ചോദ്യം: 27 വയസ്സുള്ള വിവാഹിതയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. പ്രേമ വിവാഹമായിരുന്നു. വളരെ സന്തോഷപ്രദമായ ദാമ്പത്യമാണ് ഞങ്ങളുടേത്. എന്നാൽ അടുത്തിടെയായി ചില സ്ത്രീകളോട് അദ്ദേഹം വളരെ അടുപ്പം കാട്ടുന്നു. അതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ കലഹിക്കാൻ തുടങ്ങും. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യമാണ്, അതിൽ ഇടപെടരുതെന്നാണ് പറയുന്നത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലാണ് ഞാൻ. എവിടേയ്ക്കെങ്കിലും ഓടിപ്പോയാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. എന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോകാനുമാവില്ല. കാരണം, ഈ വിവാഹത്തോട് എന്‍റെ മാതാപിതാക്കൾക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.
ഉത്തരം: വിവാഹം ചെയ്ത സമയത്ത് വ്യക്തിയെ മനസ്സിലാക്കാനുള്ള പാകത നിങ്ങൾക്കുണ്ടായിരുന്നില്ല എന്നുവേണം അനുമാനിക്കാൻ. മാത്രമല്ല, ഈ വിവാഹം പൂർണ്ണമായും നിങ്ങളുടെ മാത്രം തിരുമാനമായിരുന്നു. മാതാപിതാക്കളുടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിരുന്നുമില്ല.
പക്ഷേ, കാര്യങ്ങൾ എന്തൊക്കെയായാലും പരിതസ്ഥിതികളെ ധൈര്യപൂർവ്വം നേരിടുകയാണിപ്പോൾ പ്രധാനം. ഭർത്താവിന്‍റെ അവിഹിതബന്ധങ്ങളെ കർശ നമായി എതിർക്കുന്നതിനുപകരം അത്തരം കാര്യങ്ങൾ നിങ്ങളെത്രമാത്രം വെറുക്കുന്നുവെന്ന് ഭർത്താവിനെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഈ സാഹചര്യങ്ങളിൽ അനാവശ്യ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല. സ്വന്തം കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാകണം. സ്വന്തം വ്യക്തിത്വം കൂടുതൽ ശക്തമാകത്തക്കവണ്ണം വേഷത്തിലും ഭാവത്തിലും കൂടുതൽ മാറ്റങ്ങൾ വരുത്തണം.
പ്രതീക്ഷ കൈവെടിയരുത്. ഒളിച്ചോടണമെന്നുള്ള ചിന്തകളൊക്കെ ഉപേക്ഷിച്ച് സ്വയം ശക്‌തയാകാൻ ശ്രമിക്കുക. സ്വന്തം കുഞ്ഞിനെ വളർത്തുന്നതിനെക്കുറിച്ച് ചിന്തിക്കൂ. നിങ്ങൾക്ക് സമുഹത്തിൽ ഒരു സ്ഥാനമുണ്ട്. ആ സ്ഥാനമെന്തായാലും ഭർത്താവിന് ചുറ്റും പാറിപ്പറക്കുന്ന സ്ത്രീകൾക്ക് കിട്ടണമെന്നില്ല. മാത്രമല്ല, വിവാഹിതനായ പുരുഷനു പിന്നാലെ അവരെന്തായാലും ആജീവനാന്തം നടക്കണമെന്നില്ല. മറ്റൊരാളെ കണ്ടെത്തും വരെ അത് തുടരുമെന്ന് മാത്രം. നിങ്ങളുടെ പവിത്രമായ സ്നേഹം ഭർത്താവ് എന്നെങ്കിലും തിരിച്ചറിയാതിരിക്കില്ല. തീർച്ചയായും ആ ദിവസം ഒരുനാൾ നിങ്ങൾക്കരികിലെത്തും.
ചോദ്യം: 30 വയസ്സുള്ള യുവാവാണ് ഞാൻ കഴിഞ്ഞ നാലുവർഷമായി ഞാനൊരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും എന്‍റെ വീട്ടുകാർക്ക് അതിൽ ഒട്ടും താല്പര്യമില്ലായിരുന്നു. അതുകൊണ്ട് പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്യാൻ നിർബന്ധിതയായി. വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമായെങ്കിലും പുതിയ ജീവിതവുമായി പൊരുത്തപ്പെടാനാവാതെ അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നു. വിവാഹബന്ധം വേർപ്പെടുത്താനുള്ള തീരുമാനത്തിലാണ് ഇപ്പോൾ. എന്നെ ഇന്നും അവൾ അഗാധമായി സ്നേഹിക്കുന്നുണ്ട്. മാത്രമല്ല, എന്നെ വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും കുറച്ചുനാൾ മുമ്പ് കണ്ടപ്പോൾ പറഞ്ഞിരുന്നു.
എനിക്ക് വീട്ടുകാർ തിരക്കിട്ട് വിവാഹമാലോചിക്കുകയാണ്. വിവാഹം കഴിക്കാൻ ആഗ്രഹമില്ലെങ്കിലും മുത്തശ്ശിയുടെ നിർബന്ധത്തിനുമുന്നിൽ എനിക്ക് മറുത്ത് പറയാനാവില്ല. എന്നാൽ എനിക്കവളെ ഇന്നും മറക്കാനാവുന്നില്ല. മറ്റൊരു പെൺകുട്ടിയോടൊത്ത് നല്ലൊരു ജീവിതം എനിക്ക് നയിക്കാനാവുമോ?
ഉത്തരം: പരസ്പരം ഇന്നും പഴയതുപോലെ ഇഷ്ടപ്പെടുന്നുവെങ്കിൽ നിങ്ങൾ വിവാഹം ചെയ്യുന്നതല്ലേ നല്ല പോംവഴി. പക്ഷേ, പെൺകുട്ടി വിവാഹബന്ധം വേർപെടുത്തിയ ശേഷമേ അതേക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു. വിവാഹ മോചനത്തിന് കുറേ വർഷങ്ങൾ വേണ്ടിവരുമെന്നതാണ് പ്രധാന പ്രശ്നം. നിങ്ങൾക്ക് കാത്തിരിക്കാൻ കഴിയുമെങ്കിൽ തീർച്ചയായും ആ കുട്ടിയെത്തന്നെ വിവാഹം ചെയ്യുക. അതല്ല തിരുമാനമെങ്കിൽ അതേക്കുറിച്ച് പെൺകുട്ടിയോട് വ്യക്തമാക്കിയിരിക്കണം. നിങ്ങളെ അഗാധമായി സ്നേഹിച്ചതുകൊണ്ടാണ് ആ പെൺകുട്ടിക്ക് പുതിയ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നത്.
നിങ്ങളുടെ വിവാഹം കഴിയും വരെ അല്ലെങ്കിൽ അവൾ ഭർത്താവിന്‍റെ അടുത്തേക്ക് മടങ്ങിപ്പോകും വരെ അവളുമായി സൗഹ്യദപരമായ ബന്ധം കാത്തുസൂക്ഷിക്കുകയാണ് ഇപ്പോൾ വേണ്ടത്.
ചോദ്യം: 30 വയസ്സുള്ള വിവാഹിതനാണ്. സൈനികനാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി. വിവാഹത്തിനു മുമ്പ് ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ഭാര്യ എന്നോട് ആദ്യരാത്രിയിൽ പറഞ്ഞിരുന്നു. അവർ വളരെ അടുപ്പത്തിലായിരുന്നുവത്രേ. ആ ബന്ധം വീട്ടുകാർ എതിർത്തതുമൂലമാണ് അയാളെ വിവാഹം ചെയ്യാനാവാതെ വന്നതെന്നും. പക്ഷേ, അവൾ അതൊക്കെ എന്നേ മറന്നുവെന്നും എന്നോട് ആണയിട്ടു പറഞ്ഞുവെങ്കിലും എനിക്കതത്ര വിശ്വാസയോഗ്യമായി തോന്നുന്നില്ല.
അവൾ അടുത്തു വരുമ്പോഴൊക്കെ അവളുടെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചാണ് എനിക്കോർമ്മ വരുന്നത്. എനിക്കവളെ മനസ്സുതുറന്ന് സ്നേഹിക്കാനാവുന്നില്ല. വിവാഹബന്ധം വേർപെടുത്തിയാലോ എന്നാണ് ഞാനാലോചിക്കുന്നത്.
ഉത്തരം: ഭാര്യ പറഞ്ഞ കാര്യങ്ങളൊക്കെ കഴിഞ്ഞുപോയ സംഭവങ്ങളല്ലേ. അവർ അതൊക്കെ എന്നേ മറന്നുകഴിഞ്ഞിരിക്കാം. നിങ്ങൾ മാത്രമാണ് അതൊക്കെ ഓർത്തുവെച്ച് സ്വയം അസ്വസ്ഥനാകുന്നത്. ഭാര്യ തന്‍റെ പഴയ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞതുകൊണ്ടല്ലേ നിങ്ങളത് അറിയാനിടയായതു തന്നെ. രഹസ്യമാക്കി വെച്ചിരുന്നെങ്കിലോ നിങ്ങളത് ഒരിക്കലും അറിയാനേ ഇടയാകുമായിരുന്നില്ല. ഒന്നിലധികം പേരെ പ്രണയിച്ചശേഷം മറ്റൊരാളെ വിവാഹം ചെയ്തത് സുഖമായി ജീവിക്കുന്ന എത്രയോ പേർ ഈ ലോകത്തുണ്ട്. അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ഭാര്യയെ അഗാധമായി സ്നേഹിക്കുക. ഭാര്യയ്ക്കും നിങ്ങളോട് സ്നേഹം മാത്രമായിരിക്കും ഉണ്ടായിരിക്കുക. അനാവശ്യമായ ചിന്തകൾ വെടിഞ്ഞ് ഭാര്യയുമൊത്ത് ആഹ്ളാദകരമായ ദാമ്പത്യ ജീവിതം നയിക്കുക.