സൗന്ദര്യ… പേരുപോലെ സ്മാർട്ട്.  ഒരു കൾട്ടിനാഷണൽ കമ്പനിയിൽ പ്രൊജക്ട് മാനേജർ. അഞ്ചക്ക ശമ്പളം… ജോണും സൗന്ദര്യയും സുഹൃത്തുക്കൾക്കു മുന്നിൽ മാതൃകാ ദമ്പതിമാരാണ്. സാമ്പത്തികമായി ഭദ്രമായ കുടുംബം. ഭാര്യയുടെ ജോലി, ശമ്പളം, സ്‌റ്റാറ്റസ് എന്നിവയെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞു നടക്കാൻ ജോണിന് ഒരു മടിയുമില്ല.

എന്നാൽ ഈ പത്രാസും വീമ്പുമൊക്കെ വീട്ടിലെത്തുന്നതോടെ തീരും. ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണ് സൗന്ദര്യയുടേതെന്നതിനാൽ സമയത്ത് വീട്ടിലെത്തിച്ചേരാൻ സാധിക്കാതെ വരും. ഓവർ ടൈം എന്ന പേരിൽ രാത്രി വൈകി വീട്ടിലെത്തുന്നതും വീട്ടിലെത്തിയാൽത്തന്നെ ലാപ്ടോപ്പിൽ ജോലി തുടരുന്നതുമൊന്നും ജോണിനിഷ്ട‌മില്ല. ഒരവസരത്തിൽ ജോൺ ഇതേക്കുറിച്ച് ഭാര്യയോടു സൂചിപ്പിച്ചു. അവസാനിക്കാത്ത പരാതികളും പരിഭവങ്ങളും കലഹങ്ങളുമായി അവരുടെ ദാമ്പത്യം കലുഷമായിത്തീരാൻ അധികനാൾ വേണ്ടി വന്നില്ല.

“ജോൺ, എന്നെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമില്ല. ഇതൊക്കെ ജോലിയുടെ ഭാഗമാണെന്ന കാര്യം നേരത്തെ അറിയാമായിരുന്നില്ലേ?” സൗന്ദര്യ തന്‍റെ ഭാഗം ന്യായീകരിച്ചപ്പോൾ ജോണിന്‍റെ മറുപടി ഇങ്ങനെ: “അറിയാം അറിയാം… പറയുന്നതു കേട്ടാൽ ലോകത്ത് നീ മാത്രമാണ് ജോലിക്കു പോകുന്നതെന്നു തോന്നുമല്ലോ? ജോലി പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഫാമിലി ലൈഫ് എന്ന കാര്യം മനസ്സിലാക്കാത്തതെന്താ..”

“ഫാമിലി ലൈഫും മാരീഡ് ലൈഫുമൊക്കെ എൻജോയ് ചെയ്യാൻ എനിക്ക് ഇഷ്ടമില്ലെന്നാണോ കരുതിയത്?”

“ഓവർ ടൈം വർക്ക് ചെയ്യാൻ പറ്റില്ലെന്നും വീട്ടിലാരുമില്ലാത്തതിനാൽ ഒഫീഷ്യൽ ടൂറിനു പോകാൻ പറ്റില്ലെന്നും ബോസിനോടു പറയാമായിരുന്നില്ലേ?”

“എന്തു വിഡ്ഢിത്തമാണീ പറഞ്ഞു കുട്ടുന്നത്? അതൊക്കെ കരിയറിനെ ബാധിക്കുന്ന കാര്യമല്ലേ? അടുത്തു തന്നെ പ്രമോഷൻ ശരിയാവും. ശമ്പളവും കൂടും. ഈ അവസ്‌ഥയിൽ ബോസിനോടെങ്ങനെ ഒഴികഴിവു പറയും?”

സൗന്ദര്യ പറയുന്നതിൽ കാര്യമുണ്ടെന്നറിയാമെങ്കിലും ജോൺ അതു പ്രകടമാക്കിയില്ല. കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത നിലനിർത്തണമെങ്കിൽ ഭാര്യയും ഭർത്താവും ഉദ്യോഗസ്‌ഥരാവുകയെന്നത് അനിവാര്യം തന്നെ. പക്ഷേ, കരിയറിനു പ്രാധാന്യം നല്‌കുമ്പോൾ ദാമ്പത്യത്തിലെ സുഖവും സന്തോഷവും നിലനിർത്താൻ പാടുപെടുകയാണ് മിക്ക ദമ്പതികളും.

സമയക്രമീകരണം

ധാരാളം വെല്ലുവിളികളും പ്രശ്ന‌ങ്ങളും നിറഞ്ഞതാണ് ഉദ്യോഗസ്‌ഥ ദമ്പതിമാരുടെ ജീവിതം. മുൻപൊക്കെ ഭർത്താവ് ജോലി ചെയ്‌ത്‌ കുടുംബകാര്യങ്ങളും ഉത്തരവാദിത്തങ്ങളുമൊക്കെ നോക്കി നടത്തുന്നതായിരുന്നു കീഴ്വഴക്കം. വീട്ടു ജോലികളും കുട്ടികളെ വളർത്തലുമായിരുന്നു ഭാര്യയുടെ ഉത്തരവാദിത്തം. പരസ്പ‌രം ഇടപെടാതെ സ്വന്തം പ്രവർത്തന മണ്ഡലത്തിൽ മാത്രം അവർ സന്തുഷ്ടരായിരുന്നു. എന്നാൽ ഇന്ന് പുരുഷനും സ്ത്രീയും ജോലി ചെയ്യുകയെന്നത് സാഹചര്യത്തിന്‍റെ ആവശ്യമായിത്തീർന്നു.

അനാവശ്യ ഇടപെടലുകൾ

ഓരോ ജോലിക്കും അതിന്‍റsതായ ഉത്തരവാദിത്തങ്ങളുണ്ടെന്ന വസ്തുത ദമ്പതിമാർ മനസ്സിലാക്കിയിരിക്കണം. ഓഫീസ് കാര്യങ്ങൾ വീട്ടിലേയ്ക്ക് വലിച്ചിഴയ്ക്കരുത്. വീട്ടിലെത്തിയാൽ ബോസ് മനോഭാവം തീർത്തും മാറ്റിവയ്ക്കണം.

ഈഗോ ക്ലാഷ്, ആജ്‌ഞ, നിർദ്ദേശങ്ങൾ എന്നിവ ദാമ്പത്യത്തിൽ കരിനിഴൽ വീഴ്ത്തും. “നീ ഈ ഡ്രസ്സ് ധരിച്ച് പാർട്ടിക്ക് പോകേണ്ട”, “ഒഫീഷ്യൽ ടൂറിനൊന്നും പോകേണ്ട”, “മോനു സുഖമില്ലല്ലോ. നീ മീറ്റിംഗുകൾ കാൻസൽ ചെയ്യ്”, “ലീവെടുക്ക്..” ഭർത്താവിന്‍റെ ഇത്തരം വിലക്കുകൾ ഉദ്യോഗസ്‌ഥയായ ഭാര്യയെ ദേഷ്യo പിടിപ്പിക്കാതിരിക്കുമോ?

ഭാര്യയുടെ അനാവശ്യ ഇടപെടൽ കാരണം സ്വകാര്യ സ്‌ഥാപനത്തിൽ ഉദ്യോഗസ്‌ഥനായ അനിലിന് തന്‍റെ ജോലി തന്നെ നഷ്ട്‌ടപ്പെട്ടു. കോർപറേറ്റ് കൾച്ചറിനെക്കുറിച്ച് യാതൊന്നുമറിയാത്ത അനിതയുടെ നിർദ്ദേശങ്ങൾ കാരണമാണ് അനിലിന് ഈ ദുരവസ്‌ഥയുണ്ടായത്.

“ഇത്ര ഉയർന്ന പദവിയിലായിരുന്നിട്ടും നിങ്ങൾക്ക് ഇക്കണോമിക് ക്ലാസ് ഇളവുകൾ ലഭിക്കുന്നില്ലല്ലോ?”, “കമ്പനിക്കുവേണ്ടി ഇത്രയൊക്കെ അധ്വാനിക്കുന്ന നിങ്ങൾക്ക് കുറഞ്ഞത് ഒരു ത്രീ സ്‌റ്റാർ ഹോട്ടലിലെങ്കിലും താമസ സൗകര്യം തന്നുകൂടേ?”, “ഒഫീഷ്യൽ ടൂറിനും മറ്റും പോകുമ്പോൾ ലക്ഷ്വറി കാറിൽ യാത്ര ചെയ്‌താൽ പോരേ?” ഭാര്യയുടെ ചോദ്യങ്ങൾ ശരിയാണെന്ന് അനിലിനും തോന്നാതിരുന്നില്ല. കഠിനാധ്വാനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നവനുമാണ് അനിൽ. എന്നാൽ അനിലിന്‍റെ പതിവായുള്ള ആവശ്യങ്ങൾ ബോസിന്‍റെ അനിഷ്ടത്തിനു കാരണമായി. അവസാനം അയാൾക്ക് ജോലി തന്നെ നഷ്‌ടപ്പെട്ടു.

വർക്ക് ഈസ് വർഷിപ്പ്

കരിയറിന് ഏറെ പ്രാമുഖ്യം നല്‌കുന്ന ദമ്പതിമാർക്ക് കൂടുതൽ ഉത്തരവാദിത്തവും കാര്യക്ഷമതയും അനിവാര്യം തന്നെ. അവരവരുടെ ജോലിയുടെ പ്രാധാന്യവും ആവശ്യകതകളും കണക്കിലെടുത്തു വേണം ഏതൊരു കാര്യത്തിലും തീരുമാനമെടുക്കാൻ. മനസ്സു തുറന്നു സംസാരിക്കുന്നത് സ്‌ട്രെസ്സ് കുറയ്ക്കും. കരിയറിന്‍റെ ഉയർച്ചയോടൊപ്പം മെച്ചപ്പെട്ട ജീവിതശൈലിയും സുഖസൗകര്യങ്ങളുമൊക്കെ വന്നുചേരുമെങ്കിലും അതോടൊപ്പം ഉത്തരവാദിത്തം കൂടുന്നതിനാൽ പല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടിയും വരാം.

ഭാവി സുരക്ഷ

ജോലിയിലുള്ള അസംത്യപ്‌തി ദമ്പതികൾ തമ്മിലുള്ള കലഹത്തിന് കാരണമാകാറുണ്ട്. പങ്കാളിയുടെ ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടുന്നത് പലപ്പോഴും കലഹത്തിന് വഴിതെളിക്കും. തിരക്കുള്ള ദമ്പതിമാർക്ക് അമിതജോലി നിമിത്തം കുടുംബത്തിനുവേണ്ടി കുറച്ചുസമയം പോലും നീക്കിവയ്ക്കാനാവാത്ത അവസ്‌ഥയുണ്ടാവാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ക്ഷമയോടെ വേണം മുന്നോട്ടു ചുവടുവയ്ക്കാൻ. വേതനം കുറവാണ്, ജോലി ഭാരം കൂടുതലാണ് എന്നൊക്കെ കുത്തു വാക്കു പറയുന്നതും ജോലിയിലുള്ള അസംതൃപ്‌തിയാണ് പ്രകടമാക്കുന്നത്.

സാമ്പത്തിക മാന്ദ്യം കാരണം അനേകം പേർക്ക് തൊഴിൽ നഷ്ട‌മാകുന്നുണ്ട്. തൊഴിൽ രംഗത്തെ അനിശ്ചിതാവസ്‌ഥയും തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിച്ചതുമൊക്കെ പെട്ടെന്ന് മറ്റൊരു ഉദ്യോഗം നേടാനുള്ള സാധ്യതകൾക്ക് മങ്ങലേല്പ‌ിക്കും. അതിനാൽ ഉള്ള ജോലി നിലനിർത്തിക്കൊണ്ടുപോകാൻ രണ്ടുഭാഗത്തുനിന്നും പരിശ്രമം വേണം. പങ്കാളിയുടെ ജോലിയിലോ മറ്റു ഔദ്യോഗിക കാര്യങ്ങളിലോ അനാവശ്യ ഇടപെടലുകൾ വേണ്ട. ഉദ്യോഗസ്‌ഥരായ ദമ്പതികൾ ജോലിയുടെ പ്രകൃതവും ഭാവി സാധ്യതകളും മനസ്സിലാക്കി പരസ്‌പര ഐക്യത്തോടെ മുന്നോട്ടു പോയാൽ മാത്രമേ കരിയറിലും ദാമ്പത്യത്തിലും വിജയം കൈവരിക്കാനാവൂ.

और कहानियां पढ़ने के लिए क्लिक करें...