പലരും വയറ്റിൽ എരിച്ചിൽ, പുകച്ചിൽ എന്നൊക്കെ പറയുന്നത് നാം സാധാരണയായി കേൾക്കാറുള്ള കാര്യമാണ്. ഉദരസംബന്ധമായ രോഗങ്ങൾ ഉള്ളവരാണ് അധികവും അസിഡിറ്റി, ഗ്യാസ് ട്രബിൾ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെപ്പറ്റി പരാതിപ്പെടുന്നത്. ഉദര സംബന്ധമായ രോഗ ലക്ഷണങ്ങൾക്കുള്ള പൊതുവായ പ്രയോഗമാണ് അസിഡിറ്റി. ശാസ്ത്രീയമായി ഇതിനെ ഡിസ്പെപ്‌സിയ എന്നാണ് വിശേഷിപ്പിക്കാറ്. പൊതുവെ 25 ശതമാനത്തോളം ആളുകളിൽ ഈ രോഗലക്ഷണം ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. നെഞ്ചിലോ അടിവയറിന് മുകളിലായോ അനുഭവപ്പെടുന്ന എരിച്ചിലിനെയാണ് അസിഡിറ്റി എന്നുപറയുന്നത്. ദഹന പ്രക്രിയയ്ക്കായി ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ഹൈഡ്രോ ക്ലോറിക് ആസിഡിന്‍റെ ഉല്പാദനം കൂടുന്നത് മൂലമുള്ള അവസ്‌ഥയാണ് ഇത്. ഇതൊരു രോഗമല്ല, രോഗ ലക്ഷണം മാത്രം.
കാരണങ്ങൾ
പ്രധാനമായും നാല് കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്.
മരുന്നുകൾ/ വേദന സംഹാരികളുടെ അമിതമായ ഉപയോഗം.
ആമാശയ- കുടൽ സംബന്ധമായ കാരണങ്ങൾ: ഉദാ: വ്രണങ്ങൾ (peptic ulcer), അന്നനാളത്തിന്‍റെ ഏറ്റവും അടിയിലുള്ള ലോവർ ഈസോ ഫാഗൽ സ്‌ഫിങ്റ്റർ എന്ന പേശി അയയുന്നതു മൂലം ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കുയരുന്ന ഗ്യാസ്ട്രോ ഈസോ ഫാഗൽ റിഫ്ളക്‌സ് ഡിസീസ് എന്ന രോഗം, ആമാശയത്തിന്‍റെ/ കുടലിന്‍റെ ചലനത്തിലുള്ള മാറ്റം, അർബുദം, രക്തതയോട്ടം കുറയുന്നത്, അലർജി.
പാൻക്രിയാസ്/ കരൾ സംബന്ധമായ അസുഖങ്ങൾ: ഉദാ: പിത്ത സഞ്ചിയിലോ, പാൻക്രിയാസ് ഗ്രന്ഥിയിലോ കല്ല് ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ.
മറ്റു രോഗങ്ങൾ മൂലം: മാനസിക പിരിമുറുക്കം, വിഷാദ രോഗം, പ്രമേഹം, വൃക്ക സംബന്ധമായ രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ക്രമം തെറ്റിയുള്ള ഭക്ഷണ രീതി, മദ്യപാനം, പുകവലി, പ്രാതൽ ഒഴിവാക്കൽ, പ്രായാധിക്യം, അമിത വണ്ണം, ജങ്ക് ഫുഡ് കഴിക്കുക എന്നിവയൊക്കെ കാരണങ്ങളാകാം.
50 ശതമാനത്തോളം രോഗികളിൽ ഒരു കാരണവുമില്ലാതെയും അസിഡിറ്റി ഉണ്ടാകാം.
ലക്ഷണങ്ങൾ
ദീർഘനേരമുള്ള നെഞ്ചെരിച്ചിൽ, നെഞ്ചിലും പൊക്കിളിനും മുകളിലായി എരിച്ചിൽ അനുഭവപ്പെടുക, വയറുവീർക്കൽ, ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്‌മ, കുറച്ചു ഭക്ഷണം കഴിക്കുമ്പോൾത്തന്നെ വയറു നിറഞ്ഞതായി തോന്നുക, പുളിച്ചു തികട്ടൽ, അജീർണ്ണം എന്നിവയാണ് മുതിർന്നവരിൽ കാണുന്ന പൊതുവായ ലക്ഷണങ്ങൾ.
കുട്ടികളിൽ ശ്വാസ സംബന്ധമായ പ്രശ്‌നങ്ങൾ, വേണ്ടത്ര തൂക്കം ഇല്ലാതിരിക്കുക, ഛർദ്ദി, ചുമ, ഭക്ഷണത്തോട് താല്‌പര്യം ഇല്ലാതിരിക്കുക, ഭക്ഷണം കഴിച്ച് കഴിയുമ്പോഴോ കഴിക്കുന്നതിന് മുമ്പായോ വയറുവേദന ഉണ്ടാകുക എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ.
ചികിത്സ
ചികിത്സയിലൂടെ അസിഡിറ്റി നിയന്ത്രണ വിധേയമാക്കാം. ഫലപ്രദമായ ഔഷധങ്ങൾ അലോപ്പതിയിലുണ്ട്. അസിഡിറ്റി ഒരു രോഗ ലക്ഷണം ആണെന്നിരിക്കെ ഒരു വിദഗ്‌ധ ഡോക്‌ടറുടെ മേൽനോട്ടത്തിൽ പരിശോധനകൾ നടത്തി ചികിത്സ തേടുകയാണ് ഉചിതം.
ഭക്ഷണ രീതി
അസിഡിറ്റി നിയന്ത്രണവിധേയമാക്കാൻ എന്ത് കഴിക്കണം, എത്ര അളവിൽ കഴിക്കണം എന്നിവ പ്രധാനമാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷ്യ വസ്‌തുക്കൾ, ചോക്ലേറ്റുകൾ എന്നിവ പാടേ ഒഴിവാക്കണം. അസിഡിറ്റി കൂടുതൽ വഷളാക്കാൻ കാരണമാകുന്ന ഉള്ളി, പുളിയുള്ള ഫലവർഗ്ഗങ്ങൾ എന്നിവയും ഒഴിവാക്കുക. ദഹിക്കാൻ എളുപ്പമുള്ളതും കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതുമായ അരി പോലെയുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കാം. കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പായി രാത്രി ഭക്ഷണം കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും. മദ്യപാനം, പുകവലി പോലെയുള്ള ദുശ്ശീലങ്ങൾ രോഗി വർജ്ജിക്കണം.
ജീവിതശൈലി
അസിഡിറ്റി കുറയ്ക്കാൻ വ്യായാമം ഫലപ്രദമാണ്. ഡിപ്രഷൻ, പിരിമുറുക്കം, ഉത്ക്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ അസിഡിറ്റി കൂടുതൽ വഷളാക്കുകയേയുള്ളു. സംഘർഷ രഹിതമായ ജീവിതം അസിഡിറ്റിയുടെ ഉപദ്രവത്തെ പൂർണ്ണമായും ഇല്ലാതാക്കും. രാവിലെയും വൈകുന്നേരവും പതിവായി നടക്കുന്നത് ഫലപ്രദമാണ്. ശരിയായ നിലയിലുള്ള ഉറക്കവും അസിഡിറ്റിയെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കും.