ഡിസംബറിലെ മഞ്ഞുപെയ്യുന്ന രാത്രിയിൽ കരോൾ ഗാനത്തിന്‍റെ അകമ്പടിയോടെ പുൽക്കൂട് സന്ദർശിക്കാനെത്തുന്ന ക്രിസ്തുമസ് അപ്പുപ്പനും സംഘവും. കരോളിന്‍റെ പെരുമ്പറയ്ക്ക് കാതോർത്ത് നക്ഷത്രവിളക്കുകൾ മിന്നുന്ന ഉമ്മറത്ത് ഉറക്കച്ചടവോടെ കാത്തിരിക്കുന്ന കുട്ടികൾ…
ക്രിസ്തുമസ് കാലം നക്ഷത്രവിളക്കുകളുടെ കാലമാണ്. ജാതിമതഭേദമെന്യേ എല്ലാ വീട്ടിലുമുണ്ടാകും പല വർണ്ണങ്ങളിലുള്ള നക്ഷത്രങ്ങൾ. അങ്ങനെ ലോകമെമ്പാടും സ്നേഹ സാഹോദര്യത്തിന്‍റെ സന്ദേശമുയർത്തുന്ന ആഘോഷമായിമാറും ക്രിസ്തുമസ്. തുടക്കം വിദേശത്തുനിന്നാണെങ്കിലും ഉത്സവവേളകാളയെല്ലാം കൈ നീട്ടി സ്വീകരിക്കുന്ന ഭാരതീയർ ക്രിസ്‌തുമസും ഉത്സാഹപൂർവ്വം ആഘോഷിച്ചുവരുന്നു.
ക്രീസ്ത്യൻ വീടുകളിലും തെരുവുകളിലും മാത്രം ഒതുങ്ങിനിന്ന ക്രിസ്‌മസ് ആഘോഷം ജിംഗിൾബെൽ പാടി നമ്മുടെ വീടുകളിലേക്കും കടന്നെത്തിയിട്ട് അധിക കാലമായില്ല. ഏറിയാൽ അരനൂറ്റാണ്ട്. എന്നാൽ സ്നേഹസന്ദേശം പകർന്ന് ലോകമെങ്ങും ആശംസാകാർഡുകൾ സഞ്ചരിക്കുമ്പോൾ, ആവേശഭരിതമായ ആഘോഷരീതികളും ഷോപ്പിംഗ് ക്രേയ്സും ഒപ്പം വ്യാപിക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ക്രിസ്‌തുമസ് ഷോപ്പിംഗ് വർദ്ധിച്ചതായി വ്യാപാരികളും സമ്മതിക്കുന്നു. ക്രിസ്‌തുമസ് ഫ്രണ്ടിനെ തെരഞ്ഞെടുത്ത് ഗിഫ്റ്റ് നൽകുന്ന രീതി സ്‌കൂളുകളിലും ഓഫീസുകളിലുമെല്ലാം സാർവ്വത്രികമായിക്കഴിഞ്ഞു.
പഴങ്കഥകൾ
ക്രിസ്‌തുമസിന്‍റെ ഉത്ഭവത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും പലതരം കഥകൾ പറഞ്ഞുകേൾക്കാറുണ്ട്. അവയിൽ ചിലത് വളരെ രസകരമാണ്. ക്രിസ്‌തുമസിന് ടർക്കി കോഴിയുടെ മാംസം ഭക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ജീവനുള്ള കോഴികളെ ഈ ആവശ്യത്തിനായി മാസങ്ങൾക്കു മുമ്പേ ഫാമുകളിൽ നിന്ന് പല സ്‌ഥലങ്ങളിലേക്കും കൊണ്ടുപോകും. നവംബറിലായിരിക്കും കോഴികളുടെ യാത്ര. കനത്ത മഞ്ഞുവീഴ്‌ചയുടെ കാലം. കോഴികളുടെ കാല് മഞ്ഞിൽ പുതയാതിരിക്കാൻ ചെരുപ്പണിയിച്ചാണ് നടത്തുക.
ക്രിസ്തുമസ് ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ക്രിസ്തുമസ് ട്രീ. 19-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞി വിൻസ്റ്റർ കൊട്ടാരത്തിലെ സ്വന്തം മുറിയിൽ ക്രിസ്തുമസ് തലേന്ന് ഒരു ചെറിയ വൃക്ഷക്കമ്പ് വർണ്ണക്കടലാസും പൂക്കളും റിബണുകളും കൊണ്ട് അലങ്കരിച്ചുവച്ചു. അതിന്‍റെ പിന്തുടർച്ചയായാണ് ആഘോഷങ്ങളിൽ ക്രിസ്‌തുമസ് ട്രീ എന്ന ആശയം പ്രചാരത്തിലായത്. എന്നാൽ ഇതിനുമുമ്പ് ഇംഗ്ലണ്ടിലെ ചില ഗോത്ര വിഭാഗങ്ങൾ ഇത്തിൾക്കണ്ണി അലങ്കരിച്ച് ആരാധിക്കാറുണ്ടായിരുന്നത്രേ. വൻമരത്തിൽ ചുറ്റിപ്പടർന്നു വളരുന്ന ഈ ചെടിക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു. മറ്റുമരങ്ങളെല്ലാം ഡിസംബറിലെ കൊടും മഞ്ഞിൽ ഇലപൊഴിക്കുമ്പോൾ ഈ ചെടി മാത്രം ഹരിത കാന്തിയോടെ നിലനിൽക്കുന്നതായിരുന്നു കാരണം. ക്രിസ്‌മസ് ട്രീ എന്ന സങ്കല്പത്തിന്‍റെ തുടക്കം ഈ വിശ്വാസത്തിൽ നിന്നാണെന്നും ചിലർ പറയുന്നു.
ക്രിസ്‌തു മരിച്ച് 400 വർഷങ്ങൾ കഴിയുമ്പോഴാണ് ഇംഗ്ലണ്ടിലും യൂറോപ്പിലും ക്രിസ്‌മസ് ആഘോഷം പ്രചാരത്തിലാവുന്നത്. അവിടെ കെൽട്ടിക് എന്നു വിളിക്കുന്ന ഒരു സമൂഹത്തിനിടയിലാണ് ക്രിസ്തുമസ് ആഘോഷം തുടങ്ങിയതെന്ന് കരുതുന്നു. എന്നാൽ അവരുടെ വൃക്ഷാരാധനയും പൂജയും മറ്റും ഒഴിവാക്കിക്കൊണ്ടാണ് മറ്റുവിഭാഗങ്ങൾ ഈ ആഘോഷം സ്വീകരിച്ചത്. 1647ൽ ബ്രിട്ടീഷ് ഭരണകൂടം ക്രിസ്‌തുമസ് ആഘോഷം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകവരെയുണ്ടായി. മതപരമായ ചടങ്ങുകൾ പാട്ടുംകുത്തുമായി ആഘോഷിക്കുന്നത് ശരിയല്ലെന്ന കാഴ്ച്ചപ്പാടിലായിരുന്നു ഈ തീരുമാനം. ഇപ്പോഴും ചില സമുദായങ്ങൾ ക്രിസ്‌തുമസ് ആഘോഷിക്കാറില്ല. ബൈബിളിൽ അങ്ങനെയൊന്നും പറയുന്നില്ലെന്നാണ് അവരുടെ വാദം.
സമ്മാനവുമായി സാന്താക്ലോസ്
ക്രിസ്‌തുമസ് രാത്രിയിൽ സമ്മാനങ്ങളുമായി സാന്താക്ലോസ് അപ്പൂപ്പൻ വരുമെന്നാണ് കെട്ടുകഥ. കുട്ടികളുടെ പ്രിയപ്പെട്ട ഈ കഥാപാത്രം ഡിസ്‌നി കാർട്ടൂണുകളിൽ വരെ സ്‌ഥാനം പിടിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ സ്‌കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികൾക്കും അമ്മമാർ മക്കൾക്കും സാന്താക്ലോസിന്‍റെ പേരിൽ കത്തെഴുതുകയും ഇഷ്ടപ്പെട്ട സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന രീതിയുണ്ട്. അമേരിക്കയിലെ ഇന്ത്യാന നഗരത്തിൽ എല്ലാ കുട്ടികൾക്കും കിട്ടും സമ്മാനം. എരിസോണയിൽ സാന്താക്ലോസിന്‍റെ പേരിലുള്ള ഒരു നഗരം തന്നെയുണ്ട്. സെയിന്‍റ് നിക്കോളാസ് എന്ന സാന്താക്ലോസിന്‍റെ ജന്മദിനം ഡിസംബർ 6നാണ്. ഹോളണ്ടിൽ ഈ ദിനത്തിനാണ് പ്രാധാന്യം.
നാവിലൂറും ക്രിസ്മസ് രുചി
ക്രിസ്‌തുമസിന്‍റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഭക്ഷണത്തിലെ രുചി വൈവിധ്യമാണ്. മധ്യകാല യൂറോപ്പിൽ ക്രിസ്‌മസ് പുഡ്‌ഡിംഗ് എന്ന വിഭവം ഇല്ലാത്ത ക്രിസ്‌തുമസ് ആഘോഷമില്ലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. പക്ഷേ, പുഡ്‌ഡിംഗ് ഉണ്ടാക്കുന്ന രീതികൾക്ക് കാര്യമായ മാറ്റം വന്നു. നൊയമ്പ് അവസാനിപ്പിച്ച് ക്രിസ്‌തുമസിന് ആദ്യം കഴിക്കുന്നത് ഈ വിഭവമാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അടിപൊളി ക്രിസ്‌തുമസ് ഡിന്നറും ഉണ്ടാകും. പല രാജ്യങ്ങളിലും വ്യത്യസ്‌ത വിഭവങ്ങളാണ് ഉപയോഗിക്കുക. അർമേനിയയിൽ ക്രിസ്‌തുമസിന്‍റെ തലേന്ന് മീൻ കറിയും സാലഡും നിർബന്ധമായും ഉണ്ടാക്കും. നോർവേയിൽ മീനും ഉരുളക്കിഴങ്ങുമാണ് കോമ്പിനേഷൻ. ഫ്രാൻസിൽ ഒരുതരം ബ്രഡ്, ഡിന്നറിന്‍റെ ഭാഗമാണ്. ഇത് നാലായി മുറിച്ച് പാവങ്ങൾക്ക് നൽകും. ബ്രിട്ടനിൽ ക്രീം കേക്കിനാണ് പ്രചാരം. ഇന്ത്യയിൽ കേക്കിന് പ്രാധാന്യം ലഭിച്ചത് ഇതുകൊണ്ടാണ്.