പോഷകാംശക്കുറവ് ശരീരാരോഗ്യത്തെപ്പോലെ മുടിയുടെ വളർച്ചയേയും ദോഷകരമായി ബാധിക്കാം. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പോഷക സമ്പുഷ്ടവും സന്തുലിതവുമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുകയാണ് പ്രധാനം.
അയൺ രക്തചംക്രമണത്തെ വർദ്ധിപ്പിക്കുന്നതോടൊപ്പം മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. പാലക് ചീര, പേരയ്ക്ക, നെല്ലിക്ക, പച്ചക്കറികൾ എന്നിവയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്ക് സിങ്കും ഏറ്റവുമാവശ്യമാണ്. കടൽ മത്സ്യങ്ങൾ, ബദാം, വാൽനട്ട് തുടങ്ങിയവയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. മിനറൽസ്, ഫൈബർ, അയഡിൻ, വിറ്റാമിൻ ബികോംപ്ലക്സ്, വിറ്റാമിൻ എ, ബി, സി, ഡി, ഇ, കെ എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തണം.
സന്തുലിത ഭക്ഷണം
വിറ്റാമിൻ എ: വെണ്ണ, പാൽ, കാരറ്റ്, തക്കാളി, മത്സ്യം, ഇരുണ്ട പച്ചനിറമുള്ള ഇലകൾ, പച്ചക്കറി, ആപ്രിക്കോട്ട് എന്നിവയിൽ ധാരാളം വിറ്റാമിൻ എ4 അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ബി: പാൽ, ധാന്യങ്ങൾ, ബ്രഡ്, ഗോതമ്പ്, സോയാബീൻ, ഡ്രൈഫ്രൂട്ട്സ്, മത്സ്യം, മാംസം എന്നിവ വിറ്റാമിൻ ബിയുടെ സ്രോതസ്സുകളാണ്.
വിറ്റാമിൻ സി: പഴം, പച്ച ഇലക്കറികൾ, ബീറ്റ്റൂട്ട്, പച്ചമുളക്, പുളിയുള്ള പഴങ്ങൾ എന്നിവ വിറ്റാമിൻ സിയുടെ കലവറയാണ്. ചെറുനാരങ്ങ വിറ്റാമിൻ സിയുടെ ഏറ്റവും നല്ല സ്രോതസ്സാണ്.
വിറ്റാമിൻ ഡി: വിറ്റാമിൻ ഡിയുടെ ഏറ്റവും നല്ല ഉറവിടമാണ് സൂര്യരശ്‌മികൾ. ഫിഷ് ലിവർ ഓയിൽ, പാൽ, മുട്ട തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ കെ: കടൽ മത്സ്യങ്ങൾ, ശർക്കര, കാബേജ്, അത്തിപ്പഴം, കടും പച്ചനിറത്തി ലുള്ള പച്ചക്കറികൾ, ഗോതമ്പുപൊടി, മുട്ടയുടെ മഞ്ഞക്കരു, കരൾ.
വിറ്റാമിൻ ഇ: നിലക്കടല, വനസ്‌പതി എണ്ണ, പരിപ്പ്, ഇലവർഗ്ഗങ്ങൾ.
അയൺ: പാലക്‌ചീര, ശർക്കര, കടലമാവ്, റവ, തൊലിയുള്ള പരിപ്പിനങ്ങൾ, ധാന്യങ്ങൾ, ഗ്രീൻപീസ്, ബീൻസ്, പാവയ്ക്ക, ഡ്രൈഫ്രൂട്ട്സ്.
കാത്സ്യം: പനീർ, മുട്ട, പാൽ, വേരോടു കൂടിയ പച്ചക്കറികൾ.
അയഡിൻ: അയഡിൻ ചേർന്ന ഉപ്പ്, കടൽ മത്സ്യങ്ങൾ.
സൾഫർ: പാൽ, മാംസം, പനീർ, പാലുൽപന്നങ്ങൾ.
ധാതുക്കൾ: ഡ്രൈഫ്രൂട്ടുകൾ, കടൽ വിഭവങ്ങൾ, ഹോൾഗ്രെയിൻ എന്നിവ. തണ്ണിമത്തൻ, വാഴപ്പഴം, ഓറഞ്ച്, ആപ്പിൾ തുടങ്ങിയ ഫലവർഗ്ഗങ്ങൾ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളും നല്‌കുന്നുണ്ട്. ശരീരത്തിന് പോഷണം നല്‌കുന്നതോടൊപ്പം മുടിയുടെ വളർച്ചയ്ക്കും അത് സഹായകമാവുന്നു. പച്ചക്കറികളും മുടിയുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും പ്രത്യേകിച്ച് പച്ച ഇലവർഗ്ഗങ്ങളും കാബേജും മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പാൽ, പനീർ, മുട്ട എന്നിവ വിറ്റാമിൻ ബി12ന്‍റെയും പ്രോട്ടീനിന്‍റെയും പ്രധാന സ്രോതസ്സുകളാണ്. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇവ ആവശ്യമാണ്.
വ്യായാമം
പോഷകസമ്പന്നമായ ഭക്ഷണത്തോടൊപ്പം വ്യായാമം ചെയ്യുന്നതും മുടിക്ക് ഗുണം ചെയ്യും. പോഷക സമ്പന്നമായ ഭക്ഷണം കഴിച്ചു തുടങ്ങി ഒരാഴ്‌ച കഴിഞ്ഞു മാത്രമേ അതിന്‍റെ ഗുണം മുടിയിൽ പ്രതിഫലിച്ചു കാണൂ.
വൈദ്യ സഹായം തേടുക
ആരോഗ്യമുള്ള മുടിക്ക് പ്രഥമവും സുപ്രധാനവുമാണ് ഹെൽത്തി ഡയറ്റ് എന്നാൽ ഭക്ഷണത്തിൽ നിന്നും ശരീരത്തിന് വേണ്ട അളവിൽ പോഷകങ്ങൾ ലഭിക്കണമെന്നില്ല. പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളും അലർജിയും മറ്റുമുള്ളപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ ശരീരത്തിന് ആവശ്യമാ യ വിറ്റാമിനുകൾ ലഭിക്കാനായി വിറ്റാമിൻ ഗുളികകൾ കഴിക്കേണ്ടി വരാം.
എന്നാലത് ഡോക്ടറുടെ നിർദ്ദേശമനുസരിച്ചേ കഴിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യു. സന്തുലിത ഭക്ഷണം അമിതമായ അളവിൽ കഴിച്ചതുകെണ്ട് ശരീരത്തിന് ദോഷമെന്നുണ്ടാവുകയില്ല. എന്നാൽ വിറ്റാമിൻ ഗുളികകൾ അമിത അളവിൽ കഴിച്ചാൽ വിപരീത ഫലങ്ങളുണ്ടാകും.