എപ്പോഴത്തെയും ഹോട്ട് ട്രെൻഡാണ് ഹെയർ കളറിംഗ്. കരിമുകിൽ നിറമൊത്ത പനങ്കുലപോലത്തെ മുടിയുടെ കാലം പോയി എന്നു തന്നെ പച്ച മലയാളം. കഴുത്തോളം നീളത്തിൽ ക്രോപ്പ് ചെയ്‌ത്‌ മുടിയറ്റം കേൾ ചെയ്തും അല്ലാതെയും ഡിസൈൻ ചെയ്ത മുടിയിഴകളിൽ കലാചാതുര്യത്തോടെ ചില വർണ്ണങ്ങൾ കുടിയായാലോ?

മുന്നിലും വശങ്ങളിലും പാർട്ട് ചെയ്ത‌്‌ നിറം ചാർത്തിയ മുടിയിഴകളിളക്കി മുന്നിൽ നിൽക്കുന്ന മോഡേൺ സുന്ദരിയെ ഇങ്ങനെ നോക്കിക്കൊല്ലാതെ. നിങ്ങളും റെഡിയായിക്കോളൂ… മുടിയിഴകളിൽ മനോഹാരിതയുടെ മായാജാലത്തിനായി…

ബ്ലു, പിങ്ക്, റെഡ്, കോപ്പർ, ഗ്രേ തുടങ്ങിയ നിറങ്ങൾ കൊണ്ട് മുടിയലങ്കരിക്കാനാണ് ചെറുപ്പക്കാർ കൂടുതലായും ആവശ്യപ്പെടുന്നതെന്ന് പ്രമുഖ ഹെയർ ‌സ്റ്റൈലിസ്റ്റായ ഹബീബ് പറയുന്നു. ചിലരിലിത് ഒരു സോബർ ലുക്ക് പകരുന്നതോടൊപ്പം അവരുടെ വ്യക്തിത്വത്തെ കൂടുതൽ ആകർഷണീയമാക്കുകയും ചെയ്യും. എന്നാൽ എല്ലാ നിറങ്ങളും എല്ലാവർക്കും യോജിക്കണമെന്നില്ല. മുടിയുടെ നിറം എന്തായിരിക്കണമെന്നത് ചില കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സ്ക‌ിൻ ടോൺ

ഇരുണ്ടനിറക്കാർക്ക് ബ്ലൂ, പിങ്ക് ഹെയർ കളറുകൾ ഒട്ടും യോജിക്കില്ല. ഗ്രേ, ബ്രൗൺ, കോപ്പർ നിറങ്ങളാണ് ഇവർക്ക് ഏറ്റവും ഇണങ്ങുക. വെളുത്തവർക്കാകട്ടെ പിങ്ക്, ബ്ലൂ തുടങ്ങിയ നിറങ്ങളാവും ഏറ്റവും യോജിക്കുക. മീഡിയം കോംപ്ലക്‌ഷൻകാർക്ക് എല്ലാ നിറങ്ങളും യോജിക്കും.

ഏജ് ഫാക്‌ടർ: സമ്പൂർണ്ണമായ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ പ്രായത്തിനും പങ്കുണ്ട്. മുടിക്കു നിറം നല്‌കുന്നതിനും പ്രായം കണക്കിലെടുക്കുന്നത് അനുയോജ്യമായിരിക്കും. പ്രായം 20നു താഴെയാണെങ്കിൽ നിങ്ങളുടെ മുടിയ്ക്ക് ഏത് നിറവും യോജിക്കും. ഈ പ്രായത്തിൽ യാതൊരുവിധ പരിമിതികളുമില്ലാത്തതിനാൽ ഗ്രേ, ബ്ലൂ, പിങ്ക്, റെഡ്, സിൽവർ, ബ്രൗൺ തുടങ്ങി ഏത് നിറവും പരീക്ഷിക്കാം. ഏതെങ്കിലും പ്രൊഫഷനിലാണ് നിങ്ങളെങ്കിൽ മുടിയ്ക്ക് നിറം പകരുന്ന കാര്യത്തിൽ അല്പ‌ം ശ്രദ്ധ പുലർത്തണം. കാരണം, ഈ സമയത്ത് നിങ്ങൾക്ക് ഒരു സോബർ ലുക്കാണ് ആവശ്യം. ചുറ്റുമുള്ളവരിൽ പ്രസന്നത ഉണർത്തുന്നതായിരിക്കണം മുടിയുടെ നിറം. കണ്ണിൽ തറഞ്ഞു കൊള്ളുന്നതാകരുത്, മറ്റുള്ളവരെ ആകർഷിക്കുന്നതായിരിക്കണം ഹെയർ കളർ. അതുകൊണ്ട് പ്രൊഫഷണലുകൾ റെഡ്, ബ്ലൂ, പിങ്ക്, ഗ്രേ, സിൽവർ എന്നീ കടുത്ത നിറങ്ങൾ ഒഴിവാക്കുന്നതാണ് ബുദ്ധി. സ്വന്തം ചർമ്മനിറവുമായി യോജിക്കുന്ന ബ്രൗൺ, ബർഗണ്ടി തുടങ്ങിയ സോബർ നിറങ്ങൾ ഇത്തരക്കാർക്ക് ഇണങ്ങും.

30 വയസ്സ് പിന്നിടുന്നതോടെ മുടിയുടെ ആരോഗ്യം ദുർബ്ബലമാകും. മുടി കൊഴിച്ചിലും മുടിപൊട്ടിപ്പോകുന്നതും ഈ സമയത്ത് സർവ്വസാധാരണമാണ്. ചിലരിൽ മുടി നരച്ചും തുടങ്ങും. നരച്ച മുടിയെ എങ്ങനെയും ഒളിപ്പിച്ച് വെയ്ക്കുക എന്നതാണ് ഈ സമയത്ത് ഏറ്റവുമാവശ്യം. അതുകൊണ്ടാണ് ഈ ഏജ് ഗ്രൂപ്പിലുള്ളവരിലധികവും മുടിക്ക് നിറം പകരുന്നത്. വളരെ നേർത്തതും കടുത്തതുമായ നിറങ്ങൾ ഈ പ്രായക്കാർക്ക് ഒട്ടും യോജിക്കില്ല. അതുകൊണ്ട് മുടിയുടെ സ്വാഭാവികനിറം തന്നെ നൽകുന്നത് ഒറിജിനൽ ലുക്ക് പകരും.

പ്രൊഫൈൽ

മുടിയുടെ നിറം നിർണയിക്കുമ്പോൾ നിങ്ങളുടെ ജോലികൂടി പരിഗണിക്കുന്നത് നല്ലതാണ്. പിആർഓ, റിസപ്ഷനിസ്റ്റ‌്, മീഡിയ തുടങ്ങി വ്യത്യസ്‌ത മേഖലയിലുള്ളവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെങ്കിൽ മുടിയുടെ നിറം സോബർ, അപ്പീലിംഗ് ആകുന്നതിൽ തെറ്റില്ല. ‘ഫസ്‌റ്റ് ഇംപ്രഷൻ ഈസ് ദി ലാസ്‌റ്റ് ഇംപ്രഷൻ’ എന്നത് ഈ മേഖലയിൽ അനിവാര്യമാണെന്ന് ഓർക്കുക. ഇത്തരം പ്രൊഫഷണലുകളിലുള്ള സ്ത്രീകൾ മുടിയുടെ സ്വാഭാവിക നിറത്തിനോട് സാമ്യമുള്ള നിറം തെരഞ്ഞെടുക്കാം. മോഡലിംഗ് ഫീൽഡിലുള്ള വർക്ക് ബ്രൈറ്റ് കളറുകളായ ബ്ലൂ, പിങ്ക്, റെഡ് എന്നിവയായിരിക്കും ഏറ്റവും യോജിക്കുക.

മുടിയ്ക്ക് നിറം പകരുമ്പോൾ

നിറം പകർന്നു കഴിയുന്നതോടെ മുടിയിലെ ഈർപ്പം നന്നേ കുറയുന്നു. മുടി നന്നായി ഡ്രൈ ആകുന്നു. അതുകൊണ്ട് പതിവായി മുടിയിൽ മോയിസ്‌ചറൈസറും ഹെയർ സിറവും പുരട്ടണം. മുടിയുടെ എണ്ണമയം വീണ്ടെടുക്കാൻ ഇത് സഹായി ക്കും.

മികച്ച ക്വാളിറ്റിയുള്ള ഹെയർ കളർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സ്വയം മൂടിക്ക് നിറം പിടിപ്പിക്കാൻ ശ്രമിക്കരുത്. ഏതെങ്കിലും നല്ല ബ്യൂട്ടി പാർലറിൽ ഹെയർ കളറിംഗ് ചെയ്യിക്കുന്നതാകും ഉചിതം. കൂടുതൽ അളവിൽ ഹെയർ കളർ ചെയ്യുന്നത് മൂടി ഉരുകിപ്പോകാനിടയാക്കും.

ദീർഘനേരം മുടിയ്ക്ക് നിറം പിടിപ്പിക്കുന്നത് സ്‌കാൽപ്പിനെ ദോഷകരമായി ബാധിക്കും. പല തരത്തിലുള്ള ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾക്കും അതിടവരുത്തും.

മുടിയിൽ ചുരുളുണ്ടാക്കാൻ

ഭംഗിയുള്ള ചുരുണ്ടമുടി വേണമെന്നുണ്ടോ? എങ്കിൽ അതിനും വഴിയുണ്ട്. സാധാരണ മുടിയെ ചുരുണ്ടതാക്കുന്നതിന് രണ്ട് മാർഗ്ഗങ്ങളുണ്ട്. ഹീറ്റിംഗ് റോഡ് ഉപയോഗിച്ച് മുടിയെ ചുരുട്ടുന്നതാണ് ഒന്നാമത്തേത്. എന്നാൽ കുറച്ചുനാൾ കഴിയുന്നതോടെ ഈ ചുരുൾ നിവർന്ന് മുടി സാധാരണ നിലയിലാകും. മുടിയിൽ ക്രീമും ലോഷനും പുരട്ടി ഹീറ്റിംഗ് റോഡുപയോഗിച്ച് കേൾ ചെയ്യുന്നതാണ് രണ്ടാമത്തെ മാർഗ്ഗം. ഈ രീതിയനുസരിച്ച് 6 മാസം മുതൽ ഒരു വർഷം വരെ മുടി ചുരുണ്ടിരിക്കും. കൃത്രിമമായി ചുരുട്ടിയെടുക്കുന്ന മുടി പൊതുവേ ജീവസ്സുറ്റതായിരിക്കും. മുടിയിലെ നൈസർഗ്ഗികമായ എണ്ണമയം നഷ്‌ടപ്പെട്ട് മുടി വരണ്ടിരിക്കുമെന്നതാണ് അതിനുകാരണം. അതുകൊണ്ട് ചുരുട്ടിയെടു ക്കുന്ന മുടിക്ക് പ്രത്യേക പരിചരണം നല്കേണ്ടതായി വരുന്നു. കൃത്രിമമായി മുടി ചുരുട്ടിയിട്ടുണ്ടെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  • മുടിയിൽ ഈർപ്പം നിലനിർത്തുന്നതിന് മോയിസ്‌ചർ ചേർന്ന ഷാംപു ഉപയോഗിക്കാം. മുടിയ്ക്ക് വേണ്ട പോഷണവും ആരോഗ്യവും ലഭിക്കാൻ ഇത് ഫലവത്താണ്. സോപ്പ് ഉപയോഗിക്കരുത്. മുടി വരണ്ട് പൊട്ടിപ്പോകാൻ ഇത് ഇടയാക്കും.
  • മുടിയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കണ്ടീഷണറോ ഹെയർ സിറമോ ഉപയോഗിക്കണം. മുടിയിൽ താരനുണ്ടാകാതിരിക്കാനും തിളക്കം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
  • മുടി പതിവായി കഴുകുക. വൃത്തിയില്ലായ്‌മകൊണ്ടാണ് മുടിയിൽ പ്രശ്ന‌ങ്ങളുണ്ടാകുന്നത്.
  • ചുരുണ്ട മുടിയിൽ ഹെയർ ഡ്രയർ അമിതമായി പ്രയോഗിക്കരുത്. ഡ്രയറിന്‍റെ അമിതമായ ഉപയോഗം മുടികേടുവരുത്തും
और कहानियां पढ़ने के लिए क्लिक करें...