നിറയെ പൂത്ത പൂമരം പോലെയാണ് സ്നേഹസമ്പന്നമായ ദാമ്പത്യം. ദമ്പതികളെ മാത്രമല്ല, അവരോട് അടുപ്പമുള്ളവരെയും സ്വപ്നതുല്യമായ ആ ജീവിതം സന്തോഷിപ്പിക്കും. സംത്യപ്ത‌ത ദാമ്പത്യം യാഥാർത്ഥ്യമാക്കുവാൻ പരസ്‌പരമുള്ള സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പിൻബലം വേണം. ദാമ്പത്യത്തിൽ സ്നേഹം പോലെ തന്നെ പ്രധാനമാണ് സെക്സ‌്.

വിശപ്പ്, ദാഹം എന്നിവയെപ്പോലെ തന്നെ ലൈംഗികതയും പ്രകൃതിദത്തമായ ഒരു വികാരമാണ്. ലൈംഗികതയുടെ ഏറ്റക്കുറച്ചിലുകളും സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് പലപ്പോഴും ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. ചിലപ്പോഴത് വിവാഹമോചനത്തിനു വരെ കാരണമായേക്കാം. കൊച്ചു പിണക്കങ്ങളുടേയും വാശികളുടേയും പേരിൽ സെക്സ് നിഷേധിക്കൽ, താല്പര്യങ്ങൾക്ക് ഇണങ്ങാത്ത ലൈംഗികത എന്നിവയൊക്കെ പങ്കാളിയിൽ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

സ്ത്രീയുടേയും പുരുഷന്‍റെയും സ്വഭാവരീതികൾ തികച്ചും വ്യത്യസ്‌തമാണ്. എന്നിരുന്നാലും അവർക്കിടയിൽ ചില പൊതുവായ സവിശേഷതകളുണ്ട്. അവ അറിയാനും മാനിക്കാനുമുള്ള മാനസികാവസ്‌ഥ വളർത്തിയെടുക്കുകയാണ് ഓരോ വ്യക്‌തിയും ചെയ്യേണ്ടത്. പങ്കാളിയുടെ മനസ്സു വായിക്കാൻ കഴിയൂകയെന്നതാണ് ദാമ്പത്യവിജയത്തിന്‍റെ സുപ്രധാന ഘടകം.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സാണ് സ്ത്രീയുടേത്. അവൾക്ക് സ്നേഹപൂർവ്വമായ ഒരു സ്‌പർശനം അല്ലെങ്കിൽ ഒരു നോട്ടം മാത്രം മതി സന്തോഷം കണ്ടെത്താൻ. പെട്ടെന്ന് ലൈംഗികബന്ധത്തിലേക്ക് കടക്കുന്നതിനേക്കാൾ സ്ത്രീ ഇഷ്ടപ്പെടുന്നത് ഭർത്താവിന്‍റെ സ്നേഹത്തോടെയുള്ള തലോടലോ, വാക്കുകളോ ആയിരിക്കും. മാനസികമായി വേണ്ടത്ര ഉത്തേജനം ലഭിച്ചെങ്കിൽ മാത്രമേ സ്ത്രീക്ക് ശാരീരിക ബന്ധം ആസ്വാദ്യകരമാവു. ഇതറിഞ്ഞു വേണം ഭർത്താവിന്‍റെ പെരുമാറ്റം. അതേസമയം ആധിപത്യ മനോഭാവമുള്ള പുരുഷനാകട്ടെ, സ്ത്രീയിൽ നിന്നും പരിഗണനയും പ്രോത്സാഹനവും പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവൾക്ക് തന്നോട് സ്നേഹമുണ്ടെന്നോ, ലൈംഗിക ബന്ധത്തിന് താല്പര്യമുണ്ടെന്നോ ഉള്ള സൂചനകൾ ലഭിക്കുന്നത് പുരുഷന് ആവേശം നൽകും.

പ്രാണനു തുല്യം സ്നേഹിക്കുന്ന ഭാര്യാഭർത്താക്കന്മാർ…….. എന്നിട്ടും അവർക്ക് ശരിയായ ലൈംഗിക സുഖം നേടാനാവുന്നില്ലെങ്കിലോ? സെക്സോളജിസ്റ്റുകൾ ഇതിന് പല കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

സെക്സിനെക്കുറിച്ച് ശരിയായ അറിവില്ലായ്മ‌, തിരക്കു നിറഞ്ഞ ജീവിതം, ഫോർപ്ലേയുടെ അഭാവം, ചുറ്റുപാടുകൾ ശരിയല്ലാതിരിക്കുക എന്നിവയാണവ. ഇത്തരം സമസ്യകളെ നേരിടുന്ന ദമ്പതികൾ സെക്സോളജിസ്‌റ്റിനെ സമീപിച്ച് ശരിയായ പരിഹാരം കാണാവുന്നതേയുള്ളു.

ആശയവിനിമയം അനിവാര്യം

ദാമ്പത്യത്തിൽ പങ്കാളികൾ തമ്മിലുള്ള ആശയ വിനിമയം പ്രധാനമാണ്. പരസ്പ‌രം സുതാര്യമായ നിലപാട് സ്വീകരിക്കാത്തിടത്തോളം കാലം ശരിയായ ലൈംഗിക സുഖം അപ്രാപ്യമായിരിക്കും. സെക്സിനെക്കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കാൻ പൊതുവെ പലർക്കും മടിയാണ്. ഈ ആശയവിനിമയമില്ലായ്‌മയാണ് ദാമ്പത്യത്തിൽ സ്നേഹത്തിന്‍റെ വേലിയിറക്കം സൃഷ്ട‌ിക്കുന്നത്. പങ്കാളിക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള മാനസികാവസ്‌ഥ ഉണ്ടായിരിക്കുകയും വേണം.

ദാമ്പത്യത്തിൽ സംഭവിക്കുന്ന വെറുമൊരു ക്രിയയായിട്ടാണ് ഭൂരിഭാഗവും ലൈംഗികതയെ കാണുന്നത്. ഈ കാഴ്ച്ചപ്പാട് മാറ്റിയെടുക്കുക. ദാമ്പത്യത്തിൽ പരസ്പ്‌പരം ആസ്വദിക്കാനും അറിയാനുമുള്ള സുപ്രധാന ഘടകമാണ് ലൈംഗികതയെന്ന് ദമ്പതിമാർ തിരിച്ചറിയണം.

ഭാര്യയും ഭർത്താവും മനസ്സും ശരീരവും കൊണ്ട് ഒന്നാകുമ്പോഴേ ദാമ്പത്യം അർത്ഥപൂർണ്ണമാകു. അതുകൊണ്ട് സെക്സിനെക്കുറിച്ച് അറിവുണ്ടായിരിക്കേണ്ടതും അനിവാര്യമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ശരിയായതും ശാസ്ത്രീയവുമായ അറിവു നേടാൻ പ്രീമാര്യേജ് കോഴ്‌സുകൾ സഹായകമാവാറുണ്ട്. സെക്സിനെക്കുറിച്ച് ശാസ്ത്രീയമായ വിവരണങ്ങളടങ്ങിയ പുസ്‌തകങ്ങളും ധാരാളമായുണ്ട്.

ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുന്നതും ലൈംഗികത ആസ്വാദ്യമാക്കാനുള്ള മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കുന്നതും ദാമ്പത്യം സന്തോഷ പൂർണ്ണമാക്കും. ഏകപക്ഷീയമായ ഒന്നല്ല സെക്സ്. അതിൽ ഇരുവർക്കും ഒരുപോലെ പങ്കാളിത്തമുണ്ടാവണം.

ബിസിനസ്സല്ല സെക്സ്

ഭാര്യ, ഭർത്താവിനേക്കാൾ സമർത്ഥയും കൂടുതൽ വരുമാനമുണ്ടാക്കുന്നവളുമാണെങ്കിൽ കിടപ്പറയിലും അവളുടെ സമീപനം ആധിപത്യസ്വഭാവമുള്ളതായിരിക്കും. ഇത് തിരിച്ചും സംഭവിക്കാം. ഇത്തരക്കാരെ സംബന്ധിച്ച് കേവലം യാന്ത്രികമായ ഒന്നായിരിക്കും സെക്സ‌്. ഒരു ബിസിനസ്സ് മീറ്റിങ്ങിന് അപ്പുറമായി ഒന്നുമായിരിക്കുകയില്ല അവർക്ക് സെക്സ്.

ലൈംഗിക താല്പ‌ര്യക്കുറ് കാട്ടുന്ന പങ്കാളിയോട് ദേഷ്യപ്പെടുന്നത് പഴയ രീതിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വന്തം ഇഷ്ട‌ങ്ങൾക്കും താല്പര്യങ്ങൾക്കുമാവും അവർ പ്രാധാന്യം കല്പിക്കുക. പങ്കാളി സന്തുഷ്‌ടയാണോ അല്ലയോ എന്നത് ഇത്തരക്കാർക്ക് ഒരു വിഷയമേ ആയിരിക്കുകയില്ല. പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ വിവാഹേതര ബന്ധങ്ങളിലേക്കാവും നയിക്കപ്പെടുക.

പിരിമുറുക്കം അകറ്റുന്നു

ഭാര്യയും ഭർത്താവും തമ്മിലുള്ള വൈകാരികമായ അടുപ്പം ആഴത്തിലുള്ള, ആഹ്ളാദപൂർണ്ണമായ ലൈംഗിക ജീവിതത്തിന് അനിവാര്യമാണെന്നാണ് സെക്സോളജിസ്‌റ്റുകൾ അഭിപ്രായപ്പെടുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമത്രേ. ലൈംഗികതയിലൂടെ പൂർണ്ണമായ ആഹ്ളാദവും സംതൃപ്‌തിയും ലഭിക്കുക വഴി സുഖകരമായ ഉറക്കം ലഭിക്കും, ചർമ്മം തിളക്കമുള്ളതാകും, പിരിമുറുക്കം അകലും എന്നൊക്കെ ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.

കിടപ്പറയിലല്ലാതെ

സ്നേഹം പങ്കിടാൻ കിടപ്പറയല്ലാതെ മറ്റേത് സ്‌ഥലമാണ് ഉപയോഗിക്കുന്നതെന്ന കാര്യവും ലൈംഗിക സുഖത്തെ സ്വാധീനിക്കുന്നു. കാലം അതിവേഗം മാറുകയല്ലേ, സ്നേഹം പങ്കുവെയ്ക്കാൻ കിടപ്പറ തന്നെ വേണമെന്നില്ലല്ലോ! വീടിന്‍റെ ഏത് ഭാഗവും നിങ്ങളുടെ സ്നേഹസുരഭിലമായ നിമിഷങ്ങൾക്കായി ഉപയോഗിക്കാം. തികച്ചും സ്വകാര്യമായ ഇത്തരം നിമിഷങ്ങൾ ദാമ്പത്യത്തിൽ വലിയ മാറ്റം സൃഷ്‌ടിക്കും.

വിവിധ പൊസിഷനുകൾ പരീക്ഷിക്കാം

ഒരേ തരം റുട്ടീൻ വർക്ക് എന്നും ആവർത്തിക്കപ്പെടുന്നത് വ്യക്തികളിൽ മടുപ്പുളവാക്കും. സെക്‌സിന്‍റെ കാര്യത്തിലും ഇത് സത്യമാണ്. എന്നും ഒരേ രീതിയിൽ ലൈംഗികബന്ധം പുലർത്തുന്നത് പങ്കാളികളിൽ വിരസത സൃഷ്‌ടിക്കും. പൂർണ്ണമായ ആനന്ദവും സംതൃപ്‌തിയും ലഭിക്കാൻ സഹായകമായതും ഇരുവർക്കും സ്വീകാര്യമായതുമായ പൊസിഷനുകൾ പരീക്ഷിച്ചു നോക്കാം. റുട്ടീനിൽ നിന്നും മാറിയുള്ള രീതികൾ ദാമ്പത്യത്തിൽ പുതുമ നിറയ്ക്കും. അതിനായി ആധികാരികതയുള്ള സെക്‌സ് സംബന്ധമായ പുസ്‌തകങ്ങൾ വായിക്കാം.

ശരീരാരോഗ്യം പ്രധാനം

ശരീരാരോഗ്യവും വൃത്തിയും ഉണ്ടായിരിക്കുക പങ്കാളികളെ സംബന്ധിച്ച് പ്രധാനമാണ്. സൗന്ദര്യപരിചരണകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുക.ഭക്ഷണ പദാർത്ഥങ്ങൾ പോഷക സമ്പന്നമായിരിക്കണം. പോഷക സമ്പുഷ്‌ടമായ ഭക്ഷണം ലൈംഗികശേഷിയും ആസ്വാദ്യതയും കുട്ടുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

പപ്പായ, പ്ലം, ചെറി, വാഴപ്പഴം, ഈന്ത പ്പഴം, മുന്തിരി, സ്ട്രോബെറി എന്നിവ ലൈംഗിക ഉണർവ്വ് സൃഷ്‌ടിക്കാൻ സഹായകമാണ്. കുടാതെ ജീവകങ്ങളുടെയും ധാതുക്കളുടെയും പോഷകങ്ങളുടെയും കലവറയായ പച്ചക്കറികൾ കഴിക്കുന്നതും ഗുണം ചെയ്യും. ഇടയ്ക്ക് മുളപ്പിച്ച ധാന്യങ്ങൾ തൈരുചേർത്ത് കഴിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ഗുണം ചെയ്യും. രാത്രി കിടക്കും മുമ്പ് ഒരു ഗ്ലാസ് പാലും ഡ്രൈഫ്രൂട്ട്സും കഴിക്കുന്നത് ലൈംഗിക ജീവിതത്തിന് ഉത്തമമാണത്രേ. കിടക്കും മുമ്പ് കുളിച്ച് ഏതെങ്കിലും നല്ല നൈറ്റ് പെർഫ്യൂമോ ഡിയോഡറന്‍റോ പൂശുന്നതും പങ്കാളികളിൽ ലൈംഗിക വികാരം ഉണർത്തും.

और कहानियां पढ़ने के लिए क्लिक करें...