“അയ്യേ, ഈ ചെക്കന്മാരൊക്കെയെന്താ പെണ്ണുങ്ങളെപ്പോലെ…” നഗരം കാണാനിറങ്ങിയ നാട്ടിൻപുറത്തുകാർ മുക്കത്തു വിരൽ വെച്ച് പറയുന്നത് നിങ്ങളും കേട്ടിരിക്കും. പക്ഷേ, അത് കുറച്ച് വർഷങ്ങൾ മുമ്പായിരിക്കുമെന്നു മാത്രം. ഇപ്പോൾ നാട്ടിൻപുറത്തും കാണാം, മുടി നീട്ടി ഹെയർബാൻഡിട്ട, കാതിൽ കമ്മലിട്ട്, സാരിയുടുത്തു നടക്കാൻ പോലും നാണമില്ലാത്ത അസ്സൽ ആൺ കൊച്ചുങ്ങളെ. ഭംഗിയുള്ള സ്ഡുകൾ കാതിലിട്ട്, പോരാത്തതിന് പുരികത്തിലൂടെ കുഞ്ഞു കുന്തങ്ങളും കോർത്ത് അല്‌പം ലിപ്സ്‌റ്റിക്കിട്ട് നടക്കാനിഷ്ട്‌ടപ്പെടുന്ന ഈ ആൺ പിറന്നവർ എല്ലാ നാട്ടിലുമുണ്ട്. മാറിയ ജീവിതശൈലിയോട് ആസക്‌തി പ്രകടമാക്കാൻ ഒട്ടും മടിയില്ലാത്ത ഈ ജനുസ്സിന്‍റെ ഓമനപ്പേരാണ് ‘മെട്രോസെക്ഷ്വൽസ്.’
പാശ്ചാത്യ നാടുകളിലാണ് ഈ അപൂർവ്വ ജീവിതക്കാർ പൊട്ടിവിരിഞ്ഞത്. ഇന്ത്യയിലെ യുവത്വവും ഇവരെ കണ്ണുംപൂട്ടി സ്വീകരിച്ചു കഴിഞ്ഞു. മെട്രോ നഗരങ്ങളിലെ ലൈഫ്‌സ്റ്റൈലിനെ അന്ധമായി അനുകരിക്കുന്ന ഈ ‘ആൺ കുട്ടികൾ’ക്ക് എല്ലാ നാട്ടിലും ആരാധകരേറിക്കൊണ്ടിരിക്കുന്നു.
നിങ്ങളുടെ ബോയ്‌ഫ്രണ്ടോ, ഭർത്താവോ, സഹോദരനോ സ്വന്തം സൗന്ദര്യപരിചരണകാര്യങ്ങളിൽ അമിത താലപര്യവും ഉത്കണ്‌ഠയും വച്ചു പുലർത്തുന്നതായി തോന്നിയിടുണ്ടോ? എങ്കിൽ സന്തോഷിച്ചോളു, അദ്ദേഹം അങ്ങേയറ്റം ട്രെൻഡിയാണ്. മാനിക്യൂർ ചെയ്യാനും പെഡിക്യൂർ ചെയ്യാനും പോലും അവർ ധാരാളം സമയം മാറ്റിവയ്ക്കും. പതിവായി മുടി സ്റ്റൈൽ ചെയ്യുക, ധാരാളം സമയം കണ്ണാടിക്കുമുന്നിൽ ചെലവിടുക, വാർഡ്രോബിലെ വസ്ത്രശേഖരം മതിയാവാതെ പുതിയവ ധാരാളമായി വാങ്ങി കുട്ടുക. ഇങ്ങനെയൊക്കെയായിരിക്കും ഇവരുടെ സ്വഭാവ രീതികൾ. അല്പം ‘പെബ്ലിഷ്’ ആണെന്നു കാഴ്‌ചക്കാർക്ക് തോന്നിയാലും മാറുന്ന ജീവിതരീതിയുടെ അംബാസഡർമാരാണ് ഇവരെന്നാണ് പുതിയ തലമുറ പറയുന്നത്.
മുടിഞ്ഞ സ്‌റ്റൈലും ഇടിവെട്ട് ആക്ഷനുമായി ചടപടാ നടന്നു പോകുന്ന യുവാക്കളില്ലാത്ത ഒരു കാമ്പസ്സിനെ ആർക്കെങ്കിലും സങ്കല്‌പിക്കാനാകുമോ? കോളേജ് കൂട്ടികൾക്ക് അനുവദിച്ചു നൽകിയ സൗജന്യമാണ് ഫാഷൻ എന്നു പറയുമ്പോഴും പുതിയ തലമുറയുടെ വസ്ത്രവിചാരങ്ങളോട് പൊരുത്തപ്പെടാനാവാത്തവരാണ് സമൂഹത്തിൽ ഏറെ പേരും.
ഈ ചെറുപ്പക്കാരനെ നോക്കൂ, പറ്റെ വെട്ടിയ മുടി, വലത്തേ കണ്ണിൻ വാലറ്റത്ത് കുത്തനെ കുത്തിയിറക്കിയ ഒരിഞ്ചു നീളം വരുന്ന വെള്ളി നിറമുള്ള ഒരാണി. അതിനറ്റത്തുണ്ട് ചന്തത്തിലാടുന്ന ഒരു കുഞ്ഞു തുലാസ്. (ഇതേയ്, നീതിയുടെ തുലാസാ..ഞങ്ങൾക്കും വേണം സ്വാതന്ത്യം. സാമൂഹ്യ നീതി… പയ്യന്‍റെ ഓരോ പുഞ്ചിരിയിലും ഓളമടിക്കുന്നത് മുദ്രാവാക്യത്തിന്‍റെ മൗനം).
തീർന്നില്ല… കണ്ണുകൾ താഴേയ്ക്ക് പോരട്ടെ. കഴുത്തിൽ കറുകറുത്തൊരു ചരടിൽ തുങ്ങിക്കിടക്കുന്നത് ചെറിയൊരു ഭൂഗോളം. ഉലകം കഴുത്തിൽ കെട്ടി നടക്കുന്ന ചെക്കൻ ഭൂമി കീഴ്മേൽ മറിക്കില്ലെന്ന് ആരു കണ്ടു? പ്രിന്‍റഡ് ടീഷർട്ടും പാച്ചസുള്ള ജീൻസും കൊണ്ട് നാണം മറച്ചിരിക്കുന്ന ഇവനെ നാണമില്ലാത്തവൻ എന്ന് ഇനിയാരും വിളിക്കില്ലല്ലോ.
ഈയിടെ ഒരു മിമിക്രിക്കാരൻ പറഞ്ഞു കേട്ടതാണ്, കേരളാപോലീസിന്‍റെ യുണിഫോം മാറ്റുകയാണത്രേ. ഉടനീളം പോക്കറ്റുകളുള്ള കാർഗോ പാന്‍റ്സും ഷർട്ടും… ഇത്രയധികം പോക്കറ്റുകൾ പോലീസുകാർക്ക് ഉപകരിക്കും. പക്ഷേ വണ്ടിക്കാശു പോലും കയ്യിലില്ലാത്ത കോളേജു പിള്ളേർക്കെന്തിനാ ഇത്രേം പോക്കറ്റ്? സംശയം ന്യായം തന്നെ. പക്ഷേ, മനസ്സിൽ വച്ചാൽ മതി. ഈ പോക്കറ്റുകളാണെന്നേ ഇപ്പോഴത്തെ ട്രെൻഡ്! മൂന്നും നാലും വാലുകളും വലിയ ബക്കിളുകളുമൊക്കെ വച്ച് കാർഗോ പോക്കറ്റിന് അഴകു കൂട്ടുന്നവരുമുണ്ട്.
ഹെയർസ്റ്റൈൽ
റേസർ കട്ടിന്‍റെ പുരുഷരൂപമായ ഈ മുടിവെട്ടിന് ‘ഷാലോംഗ്’ എന്നു പറയും. കൂട്ടത്തിൽ ഒന്നു കൂടി പറഞ്ഞാട്ടെ, ഈ മുടി ഇത്തിരി കളർ ചെയ്യുന്നതും ഹിറ്റായേക്കാം…
ഹെയർസ്‌റ്റൈലിൽ ഇപ്പോഴും യുവത്വത്തിന് പ്രിയം ബോളിവുഡ് താരങ്ങളെ അനുകരിക്കാനാണ്. ഗജിനിയിൽ ആമീർഖാന്‍റെ ഹെയർസ്റ്റൈൽ ആൺകുട്ടികൾ വളരെക്കാലം പിന്തുടർന്നു, എന്നാൽ പുഷ്പ സ്റ്റൈലാണ് അടുത്തയിടെ പടർന്ന ഹോട്ട് ട്രെൻഡ്.
ഐബ്രോ പിയേഴ്സിംഗ്
ഇപ്പോൾ യുവാക്കളുടെ ഇടയിലെ ഏറ്റവും വലിയ ട്രെൻഡ് ഐബ്രോ പിയേഴ്‌സിങ്ങിനാണത്രേ. 100 രൂപ കൊടുത്താൽ പുരികം തുളച്ച് സ്‌റ്റഡോ, കമ്പിക്കഷണമോ എന്തുവേണമെങ്കിലും ഇട്ടുകൊടുക്കും. മെൻസ് ആക്‌സസറീസ് ഷോറുമുകളിലേക്ക് ചെന്നാൽ മതി. നെറ്റിയിൽ ശൂലവും തറച്ച് നേർച്ചക്ക് പോവുകയൊന്നുമല്ല കേട്ടോ ഇവർ.
ഇപ്പോൾ അഴിഞ്ഞ് താഴെവീണു എന്നു തോന്നുന്ന ജീൻസുകളുടെ ഹരം അൽപം കുറഞ്ഞിട്ടുണ്ട്.. പക്ഷേ അതോടൊപ്പം ധരിക്കാറുണ്ടായിരുന്ന ഷോർട്ട് ഷർട്ടും ടി ഷർട്ടുമൊക്കെ ഔട്ടായോ എന്നൊരു സംശയം. ഇപ്പോൾ താരം നീളമുള്ള ഷർട്ടുകളാണത്രേ. ബഗ്ഗി പാന്‍റും കൺവേഴ്സ‌് ഷൂസും പ്യൂമസ്ലിപ്പുകളും കിടിലൻ ആഭരണങ്ങളും കളർഫുൾ ഗോഗിൾസും പോക്കറ്റിൽ വിലയേറിയ കാംഫോണുമായി നിങ്ങളും ഇറങ്ങിക്കോളൂ പുറത്ത്… ഒരായിരം കണ്ണുകൾ പിന്തുടരും… അതു തന്നെയല്ലേ ലക്ഷ്യം…? കള്ളം പറയരുത്.
മോഹിപ്പിക്കും ടാറ്റൂ
ഫാഷനബിളാവണോ, ഇത്തിരി വേദന സഹിക്കാനും തയ്യാറാകണം അതാണ് ടാറ്റുവിന്‍റെ നിയമം. മേലാസകലം ഇഷ്ടമുള്ള ചിത്രങ്ങളുടെ ടാറ്റൂ പതിക്കാം. ചെലവും അല്പം കൂടും, എന്നാലെന്താ, നാലാളെ കാണിക്കാമല്ലോ ശരീരം നിറയെയുള്ള ഈ കാഴ്‌ചകൾ.
ഭരണം ആഭരണം
പണ്ട് ധനാഢ്യൻമാർ മാത്രമേ മാലയും കമ്മലുമൊക്കെ ധരിക്കാറുണ്ടായിരുന്നുള്ളൂ. വലിയ വീട്ടിലെ സന്തതികൾ മാത്രം ആഘോഷിച്ചിരുന്ന ആ ആഡംബരമാണ് ഇപ്പോൾ അടിതെറ്റി ധരണിയിൽ വീണുകിടക്കുന്നത്. പൗരുഷത്തിന്‍റെ പ്രതീകങ്ങളാണ് ഇന്നത്തെ ആൺകുട്ടികളുടെ ആഭരണങ്ങളെല്ലാം. പൗരുഷം അവരെ ഭരിക്കട്ടെ.
ജിഗ്ലൂസ് (gigolos)
ഇടത്തേക്കാതിൽ ഒറ്റക്കടുക്കനിട്ട് തല മൊട്ടയടിച്ച് സ്റ്റൈലിൽ ആൾക്കുട്ടത്തിൽ മിന്നിമറയുന്ന കറുമ്പന്മാരെയും വെളുമ്പന്മാരെയും ചില മഹാ നഗരങ്ങളിൽ കണ്ടിട്ടുണ്ടാകും. വിശിഷ്യാ, പാശ്ചാത്യ നഗരങ്ങളിൽ. ജിഗ്ലൂസ് എന്നാണിവരെ വിളിക്കുക. സംഗതി അല്പ്‌പം പിശകാണ്. ലൈംഗിക പങ്കാളികളെ ക്ഷണിക്കാനുള്ള കോഡുഭാഷയാണത്രേ, ജിഗ്ലൂസ് ധരിക്കുന്ന ഈ കമ്മൽ ഫാഷന്‍റെ കാതൽ. ചലച്ചിത്രങ്ങളിലുടെ ചില വില്ലന്മാരും നായകന്മാരും ഈ കമ്മൽ ഫാഷന്‍റെ ദുരർത്ഥം മാറ്റി ഇത് ജനകീയമാക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ കമ്മൽ ധാരികളായ ആണുങ്ങൾ ജാഗ്രതൈ!
ഹേയ്, നിങ്ങളും മെട്രോസെക്ഷ്വലോ?
- വാർഡ്രോബിൽ നിന്നും വസ്ത്രം തെരഞ്ഞെടുക്കാൻ ധാരാളം സമയം ചെലവിടുന്നുവെങ്കിൽ.
- നഖങ്ങളും കൈകാലുകളും ആകൃതിയൊത്തതും വൃത്തിയുള്ളതുമായിരിക്കാൻ നിതാന്ത ജാഗ്രത കാട്ടുന്നുവെങ്കിൽ.
- വിപണിയിൽ കിട്ടാവുന്ന ഏറ്റവും മികച്ച സ്കിൻ കെയർ/ ഹെയർകെയർ ഉല്പന്നങ്ങളുടെ സ്‌ഥിരം ഉപഭോക്താവാണെങ്കിൽ.
- മുന്തിയ റസ്റ്റോറന്‍റിൽ നിന്നു മാത്രമേ ഭക്ഷണം കഴിക്കു. സാന്‍റർഡ് ഷോപ്പുകളിൽ നിന്നു മാത്രമേ സാധനങ്ങൾ വാങ്ങു എങ്കിൽ.
- ഒരു സ്ഥിരം ഹെയർസ്‌റ്റൈലിസ്‌റ്റുണ്ടെങ്കിൽ.
- വിവിധ ഹെയർസ്റ്റൈലിസ്റ്റു്‌റ്റുകളുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ടെങ്കിൽ.
മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളുമായി നിങ്ങളുടെ സ്വഭാവം ഒത്തു പോകുന്നുണ്ടോ? എങ്കിൽ ഒരു മെട്രോസെക്ഷ്വലിന്‍റെ മനസ്സാണ് നിങ്ങളുടേത്. മെട്രോസെക്ഷ്വൽ എന്നത് ഒരു മോശം അവസ്‌ഥയല്ല, അതൊരു ലൈഫ് സ്‌റ്റൈലാണ്. ലോകമാകമാനമുള്ള ധാരാളം പുരുഷന്മാർ കൊണ്ടാടുന്ന ഒരു ലൈഫ് സ്റ്റെൽ.