ഞായറാഴ്ച രാവിലെ പതിവുള്ള നടത്തം കഴിഞ്ഞി മടങ്ങി വന്നപ്പോൾ അവൾക്ക് സമ്മാനിക്കാനായ ഞാൻ കയ്യിൽ രണ്ട് റോസാപ്പൂക്കൾ കരുതിയിരുന്നു. വഴിയിലെ ഫ്ളവർമാർട്ടിൽ നിന്നും വാങ്ങിയതായിരുന്നു വത്. വീട്ടിലെത്തിയ ഉടനെ ഞാനത് നിധിക്ക് സമ്മാനിച്ചു. സന്തോഷത്തോടൊപ്പം അദ്‌ഭുതവും ആ മുഖത്ത് നിറയുന്നത് ഞാൻ രഹസ്യമായി അറിഞ്ഞു.
“ഇന്നെന്താ സ്പെഷ്യൽ?” അവൾ റോസാപ്പൂക്കൾ കണ്ണുകളോട് ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.
“നമ്മുടെ ഓരോ പ്രഭാതവും സ്പെഷ്യലാവട്ടെയെന്നു വിചാരിച്ചു” അവളെ പ്രണയാർദ്രമായി നോക്കികൊണ്ട് ഞാൻ മറുപടി പറഞ്ഞു.
“വെരി ബ്യൂട്ടിഫുൾ, താങ്ക് യൂ….”
“വേഗം ബ്രേക്ക് ഫാസ്‌റ്റ് കഴിച്ച് റെഡിയാക്. ഇന്ന് നമുക്കൊരു ഔട്ടിംഗിനു പോകാം.”
“എവിടെ?”
“മൈൽസ് ആന്‍റ് മൈൽസ് എവേ… വേർ ലവ്ലി വുഡ്‌സ് ആർ വെയിറ്റിംഗ് അസ് അഫക്ഷനേറ്റ്ലി…” ഞാനവളെ ആവേശത്തോടെ പൊക്കിയെടുത്ത് വട്ടം കറക്കി. അവളുടെ മുഖം നാണം കൊണ്ട് കൂമ്പിപോയി.
“ഓകെ, നിനക്ക് ഇഷ്ടമായോ?”
അവളെ നിലത്ത് നിർത്തവേ ഞാൻ ചോദിച്ചു.
“വെരിമച്ച്”
“എങ്കിൽ ഒരു ഗിഫ്റ്റും കൂടി തരാം,” ഞാൻ പോക്കറ്റിൽ നിന്നും അവൾക്കേറെ ഇഷ്‌ടമുള്ള ചോക്ലേറ്റ് എടുത്തു.
“വൗ, ഐ ലവ് ചോക്ലേറ്റ്സ്” അവൾ ഒരു കൊച്ചുകുട്ടിയെ പോലെ കൗതുകം കൊണ്ടു.
“എങ്കിൽ താങ്ക്‌യൂ പറയൂ.”
“താങ്ക്‌യൂ.”
“അങ്ങനെയല്ല.”
“പിന്നെങ്ങനെ?”
ഞാനവളുടെ മുഖത്തിനു നേരെ എന്‍റെ മുഖം ചേർത്തു നിന്നു. അവൾ ലജ്ജിക്കുന്നതു കണ്ട് ഞാൻ മുന്നോട്ടാഞ്ഞ് അവളുടെ ചുണ്ടുകളിൽ ഒരു ചെറുചുംബനം അർപ്പിച്ചു.
“ഞാൻ ചായ കൊണ്ടു വരാം.” പെട്ടെന്നുണ്ടായ തന്‍റെ അമ്പരപ്പ് മറച്ചുപിടിക്കാനെന്നോണം അവൾ അടുക്കളയിലേയ്ക്ക് വലിഞ്ഞു.
ഞാൻ സോഫയിലിരുന്ന് കണ്ണുകളടച്ച് നിധിയോടൊത്തുള്ള എന്‍റെ ജീവിതത്തെക്കുറിച്ച് ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ എന്തോ ഒരു പോരായ്മ തീർച്ചയായുമുണ്ടെന്ന വിശ്വാസം എന്‍റെ മനസ്സിൽ വേരൂന്നിക്കഴിഞ്ഞിരുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ മൂന്ന് മാസമായി. അച്‌ഛന്‍റെ ഒരു കൂട്ടുകാരൻ വഴിയാണ് നിധിയുടെ കല്യാണാലോചന വരുന്നത്.
സുന്ദരിയും ബുദ്ധിമതിയുമായ പെൺകുട്ടി. എംബിഎക്കാരിയാണെങ്കിലും അവൾ വളരെ ഹോമിലിയായിരുന്നു. ഭക്ഷണം നന്നായി പാകം ചെയ്യാനും മറ്റും അറിയാം. വളരെ ബഹുമാനാദരവോടുള്ള പെരുമാറ്റം… ഇതൊക്കെയാണ് വാസ്‌തവത്തിൽ എന്നെ നിധിയിലേക്ക് ആകർഷിച്ചത്. അതുകൊണ്ട് അച്ഛനും അമ്മയ്ക്കും അവൾ പ്രിയപ്പെട്ട മരുമകളായി മാറാൻ അധികസമയം വേണ്ടിവന്നില്ല.
എന്‍റെ എല്ലാ കാര്യങ്ങളിലും അവൾ വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു. മൂന്ന് ദിവസം മുമ്പുവരെ അവളുടെയൊപ്പമുള്ള ജീവിതം സന്തുഷ്ടവും സംതൃപ്‌തവുമായിരുന്നു. പക്ഷേ… ഇപ്പോഴോ…
അവൾ വീട്ടിൽ നിശ്ശബ്‌ദയായിരിക്കുകയും പൂർണ്ണമായും മനസ്സ് തുറക്കാത്തതിന്‍റെയും കാരണം കൃത്യമായി പറഞ്ഞാൽ മൂന്ന് ദിവസം മുമ്പാണ് എനിക്ക് മനസ്സിലാക്കാനായത്. പ്രകൃത്യാ അവൾ കുറച്ച് സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നവളാണെന്നായിരുന്നു ഇതുവരെയുള്ള എന്‍റെ ധാരണ. പക്ഷേ, അതായിരുന്നില്ല വാസ്തവം.
കഴിഞ്ഞ മൂന്ന് ദിവസമായി അവളറിയാതെ ഞാനവളുടെ പെരുമാറ്റം ശ്രദ്ധിച്ചിരുന്നു. പക്ഷേ, പൊള്ളയായ ചിരി വരുത്തി മനസ്സിൽ അജ്‌ഞാതമായ ചിന്തകളും ആകുലതകളുമായി നടക്കുന്നവളാണ് നിധിയെന്ന കാര്യം എനിക്ക് മനസ്സിലായി. ചിലപ്പോൾ അവൾ ഉദാസീനയായി കാണപ്പെട്ടു. ഏതോ ചിന്തകളിൽ സ്വയം നഷ്‌ടപ്പെട്ടവളെപ്പോലെ… പലപ്പോഴും വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കും. അവൾ പൂർണ്ണമായും എന്‍റേതല്ലാതായി ജീവിക്കുന്നത് എനിക്ക് സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ് ഇന്നലെ രാത്രിയിൽ ഞാനൊരു തീരുമാനത്തിലെത്തിച്ചേർന്നത്. അവളുടെ ചുണ്ടുകളിൽ യഥാർത്ഥമായ പുഞ്ചിരി വിടർത്തി മനസ്സിൽ ജീവിതത്തോടുള്ള പ്രതീക്ഷകളും ഉത്സാഹവും നിറയ്ക്കുക.
ചായ കുടിച്ചുകൊണ്ടിരിക്കെ ഞാൻ എന്തുകൊണ്ടോ പത്രം വായിക്കാൻ താല്പര്യം കാട്ടിയില്ല. ഞാനവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.
“എപ്പോഴാ പോകേണ്ടത്?” എന്‍റെ നോട്ടത്തിൽ നിന്നും രക്ഷപ്പെടാനാവാം അവൾ ചോദിച്ചു.
“ലഞ്ച് പുറത്തു നിന്നാണോ കഴിക്കുന്നത്. അങ്ങനെയാണെങ്കിൽ ഞാൻ കുളിച്ചോട്ടെ.”
“എങ്കിൽ വാ” ഒഴിഞ്ഞ ചായക്കപ്പ് ടീപ്പോയിൽ വെച്ച ശേഷം ഞാൻ ചാടിയെഴുന്നേറ്റു. എന്‍റെ അപ്രതീക്ഷിതമായ ആവേശം കണ്ട് അവൾ പകച്ചു നിന്നു.
“ചേട്ടനെന്തിനാ എഴുന്നേല്ക്കുന്നത്?”
“മണ്ടീ, ഞാൻ നിന്‍റെ ലൈഫ് പാർട്‌ണറല്ലേ. അപ്പോ എല്ലാ കാര്യങ്ങളും നമ്മൾ ഒരുപോലെ ഷെയർ ചെയ്യണം,” ഞാൻ കുസൃതിക്കണ്ണുകളോടെ അവളെ നോക്കി.
“വേണ്ട, അവിടെയിരുന്ന് പേപ്പർ വായിച്ചാൽ മതി.”
“നിന്നോട് കുറച്ചുനേരമെങ്കിലും സംസാരിക്കാമല്ലോ, അത് ബാത്ത്റൂമിലായാൽ കുറച്ചുകൂടി റൊമാന്‍റിക്കാവും,” ഞാനവളുടെ കൈ പിടിച്ച് ബാത്ത്റൂമിലേക്ക് നടന്നു.
അവൾ എന്നെ തടയാൻ ആവുന്നതും ശ്രമിച്ചു. ബാത്ത്റൂമിൽ കടക്കുന്നതിൽ നിന്നും അവളെന്നെ തടഞ്ഞു, “എന്തിനാ വെറുതെ?” അവൾ ലജ്‌ജയോടെ എന്നെ നോക്കി.
“പേപ്പർ വായിക്കുന്നതിലും നല്ലതല്ലേ മോളേ, ഒരുമിച്ചുള്ള ഒരുറൊമാന്‍റിക് ബാത്തിംഗ്. ഇന്നാണെങ്കിൽ ഞാൻ നല്ല മൂഡിലാ,” ഞാൻ ബലം പ്രയോഗിച്ച് ബാത്ത്റൂമിൽ കയറാൻ ശ്രമിച്ചു.
അവളുടെ മുഖഭാവം മാറി. ആ മാറ്റം ഞാൻ ശ്രദ്ധിച്ചു. അവൾ അല്പം ദേഷ്യത്തോടെ തന്നെ ബാത്ത്റൂമിൽ കയറി വാതിലടച്ച് കുറ്റിയിട്ടു.
ഏകദേശം പന്ത്രണ്ടരയോടെ സിറ്റിയിലെ മുന്തിയ റസ്റ്റോറന്‍റായ സ്പ്രിംഗ് സമ്മറിലെത്തി. ഞാൻ ഓർഡർ കൊടുത്തു. നിധി എന്നെ പകച്ചു നോക്കി.
“ഇന്ന് ഭയങ്കര ഫാസ്‌റ്റാണല്ലോ. എനിക്ക് ഫ്രൈഡ്റൈസ് ഇഷ്ടമാണെന്ന് ഞാൻ ചേട്ടനോട് ഇതേവരെ പറഞ്ഞിട്ടില്ലല്ലോ, പിന്നെങ്ങനെ മനസ്സിലായി?” അവളുടെ കണ്ണുകളിൽ വേവലാതി തെളിഞ്ഞു നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.
“ബുദ്ധിമാനായ ഒരു ഭർത്താവിന് പറയാതെ തന്നെ ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാനാവും.” ചതുരനായ ഒരു ഭർത്താവിനെ പോലെ ഞാനവളുടെ മുന്നിലിരുന്ന് ചിരിച്ചു.
“രാവിലെ എനിക്കിഷ്‌ടപ്പെട്ട ഫ്ളവർ തന്നു… ഫേവറൈറ്റ് ചോക്ലേറ്റ്… ഇപ്പോ ദാ ഇഷ്‌ടപ്പെട്ട ലഞ്ച്..?” അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.
“അത്… ടോപ് സീക്രട്ടാ.. സമയമാകുമ്പോൾ പറയാം.” ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. ഭക്ഷണം കഴിക്കുകയായിരുന്നെങ്കിലും രാവിലെ മുതലുള്ള വിചിത്രമായ എന്‍റെ ചെയ്തികളെക്കുറിച്ചുള്ള ചിന്തയിലായിരുന്നു അവളുടെ മനസ്സെന്ന് എനിക്ക് ഊഹിക്കാനാവുമായിരുന്നു.
ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി. ഞാൻ അടുത്ത സർപ്രൈസിനൊരുങ്ങി. ഇത്തവണ ഒരു ഐസ്ക്രീം കഴിക്കാമെന്ന നിർദ്ദേശം ഞാനവൾക്ക് മുന്നിൽ അവതരിപ്പിച്ചു. അവളുടെ മുഖത്തെ ഞെട്ടൽ പ്രകടമായിരുന്നു. അടുത്തുകണ്ട ഐസ്ക്രീം പാർലറിലേക്ക് ഞാനവളുടെ കൈയും പിടിച്ച് ഉത്സാഹത്തോടെ നടന്നു.
“എന്‍റെ ഇഷ്‌ടങ്ങളെക്കുറിച്ച് ചേട്ടനെങ്ങനെ ഇത്ര കൃത്യമായി മനസ്സിലാക്കി. ഷുവറായിട്ടും ചേട്ടന് അതാരോ പറഞ്ഞു തന്നിട്ടുണ്ട്. പ്ലീസ്… ആരാണ്… അമ്മയാണോ,” ഇത്തവണ അവൾ അത് അറിയാനായി ഒരു കൊച്ചുകുട്ടിയെപ്പോലെ വാശിപിടിച്ചു.
“ഇനിയുമുണ്ട് ഒരു സർപ്രൈസ്. അതിന്‍റെ ഊഴം വരട്ടെ. അപ്പോൾ ഞാൻ നിന്‍റെ ചോദ്യത്തിന് ഉത്തരം തരാം.” ഒരു ഒഴുക്കൻ മറുപടി പറഞ്ഞ് തടി തപ്പിയെങ്കിലും അവളുടെ ഉള്ളിൽ ജിജ്‌ഞാസ ഒരു കൊടുമുടിയോളം എത്തിയിരിക്കുന്നുവെന്ന് എനിക്ക് ബോധ്യമായി.
ഐസ്ക്രീം കഴിച്ച ശേഷം ഞങ്ങൾ പാർലറിന് പുറത്ത് ഒരു മരച്ചുവട്ടിൽ നിന്നു. “നിധീ, ഗെറ്റ് റെഡി ഫോർ അനദർ സർപ്രൈസ്.” അവളുടെ മുഖത്ത് ദയനീയത നിറഞ്ഞു.
“ഇനി നമ്മൾ ഒരു സിനിമ കാണാൻ പോകുന്നു. നിന്‍റെ ഫേവറൈറ്റ് ഹീറോയുടെ….”
അവളുടെ മുഖം പൂപോലെ വിടർന്നു. തല്ക്കാലം ആ രഹസ്യത്തെക്കുറിച്ച് അറിയാനുള്ള അവളിലെ ജിജ്‌ഞാസ എങ്ങോട്ടോ പോയി മറഞ്ഞു.
“അയ്യോ, കാണണമെന്ന് വിചാരിച്ചിരുന്ന സിനിമയാ.” അവൾ സന്തോഷം കൊണ്ട് വീർപ്പുമുട്ടി.
“യെസ്, ഐ നോ ദാറ്റ്,” ഞാൻ പുഞ്ചിരിച്ചു. ഞാനവളുടെ കൈയും പിടിച്ച് അടുത്തു കിടന്ന ഒരു ഓട്ടോയിൽ കയറി നേരെ തിയേറ്ററിലേക്ക് പുറപ്പെട്ടു. അവളുടെ മുഖത്തേക്ക് ഞാൻ പാളിനോക്കി. മുമ്പ് കണ്ട സന്തോഷമില്ല. ഏതോ ഗഹനമായ ആലോചനയിലായിരുന്നു അവളെന്ന് ആ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾക്കിടയിൽ നീണ്ട നിശ്ശബ്ദത പരന്നു.
സിനിം കണ്ടു തുടങ്ങിയതോടെ അവൾ എല്ലാം മറന്നു കഴിഞ്ഞിരുന്നു. ഇന്‍റർവെൽ സമയത്ത് ഞാൻ അവൾക്കായി കഫേയിൽ നിന്നും മാംഗോ ജ്യൂസ് വാങ്ങിക്കൊണ്ടുവന്നു. ഇത്തവണ പക്ഷേ അവളൊന്നും ചോദിക്കാൻ മുതിർന്നില്ല.
സിനിമ കണ്ടശേഷം ഞങ്ങൾ നേരെ അടുത്തുള്ള പാർക്കിലേക്ക് നടന്നു. നേരം വൈകിത്തുടങ്ങിയിരുന്നു. അവിടെ പല വർണ്ണത്തിലുള്ള റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. പാർക്കിലെ കല്ലു പാകിയ കുഞ്ഞുവീഥികളിലൂടെ ഞങ്ങൾ പതിയെ നടന്നു. ഇളങ്കാറ്റ് വീശിയപ്പോൾ ഉത്സാഹത്തോടെ തലയിളക്കി രസിക്കുന്ന റോസാപ്പൂക്കളെ ഞങ്ങൾ ഏറെനേരം നോക്കിയിരുന്നു.
“കാറ്റിൽ ആടിത്തിമിർക്കുന്ന ഈ പൂക്കളും രാവിലെ സമ്മാനിച്ച പൂക്കളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നിനക്കറിയാമോ?”
“അത് സമ്മാനവും… ഇത് പൂന്തോട്ടത്തിലെ പൂക്കളും.” അവൾ കുറച്ച് സമയത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു.
“അത് കൂടാതെ എന്ത് വ്യത്യാസമാണുള്ളത്?”
“അത്… അത് എനിക്ക് മാത്രമായി കിട്ടിയ സമ്മാനം. ഇത് എല്ലാവർക്കും വേണ്ടി ഗാർഡനിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ അല്ലേ?”
“ശരിയാണ്, പക്ഷേ ഒരു വ്യത്യാസം കൂടിയുണ്ട്.” എന്‍റെ ചോദ്യം കേട്ട് അവൾ അസ്വസ്‌ഥയായി. ഒടുവിൽ അവൾ പരാജയമടഞ്ഞ ഭാവത്തോടെ എന്നെ നോക്കി.
“അവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്‍റെ വേരാണ്. വേരുകൾ ഉള്ളതിനാൽ പൂന്തോട്ടത്തിലെ പൂക്കൾ തങ്ങളുടെ മുഴുവൻ ജീവിതവും ജീവിച്ച് സ്വയം നഷ്‌ടപ്പെടുകയാണ്. എന്നാൽ പൂച്ചെണ്ടിലെ പൂക്കളോ, എത്ര ജീവിക്കാൻ ആഗ്രഹിച്ചാലും… അതിനും മുമ്പേ വാടി നശിക്കും. ഇതിൽ ഏതിനോടാണ് നിനക്കിഷ്ടം?”
“ചേട്ടൻ എന്താ ഉദ്ദേശിക്കുന്നത്?” അവളുടെ കണ്ണുകളിൽ ഒരുതരം ഭീതി പടർന്നു.
“ഞാൻ മൂന്ന് ദിവസം മുമ്പ് നിന്‍റെ കോളേജ് കൂട്ടുകാരി സവിതയെ കണ്ടിരുന്നു. യാദൃച്‌ഛികമായി പരിചയപ്പെട്ടതാ. അവളാണ് നിന്‍റെ ഇഷ്‌ടാനിഷ്‌ടങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞത്.” ഞാൻ അലക്ഷ്യമായി അവളുടെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞു.
“സവിതയോ…” അവളുടെ മുഖത്ത് അദ്ഭുതം. അവളുടെ കൈയിൽ പതിയെ ഞാൻ തടവി, “അവൾ എന്നോട് ഹരിയെക്കുറിച്ചും പറഞ്ഞിരുന്നു.”
ആ പേര് കേട്ടയുടനെ അവളുടെ മുഖം വിവർണ്ണമായി. അവളുടെ ശബ്ദമിടറി. “അയാളുമായിട്ടുള്ള എന്‍റെ ബന്ധം എന്നേ അവസാനിച്ചു കഴിഞ്ഞതാ.”
“ഞാൻ നിന്നെ സംശയിക്കുകയല്ല. മാത്രമല്ല ആ ബന്ധത്തെക്കുറിച്ച് എനിക്കൊരു വിശദീകരണവും വേണ്ട. പക്ഷേ നിധീ… ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.”
“വിവാഹത്തിനു മുമ്പ് ഹരിയുമായിട്ട് നിനക്കുണ്ടായിരുന്ന അഫയറിനെക്കുറിച്ചുള്ള ഓർമ്മകൾ നമ്മുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. നീ വലിയ വർത്തമാനക്കാരിയും തമാശ പറയുന്നവളുമാണെന്നാ സവിത പറഞ്ഞത്. നിന്നെക്കുറിച്ചുള്ള എന്‍റെ സങ്കല്പവും അതായിരുന്നു. പക്ഷേ അത് കേട്ടപ്പോൾ സത്യത്തിൽ എനിക്കദ്ഭുതമാണ് തോന്നിയത്. നീ അങ്ങനെയല്ലെന്ന് പറഞ്ഞപ്പോഴാണ് അവൾ ഏറെ മടിച്ച് ഹരിയെക്കുറിച്ച് പറയുന്നത്. നമ്മുടെ ജീവിതം സന്തുഷ്ട്‌ടി നിറഞ്ഞതാകണമെന്ന ഉദ്ദേശത്തോടെയാണ് അവളത് പറഞ്ഞത്.”
അവളെന്തോ പറയുവാനായി തുനിഞ്ഞെങ്കിലും ഞാനവളെ തടഞ്ഞു, “ഹരി വളരെ സ്മാർട്ടായിരുന്നുവെന്ന് സവിത പറഞ്ഞിരുന്നു. കവിതയെഴുതും എന്നൊക്കെ… ശരിയാണ്, ഇഷ്ടപ്പെട്ടയാൾക്കു പകരം മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വരുമ്പോൾ കാമുകനോളം അയാൾ സുന്ദരനോ ആകർഷകത്വമുള്ളവനോ ആയി ഭാര്യയ്ക്ക് തോന്നണമെന്നില്ല. ഞാൻ ചിലപ്പോൾ നിന്നോട് വഴക്കിട്ടെന്നു വരും. ചിലപ്പോൾ ദേഷ്യപ്പെടാം, സ്നേഹം പ്രകടിപ്പിക്കാൻ എന്‍റെ കൈവശം നല്ല കാര്യങ്ങൾ ഉണ്ടാവണമെന്നില്ല…. അങ്ങനെ കുറെ പോരായ്‌മകൾ. പക്ഷേ.., എത്രയായാലും ഭർത്താവിന്‍റെ സ്നേഹത്തിന് വേരുകളുണ്ടാവും. അത് നിന്‍റെ സുഖദുഃഖങ്ങളിലും… ജീവിതത്തിന്‍റെ അവസാനനാളുകൾ വരെ കൂടെയുണ്ടാവും. സമയമാകും മുമ്പേ ആയുസ്സറ്റ് പോകുന്നതല്ല ആ സ്നേഹം.”
പ്രണയപുരസ്സരം ഞാനവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ സ്നേഹത്തിന്‍റെ ഉറവകൾ പൊട്ടി.. അവളുടെ ചുണ്ടുകൾ വിറയാർന്നു. “എന്നോട് ക്ഷമിക്കൂ…” ഞാനവളെ ചേർത്തു പിടിച്ചു. അവളുടെ കണ്ണ് തുടച്ചു. “വേണ്ട, നീയൊന്നും പറയണ്ട. ഞാൻ നിന്നോട് ഇതൊക്കെയും പറഞ്ഞത് നമ്മുടെ രണ്ടുപേരുടേയും നന്മയ്ക്കു വേണ്ടിയാ. നമ്മുടെ ജീവിതം സന്തുഷ്‌ടി നിറഞ്ഞതാകണം. എന്നിൽ കുറേ കുറവുകളുണ്ടാവാം. പക്ഷേ ഒരു ഗുണം തീർച്ചയായുമുണ്ട്. ഞാൻ നിന്നെ എന്‍റെ ജീവനേക്കാളേറെ സ്നേഹിക്കുന്നു നിധീ.”
“ഉവ്വ്, ഈ സ്നേഹത്തിന്‍റെ വേരുകൾ ശക്തമാണ്. എന്നേ ഞാനത് മനസ്സിലാക്കിയിരുന്നു. പക്ഷേ….” അവൾ എന്‍റെ നെഞ്ചിലേക്ക് ചാഞ്ഞ് വിതുമ്പി കരഞ്ഞു. എന്‍റെ കൈകളിൽ അവൾ ഇറുക്കിപ്പിടിച്ചു. സ്നേഹത്തിന്‍റെ വേരുകൾ ആഴ്ന്നിറങ്ങുന്നതു പോലെ… അവളുടെ സ്നേഹം വേരുകൾ പടർത്തി എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു. ഒരിക്കലും വേർപെടാനാവാത്ത പോലെ അവളും ഞാനും….