ആരോഗ്യമുള്ള ശരീരവും മനസ്സും ആരാണ് ആഗ്രഹിക്കാത്തത്? ശരീരത്തിന്‍റെ ഫിറ്റ്നസ് നിലനിർത്താൻ വ്യായാമം, യോഗ, മെഡിറ്റേഷൻ, ജോഗിംഗ്, നൃത്തം, സൈക്കിളിംഗ്, സ്‌കിപ്പിംഗ്, നീന്തൽ തുടങ്ങി ഏറെ മാർഗ്ഗങ്ങളുണ്ട്. ശാരീരിക ആരോഗ്യം പോലെത്തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. എയ്റോബിക്സ് ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം നൽകുന്ന ഒരു വ്യായാമ മുറയാണ്.
1955 മുതലാണ് എയ്‌റോബിക്സിന് പ്രാധാന്യമേറുന്നത്. ഇന്ന് ലോകത്ത് 2.5 കോടിയിൽ അധികം പേർ എയ്റോബിക്സ് പരിശീലിക്കുന്നുണ്ട്. പൂർണ്ണമായും ശരീര ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യായാമമാണ് ഇത്. അതുകൊണ്ട് ഹൃദ്രോഗം പോലുള്ള അസ്വസ്‌ഥതകളോ, ശ്വാസ സംബന്ധമായ തകരാറുകളോ ഉള്ളവർ ഡോക്ടറുടെ അനുവാദ പ്രകാരം മാത്രമേ ഈ വ്യായാമത്തിൽ ഏർപ്പെടാൻ പാടുള്ളു. 5 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ഈ വ്യായാമം വളരെയധികം പ്രയോജനപ്പെടും.
ധാരാളം യാത്ര ചെയ്യേണ്ട ജോലി ഉള്ളവരാണെങ്കിൽ ഏറ്റവും സുഖപ്രദവും ഫലപ്രദവുമായ മാർഗ്ഗമാണ് എയ്റോബിക്സ്. വ്യായാമങ്ങളുടെ ഒരു കളക്ഷൻ കൈയിൽ കരുതുക. ഹോട്ടലിൽ ജിം ഫെസിലിറ്റി ഉണ്ടെങ്കിൽ എളുപ്പമായി. ഇല്ലെങ്കിൽ കയ്യിൽ കരുതിയിരിക്കുന്ന ഡിവിഡി ഉപകരിക്കും. ഹൃദയ സംബന്ധമായ ക്ഷമത വർദ്ധിപ്പിക്കാൻ ഇതിലൂടെ കഴിയും.
തുടക്കം
എയ്‌റോബിക്സിന് പല വകഭേദങ്ങളുണ്ട്. ഡാൻസ് എയ്റോബിക്സ്, സ്‌റ്റെപ്പ് എയ്‌റോബിക്‌സ്, വാട്ടർ എയ്റോബിക്‌സ്… ലയബദ്ധമായ താളത്തിലാണ് എയ്‌റോബിക്‌സ് ചെയ്യാൻ തുടങ്ങുന്നത്. നിങ്ങളുടെ സൗകര്യപ്രകാരം വേണമെങ്കിൽ സമയം ദീർഘിപ്പിക്കാം. രണ്ടാഴ്ച്‌ച കൂടുമ്പോൾ സമയം ദീർഘിപ്പിക്കുന്നതാവും ഉത്തമം. ഇത് ചെയ്യുന്ന സമയത്ത് പശ്ച്ചാത്തല സംഗീതം പ്ലേ ചെയ്യുന്നത് ശാരീരിക ചലനത്തിനും സ്‌റ്റെപ്പുകൾക്കും താളം കിട്ടാൻ സഹായിക്കും.
75 ശതമാനം എയ്റോബിക്സിനും ജമ്പിംഗ് മൂവ്മെന്‍റാണ്. അതുകൊണ്ട് എയ്റോബിക്സ് ചെയ്യുന്ന സമയത്ത് എപ്പോഴും അയഞ്ഞ വസ്ത്രങ്ങളും മികച്ച ക്വാളിറ്റിയിലുള്ള ഷൂസും അണിയണം. വ്യായാമം ചെയ്യുന്നിടത്തെ നിലം ഹാർഡ് വുഡ് ആയിരിക്കുന്നതാണ് നല്ലത്. അതിന് മുകളിലായി മാറ്റ് വിരിച്ചിടുകയും വേണം. എയ്റോബിക്സ് ചെയ്യുമ്പോൾ എപ്പോഴും ചുവടുകൾ മാറ്റാൻ ശ്രദ്ധിക്കുക. പതിയെ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്ത ശേഷം വേണം ഈ വ്യായാമം തുടങ്ങാൻ. പ്രസന്നമായ മുഖത്തോടെ വേണം ഇത് ചെയ്യാൻ. വ്യായാമത്തിനു ശേഷം കുറച്ച് നേരത്തേയ്ക്ക് പുറത്തെ അന്തരീക്ഷവുമായി സമ്പർക്കം ചെലുത്താതിരിക്കുന്നത് നന്നായിരിക്കും. ദിവസവും 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ എയ്റോബിക്സ് ചെയ്യാം. എന്നാൽ ആദ്യമായി ചെയ്യുന്നവർ 30 മിനിറ്റിൽ അധികം വ്യായാമ സമയം നീട്ടരുത്. ശരീരത്തിലെ അപകടകാരിയായ കൊഴുപ്പിനെ ഊർജ്ജ നിർമ്മാണത്തിനായി പ്രയോജനപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും. വണ്ണം കുറയ്ക്കാനുള്ള നല്ലൊരു മാർഗ്ഗം കൂടിയാണിത്.
പ്രയോജനം
എയ്റോബിക്സ് ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും ശക്തിയും ഊർജ്ജവും പകരും. ഫാസ്റ്റ‌് ലൈഫിന്‍റെ ഫലമായിട്ടുള്ള പിരിമുറുക്കവും ഡിപ്രഷനും അകറ്റാനും ശരീരത്തിലെ ഊർജ്ജം ശരിയായ രീതിയിൽ വിനിയോഗിക്കാനും ശരീരഭാരം സാധാരണ നിലയിലാക്കാനും സഹായിക്കും. വിശപ്പു കൂട്ടാൻ ഇത് നല്ലൊരു പ്രതിവിധിയാണ്. ശരീരത്തിന്‍റെ മെറ്റബോളിസം എളുപ്പത്തിൽ മെച്ചപ്പെടുത്തി അതുവഴി ശരീരത്തെ ഊർജ്ജസ്വലത ഉള്ളതാക്കി മാറ്റാൻ എയ്റോബിക്സ് ഒരു ശീലമാക്കൂ.
ഭക്ഷണം
എയ്റോബിക്സ് ചെയ്യുമ്പോൾ ഭക്ഷണ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പ് ഇല്ലാത്ത സന്തുലിതമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പച്ചവെള്ളത്തിനു പകരം ജ്യൂസ്, ഇളനീർ എന്നിവ കുടിക്കുക. പച്ചക്കറികളും പഴങ്ങളും കൂടിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചായ, കാപ്പി, പുകവലി, മദ്യം, ജങ്ക്ഫുഡ്, മാംസാഹാരം എന്നിവ പാടേ ഒഴിവാക്കുക.