മഴ കൊടുമ്പിരികൊണ്ടിരിക്കുന്നു. മഴ പകരുന്ന തണുപ്പും കുളിരും ആസ്വാദ്യകരമാണെങ്കിലും പകർച്ചവ്യാധികൾക്കും മറ്റ് അസുഖകൾക്കും മഴക്കാലം കരണമാകാറുണ്ട്. അണുബാധ, ഫ്ലൂ, ജലദോഷം, പനി, മഞ്ഞപിത്തം പോലെയുള്ള അസുഖങ്ങൾ ഈ സമയത്ത് സർവ്വസാധരണമായി വരുന്ന അസുഖങ്ങളാണ്.  ഈ സാഹചര്യത്തിൽ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിലൂടെ ഇത്തരം രോഗങ്ങളെ ഫലപ്രദമായി ചെറുക്കാൻ കഴിയും.
ഇത് സംബന്ധിച്ച് വാശി ഫോർട്ടിസ് ഹീരാദാനി ഹോസ്‌പിറ്റലിലെ ഇന്‍റേണൽ മെഡിസിൻ വിഭാഗം ഡയറക്ടർ ഫറാ ഇഗ്ലേ നൽകുന്ന ചില വിവരങ്ങൾ:

എന്താണ് ഇമ്മ്യൂണിറ്റി

നമ്മുടെ ശരീരത്തിലെ ആന്തരിക പ്രതിരോധ വ്യവസ്ഥയെയാണ് ഇമ്മ്യൂണിറ്റി അഥവാ രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. ബാഹ്യ മൂലികകളിൽ നിന്നും ശരീരത്തിന് സുരക്ഷ ഉറപ്പു വരുത്തുകയാണ് ഇത് ചെയ്യുന്നത്. ഉദാഹരണത്തിന്, ഏതെങ്കിലും വൈറസോ, ബാക്ടീരിയയോ ശരീരത്തിൽ പ്രവേശിക്കുകയാണെങ്കിൽ സങ്കീർണ്ണമായ രോഗപ്രതിരോധ സംവിധാനം അതിനെ ചെറുക്കുന്നു. കാരണം ഈ പ്രവർത്തനത്തിന് വ്യത്യസ്തങ്ങളായ കോശങ്ങളാണ് പ്രവർത്തിക്കുക. അവ ശരീരത്തിന് സുരക്ഷ ഉറപ്പ് വരുത്തി ശരീരത്തെ ഹെൽത്തിയാക്കുന്നു.

ആക്റ്റീവ് ഇമ്മ്യൂണിറ്റി പോലെ പ്രതിരോധം പല തരത്തിലുണ്ട്. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയയോ, വൈറസോ ആക്രമിക്കുമ്പോൾ രോഗപ്രതിരോധശേഷി സ്വമേധയാ ലഭിക്കുന്നതാണ് ഒന്ന്. ഇത്തരത്തിൽ ശരീരത്തിൽ നേരത്തെ ലഭിച്ച ആന്‍റിബോഡീസും പ്രതിരോധ കോശങ്ങളും ബാക്ടീരിയകളെ മറ്റും നശിപ്പിക്കുന്നു.

രോഗ പ്രതിരോധത്തിന്‍റെ മറ്റൊരു രീതിയാണ് പാസ്സീവ് ഇമ്മ്യൂണിറ്റി. വൈറസിൽ നിന്നും മറ്റും സുരക്ഷ ലഭിക്കുന്നതിനായി ബാഹ്യതലത്തിൽ നിന്നും ആന്‍റിബോഡീസ് ശരീരത്തിൽ പ്രദാനം ചെയ്യുന്നു. എന്നാൽ ശരീരം ആന്തരികമായി ശക്തി പ്രാപിച്ചാൽ മാത്രമേ ഇത് ബാക്ടീരിയകളെ മറ്റും ചെറുക്കുന്നതിനായി ശക്തി പ്രാപിക്കൂ. ശരീരം ശക്തി പ്രാപിക്കുന്നതിനായി നല്ല ഭക്ഷണ രീതിയ്‌ക്കൊപ്പം നല്ല ശീലങ്ങളും പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മഴക്കാലത്ത്.

ഈറ്റ് റൈറ്റ് ഫുഡ്

വിശപ്പു ശമിപ്പിക്കുന്നതിനായി എല്ലാവരും ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ വയറു നിറയെ ഭക്ഷണം കഴിച്ചതുകൊണ്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ആവണമെന്നില്ല. മറിച്ച് ശരിയായ ഭക്ഷണം തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. അതായത്, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അതിനാൽ മഴക്കാലത്ത് ശരിയായ ഡയറ്റ് പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

വിറ്റാമിൻ സി റിച്ച് ഫുഡ്

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകിച്ചും മഴക്കാലത്ത് വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കളും പഴങ്ങളും കഴിച്ചിരിക്കണം. ഉദാ: മാതാളനാരങ്ങ, ഓറഞ്ച്, വാഴപ്പഴം, ആപ്പിൾ, മുന്തിരി, കിവി, ബ്രോക്കോലി, യെല്ലോ ബെൽ പെപ്പർ, തക്കാളി, പപ്പായ, പച്ച ഇലവർഗ്ഗങ്ങൾ എന്നിവ തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കണം. ഇവയെല്ലാം തന്നെ പോഷകങ്ങളാലും ആന്‍റിഓക്സിഡന്‍റുകളാലും സമൃദ്ധമാണ്. ബാക്ടീരിയ, വൈറസ് എന്നിവയിൽ നിന്നും അവ ശരീരത്തിന് ഫുൾ പ്രൊട്ടക്ഷൻ നൽകുന്നതിനൊപ്പം നമ്മെ ആന്തരികമായി സ്‌ട്രോംഗും ആക്കും.
മാത്രവുമല്ല സീസണൽ അസുഖങ്ങളായ പനി, ജലദോഷം എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരം സ്വയം വിറ്റാമിൻ സി ഉത്പാദിപ്പിക്കാറില്ല. അതിനാൽ ശരീരത്തിൽ അത് ലഭ്യമാക്കുന്നതിന് പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുക്കളും സപ്ലിമെന്‍റുകളും കഴിക്കേണ്ടത് അത്യാവശ്യമാണ്.

ഗുഡ് ഇൻടേക്ക് ഓഫ് പ്രോട്ടീൻ

ബാഹ്യമായ കാര്യങ്ങളെ നമുക്ക് കൺട്രോൾ ചെയ്യാനാവില്ല എന്നാൽ സ്വന്തം ശരീരത്തിൽ നടക്കുന്ന കാര്യത്തെ സ്വന്തം ഡയറ്റിലൂടെ നിയന്ത്രിച്ച് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യാം. ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്നതിനു വിറ്റാമിൻ എ, സി, ഡി, ബി6, ബി12 എന്നിവ ഏറ്റവും ആവശ്യമാണ്. ശരാശരി ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയ്ക്ക്‌ സ്വന്തം ശരീരഭാരം അനുസരിച്ച് ഓരോ കിലോഗ്രാമിനും ഒരു ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. അതായത് 60 കിലോയുള്ള ഒരു വ്യക്തിയ്ക്ക്‌ ദിവസേന 60 ഗ്രാം പ്രോട്ടീൻ ആവശ്യമെന്നർത്ഥം.

അതിനായി ചെറുപയർ, മുട്ട, സോയാബീൻ, പനീർ, മുളപ്പിച്ച ധാന്യങ്ങൾ, ബേക്ക്ഡ് റാഗി, ഓട്സ്, സീഡ്‌സ്, നട്സ്, ഡയറി പ്രോഡക്ട്സ്, പീനട്ട് ബട്ടർ, പരിപ്പ് ഇനങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. അതിലൂടെ ശരീരാരോഗ്യം വർദ്ധിപ്പിച്ച് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യാം.

ധാതുക്കൾ

രോഗപ്രധിരോധശേഷി നിലനിർത്തുന്നതിനു വിറ്റാമിനുകൾക്കൊപ്പം ധാതുക്കളും (മിനറൽസ്) ആവശ്യമാണ്. എല്ലുകളുടെയും പല്ലുകളുടെയും മാംസപേശികളുടെയും ആരോഗ്യത്തിന് ധാതുക്കൾ കൂടിയേ തീരൂ. എന്നാൽ ശരീരത്തിൽ ഇതിന്‍റെ അഭാവം ഉണ്ടായാൽ പുതിയ സെല്ലുകൾ രൂപീകരിക്കപ്പെടുകയില്ല. അത് നമ്മുടെ പ്രതിരോധത്തെ ക്ഷയിപ്പിക്കുന്നതിനൊപ്പം അണുബാധ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കും.

ഈ സാഹചര്യത്തിൽ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ഡയറ്റിൽ ധാതുക്കൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. അതിനായി അയൺ, സിങ്ക്, മഗ്നീഷ്യം, പൊട്ടാഷ്യം, സെലീനിയം, എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. ഇത് മംസപേശികളെ ബലപ്പെടുത്താനും മസ്‌തിഷ്‌ക്ക വികാസത്തിനും സഹായിക്കും. ഒപ്പം കോശ നിർമ്മാണത്തിനും ധാതുക്കൾ ആവശ്യമാണ്.

വെള്ളം കുടിക്കുക

കാലാവസ്ഥ ഏതു തന്നെയായാലും സ്വയം ഹൈഡ്രേറ്റ് ആയിരക്കിരിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും മഴക്കാലത്ത്. കാരണം ഇത്തരം തണുത്ത കാലാവസ്ഥയിൽ വെള്ളം കുടിക്കാൻ മടിക്കാറുണ്ട്. വെള്ളം ശരീരത്തിലെ കോശങ്ങളിൽ ഓക്സിജനെ എത്തിക്കുന്നത്തിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. തത്ഫലമായി ശരീരം ശരിയായി പ്രവർത്തിക്കും. മാത്രവുമല്ല ശരീരത്തിലെ ടോക്സിനുകളെ പുറംതള്ളുന്നതിനും വെള്ളം ആവശ്യമാണ്. ഇതുകൊണ്ട് പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന ദുഷ്പ്രഭവത്തെ തടയുകയും ചെയ്യാം.

മറ്റൊന്ന്, ശരിയായ രക്തപ്രവാഹം പ്രതിരോധ വ്യവസ്ഥയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. നല്ലൊരു അളവുവരെ രക്തപ്രവാഹം വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പര്യാപ്‌തമായ അളവിൽ വെള്ളം കുടിച്ചില്ലായെങ്കിൽ നമ്മുടെ അവയവ വ്യവസ്ഥയിൽ പോഷകങ്ങൾ അനായാസം എത്താതെ വരാം അതിനാൽ ദിവസവും 9-10 ഗ്ലാസ് വെള്ളം വരെ കുടിച്ചിരിക്കണം. നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം, ജ്യൂസ് എന്നിവയും കഴിക്കാം.

ക്വാളിറ്റി സ്ലീപ്

ചിലർ പറയുന്നത് കേട്ടിട്ടില്ലേ 10-12 മണിക്കൂർ ഉറങ്ങിയിട്ടും ഉന്മേഷം തോന്നുന്നില്ലായെന്ന്. എന്നാൽ 5 മണിക്കൂർ മാത്രം ഉറങ്ങുന്ന ചിലർ ഉന്മേഷമുള്ളവരും ഊർജ്ജസ്വലരുമായിരിക്കുന്നത് കണ്ടിട്ടില്ലേ. അതിനർത്ഥം അവർക്കു ക്വാളിറ്റി സ്ലീപ് ലഭിക്കുന്നുവെന്നതാണ്. ക്വാളിറ്റി സ്ലീപ് നമ്മടെ പ്രതിരോധ വ്യവസ്ഥയെ മികച്ചതാക്കുന്നു. ശരിയായ ഉറക്കമില്ലാത്തവരിൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

അതിനാൽ സ്വയം റീചാർജ് ചെയ്യുന്നതിനും ഇമ്മ്യൂൺ സിസ്റ്റം ശക്തമാക്കുന്നതിനും ദിവസവും 7-8 മണിക്കൂർ ഉറങ്ങേണ്ടത് ആവശ്യമാണ്. ഇത് രോഗസംക്രമണത്തെ തടയും.

സ്‌ട്രെസ് ബസ്റ്റിംഗ് എക്സർസൈസ്

എക്സർസൈസ് സ്ട്രെസ്സിനെ അകറ്റുമെന്നു മാത്രമല്ല മറിച്ച് മാംസപേശികളെയും എല്ലുകളെയും ബലപ്പെടുത്തും. ഒപ്പം ഇമ്മ്യൂണിറ്റി സ്ട്രോംഗ് ആക്കും. അത് മാത്രമല്ല രക്ത പ്രവാഹത്തെയും അത് മെച്ചപ്പെടുത്തും. വെയിറ്റ് മാനേജ് ചെയ്യുന്നതിനൊപ്പം നല്ല ഉറക്കം ലഭിക്കാനും വ്യായാമം സഹായിക്കും. അതിനാൽ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് പതിവാക്കുക. ഡീപ് ബ്രീത്, ബ്രിസ്ക്ക് വാക്ക്, ഡാൻസിംഗ്, റണ്ണിംഗ്, ജോഗിംഗ്, ഏറോബിക്സ്, എന്നിങ്ങനെയുള്ള എക്സർസൈസുകൾ ചെയ്യാം.

ഇതും ശ്രദ്ധിക്കുക

കുളിക്കുക: മഴവെള്ളത്തിലുള്ള കുളി എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പ്രത്യേകിച്ചും കുട്ടികൾക്ക്. അതിനാൽ മഴ നനയേണ്ടി വന്നാൽ വീട്ടിലെത്തിയ ശേഷം ഉടനടി കുളിക്കുക. കാരണം മഴവെള്ളത്തിൽ ബാക്ടീരിയകളും മറ്റും ഉണ്ടാവും. അവ നഖത്തിലൂടെയോ വായയിലൂടെയോ ശരീരത്തിനകത്ത് പ്രവേശിക്കാം. ഈ സാഹചര്യത്തിൽ ഇളം ചൂട് വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യപ്രദമാണ്. കുളിക്കുന്നതിനു ആന്‍റി സെപ്റ്റിക് സോപ്പ് ഉപയോഗിക്കാം.

പഴങ്ങളും പച്ചക്കറികളും ക്ളീൻ ചെയ്യാം: പഴങ്ങളും പച്ചക്കറികളും നന്നായി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. കാരണം അവയിൽ ഹാനികാരകങ്ങളായ അണുക്കളും വിഷപദാർത്ഥങ്ങളും ഉണ്ടാകാം. അവ കഴുകി വൃത്തിയാക്കാതെ ഉപയോഗിച്ചാൽ അസുഖം പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാൽ അവ പരിപൂർണ്ണമായി വൃത്തിയാക്കിയ ശേഷം ഉപയോഗിക്കാം.

और कहानियां पढ़ने के लिए क्लिक करें...