“ഹലോ മരിയ, ഇന്നുമുതൽ ഞാൻ ഫേരീയാണ്. ഭാര്യ അവളുടെ വീട്ടിൽ പോയിരിക്കുകയാണ്. കുറച്ചുദിവസം കഴിഞ്ഞേ മടങ്ങു. നീയിങ്ങു പോരേ… നമുക്കൊന്ന് ആഘോഷിക്കാം.” ഒരു സോഫ്റ്റ്‍വെയർ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായ അയാൾ അവളെ ക്ഷണിച്ചു. ഭാര്യയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന വിശ്വസ്തനായ അയാളുടെ തനിനിറം പുറത്തുവരുന്നത് ഇത്തരമവസരങ്ങളിലാണ്.

ഫോണിന്‍റെ മറുതലയ്ക്കൽ നിന്ന് മരിയയുടെ ഉത്സാഹം നിറഞ്ഞ ശബ്ദം ഒഴുകി വന്നു, “അയാം ഓൾവെയ്സ് റെഡി.” ഭാര്യയുടെ അസാന്നിധ്യം കാമുകിയോടൊത്ത് ഉല്ലസിക്കാനുള്ള അവസരമാക്കുന്ന നല്ലവനായ ഭർത്താവ്. പങ്കാളി ചതിയനാണെന്ന കാര്യമറിയാതെ ഫോണിലൂടെ നിരന്തരം ക്ഷേമാന്വേഷണം നടത്തുന്ന ഭാര്യ. അങ്ങകലെ ഭർത്താവും കാമുകിയും മറ്റൊരു ജീവിതം ആഘോഷിക്കുകയാണെന്ന് പാവം ഭാര്യയുണ്ടോ അറിയുന്നു? പിന്നീട് ഏതോ അവസരത്തിൽ ഭാര്യ സ്വന്തം ഫ്ളാറ്റിൽ നിന്നും ഭർത്താവിനെയും കാമുകിയെയും കൈയോടെ പിടികൂടിയതോടെ ആ ദാമ്പത്യം തകർച്ചയുടെ വക്കിലെത്തി. നല്ല നടപ്പിന് വിധേയനാകാമെന്ന് ഭർത്താവിന്‍റെ ഒറ്റ സമ്മതത്തിലായിരുന്നുവത്രേ അവരുടെ കുടുംബ ജീവിതം ഭദ്രമായത്. ഒരു മനഃശാസ്ത്രജ്ഞന്‍റെ കേസ് ഡയറിയിലെ സംഭവമാണിത്.

സമൂഹത്തിൽ ഇപ്രകാരം എന്തെല്ലാം സംഭവങ്ങൾ നടക്കുന്നു. അറിയുന്നതും അറിയപ്പെടാത്തതുമായ അവിഹിതബന്ധങ്ങളുടെ എത്രയെത്ര കഥകൾ. എന്തുകൊണ്ട് അവിഹിത ബന്ധങ്ങളുണ്ടാകുന്നുവെന്ന ചോദ്യത്തിന് നൂറുനൂറ് കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാകൂമെങ്കിലും അറിഞ്ഞുകൊണ്ട് സ്വന്തം ജീവിതത്തെ ശിഥിലീകരിക്കുകയാണ് ഇവരെന്ന് ആരും സമ്മതിക്കും.

പ്രണയമെന്നത് അവിചാരിതമായി സംഭവിക്കുന്ന ഒരു വികാരമാണ്. എന്നാൽ വിവാഹമെന്നത് ചിലപ്പോൾ വീണ്ടുവിചാരമില്ലാതെ തീരുമാനിക്കപ്പെടുന്ന ഒരു കരാറാണ്. (എല്ലാ വിവാഹങ്ങളും അങ്ങനെയാണെന്നല്ല) ഒട്ടും ചോർച്ചയില്ലാത്തവരാണ് വിവാഹമെന്ന ബന്ധനത്തിൽ അകപ്പെടുന്നതെങ്കിൽ കാര്യങ്ങളുടെ പോക്ക് മറ്റൊരു ദിശയിയിലേക്കാകുമെന്ന് ഉറപ്പാണ്. സാധവും ശാന്തനുമായ ഭർത്താവിന് ഉഗ്രകോപിയും തന്‍റേടിയും വാശിക്കാരിയുമായ ഭാര്യയെയായിരിക്കും ചിലപ്പോൾ സഹിക്കേണ്ടി വരുക. ഇത് മറിച്ചും സംഭവിക്കാം. ഇത്തരക്കാർക്ക് വിവാഹജീവിതം അസ്വസ്ഥതകൾ നിറഞ്ഞ ഒരു ജയിലായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

രഹസ്യങ്ങൾ

തങ്ങളെ ഉൾക്കൊള്ളാത്ത പങ്കാളിയിൽ വിശ്വാസം ഇല്ലാതാകുന്നതോടെയാമ് പലർക്കും അവിഹിതബന്ധങ്ങൾ ആശ്വാസമായി മാറുന്നത്. ചെറിയൊരു ശതമാനം പേരാണ് ഇത്തരം ബന്ധങ്ങളിൽ അകപ്പെടുന്നത്. വിവാഹശേഷമുള്ള അവിഹിത ബന്ധങ്ങൾ സമൂഹം ഒരിക്കലും അംഗീകരിക്കില്ല. അതുകൊണ്ട് ഇത്തരം ബന്ധങ്ങൾ രഹസ്യമായി സൂക്ഷിക്കാനാകും താൽപര്യം. കാമുകിയുണ്ടെന്ന കാര്യം സമൂഹത്തിന് മുന്നിൽ വിളിച്ചുകൂവാൻ ഒരു ഭർത്താവും തയ്യാരാകില്ല. അതുതന്നെയാകും അവിഹിത ബന്ധം നയിക്കുന്ന സ്ത്രീയുടെ മനോഭാവവും.

വിവാഹജീവിതം സംതൃപ്തമല്ലാത്ത ഒരാൾക്ക് കാമുകിയുടെയോ കാമുകന്‍റെയോ സാന്നിധ്യം താൽക്കാലികമായി ആഹ്ളാദകരമാണെങ്കിലും കാലാന്തരത്തിൽ അത് സ്വന്തം കുടുംബജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രശഅനങ്ങൾ അതീവരൂക്ഷമായിരിക്കും.

വിവാഹേതര ബന്ധങ്ങൾ

എല്ലാത്തരത്തിലും,സംതൃപ്തമായ ദാമ്പത്യം, ഭാര്യയും ഭർത്താവും ഒരുപോലെ കുടുംബത്തോട് ഉത്തരവാദിത്തം പുലർത്തുന്നവരായിരുന്നിട്ടുകൂടി കേരളത്തിൽ വിവാഹേതര ബന്ധങ്ങളുടെ എണ്ണം കൂടിവരുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും കൊലപാതങ്ങളും ഗർഭഛിദ്രങ്ങളുമെല്ലാം ഇത്തരം അവിഹിത ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ ഇതൊരു പൊതു പ്രവണതയാണെന്ന് പറയാനാകില്ല.

ഭർത്താവിന്‍റെ മദ്യപാനം, പങ്കാളിയുടെ നിരന്തരമായ അവഗണന, ഭൗതിക ജീവിതത്തോടുള്ള ആസക്തി, ലൈംഗിക താൽപര്യം, കുടുംബ- സാമൂഹിക മൂല്യങ്ങൾക്ക് വില കൽപിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളൊക്കെയാണ് ചെറിയൊരു പക്ഷത്തെ അവിഹിത ബന്ധങ്ങളിലേക്ക് നയിക്കുന്നത്.

വിശ്വാസവഞ്ചന

അവിശുദ്ധ ബന്ധങ്ങളെ എത്രനാൾ രഹസ്യമാക്കി വയ്ക്കാനാകും? അവിശുദ്ധ ബന്ധങ്ങളിൽപ്പെടുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വഭാവത്തി. കാലാന്തരത്തിൽ മാറ്റം സംഭവിക്കുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. മദ്യം കൈകൊണ്ട് തൊടാത്തവർപോലും മദ്യപിച്ച് തുടങ്ങും, പുകവലിക്കാത്തവർ പുകവലിക്കും, ഒരിക്കലും മാറാത്ത തലവേദന തുടങ്ങിയ മാനസിക അസ്വസ്ഥ്യങ്ങൾ വരെ ഇത്തരക്കാർ കാട്ടിത്തുടങ്ങും. ഭാര്യ അല്ലെങ്കിൽ ഭർത്താവ് തന്‍റെ ബന്ധം കണ്ടുപിടിക്കുമോയെന്ന ഭീതിയുമുണ്ടാകും ഇവർക്ക്. പങ്കാളിയെ ചതിച്ചുവല്ലോ എന്ന കുറ്റബോധമാണ് ഇവരെക്കൊണ്ട് ഇത്തരം പ്രവൃത്തികൾ ചെയ്യിപ്പിക്കുന്നത്.

ഭർത്താവിന്‍റെ അവിശുദ്ധബന്ധം കണ്ടുപിടിപ്പിക്കപ്പെട്ടാലും കുട്ടികളെയും കുടുംബത്തിന്‍റെ മാന്യതയെയും ഓർത്ത് എല്ലാം സഹിച്ചു കഴിയുന്ന ഭാര്യമാരും ഉണ്ട്. അത്തരമൊരനുഭവവമാണ് തിരുവന്തപുരം സ്വദേശിയും ഉദ്യോഗസ്ഥയുമായ ഉഷയുടെത്. പ്രണയവിവാഹമായിരുന്നു അവരുടെത്. നീണ്ട എട്ടുവർഷത്തെ തീവ്രപ്രണയത്തിന് ശേഷമായിരുന്നു ഉഷ എഞ്ചിനീയറായ മാധവനെ വിവാഹം കഴിച്ചത്. വിവാഹശേഷമുള്ള അവരുടെ ജീവിതം ഒരാഘോഷമായിരുന്നു.

“വിവാഹം കഴിഞ്ഞ് 15 വർഷങ്ങൾക്ക് ശേഷമാണ് ഭർത്താവിന്‍റെ പെരുമാറ്റത്തിൽ മാറ്റം കണ്ടുതുടങ്ങിയത്. ഒരിക്കലും ഒരു കാര്യത്തിലും കുറ്റപ്പെടുത്താത്ത അദ്ദേഹം എന്നെ അനാവശ്യമായി കുറ്റപ്പെടുത്താൻ തുടങ്ങി. എന്നിലെ കുറവുകളെ എടുത്ത് കാട്ടിയായിരുന്നു കുറ്റപ്പെടുത്തലുകൾ. എന്നെ ജീവനെക്കാളേറെ സ്നേഹിച്ച ഭർത്താവിന് മുന്നിൽ എന്നുമുതലാണ് കൊള്ളരുതാത്തവളയാതെന്നോർത്ത് ഞാൻ പരിതപിച്ചു. എന്നിലെ ഏതെങ്കിലും കുറവായിരിക്കും കാരണമെന്ന് ഞാനാദ്യം വിചാരിച്ചു. ഞാനൊരിക്കലും എന്‍റെ കാര്യത്തിൽ ശ്രദ്ധപുലർത്തിയിരുന്നില്ല. സ്വയം ഒരു മാറ്റത്തിന് ശ്രമിക്കുന്നതിനിടെയാണ് ഞാനാ കറുത്ത സത്യമറിയുന്നത്. ഭർത്താവിന്‍റെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടിയുണ്ടെന്ന കാര്യം.”

സമൂഹത്തിൽ നടക്കുന്ന ചില സംഭവങ്ങളാണിത്. വിശ്വസ്തരായ ഭർത്താക്കന്മാരിൽ ചെറിയൊരു വിഭാഗം ഇപ്രകാരം അവിശുദ്ധബന്ധങ്ങളിൽ അകപ്പെടുന്നു. ചില സ്ത്രീകളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.

കേരളത്തിലെ പ്രശസ്തനായ ഒരു മനഃശാത്രജ്ഞൻ പറയുന്ന അനുഭവ കഥയാണിത്. “കൊച്ചി സ്വദേശിയായ എയർഹോസ്റ്റസാണ് മായ. സുന്ദരി, സമ്പന്ന, ഭർത്താവ് സോഫ്റ്റ്‍വെയർ എഞ്ചിനീയർ. എയർഹോസ്റ്റസായതിനാൽ മായ ദിവസങ്ങളോളം ഇന്ത്യയ്ക്ക് പുറത്തായിരിക്കും. വീട്ടിലുള്ള അവസരങ്ങളിലാകട്ടെ, മായ എപ്പോഴും കൊച്ചിയിലെ മുന്തിയ ഹോട്ടലുകളിൽ നടക്കുന്ന ലേറ്റ്നൈറ്റ് പാർട്ടികളിലും. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള അവസരങ്ങൾ വളരെ ചുരുക്കമായിരുന്ന. ഭർത്താവ് അവരെ എതിർത്തു തുടങ്ങിയതോടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ തുടങ്ങി. ഒരിക്കൽ ഭാര്യ സഹപ്രവർത്തകൻ പൈലറ്റുമായി കെട്ടിപുണർന്ന് നിൽക്കുന്നത് കണ്ടതോടെ അയാൾക്ക് അവളിലുള്ള വിശ്വാസം പൂർണ്ണമായും ഇല്ലാതായി.

പാർട്ടി കഴിഞ്ഞ് രാത്രി 2 മണിക്ക് അവളെ വീട്ടിൽ കൊണ്ടുവിടാൻ വന്നതായിരുന്നു പൈലറ്റ്. ആ രാത്രി ഭർത്താവ് നിശ്ശഹ്ദത പാലിച്ചുവെങ്കിലും ഭാര്യയും പൈലറ്റുമായുള്ള ബന്ധം തുടർന്നുകൊണ്ടേയിരുന്നു. മാത്രമല്ല, പല രാത്രികളിലും അവർ ഒരുമിച്ചായിരുന്നുവെന്ന കാര്യവും അയാൾ ക്രമേണ മനസ്സിലാക്കി. ഭർത്താവ് ഒടുവിൽ നിശ്ശബ്ദതയുടെ കൂട് പൊട്ടിക്കുകയായിരുന്നു. ഭർത്താവ് അവൾക്ക് കേവലമൊരു സുഹൃത്ത് മാത്രമാണെന്നായിരുന്നു അവളുടെ എടുത്തടിച്ച മറുപടി. മാത്രമല്ല, താൻ പൈലറഅറുമായി പലതവണ ശാരീരികബന്ധം പുലർത്തിയിട്ടുണ്ടെന്നും അവൾ വെളിപ്പെടുത്തി. വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ച് ഭർത്താവ് ഏകമകനെയോർത്ത് അതിൽനിന്നും ചിന്തിരിയുകയായിരുന്നു. കൂടാതെ വിവാഹമോചനമുണ്ടാക്കുന്ന മാനക്കേടും അയാൾക്ക് വിലങ്ങുതടിയായി. ഇന്നും അയാൾ അവിശുദ്ധയായ ഭാര്യയ്ക്കൊപ്പം ദാമ്പത്യജീവിതം നയിക്കുന്നു.”

പുറമേ നിന്ന് കാണുന്നതുപോലെയല്ല പല ദാമ്പത്യബന്ധങ്ങളും എന്നർത്ഥം. എന്തൊരു ഇണക്കമുള്ള ദമ്പതികൾ എന്ന് നാം അസൂയപ്പെടുന്നവർക്കിടയിലും എന്തെല്ലാം പ്രശ്നങ്ങളാണ് നടക്കുന്നത്.

ദാമ്പത്യത്തിലുണ്ടാകുന്ന അസ്വരസ്യങ്ങൾ പരിഹരിക്കാനായി കുടുംബകോടതിയുടെയും ഡോക്ടർമാരുടെയും അടുത്തെത്തുന്നവരുടെ എണ്ണം കേരളത്തിൽ നാൾക്കുനാൾ കൂടിവരുകയാണെന്നാണ് കണക്കുകൾ പറയുന്നത്.

പരിഹാരം

വിവാഹജീവിതം സ്വർഗ്ഗത്തിലെപ്പോലെ സുഖകരമാണെന്നാണ് എല്ലാവരും സ്വപ്നം കാണുന്നത്. സ്വപ്നതുല്യമായ ജീവിതമാണ് ദാമ്പത്യമെന്ന് കരുതാൻ വരട്ടെ. വിവാഹത്തിന് മുമ്പ് ആണും പെണ്ണും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുണ്ട്.

പരസ്പരമുള്ള വിശ്വാസമാണ് ദാമ്പത്യത്തിന്‍റെ അടിത്തറ. വിവാഹത്തിന് മുമ്പ് പങ്കാളിയെക്കുറിച്ച് നന്നായി അറിയുകയാണ് ആദ്യം വേണ്ടത്. ഇരു വീട്ടുകാരും പരസ്പരം അന്വേഷണം നടത്തുന്നതിം ഉചിതമായിരിക്കും. ഇത്തരം അന്വേഷണങ്ങളിൽ ആണിനെയും പെണ്ണിനെയും കുറിച്ച് പ്രഥമികമായ വിവരങ്ങൾ മാത്രമെ ലഭിക്കുകയുള്ളുവെങ്കിലും വിവാഹജീവിതത്തിൽ പതിയിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഇത്തരം പ്രാഥമിക വിവരങ്ങൾ വഴിയൊരുക്കും എന്നോർക്കുക. വിവാഹത്തിന് മുമ്പ് ആണിനും പെണ്ണിനും പരസ്പരം തുറന്ന് സംസാരിക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കാൻ വീട്ടുകാർ മുൻകൈയെടുക്കണം. പങ്കാളിയുടെ സ്വഭാവത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാൻ ഇത് സഹായിക്കും.

കേരളത്തിൽ കുടുംബജീവിതം നയിക്കുന്ന ഭർത്താക്കന്മാരിൽ 35 ശതമാനവും ഭാര്യമാരിൽ 25 ശതമാനവും അണുകുടുംബം നയിച്ചുകൊണ്ടുപോകാൻ മാനസികമായി പ്രാപ്തരല്ലെന്നാണ് തിരുവന്തപുരം മെന്‍റൽ ഹെൽത്ത് ഹോസ്പിറ്റൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

ലൈംഗികമോ അല്ലാത്തതോ ആയ കുറവുകളുള്ളവരാണ് ഇവർ. സാമൂഹിക മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കുന്ന ഇവർ ഒരിക്കലെങ്കിലും അവിശുദ്ധ ബന്ധങ്ങളിൽ അകപ്പെട്ടുപോകുന്നു. ഇത്തരക്കാരിൽ നല്ലൊരു ശതമാനംപേരും ലൈംഗികവൈകല്യമുള്ളവരാണ്. പങ്കാളിയോട് അമിതമായി സ്നേഹപ്രകടനം കാട്ടുന്നവരായിരിക്കും ഇക്കൂട്ടർ.

പങ്കാളിയുടെ ദൗർബല്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ ഭാര്യ അല്ലെങ്കിൽ ഭർത്താവ് വളർത്തിയെടുക്കണം. മറയില്ലാത്ത മനസ്സുകളുടെ മേളനമാകണം ദാമ്പത്യം. ആശയവിനിമയം അതിനുള്ള ഉത്തമ പ്രതിവിധിയാണ്. പങ്കാളിയുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് അൽപസ്വൽപം വിട്ടുവീഴ്ചകൾക്ക് ദമ്പതികൾ തയ്യാറാകുകയും വേണം.

പങ്കാളി സ്വകാര്യ ദുഃഖങ്ങൾ അനുഭവിക്കുന്ന ആളാണെങ്കിൽ അതറിയാനും പരിഹാരം നിർദ്ദേശിക്കാനുമുള്ള മാനസികാവസ്ഥയും സഹാനുഭൂതിയും ഭാര്യയും ഭർത്താവും വളർത്തിയെടുക്കണം.

ദാമ്പത്യത്തിൽ അഭിപ്രായവിത്യാസങ്ങളുണ്ടാകുക സ്വാഭാവികമാണ്. ഇത്തരം ഘട്ടങ്ങളിൽ വിട്ടുവീഴ്ചകൾ നടത്തുന്നത് ഭാര്യയും ഭർത്താവും തമ്മിലുള്ള അടുപ്പം കൂട്ടുകയേയുള്ളൂ.

ദാമ്പത്യത്തിൽ പരസ്പരവിശ്വാസവും സ്നേഹവുമെന്നപോലെ സെക്സും പ്രധാനമാണ്. സെക്സ് കേവലം ഏകപക്ഷീയമാകരുത്. സ്വകാര്യമായ നിമിഷങ്ങളിൽ ഒരുമിച്ച് ആസ്വദിക്കുന്ന ഒന്നാകണം സെക്സ്. ഇതിൽ പങ്കാളിയുടെ ഇഷ്ടങ്ങൾ പരിഗണിക്കണം. മാത്രമല്ല, പങ്കാളിയെ ഇഷ്ടമില്ലാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. ദാമ്പത്യത്തിൽ പ്രശ്നങ്ങളഉണ്ടാകാൻ ഇത് കാരണമാകും. വിവാഹതിരാകാൻ പോകുന്നവർ ലൈംഗിക കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അറിവ് നേടിയിരിക്കണം.

ദാമ്പത്യത്തിൽ എന്‍റേത് നിന്‍റേത് എന്ന ചിന്തയ്ക്ക് പ്രസക്തിയില്ല. പങ്കാളിയെ തനിക്ക് എത്രമാത്രം ആഹ്ളാദിപ്പിക്കാനാകുമെന്ന ചിന്തയാണ് ഭാര്യയ്ക്കും ഭർത്താവിനും വേണ്ടത്.

और कहानियां पढ़ने के लिए क्लिक करें...