷിതാക്കൾക്കു നല്ലൊരു പങ്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.

നേരിട്ട വെല്ലുവിളികൾ

മിസ് ഇന്ത്യ ആയ ശേഷം ജോലി ലഭിക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. ഒരു പാടു വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. മിസ് ഇന്ത്യ പട്ടത്തിന് അഭിനയവുമായി ഒരു ബന്ധവുമില്ല. 20 വർഷം മുമ്പ് മിസ് ഇന്ത്യ പട്ടം കിട്ടുന്നതൊക്കെ വലിയ കാര്യമായിരുന്നു. സിനിമ രംഗത്ത് ധാരാളം അവസരങ്ങൾ കിട്ടാൻ സഹായിച്ചിരുന്നു. കാരണം മിസ് ഇന്ത്യ മത്സരത്തിന്‍റെ പോപ്പുലാരിറ്റി അത്രത്തോളമായിരുന്നു. ഇന്നാണെങ്കിൽ ധാരാളം സൗന്ദര്യ മത്സരങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ അവസരങ്ങൾ ലഭിക്കുകയെന്നുള്ളത് അത്ര എളുപ്പമല്ല. ഈ ടൈറ്റിൽ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഗ്ലാമറസ് ആയ കഥാപാത്രങ്ങളെ ലഭിക്കൂ. ഒരു അഭിനേതാവായി തെളിയിച്ചു കാണിച്ച് ആ ധാരണ തിരുത്തേണ്ടതുണ്ടായിരുന്നു. അത് എനിക്ക് സാധിച്ചു. അൻദേഖി എന്ന സിനിമയിൽ ഞാൻ കോയൽ എന്ന ആദിവാസി പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിനായി യാതൊരു മേക്കപ്പും ഞാൻ ചെയ്തിരുന്നില്ല. ആ കാഥാപാത്രത്തെ ഞാൻ ഒരു അഭിനേതാവായാണ് സമീപിച്ചത്, അല്ലാതെ മിസ് ഇന്ത്യ എന്ന നിലയിലല്ല. അതിനുശേഷം ഒരു ഇന്‍റർ നാഷണൽ അറബി സീരിസ്, സ്ലേവ് മാർക്കറ്റ് ചെയ്യുകയായിരുന്നു. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. നല്ല അവസരങ്ങൾ ലഭിച്ചതിൽ എനിക്ക് ഇപ്പോൾ സന്തോഷമേയുള്ളൂ.

അതിനോട് താൽപര്യമില്ല

ഇന്‍റിമേറ്റ് സീനിൽ അഭിനയിക്കാൻ വലിയ താൽപര്യമില്ല. എന്നാൽ അതിൽ എന്തെങ്കിലും മിസ്‌റ്ററി ഉണ്ടായിരിക്കണം. കഥയ്ക്ക് അത്തരം രംഗങ്ങൾ ആവശ്യമാണെങ്കിൽ ചെയ്യുന്നതിൽ തെറ്റില്ല. മറിച്ച് അത്തരം രംഗങ്ങൾ സിനിമയിൽ ആവശ്യമില്ലാതെ ചേർക്കുന്നതിനോട് യോജിക്കാനാവില്ല. അഥവാ അത്തരം രംഗങ്ങൾ ചെയ്യേണ്ടി വരികയാണെങ്കിൽ ഞാൻ അത് ഡയറക്ടറുമായി ചർച്ച നടത്തി കഥയിലെ അതിന്‍റെ ആവശ്യകത മനസിലാക്കാൻ ശ്രമിക്കും. ആവശ്യമാണെങ്കിൽ ചെയ്യുന്നതിൽ യാതൊരു എതിർപ്പുമില്ല.

റിജക്ഷനുകൾ ഉണ്ടായിട്ടുണ്ടോ?

ഓഡിഷനിൽ കഥാപാത്രവുമായി അടുത്തിടപഴകിയശേഷം എന്നെ വേണ്ടെന്നു പറഞ്ഞ ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് എല്ലാ കഥാപാത്രങ്ങളും എല്ലാവർക്കും സ്യൂട്ട് ആകണമെന്നുമില്ല. അതുകൊണ്ട് റിജക്ഷനെ മനസിലേക്കെടുക്കാതിരിക്കാനും ഞാൻ ശീലിച്ചു. കഥാപാത്രത്തിന് അനുയോജ്യമായ ശരീരഘടനയില്ല എന്ന് പറഞ്ഞ് പലരും എന്നെ ഒഴിവാക്കിയിട്ടുണ്ട്. കിട്ടിയ അവസരങ്ങളെ കൂടുതൽ ഭംഗിയായി അവതരിപ്പിക്കാനുള്ള പ്രചോദനമായിട്ടേ ഞാൻ അവയെയൊക്കെ കാണുന്നുള്ളൂ.

നന്നായി അഭിനയിക്കുക എന്നതാണ് ലക്ഷ്യം

വ്യത്യസ്‌തങ്ങളായ വേഷങ്ങൾ ചെയ്യുകയെന്നതാണ് ആഗ്രഹം. അങ്ങനെ അവതരിപ്പിക്കാൻ തോന്നിയിട്ടുള്ള ധാരാളം കഥാപാത്രങ്ങൾ എന്‍റെ ഉള്ളിലുണ്ട്. ചില ബയോപിക്കുകൾ ചെയ്യാനും ആഗ്രഹമുണ്ട്. അതിൽ രാജമാതാവായ ഗായത്രി ദേവി, അമൃത പ്രീതം പോലെയുള്ള വ്യക്‌തിത്വങ്ങളെ അവതരിപ്പിക്കണമെന്നത് വലിയൊരു ആഗ്രഹമാണ്.

സൂപ്പർ പവർ ലഭിച്ചാൽ എന്ത് ചെയ്യും

അങ്ങനെ ഒരു സൂപ്പർ പവർ ലഭിക്കുകയാണെങ്കിൽ രാജ്യത്ത് ധാരാളം മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രമിക്കും. ഓരോ കുട്ടിയ്ക്കും വിദ്യാഭ്യാസം നൽകും. സ്വന്തം കഴിവ് മനസിലാക്കി അവർക്ക് മുന്നേറാനുള്ള അവസരമൊരുക്കും.

ആഘോഷങ്ങളെക്കുറിച്ച്

ഏത് ആഘോഷവും കുടുംബത്തിനൊപ്പം ആഘോഷിക്കാനാണ് എനിക്കിഷ്‌ടം. ഇന്ത്യൻ വേഷങ്ങൾ ധരിക്കാനും രംഗോലി ഇടാനും വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാനും കുടുംബാംഗങ്ങൾക്കൊപ്പമുള്ള ഒത്തുചേരലുകളും ഒക്കെ എനിക്കിഷ്ടമുള്ള കാര്യങ്ങളാണ്.

और कहानियां पढ़ने के लिए क्लिक करें...