ടെൻഷനടിക്കണ്ട. മുടി കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാൽ അമിതമായി മുടി കൊഴിയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അല്ലാതെയുള്ള കൊഴിച്ചിൽ ടെൻഷനടിക്കേണ്ട കേസല്ല. മഴക്കാലത്തും ശൈത്യകാലത്തുമാണ് ഈ പ്രശ്നം സാധാരണ കൂടുതലായി തല പൊക്കുക. അമിതമായി മുടി കൊഴിയുന്നുണ്ടെങ്കിൽ ഉടനെ ഡോക്‌ടറെ കാണണം. ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്.
പ്രധാന കാരണങ്ങൾ
- മുടിയിൽ കുറഞ്ഞ ഇടവേളകളിലായി മൈലാഞ്ചി പുരട്ടുന്നതും കൂടുതൽ നേരം ഹെന്ന തലയിൽ വയ്ക്കുന്നതും.
- ടെൻഷൻ/മാനസ്സിക സമ്മർദ്ദം.
- ഉറക്കക്കുറവ്.
- സന്തുലിത ഭക്ഷണത്തിന്‍റെ അഭാവം.
- മുടി വലിച്ചു കെട്ടുന്നത്.
- മുടിയിൽ പിൻ/ ഹെയർ പിൻ അമിതമായി ഉപയോഗിക്കുന്നത്.
- നനഞ്ഞ മുടി കെട്ടിവയ്ക്കുകയോ മുടി വൃത്തിയായി സൂക്ഷിക്കാതിരിക്കുകയോ ചെയ്യുന്നത്.
- ചുടുവെള്ളത്തിൽ മുടി കഴുകുന്നത്.
- മുടി വരണ്ടിരിക്കുമ്പോൾ.
- ഹോർമോൺ അസന്തുലിതമാകുമ്പോൾ.
- പരമ്പര്യം
- ഏറെനാൾ രോഗഗ്രസ്തരാവുമ്പോൾ. മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം കണ്ടെത്തി ശരിയായ പരിചരണം നൽകിയാൽ പ്രശ്നം പരിഹരിക്കാം.
പരിഹാര മാർഗ്ഗങ്ങൾ
- പച്ചക്കറികൾ, വിറ്റാമിനുകൾ, മിനറൽസ്, ഫ്രഷ് ഫ്രൂട്ട്സ് എന്നിവ ധാരാളം കഴിക്കണം. ആവശ്യത്തിന് വെള്ളവും കുടിക്കണം.
- പച്ചവെള്ളത്തിൽ മുടി കഴുകുക.
- ദിവസവും മുടി കഴുകി വൃത്തിയാക്കണം. അഴുക്കുള്ള മുടിയിൽ കെട്ടു വീഴുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കുറഞ്ഞത് ആഴ്ചയിൽ രണ്ടു തവണയെങ്കിലും മുടി വീര്യം കുറഞ്ഞ ഷാംപു കൊണ്ട് കഴുകണം.
- നന്നായി ഉറങ്ങണം.
- അൽപസമയം ധ്യാനത്തിനായി മാറ്റി വയ്ക്കുന്നത് ടെൻഷൻ കുറയ്ക്കും. മാനസ്സിക സമ്മർദ്ദം വലിയൊരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാം.
- തലയോട്ടിയിൽ മൃതകോശങ്ങൾ അടി ഞ്ഞു കൂടാതിരിക്കുന്നതിനായി സ്‌റ്റീം ചെയ്യണം.
- തേങ്ങാപ്പാൽ ഉപയോഗിച്ച് തലയും തലമുടിയും മസാജ് ചെയ്യാം. തേങ്ങാപ്പാൽ മുടിയ്ക്ക് പോഷണം പ്രദാനം ചെയ്യും. മുടി പൊട്ടുന്നതിനുള്ള സാധ്യത കുറയ്ക്കും.
- വീട്ടിൽ നെല്ലിക്ക എണ്ണ തയ്യാറാക്കി മുടി മസാജ് ചെയ്യാം. വെളിച്ചെണ്ണയിൽ ഉണക്കനെല്ലിക്കയിട്ട് നന്നായി തിളപ്പിച്ച് തണുക്കുമ്പോൾ അരിച്ചു മാറ്റാം.
- ദിവസവും മൂന്നുനാലു തവണ മുടി ബ്രഷ് ചെയ്യണം. തലയിലെ എണ്ണ ഗ്രന്ഥികൾ സജീവമായി പ്രവർത്തിക്കാൻ ഇത് സഹായകമാകും.
- രാത്രി ഉറങ്ങാൻ നേരത്ത് മുടി വലിച്ചു കെട്ടി വയ്ക്കരുത്. വായു മുടിയുടെ വേരിലെത്തുംവിധം മുടി അയച്ച് കെട്ടി വയ്ക്കാം.
- വീര്യം കൂടിയ ഷാംപൂകൊണ്ട് മുടി കഴുകരുത്. ഷാംപൂ കൊണ്ട് മുടി കഴുകിയ ശേഷം കണ്ടീഷണർ പുരട്ടാം.
- മുടി അധികതവണ പാം ചെയ്യരുത്. മുടിയിൽ കേൾസ് ഉപയോഗവും കുറയ്ക്കണം.
- കുളിച്ചയുടനെ മുടി ടവ്വൽകൊണ്ട് അമർത്തി തുടയ്ക്കരുത്. ഇനിയും മുടി കൊഴിച്ചിൽ നിൽക്കുന്നില്ലെങ്കിൽ ഡോക്ടറുടെ ഉപദേശം ആരായാം.
പേൻ ശല്യവും താരനും മുടി കൊഴിച്ചിലും അകറ്റാം
- വേപ്പില അരച്ച് തലയിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകുക. പേൻ ശല്യം മാറി കിട്ടും.
- പാവലിന്‍റെ ഇല ഇടിച്ച് പിഴിഞ്ഞ നീര് ചേർത്ത് കാച്ചിയ വെളിച്ചെണ്ണ തലയിൽ തേക്കുക. (പാവൽ ഇലയുടെ നാലിൽ ഒന്നുമതി വെളിച്ചെണ്ണ) 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
- ചെമ്പരത്തിയുടെ ഇല, പൂവ്, കുറുന്തോട്ടി ഇല എന്നിവ ചതച്ച് താളിയാക്കി തേച്ച് കുളിക്കുക. തലമുടി വളരും.
- കാരറ്റും ചീരയും പതിവായി കഴിക്കുന്നതും മുടിയ്ക്ക് ഗുണം ചെയ്യും.
- ദിവസവും രണ്ട് എള്ളുണ്ട വീതം കഴിക്കുക. മുടിയ്ക്ക് ഇത് ഏറെ നല്ലതാണ്.
- ആഴ്ചയിൽ ഒരിക്കൽ ചെറുനാരങ്ങാ നീര് തലയിൽ പുരട്ടി അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകുക. മുടി കൊഴിച്ചിൽ ശമിക്കും.
- ചെറുപയർ പൊടിച്ചത് തൈരിൽ കലക്കി തലയിൽ തേച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. താരൻ ശല്യം അകലും.
- ചീർപ്പ് വൃത്തിയായി സൂക്ഷിക്കുക. ഒരാൾ ഉപയോഗിച്ച ചീർപ്പ് ഉപയോഗിക്കാതിരിക്കുന്നത് ആണ് നല്ലത്. താരനും പേൻ ശല്യവും ഉണ്ടാകാതിരിക്കാൻ സഹായിക്കും.
- ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് അകാലനര അകറ്റാൻ സഹായിക്കും.
- എള്ളെണ്ണ, ഒലിവ് ഓയിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ചെറുചൂടോടെ തലയിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം. മുടി സമൃദ്ധമായി വളരാൻ ഇത് സഹായിക്കും.
- തുളസിയില അരച്ച് തേക്കുന്നത് പേനും ഈരും ഇല്ലാതാക്കാൻ സഹായിക്കും.
- ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂൺ ഗ്ലിസറിൻ, അൽപം ചുവന്നുള്ളി നീര്, കുറച്ച് കറ്റാർവാഴ ജെൽ ഇവ ചേർത്ത് ആഴ്ചയിൽ ഒരിക്കൽ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഇത് തലയിലെ ചൊറിച്ചിൽ, കുരുക്കൾ ഇവയെ ചെറുത്ത് മുടിയ്ക്ക് കരുത്ത് നൽകും.
- ചീവയ്ക്കാപ്പൊടി, കടലമാവ് ഇവ മുടി കഴുകാൻ ഉപയോഗിക്കാതിരിക്കുക. മുടി പരുപരുത്തതായിത്തീരും.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और