ഈ ആധുനിക കാലത്ത് ഏത് സമയത്തും നാം ഒരു ആപ്പുമായോ അല്ലെങ്കിൽ ഏതെങ്കിലും ഉൽപ്പന്നവുമായോ ഇടപഴകുന്നുണ്ടാകും… എന്നാൽ ഏതെങ്കിലും അവസരത്തിൽ ഇത് ആര് ഡിസൈൻ ചെയ്‌തു എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? അതിന്‍റെ ഡിസൈനറെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ ആ മനോഹര സൃഷ്‌ടിയെ മാത്രം നമ്മൾ ശ്രദ്ധിക്കുന്നു.
എന്തായാലും ഇക്കാലത്തെ സാങ്കേതിക വിദ്യകൾ സാധാരണക്കാരന് പോലും അനായാസമായി ഉപയോഗിക്കാവുന്നതാണെന്ന് ഉറപ്പാക്കുന്ന പ്രൊഫഷനലുകൾ ഉണ്ട്…
ഉപയോക്താക്കൾക്കും സാങ്കേതികവിദ്യയ്ക്കുമിടയിലുള്ള തടസ്സങ്ങൾ ഇല്ലാതാക്കാനാണ് യുഎക്‌സ് ഡിസൈനർ ശ്രമിക്കുന്നത്. അപ്പോൾ എന്താണ് UX ഡിസൈൻ? യൂസർ എക്‌സ്‌പീരിയൻസ് (UX) ഡിസൈൻ നമ്മിൽ മിക്കവർക്കും താരതമ്യേന ഒരു പുതിയ മേഖലയാണ്. അല്ലെങ്കിൽ സേവനങ്ങൾ സൃഷ്‌ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണിത്.
ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഒരു ഉൽപ്പന്നത്തിന്‍റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാനാണ് UX ഡിസൈനർമാർ ലക്ഷ്യമിടുന്നത്. വിവിധ വ്യവസായങ്ങളിലുടനീളമുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിജയം രൂപപ്പെടുത്തുന്നതിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നു. ഇക്കാലത്ത് ഏറ്റവും ജനകീയമായ അത്തരം ഒരു സാങ്കേതിക സൗകര്യം ആണ് അലക്‌സ. ആമസോൺ വികസിപ്പിച്ച ഒരു ഇന്‍റലിജന്‍റ് പേഴ്സണൽ അസിസ്‌റ്റന്‍റ് ആണ് ഇത്. എപ്പോഴും ഒരു വാക്ക് അകലത്തിൽ സഹായഹസ്‌തവുമായി എത്തുന്ന അലക്സ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാക്കിയത്. ഈ മാറ്റത്തിനു നന്ദി പറയേണ്ടത് അലക്സയോട് മാത്രമല്ല. അപർണ ഉണ്ണികൃഷ്ണൻ എന്ന മലയാളി വനിതയോടും കൂടിയാണ്. കാരണം അപർണ നയിക്കുന്ന ഒരു ഗവേഷണ വിഭാഗമാണ് അലക്സ് വികസിപ്പിച്ചെടുത്തത്.
അപർണ ഉണ്ണികൃഷ്ണൻ UX ഡിസൈൻ ആൻഡ് സ്ട്രാറ്റജി മേഖലയിൽ അഭിമാനാർഹമായ നേട്ടം കൊയ്‌ത മലയാളി വനിത ആണ്. ആമസോണിന്‍റെ ഡിവൈസ് ഡിസൈൻ ആൻഡ് സർവീസസ് ഓർഗനൈസേഷനിലെ ഫയർ ടാബ്‌ലെറ്റ്‌സ് യുഎക്സ് ഡിസൈനിന്‍റെ ലീഡറായി അപർണ പ്രവർത്തിക്കുന്നു. ഡിസൈൻ സ്ട്രാറ്റജിയിലും റിസേർച്ചിലും ബിരുദാനന്തര ബിരുദവും പ്രൊഡക്‌ട് യൂഎക്‌സ് ഡിസൈനിൽ ബിരുദവും നേടിയ അപർണ സാങ്കേതികവിദ്യ രംഗത്തെ ഉപകരണങ്ങൾ യൂസർ എക്‌സ്‌പീരിയൻസ് അനുസരിച്ച് രൂപപ്പെടുത്തുന്നതിൽ പ്രവർത്തിക്കുന്നു. തൃശ്ശൂർ എന്ന ചെറിയ നഗരത്തിൽ നിന്ന് ആരംഭിച്ച അപർണയുടെ യാത്ര സിലിക്കൺ വാലിയിലേക്കുള്ള വലിയ സ്വപ്നങ്ങളിലേക്കായിരുന്നു.
ഡിസൈൻ മേഖല തെരഞ്ഞെടുത്തത്
ചെറുപ്പം മുതലേ, കലാപരമായി എന്തെങ്കിലും ഒക്കെ ചെയ്യാൻ എനിക്ക് വലിയ ഇഷ്‌ടം ആയിരുന്നു. പെയിന്‍റിംഗ്, ഫ്ളവർ അറേഞ്ച്‌മെന്‍റ് എല്ലാം ഏറെ ഇഷ്ടമായിരുന്നു. എന്‍റെ മുന്നിൽ കാണുന്ന ഏതൊരു മെറ്റീരിയലും മനോഹരമായ ഒന്നാക്കി മാറ്റുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തി. ഭാഗ്യത്തിന് വിദ്യാഭ്യാസത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രചോദനം നൽകുന്ന ഹരിശ്രീ സ്‌കൂളിലാണ് പഠിച്ചത്. ഒരു കുട്ടിയിലെ ഗുണങ്ങൾ തിരിച്ചറിയാൻ സഹായിച്ച സ്‌കൂളിനോടും പ്രിൻസിപ്പൽ നളിനി ചന്ദ്രനോടും ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു.
സ്‌കൂളിൽ ഡ്രോയിംഗ്, പെയിന്‍റിംഗ്, പൂക്കളമിടൽ, വെജിറ്റബിൾ കാർവിംഗ്, നൃത്തം, കവിതാ രചന, കവിത പാരായണ മത്സരം തുടങ്ങി എല്ലാറ്റിലും പങ്കെടുക്കുമായിരുന്നു. ഈ മത്സരങ്ങളിൽ വിജയിച്ചപ്പോൾ എനിക്ക് ആത്മവിശ്വാസമായി… എന്‍റെ അമ്മയും അതിൽ വലിയ പങ്ക് വഹിച്ചു. അമ്മയുടെ ഡിസൈനിംഗ് സെൻസ് ആണ് അക്കാലത്ത് എന്നെ ഏറെ സഹായിച്ചത്. ഞാൻ സ്‌കൂൾ മുതൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഈ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ എനിക്ക് മറ്റുള്ളവരെ കൂടുതൽ നിരീക്ഷിക്കാനും എന്‍റെ ചുറ്റുമുള്ള മറ്റ് കുട്ടികൾ അവരുടെ കഴിവ് എങ്ങനെ പ്രകടിപ്പിച്ചുവെന്ന് മനസ്സിലാക്കാനും അവസരം ലഭിച്ചു. കൂടാതെ വായനയിലൂടെ ഞാൻ കണ്ട ലോകവും എനിക്ക് എപ്പോഴും പുതിയ കാഴ്‌ചപ്പാടുകൾ നൽകി.
ശ്രദ്ധ തിരിക്കാൻ ഉപകരണങ്ങളോ ടിവി സ്ക്രീനുകളോ ഇല്ലാതിരുന്ന അക്കാലത്ത് ഒരു അണുകുടുംബത്തിൽ വളർന്ന എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട വിനോദം വായനയായിരുന്നു. ഡിക്കൻസ്, ജെയ്ൻ ഓസ്‌റ്റിൻ, ടോൾസ്‌റ്റോയ്, റൗളിംഗ് ഗബ്രിയേൽ, ഗാർസിയ മാർകോസ്, മുറകാമി, ഹാജിൻ, പാമുക്ക് തുടങ്ങിയ നിരവധി അന്തർദേശീയ എഴുത്തുകാരെയും ഞാൻ വായിച്ചിട്ടുണ്ട്. ഒരു നല്ല വായനക്കാരനായ എന്‍റെ അച്ഛനാണ് എനിക്ക് വായനക്ക് പ്രചോദനം നൽകിയത്.
പ്രചോദിപ്പിച്ചവർ
ഒരു എഞ്ചിനീയറോ ഡോക്ടറോ ആകുന്നതാണ് കേരളത്തിലെ ഏറ്റവും വിജയകരമായ തൊഴിലായി കണക്കപ്പെട്ടിരുന്നത്. ഇപ്പോൾ അതിന് മാറ്റം സംഭവിച്ചിട്ടുണ്ടാകാം. എന്തായാലും അത് രണ്ടും അല്ലാത്ത ഏറ്റവും മികച്ച മേഖല തിരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചു. ഡിസൈനിംഗ് പോലെയുള്ള ഒരു തൊഴിൽ അന്നുണ്ടായിരുന്നതായി എനിക്കറിയില്ലായിരുന്നു. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അഡ്‌മിഷൻ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് എന്‍റെ അമ്മയിലൂടെയാണ് ഞാൻ അറിഞ്ഞത്. അമ്മ ഗുജറാത്തിലെ ബറോഡയിൽ പഠിക്കുകയും ടെക്സ്‌റ്റൈൽ ഡിസൈൻ ചെയ്യുകയും ചെയ്‌തിരുന്ന കാലം മുതൽ എൻഐഡിയെക്കുറിച്ച് കേട്ടിരുന്നു. അന്നും NID വളരെ പ്രശസ്‌തമായിരുന്നു. കൊച്ചിയിൽ പോയി എൻട്രസ് പരീക്ഷ എഴുതി. എന്‍റെ ജീവിതത്തിൽ ഞാൻ രസകരമായി എഴുതിയ ഒരേയൊരു പരിക്ഷയായിരുന്നു അത്! പ്രവേശന പരീക്ഷ തന്നെ ഒരു വെളിപാടായിരുന്നു. മുൻകൂ ട്ടി നിശ്ചയിച്ച ഉത്തരങ്ങളുള്ള പരമ്പരാഗത പരീക്ഷകളിൽ നിന്ന് വ്യത്യസ്‌തമായ പരീക്ഷ…
എന്‍റെ മാതാപിതാക്കളും സ്‌കൂളും ആണ് ഇപ്പോഴത്തെ എന്നെ രൂപപ്പെടുത്തിയത്. കൂടുതൽ എക്സ്പ്ലോർ ചെയ്യാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു. അധ്യാപകരുടെയും അയൽവാസികളുടെയും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടേയും ശക്‌തമായ പിന്തുണ ഉയർന്ന കാര്യങ്ങൾ ലക്ഷ്യമിടാനും നേടാനും നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തു.
എൻഐഡിയിൽ പ്രവേശനം
എൻഐഡിയിൽ പ്രവേശിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വർഷങ്ങൾക്കുമുമ്പ് എൻഐഡി വിട്ടുപോയ ഒരു സൂപ്പർ സീനിയറെ കണ്ടുമുട്ടിയത് ഞാൻ ഓർക്കുന്നു. ആ സമയത്ത് അദ്ദേഹം എനിക്ക് വ്യക്തമായ ഉപദേശം നൽകിയിരുന്നു. “ബി യുവേഴ്സെൽഫ് എന്നാണ്” അദ്ദേഹം പറഞ്ഞത്. അതുതന്നെയാണ് ഞാൻ ചെയ്തത്. എൻഐഡിക്ക് യോഗ്യത നേടുന്നതിന് മുമ്പ് മൂന്ന് റൗണ്ട് പരീക്ഷകൾ ഉണ്ടായിരുന്നു. ആദ്യത്തേത് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്‌റ്റ്, രണ്ടാമത്തേത് ഒരു ദിവസം നീണ്ടുനിൽക്കുന്ന വർക്ഷോപ്പ് സാധനങ്ങൾ നിർമ്മിക്കൽ, ആശയങ്ങൾ രൂപപ്പെടുത്തൽ, 3D മോഡിലിംഗ് മെറ്റീരിയലുകളിൽ പരീക്ഷണം NID ഫാക്കൽറ്റിയുടെ പാനലുമായുള്ള അഭിമുഖം, ആദ്യ രണ്ട് റൗണ്ടുകൾ രസകരമായിരുന്നു യഥാർഥത്തിൽ ഒരു പരീക്ഷയാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ അത്ര മാത്രം ആസ്വദിച്ചു. മുന്നാം റൗണ്ടിൽ, പരന്നുകിടക്കുന്ന പുൽത്തകിടികളിൽ മയിലുകൾ നൃത്തം ചെയ്യുന്ന വിശാലമായ മനോഹരമായ കാമ്പസ് കണ്ടു. ഗൗതമും ഗീതാ സാരാഭായിയും ചേർന്ന് രൂപകല്‌പന ചെയ്‌ത മനോഹരമായ ഇടനാഴികളും അതിമനോഹരമായ വാസ്‌തുവിദ്യയും കണ്ടു. അഭിമുഖം അത്ഭുതകരമായ അനുഭവമായിരുന്നു. കാരണം ഫാക്കൽറ്റിയും ഞാനും വായിച്ച പുസ്‌തകങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകളിൽ ഏർപ്പെട്ടു.
വിദ്യാഭ്യാസകാലം
നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് കണ്ടെത്താനുള്ള ഇടം നൽകുക എന്നതാണ് NID ഏറ്റവും പ്രധാനമായി ചെയ്യുന്നത്. 2000-ത്തിന്‍റെ തുടക്കത്തിൽ, ഞാൻ NIDയിൽ ചേർന്നപ്പോൾ. അതിന്‍റെ ബിരുദ ബാച്ചിലേക്ക് ഇന്ത്യയൊട്ടാകെ 60 വിദ്യാർത്ഥികളെ മാത്രമേ റിക്രൂട്ട് ചെയ്തിട്ടുള്ളു. ഇന്ത്യയിലുടനീളം നിന്ന് തെരെഞ്ഞെടുത്ത ഏറ്റവവും രസകരമായ 60 മനസ്സുകൾ. ഈ വിദ്യാഭ്യാസത്തിന്‍റെ കാതൽ ക്രിയേറ്റീവ് പ്രശ്‌നപരിഹാരമാണ്, തിയറിയും പ്രാക്ടിക്കലും ഒരുമിച്ച് ചേർന്ന ഒരു പഠന മാതൃകയാണ്. നാല് വർഷത്തിനിടയിൽ വലുതും ചെറുതുമായ നിരവധി പ്രോജക്റ്റുകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച അടിസ്ഥാനപരമായ കാര്യങ്ങൾ ഇപ്പോഴും ഡിസൈനുകൾ ചിന്തിക്കുന്നതിനുള്ള അടിസ്‌ഥാന രീതിയാണ്. ജർമ്മനിയിലെ ഒരു എക്സ് ചേഞ്ച് പ്രോഗ്രാമിനായി എൻഐഡിയെ പ്രതിനിധീകരിക്കാൻ എന്നെ തിരഞ്ഞെടുത്തതിനാൽ എൻഐഡി എനിക്ക് എന്‍റെ ആദ്യത്തെ അന്താരാഷ്ട്ര എക്സ്പോഷറും നൽകി.
പ്രവൃത്തി പരിചയം
എന്‍റെ എൻഐഡി പ്രോഗ്രാമിന്‍റെ അവസാന സെമസ്‌റ്ററിലാണ് ഞാൻ എൽജി ഇലക്ട്രോണിക്സിൽ ചേർന്നത്. ഈ സമയത്ത് ഞാൻ LGയുടെ ചോക്ലേറ്റ് ഫോണിൽ പ്രവർത്തിച്ചു. ഈ ഇന്‍റേൺഷിപ്പിന് ശേഷം വേൾപൂൾ കോർപ്പറേഷനിൽ ചേരാനുള്ള അവസരം ലഭിച്ചു. അവിടെ ഞാൻ റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും രൂപകൽപ്പന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ റോളിൽ, ഞാൻ അതിവേഗം മുന്നേറി. ഇന്ത്യയിലെ ആദ്യത്തെ ബോട്ടം-മൗണ്ട് റഫ്രിജറേറ്റർ വിജയകരമായി പുറത്തിറക്കി, 2007-ൽ എലാൻട്ര എന്ന പേരിൽ പുതിയ ഹോം ഇൻവെർട്ടറുകൾ അവതരിപ്പിച്ചു. ആ നാളുകളിൽ, എന്‍റെ പ്രാഥമിക ലക്ഷ്യം കഴിയുന്നത്ര എക്‌സ്പീരിയൻസ് ശേഖരിക്കുക എന്നതായിരുന്നു. ഡിസൈനർ പ്രോട്ടോടൈപ്പർ, റിസേർച്ചർ എന്നിവയ്ക്ക് പുറമെ മാർക്കറ്റിംഗ് എഞ്ചിനീയറിംഗ് ടീമുകളുമായി സഹകരിച്ചു പ്രവർത്തിച്ചു.
തൊഴിൽ സാധ്യതകൾ
പഠിക്കുന്ന കാലത്ത് കരിയർ അല്ലെങ്കിൽ പണത്തെക്കുറിച്ച് വിശാലമായി ചിന്തിച്ചതായി ഓർക്കുന്നില്ല. ഞാൻ മുൻഗണന നൽകിയത് ശക്‌തമായ ഒരു പോർട്ട്ഫോളിയോ നിർമ്മിക്കുന്നതിനാണ്, അതാണ് ജോലികൾ സുരക്ഷിതമാക്കിയത്. അതിനാൽ എൻഐഡിയിലായിരിക്കുമ്പോൾ ശരിയായ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുകയും ശക്‌തമായ ഡിസൈൻ സൊല്യൂഷനുകൾ ഉറപ്പാക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടത് നിർണായകമായിരുന്നു. ബിരുദം നേടിയ ശേഷം അക്കാലത്തെ മാർക്കറ്റ് ഡിമാൻഡ് പരിഹരിക്കാൻ വേണ്ടത്ര ഡിസൈനർമാർ ഇല്ലെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ഒരു ഡിസൈനറായി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ വേൾപൂളിൽ നിന്ന് ലഭിച്ച ആദ്യ ശമ്പളത്തിൽ പോലും ഞാൻ ആശ്ചര്യപ്പെട്ടു.
യൂഎസ് തിരഞ്ഞെടുത്തത്
ഇന്ത്യയിൽ ജോലി ചെയ്ത വേളയിൽ വിവിധ പ്രോജക്‌ടുകൾ ചെയ്യുകയും ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയും ചെയ്തപ്പോൾ എന്‍റെ ചിന്ത കൂടുതൽ വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എനിക്ക് മനസ്സിലായി. ഞാൻ ഏറ്റെടുത്ത ഡിസൈൻ പ്രോജക്‌ടുകളിൽ എനിക്ക് തൃപ്തി തോന്നിയില്ല. പലപ്പോഴും, ഡിസൈനർമാർ മാർക്കറ്റിംഗ് ചർച്ചകളിൽ ഉൾപ്പെടുത്താതെ വൈദഗ്ധ്യം കൊണ്ട് മാത്രം വിലമതിക്കപ്പെടുന്നു. അവരുടെ അഭിപ്രായങ്ങൾ പ്രോഡക്റ്റിന്‍റെ ബ്യൂട്ടി കാര്യങ്ങളിൽ ഒതുങ്ങി. സമൂഹത്തിലെ ആവശ്യങ്ങളെ സ്വാധീനിക്കുന്നതിനുള്ള ഒരു തന്ത്രപരമായ ഉപകരണമായി ഡിസൈനർഎങ്ങനെ ഫലപ്രദമായി പ്രവർത്തിക്കുമെന്ന് മനസ്സിലാക്കാൻ ഞാൻ ആഗ്രഹിച്ചു.
ഈ കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ടിനെയും അതിന്‍റെ പാഠ്യപദ്ധതിയെയും കുറിച്ച് ഒരു പ്രസംഗം നടത്താൻ ചിക്കാഗോയിലെ ഐഐടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഒരു പ്രൊഫസർ ന്യൂഡൽഹിയിലെ വേൾപൂൾ സന്ദർശിച്ചു. എന്‍റെ മനസ്സിൽ നിലനിൽക്കുന്ന പല ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്ക് അവിടെ കിട്ടി.
എസ്‌സി ജോൺസന്‍റെ അനുഭവം
ഐഐടിയിലെ ബിരുദാനന്തര ബിരുദത്തിന് ശേഷം ഞാൻ എസ്‌സി ജോൺസണിൽ ചേർന്നു. എസ്‌സി ജോൺസൺ ആൻഡ് സൺസ് ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. പ്രാഥമികമായി ഗാർഹിക സാമഗ്രികളുടെ നിർമ്മാണത്തിനും അതിവേഗം ചലിക്കുന്ന ഉപഭോക്ത്യ ഉൽപ്പപന്നങ്ങൾക്കും പേരുകേട്ടതാണ്. ഹോം കെയർ ആന്‍റ് എയർ ഫ്രാഗ്രൻസിംഗ് മേഖലയിൽ ഞാൻ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. ആർട്ടിസ്റ്റുകളുടെയും ഡിസൈനർമാരുടെയും സഹകരണത്തോടെ എയർ ഫ്രെഷ്‌നർ ബ്രാൻഡായ ഗ്ലേഡിന്‍റെ മ്യൂസിയം ഓഫ് ഫീലിംഗ്‌സിന്‍റെ തുടക്കവും എന്‍റെ എക്സ്‌പീരിയൻസിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. വളരെയധികം ജനപ്രീതി നേടുകയും ചെയ്‌തു.
അലക്സയിലേക്ക്
ആമസോൺ കമ്പനി 2014-ൽ അലക്സയുടെ ഒഫീഷ്യൽ ലോഞ്ച് നടത്തിയപ്പോൾ എനിക്ക് അതിൽ പ്രവർത്തിക്കണം എന്ന ആഗ്രഹം തോന്നി അങ്ങനെ ആമസോണിലേക്കും എത്തി. അലക്സ ടീമിൽ പ്രവർത്തിക്കും മുമ്പ് മറ്റു പല വിഭാഗങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. ആമസോൺ സ്‌ഥാപകൻ ജെഫ് ബിസോസ് തന്നെ സെലക്‌ട് ചെയ്‌ത പേരാണ് അലക്സ. ഇതിനിടയിൽ അദ്ദേഹത്തിന് മുന്നിൽ ഒരു പ്രസന്‍റഷൻ അവതരിപ്പിക്കാൻ അവസരം കിട്ടിയത് വലിയ അനുഭവമായിരുന്നു. ആധുനിക മനുഷ്യന്‍റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു കണ്ടുപിടിത്തം ആണ് അലക്സ. ഇപ്പോൾ 15 പ്രോഡക്‌ടുകളാണ് അലക്സയുടേതായി ലോഞ്ച് ചെയ്തിരിക്കുന്നത്. ഇനിയും ഒരുപാടു ദൂരം താണ്ടാൻ ഉണ്ട്. എത്രമാത്രം ക്രിയേറ്റീവ് ആകാമോ അത്രയും മികവുള്ള ഉൽപ്പന്നങ്ങൾ ഒരു ഡിസൈനർക്ക് സൃഷ്ടിക്കാൻ കഴിയും.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്
എന്‍റെ അഭിപ്രായത്തിൽ എഐ ഡിസൈൻ ഒന്നിനെയും മാറ്റി സ്‌ഥാപിക്കുന്നില്ല മറിച്ച് ഡിസൈൻ പ്രെഫഷണലുകൾക്കായി പുതിയ അധ്യായങ്ങൾ തുറക്കുകയാണ് ചെയ്തത്. എഐ അടിസ്‌ഥാനപരമായി വിവിധ ആപ്ലിക്കേഷനുകളിൽ പ്രയോഗിക്കാൻ കഴിയുന്ന ഒരു സാങ്കേതിക വിദ്യയാണ്. ഞങ്ങൾ ദിവസവും ഉപയോഗിക്കുന്ന പൊതുവായ ആപ്ലിക്കേഷനുകളിൽ ഇത് ഇതിനകം തന്നെ ഉള്ളതിനാൽ ഇത് പൂർണ്ണമായും പുതിയ ഒരു എന്‍റിറ്റി പേലുമില്ല. ഉദാഹരണത്തിന് ലക്ഷ്യസ്‌ഥാനത്ത് എത്താൻ ഗൂഗിൾ മാപ്‌സ് വേഗത്തിലുള്ള വഴി നിർദ്ദേശിക്കുമ്പോൾ അത് എഐ ഉപയോഗിക്കുന്നു. അതുപോലെ നിങ്ങളുടെ സെർച്ചിംഗ് ഹിസ്‌റ്ററി നോക്കി പുതിയ സിനിമ സംഗീത ശുപാർശകൾ ലഭിക്കുമ്പോൾ അതേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
നിർണായക രൂപകൽപന പ്രക്രിയകളെ മുഴുവനായും അഭിസംബോധന ചെയ്യാൻ എഐ-ക്ക് കഴിയുകയില്ല. അതിന് ഇപ്പോഴും മനുഷ്യന്‍റെ ഇടപെടൽ ആവശ്യമാണ്. അതേസമയം എഐയുടെ വരവോടെ ഡിസൈനിന്‍റെ പങ്ക് കൂടുതൽ നിർണായകമായി.
വിവിധ ജോലികളും പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യാനുള്ള കഴിവ് എഐ-ക്ക് ഉണ്ട്. എന്നാൽ സർഗ്ഗാത്മമകത, സഹാനുഭൂതി, ധാർമ്മികത, യുക്‌തി എന്നിവ പോലുള്ള മനുഷ്യന്‍റെ കഴിവുകൾ പൂർണ്ണമായി പകർത്താൻ ഇതിന് കഴിയില്ല.
കുടുംബം
അച്‌ഛൻ ഡോ. ഉണ്ണികൃഷ്‌ണൻ, അമ്മ സുജാത, അനുജൻ അനിൽ. സഹപാഠി ആയിരുന്ന നിഖിൽ മാത്യു ജീവിതത്തിലും പങ്കാളിയായി അദ്ദേഹവും ആമസോണിൽ പ്രവർത്തിക്കുന്നു. രണ്ട് മക്കൾ നടാഷ, ഇവ.