സമർത്ഥയായ അവതാരകയാണ് നന്ദന. വിടർന്ന പുഞ്ചിരി, പോസിറ്റീവ് അപ്രോച്ച്, പ്രസന്ന മുഖഭാവം….. പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ഇതൊക്കെ പോരേ? ഒരിക്കൽ ടി.വി.യിൽ ലൈവായി പേപ്പർ ക്രാഫ്റ്റ് പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കേ നന്ദന കലാകാരിയെ സഹായിക്കുവാൻ തുടങ്ങി. അപ്പോഴാണ് പ്രേക്ഷകർ അതു ശ്രദ്ധിച്ചത്. ക്ലോസപ്പിൽ നന്ദനയുടെ പരുപരുത്ത വിരലുകൾ, ഷെയ്പ് ചെയ്യാത്ത നഖങ്ങൾ…. മുഖ സൗന്ദര്യത്തിനു നൽകുന്ന പ്രാധാന്യം കൈകാലുകളുടെ സംരക്ഷണത്തിനും നൽകണം.

കൈകളുടെ അഴക് വർദ്ധിപ്പിക്കുന്നതിന് മനോഹരങ്ങളായ നഖങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സുന്ദരവും കരുത്തുറ്റതുമായ നഖങ്ങൾ മികച്ച ആരോഗ്യത്തിന്‍റെ ലക്ഷണമാണെന്ന് പറയപ്പെടുന്നു. അതിനാൽ അവയെ ശരീരത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കപ്പെടുന്നു.

മാനിക്യൂർ

കൈകൾക്ക് കൂടുതൽ സ്നിഗ്ധതയും തിളക്കവും കൈവരാൻ ആഴ്ചയിൽ ഒരിക്കൽ മാനിക്യൂർ ചെയ്യാം. ഇതിനു വേണ്ടി 15 മിനിറ്റു നീക്കി വച്ചാൽ മതി. മാനിക്യൂർ ചെയ്യേണ്ട വിധം:

ഒരു ബൗളിൽ ഇളം ചൂടുവെള്ളം എടുത്ത് രണ്ടോ മൂന്നോ തുള്ളി ഷാംപൂ ചേർത്ത് ഇളക്കുക. കൈകൾ പത്തു മിനിറ്റു നേരം ഈ ലായനിയിൽ മുക്കി വയ്ക്കണം. അതിനുശേഷം ടവ്വൽ കൊണ്ട് കൈ അമർത്തി തുടയ്ക്കുക. വെളിച്ചെണ്ണയോ, മറ്റേതെങ്കിലും ക്രീമോ ഉപയോഗിച്ച് കൈ പതുക്കെ മസാജ് ചെയ്യാം. പൊളിഞ്ഞു തുടങ്ങിയ നെയിൽ പെയിന്‍റ് റിമൂവർ കൊണ്ട് നീക്കം ചെയ്യുക. ശേഷം നഖങ്ങൾ ട്രിം ചെയ്യുക. നഖങ്ങൾ ശരിയായ രീതിയിൽ ഫയലിംഗ് ചെയ്യണം. വശങ്ങൾ അടർന്നു വരാതിരിക്കാനാണിത്. നീണ്ടു മെലിഞ്ഞ കൈകൾക്കേ നീണ്ടു കൂർത്ത നഖങ്ങൾ ചേരൂ. കുറുകി തടിച്ച വിരലുകൾക്ക് ഓവൽ ഷേയ്പ്പാണ് അനുയോജ്യം.

കൈകൾ വീണ്ടും ഇളം ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക. ഇനി ടവ്വൽ കൊണ്ട് പതുക്കെ തുടച്ച് വിരലുകളിലെ ക്യൂട്ടിക്കിൾസ് വൃത്തിയാക്കാം. നഖങ്ങളിൽ ബേസ് കോട്ട് പുരട്ടുക. ട്രാൻസ്പെരന്‍റ് നിറമാണ് നല്ലത്. ബേസ് കോട്ട് പുരട്ടിയാലും നഖത്തിന് കൃത്രിമത്വം തോന്നുകയില്ല. ബേസ് കോട്ട് പുരട്ടി നഖം ഉണങ്ങാൻ വയ്ക്കണം.

ഇനി ഇഷ്ടമുള്ള നെയിൽ പോളിഷ് പുരട്ടുക. ഉണങ്ങിയ ശേഷം കൈത്തണ്ടയിലും കൈപ്പത്തിയിലും വെളിച്ചെണ്ണയോ, ഒലിവ് ഓയിലോ, ബദാം ഓയിലോ പുരട്ടാം. കൈകളുടെ ഭംഗി വർദ്ധിക്കും.

നഖങ്ങൾ വിളറിയ മഞ്ഞ നിറത്തിൽ ഉള്ളതാണെങ്കിൽ നാരങ്ങയുടെ തൊലി കൊണ്ട് ദിവസവും കൈയും നഖങ്ങളും ഉരച്ചു കഴുകി ഹാന്‍റ് ക്രീമോ, ബദാം ഓയിലോ, ഒലിവ് ഓയിലോ പുരട്ടി മസാജ് ചെയ്യണം. അതിനു ശേഷം നെയിൽ പെയിന്‍റ് പുരട്ടാം.

നഖങ്ങൾ ആഴത്തിൽ വൃത്തിയാക്കുന്നതിലൂടെ മാലിന്യം, മൃത ചർമ്മകോശങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടാൻ സഹായിക്കും. സ്ക്രബ്ബിംഗും മസാജിംഗും വിരലുകളിൽ രക്‌തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കും.

കൈകളുടെ ആരോഗ്യത്തിന്

പിയാനോ വായിക്കുന്നവരുടെ വിരലുകൾ സൗന്ദര്യവും ആരോഗ്യവും ഉള്ളതാണെന്നു പറയാറില്ലേ! റിഹേഴ്‌സൽ ചെയ്യുന്നതിന് അനുസരിച്ച് അവരുടെ വിരലുകൾക്ക് വ്യായാമവും ലഭിക്കും. ചെറിയ വ്യായാമത്തിലൂടെ കൈത്തണ്ട, കൈപ്പത്തി, വിരലുകൾ എന്നിവയുടെ മനോഹാരിത നിലനിർത്താം. കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കൊരു ബ്രേക്ക് എടുക്കുന്നത് നല്ലതാണ്.

കൈപ്പത്തിയും വിരലുകളും സ്ട്രെച്ച് ചെയ്‌ത്‌ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. കൈപ്പത്തിയും ക്യൂട്ടിക്കിൾസ് ഉള്ള ഭാഗവും പതിയെ അമർത്തണം. മുഷ്ടി ചുരുട്ടി വച്ച് കൈത്തണ്ട വട്ടത്തിൽ ചുഴറ്റുക. ക്ലോക്ക്‌വൈസ് ആയും ആന്‍റി ക്ലോക്ക് വൈസ് ആയും കൈത്തണ്ട ചുഴറ്റുക. കൈകൾ നേരെ പിടിച്ചു കൊണ്ടു വേണം ഈ വ്യായാമം ചെയ്യുവാൻ. വിരലുകൾ നന്നായി സ്ട്രെച്ച് ചെയ്‌ത്‌ അടയ്ക്കുകയും തുറക്കുകയും വേണം. ഇത്തരം ചെറിയ വ്യായാമങ്ങളിലൂടെ രക്‌തയോട്ടം വർദ്ധിപ്പിച്ച് കൈകൾ കൂടുതൽ സുന്ദരമാക്കാം.

और कहानियां पढ़ने के लिए क्लिक करें...