കഥ പറയുന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയും മുഖക്കുരു ചോപ്പുള്ള കവിളുകളുമായി മലയാളി മനസിലേക്ക് നൃത്തം ചെയ്‌ത് പ്രവേശിച്ച ചെന്തമിഴ് സുന്ദരി സായ് പല്ലവി.
തെന്നിന്ത്യൻ സിനിമ ലോകത്ത് സങ്കീർണ്ണമായ കഥാപാത്രങ്ങളെ പോലും അനായാസം അവതരിപ്പിക്കാനുള്ള കഴിവ് സായ് പല്ലവിക്ക് നിരവധി ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സിനിമരംഗത്തു എത്തിയ നർത്തകി കൂടിയായ ഈ യുവ ഡോക്‌ടർ തന്‍റെതായ നിലപാടുകൾ ഉള്ള താരം എന്ന നിലയിലും ശ്രദ്ധിക്കപ്പെടുന്നു.
സിനിമയിൽ വന്ന കാലം മുതൽ പല തരത്തിലുള്ള ഗോസിപ്പുകളും നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് സായ് പല്ലവി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ നടനുമായി താരം പ്രണയത്തിലാണെന്നായിരുന്നു ഏറ്റവും ഒടുവിലെത്തിയ ഗോസിപ്പ്. നാളിതുവരെ ഇത്തരം ഗോസിപ്പുകളോടൊന്നും താരം പ്രതികരിച്ചിട്ടേയില്ല.
എന്നാൽ ബോൾഡ് നിലപാടുകൾ എന്നാൽ ഇന്‍റിമേറ്റ് സീൻ ചെയ്യുക എന്ന ധാരണ തിരുത്തി കുറിക്കുകയും ചെയ്തു സായ് പല്ലവി. ഇന്‍റിമേറ്റ് സീനുകൾ കാരണം ഈ നടി ഒരു ബിഗ് ബജറ്റ് സിനിമ നിരസിച്ചു. കോടികളുടെ ഓഫർ വേണ്ടെന്ന് വെച്ചു.
സൗത്ത് ഇൻഡസ്ട്രിയിൽ ഇന്‍റിമേറ്റ് സീനുകളും സെക്‌സി ഡാൻസും ചെയ്യുന്നതിൽ നവനായികമാർ ആരും തന്നെ ഒട്ടും മടിക്കാറില്ല. സായ് പല്ലവി തന്‍റെ കരിയറിൽ ഇതുവരെ ഒരു ചി ത്രത്തിലും ചുംബനരംഗം നൽകിയിട്ടില്ല. കാരണം സായി പല്ലവിയുടെ അഭിപ്രായത്തിൽ അത്തരം രംഗങ്ങൾ നൽകുന്നത് തന്‍റെ കുടുംബാംഗങ്ങളുടെ പ്രതിച്‌ഛായക്ക് മങ്ങലേൽപ്പിക്കുമെന്നും കുടുംബത്തിന് മുന്നിൽ അത്തരം സിനിമകളിൽ താൻ അഭിനയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സായ് പല്ലവി പറയുന്നു.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ബിഗ് ബജറ്റ് ചിത്രം ഡിയർ കോമ്രേഡിൽ ആദ്യം പരിഗണിച്ചത് സായി പല്ലവിയെ ആയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഒരു നീണ്ട ചുംബന രംഗവും ഇന്‍റിമേറ്റ് രംഗങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് സായ് പല്ലവി ഈ സിനിമ ചെയ്യാൻ വിസമ്മതിച്ചത്. സായ് പല്ലവി നിരസിച്ചതിനെത്തുടർന്ന് ഈ ചിത്രം രശ്മിക മന്ദാന ചെയ്തു. എന്തായായും ഈ സിനിമ ചെയ്യാത്തതുകൊണ്ട് സായ് പല്ലവിക്ക് ഒരു നഷ്ടവും ഉണ്ടായില്ല എന്നതാണ് യാഥാർഥ്യം.
സ്വന്തം നിലപാടുകളിൽ നിന്നുകൊണ്ട് പോലും ഈ രംഗത്ത് വിജയം നേടാമെന്ന് പറഞ്ഞാൽ തെറ്റില്ല. ബോളിവുഡിൽ സൂപ്പർ സ്‌റ്റാർ നടൻ സൽമാൻ ഖാന് ചുംബന രംഗങ്ങളോട് കടുത്ത എതിർപ്പുണ്ടെന്നത് ശ്രദ്ധേയമാണ്. സൽമാൻ ഖാനും തന്‍റെ കരിയറിൽ ഇതുവരെ ഒരു ചിത്രത്തിലും ചുംബനരംഗം നൽകിയിട്ടില്ല.
തമിഴ്‌നാട്ടിലെ നീലഗിരിയിൽ “ബഡിഗ” സമുദായക്കാരിയാണ് സായ് പല്ലവി. സഹോദരി പൂജ കണ്ണൻ അടുത്തിടെ പരമ്പരാഗത ബഡിഗ ചടങ്ങ് പ്രകാരം വിവാഹിതരായി.
താൻ ബഡിഗ സമുദായത്തിൽ നിന്നുള്ളയാളാണെന്നും സ്വന്തം വിവാഹത്തെ കുറിച്ച് കുടുംബത്തിന്‍റെ പ്രതീക്ഷകൾ എന്തായിരിക്കുമെന്നും സായ് പല്ലവി ഇങ്ങനെ പറയുന്നു. “കുട്ടിക്കാലത്തു എന്‍റെ മാതാപിതാക്കൾ ഞാൻ വലുതാകുമ്പോൾ ഒരു ബഡിഗയെ വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പലരും സമുദായത്തിന് പുറത്ത് വിവാഹം കഴിക്കാൻ ആളുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ അതിനുശേഷം അവർ കോട്ടഗിരിയിലെ ഹട്ടിയിൽ താമസിക്കുന്നില്ല. എന്‍റെ അച്ഛനും അമ്മയും കോയമ്പത്തൂരിലാണ് താമസിക്കുന്നത്. അതിനാൽ മറ്റുള്ളവർ അവരെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന സമ്മർദ്ദം അവർക്കില്ല.”
സമൂഹത്തിന് പുറത്തുള്ള വിവാഹം ഒരാളുടെ ജീവിതത്തിലേക്ക് ചില മുൻവിധികൾ ക്ഷണിച്ചുവരുത്തുമെന്നും അവർ പരാമർശിച്ചു. നിങ്ങൾ ബഡിഗയല്ലാത്ത ഒരാളെ വിവാഹം കഴിക്കുമ്പോൾ ഗ്രാമത്തിലെ ആളുകൾ നിങ്ങളെ മറ്റൊരു തരത്തിലാണ് നോക്കുന്നത്. അവരുടെ ചടങ്ങുകളിലേക്കും ഉത്സവങ്ങളിലേക്കും ക്ഷണിക്കുന്നില്ല. ശവസംസ്‌കാര ചടങ്ങുകൾക്ക് വരാൻ അനുവദിക്കില്ല. അത് അവരുടെ ജീവിതത്തെ ബാധിക്കുന്നു.
അവിടെ ജനിച്ചു വളർന്ന ആളുകൾക്ക് അവരെ ഉൾപ്പെടുത്താതിരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സമുദായത്തിൽ നിന്ന് വിവാഹം കഴിക്കണം എന്ന് അച്‌ഛൻ എന്നോട് പറയാറുണ്ട്. സംസ്കാരത്തിന്‍റെ പേരിൽ ഒരു വ്യക്തിയെ ഇങ്ങനെയൊക്കെ ബ്ലാക്ക് മെയിൽ ചെയ്യാനാകില്ലെന്ന് ഞാൻ അച്‌ഛനോട് പറയാറുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ഉള്ള ചെറിയ വിഭാഗമാണ് ബഡിഗകൾ. വ്യതിരിക്‌തമായ സംസ്‌കാരത്തിനും ഭാഷയ്ക്കും പാരമ്പര്യത്തിനും പേരു കേട്ടവരാണ് ഇവർ. ദ്രാവിഡ ഭാഷയായ ബഡിഗ വളരെ കുറച്ച് ആളുകൾ മാത്ര മേ സംസാരിക്കുന്നുള്ളു. അവരിൽ കൂടുതലും സമുദായത്തിലെ പ്രായമായ അംഗങ്ങളാണ്. എങ്കിലും സായ് പല്ലവിക്ക് ഈ ഭാഷ അറിയാം.
തലലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത ആചാരങ്ങൾ കൊണ്ട് ബഡിഗകൾക്ക് സമ്പന്നമായ സാംസ്‌കാരിക പൈതൃകമുണ്ട്. മനോ ഹരമായ കൈത്തറിതുണികൾ, ഷാളുകൾ, ഡിസൈനുകൾ, നിറങ്ങൾ, നാടോടി സംഗീതം എന്നിവയൊക്കെകൊണ്ട് സമ്പന്നമാണ് ബഡിഗ പൈത്യകം. വിവിധ പരമ്പരാഗത നൃത്തങ്ങളും പാട്ടുകളും അവർ ഇന്നും പരിശീലിക്കുന്നു.
ജനസംഖ്യ കുറവാണെങ്കിലും നീലഗിരി പ്രദേശത്തിനും ദക്ഷിണേന്ത്യൻ സംസ്‌കാരത്തിനും മൊത്തത്തിൽ ബഡിഗകൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ആ കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോൾ വിവാഹം വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട കാര്യമാണ് സായിക്ക്. മതത്തിന്‍റെ പേരിലുള്ള അക്രമങ്ങളെ താരം മുമ്പും അപലപിച്ചിട്ടുണ്ട്. കാശ്‌മീരി പണ്ഡിറ്റുകളുടെ പലായനവും ഗോ സംരക്ഷണ പ്രചാരവും തെറ്റാണെന്ന് ഒരിക്കൽ അവർ പറഞ്ഞിരുന്നു.
സായ് പല്ലവിയുടെ അഭിപ്രായത്തിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ അവളുടെ ധൈര്യത്തെ അഭിനന്ദി ച്ചപ്പോൾ മറ്റുള്ളവർ അവളെ ട്രോളി.കശ്‌മീർ ദുരന്തത്തെ അവർ ഇകഴ്ത്തുകയാണെന്ന് പലരും പറഞ്ഞു. അതിന് ശേഷം വിവാദ വിഷയങ്ങളിൽ മനസ്സ് തുറന്ന് പറയുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുമെന്ന് സായ് പല്ലവി പറയന്നു.
“എന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയുള്ളതിനാൽ എന്‍റെ ഹൃദയം പറയുന്നതിന് മുമ്പ് ഞാൻ രണ്ടുതവണ ആലോചിക്കും.” “ദി കശ്മീർ ഫയൽസ്” എന്ന ചിത്രം തന്നിൽ വലിയ സ്വാധീനം ചെലുത്തിയെന്നും ദിവസങ്ങളോളം തന്നെ മാനസികമായി വേദനിപ്പിച്ചെന്നു. സായ് പല്ലവി പറഞ്ഞു.
വംശഹത്യ പോലെയുള്ള ഒരു ദുരന്തത്തെയും അത് ഇപ്പോഴും ബാധിക്കുന്ന തലമുറകളെയും ഞാൻ ഒരിക്കലും നിസ്സാരവൽകരിക്കില്ല. കോവിഡ് കാലത്ത് ആ വീഡിയോ കണ്ടതും ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടു. സായ് ഓർക്കുന്നു. നിഷ്പക്ഷ കുടുംബത്തിലാണ് താൻ വളർന്നതെന്നും നല്ല മനുഷ്യനാകാനാണ് താൻ പഠിച്ചതെന്നും അവർ പറയുന്നു.
നിരവധി സിനിമകളാണ് സായ് പല്ലവിയുടേതായി വരാനുള്ളത്. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജൻ ജീവിതം സിനിമയായ അമരനു ശേഷം രൺബീർ കപൂറിനൊപ്പം രാമായണത്തിലെ സീത ആയി സായ് പല്ലവി വെള്ളിത്തിരയിൽ എത്തും.