സരോജിനിയമ്മയ്ക്ക് അച്ഛനിൽ നിന്ന് പൂർവ്വികമായി കിട്ടിയതാണ് പാർവ്വതി പുത്തനാറിന്‍റെ കരയിലുള്ള മൂന്ന് ഏക്കർ തെങ്ങിൽ പുരയിടവും അതിന്‍റെ അറ്റത്ത് ആറിനോട് ചേർന്നുള്ള സമുദായത്തിന്‍റെ ശ്മശാനവും. അച്ഛന്‍റെ മരണത്തിൽ ആ മൃതശരീരം സ്വന്തം കൈ കൊണ്ട് തന്നെ സ്വന്തമായി നടത്തുന്ന ചിതയിലേയ്ക്ക് വച്ച്, അന്നു തുടങ്ങിയതാണ് ശ്‌മശാനത്തിന്‍റെ നടത്തിപ്പ്. ആണും പെണ്ണുമായി ഒറ്റ സന്തതിയായ കാരണം എല്ലാ സ്വത്തുക്കളും കൈവശം വച്ച് അനുഭവിക്കുവാനുള്ള യോഗം അങ്ങിനെ മുപ്പതു വർഷമായി ഇപ്പോഴും തുടരുന്നു.

ഒരു നൂറ്റാണ്ട് മുൻപേ രാജാവ് നേരിട്ട് സരോജിനിയമ്മയുടെ പൂർവ്വികർക്ക് അനുവദിച്ചു കൊടുത്തതായിരുന്നു സമുദായത്തിനുള്ള ഈ ശ്മശാനം. അങ്ങനെയാണ് ചിതപ്പുരയ്ക്കൽ തറവാട് എന്ന് പേരു വീണത്. അന്ന് റോഡുകൾ കുറവായിരുന്നതിനാലും പ്രധാന ഗതാഗതവും വ്യാപാരങ്ങളും പാർവ്വതീ പുത്തനാറിലൂടെയായിരുന്നതിനാലും എന്നും തിരക്കോട് തിരക്കായിരുന്നു. അന്ന് സമുദായ പ്രമാണിമാരുടെ ചരമ ശേഷം ശരീരം ശ്മശാനത്തിലേയ്ക്ക് പുത്തനാറിലൂടെ അലങ്കരിച്ച കെട്ടുവള്ളത്തിൽ എത്തിച്ചിരുന്നത് കുട്ടിയായിരുന്ന സരോജിനി വിടർന്ന കണ്ണുകളോടെ അച്ഛനൊപ്പം നിന്ന് കണ്ടിട്ടുണ്ട്. കാലമേറെച്ചെന്ന് ഇന്ന് വൈദ്യുതി ശ്മശാനം നിലവിൽ വന്നതിനാലും മറ്റു ചിലയിടങ്ങളിൽ ശ്മശാനങ്ങൾ വേറെ വന്നതിനാലും അല്പം തിരക്ക് കുറഞ്ഞുവെന്ന് മാത്രം.

സരോജിനി കുട്ടിയായിരുന്നപ്പോഴും അച്ഛനെ ശ്മശാനം നടത്തിയിരുന്നതിലും കൊപ്ര പണിയിലും പറമ്പിലെ കൃഷിയിലും പശുവിനെ വളർത്തുന്നതിലും അമ്മയ്ക്ക് ഒപ്പം നിന്ന് സഹായിച്ചിരുന്നതിനാൽ അച്ഛന്‍റെ മരണശേഷവും ഒന്നിനും ഒരു മുടക്കവുമില്ലാതെ എല്ലാം ഭംഗിയായി പിന്നീടും തുടർന്നു പോന്നു. ഇപ്പോൾ ഭർത്താവിന് വയസ്സ് എഴുപത് കഴിഞ്ഞ് കിടപ്പിലായതു മുതൽ എല്ലാ കാര്യങ്ങളും ഒറ്റ മകനായ രാമചന്ദ്രനാണ് നോക്കി നടത്തുന്നത്. ഇനി ശ്മശാനം നടത്തിപ്പിന്‍റെ ലൈസൻസ് രാമുവിന്‍റെ പേരിലാക്കിയിട്ട് ചിതപ്പുരയുടെ താക്കോലും അവനെ ഏൽപ്പിച്ചിട്ട് വേണം ഒന്ന് വിശ്രമിക്കാൻ എന്ന് സരോജിനിയമ്മ കുറച്ചു നാളായി ചിന്തിക്കാൻ തുടങ്ങിയിട്ട്.

വൈകീട്ട് നടത്തേണ്ട ചിതയ്ക്കുള്ള വിറകും തൊണ്ടും ചിരട്ടയും സംഘടിപ്പിക്കാനായി രാമു പെട്ടി ഓട്ടോറിക്ഷയും എടുത്ത് ഇറങ്ങിയിട്ട് നേരം ഒരു പാടായല്ലോ എന്ന് ചിന്തിച്ച് ഹൈസ്കൂളിൽ പഠിയ്ക്കുന്ന കൊച്ചു മകനെക്കൊണ്ട് മൊബൈലിൽ വിളിച്ചു നോക്കാമെന്ന് കരുതിയാണ് സരോജിനിയമ്മ പറമ്പിൽ നിന്നും വീട്ടിനകത്തേക്ക് കയറിയത്. അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു കാർ വരുന്നത് കണ്ടത്. മരണം നടന്ന് ഇവിടത്തെ ചിതയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തെപ്പറ്റി ബന്ധുക്കൾ ഫോണിലൂടെയാവും പലപ്പോഴും അറിയിക്കുക.

അപ്പോള്‍ പിന്നെ കാറിൽ ആരാകുമെന്ന് കരുതി നിന്നപ്പോഴാണ് വാർഡ് മെമ്പറും സമാജത്തിന്‍റെ സെക്രട്ടറിയും ഇറങ്ങിയത്. ചിതയ്ക്കുളള സാമഗ്രികളുമായി രാമു വരവെ ഉണ്ടായ അപകടത്തെപ്പറ്റി അവർ മുഖവുരയൊന്നുമില്ലാതെ അമ്മയെ പറഞ്ഞു മനസ്സിലാക്കി. ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ ആയിരക്കണക്കിന് ശരീരങ്ങളെ ചിതയിലേയ്ക്ക് ആനയിച്ച്, ചിതപ്പുരയ്ക്കൽ അപ്പന്‍റെ ചിത്രത്തിനു മുമ്പിൽ പൂജ ചെയ്ത ദീപത്തിൽ നിന്നും ചിതയിലേയ്ക്ക് ദീപം പകർന്നു കൊടുത്ത തഴക്കവും പഴക്കവുമുള്ള സരോജിനിയമ്മ ഒരു മാത്ര ഒന്ന് പതറി, വീടിന്‍റെ തിണ്ണയുടെ ഓരത്ത് തൂണിൽ ചാരി തളർന്ന് ഇരുന്നു പോയി.

അല്പ സമയത്തിനകം ചിതപ്പുരയ്ക്കൽ വീടും പറമ്പും സമുദായപ്രവർത്തകരെയും ബന്ധുക്കളെയും സമീപവാസികളെയും കൊണ്ട് നിറഞ്ഞു. വൈകിട്ട് നാലു മണിയോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി വീട്ടിലെത്തിച്ച്, അന്ത്യ കർമ്മങ്ങൾക്ക് എടുത്തു. വർഷങ്ങൾക്ക് മുൻപ് അച്ഛന്‍റെ ശരീരം ചിതയിലേയ്ക്കെടുത്തപ്പോഴുള്ള അതേ വിറയലോടെ ഒരിക്കൽ കൂടി സരോജിനിയമ്മ മകനുവേണ്ടിയും പരദേവതയായ മഹാദേവന്‍റെ ചിത്രത്തിനു മുന്നിൽ തെളിഞ്ഞു കത്തുന്ന വിളക്കിൽ നിന്നും ദീപം പകർന്നെടുത്ത് പതിനാലുകാരനായ കൊച്ചു മകന്‍റെ ഒരു കയ്യിൽ പിടിപ്പിച്ച്, അവനെയും കൂട്ടി ചിതയിലേക്ക് നടന്നു.

തീ കൊളുത്തപ്പെട്ട ചിത ആളിക്കത്താന്‍ തുടങ്ങിയപ്പോൾ കൊച്ചുമകനെയും കൂട്ടി പുറത്തുകടന്ന സരോജിനിയമ്മ പരദേവതയുടെ മുന്നില്‍ കത്തുന്ന വിളക്കിനു സമീപത്തു വച്ചിരുന്ന ചിതപ്പുരയുടെ താക്കോല്‍ക്കൂട്ടം എടുത്ത് കൊച്ചുമകന്‍റെ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് അതിലേയ്ക്ക് വച്ചുകൊടുത്തു കൊണ്ടു് ഒരു ധ്യാനത്തിലെന്നവണ്ണം മന്തിച്ചു “എന്‍റെ രണ്ടു തലമുറകള്‍ക്ക് മുമ്പ് അന്നത്തെ രാജഭരണം നമ്മുടെ കുടുംബത്തെ ഏല്‍പ്പിച്ച ദൗത്യം നീയാകുന്ന നാലാം തലമുറയിലേക്ക് പകരുകയാണ്, കാലത്തിനൊപ്പം ഈ കഥ തുടരുവാനായി.”

കൊച്ചു മകന്‍റെ മൂർദ്ധാവിൽ വലതു കൈവച്ച് അനുഗ്രഹിച്ച ശേഷം അവനെ ചേർത്തുപിടിച്ചു കൊണ്ട് സരോജിനിയമ്മ പുറത്തെ ചാരുബഞ്ചിൽ ഇരുന്നു. തലമുറകളുടെ ദൗത്യം കൊച്ചു മകനെയും പരിശീലിപ്പിയ്ക്കുന്ന പുതിയ അദ്ധ്യായം തുറക്കുവാനായി… ചിത ആളിക്കത്തുവാൻ തുടങ്ങിയതോടെ ആളുകൾ കുടുംബത്തിനെ ആശ്വസിപ്പിച്ചു കൊണ്ട് വിട പറഞ്ഞു തുടങ്ങി. വാർഡ് മെമ്പറും സമാജം സെക്രട്ടറിയും കൂടി സരോജിനിയമ്മയുടെ അടുത്ത് വന്ന് രണ്ട് കസേരയെടുത്തിട്ട് അമ്മയ്ക്ക് അഭിമുഖമായി ഇരുന്നു.

സെക്രട്ടറി തന്നെ തുടക്കമിട്ടു. “ഈ നഷ്ടപെട്ട ജീവനു തുല്യമായി പകരം വയ്ക്കുവാൻ ഒന്നുമില്ല എന്നറിയാമെങ്കിലും ഒരു ആശ്വാസ വാർത്തയുണ്ട്. അത് മെംബർ തന്നെ പറയും.”

അമ്മ ആളിക്കത്തുന്ന ചിതയിൽ നിന്ന് ദൃഷ്ടി പതിയെ പിൻവലിച്ച് മെമ്പറെ നോക്കി. മെമ്പർ വളരെ പതിഞ്ഞ ശബ്ദത്തിൽ, “സർക്കാരിന്‍റെ ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിയ്ക്കുന്ന ബില്ലിനെപ്പറ്റി സൂചിപ്പിച്ചു. അതു പ്രകാരം ശ്മശാനം നടത്തിപ്പുകാർക്ക് വേണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പെൻഷനും ഉറപ്പാക്കുന്ന ബില്ല് പാസാക്കി നിയമ നിർമ്മാണം നടത്തുന്നതാണ് എന്ന് തീരുമാനമായിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ എന്നെ ഈ തിരക്കൊഴിഞ്ഞിട്ട് ഏൽപ്പിച്ചാൽ മതി. എല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം.” നാളെ രാവിലെ വീണ്ടും വരാമെന്ന് പറഞ്ഞ് അവരും മെല്ലെയെണീറ്റു.

പുത്തനാറിന്‍റെ ഇരു കരകളിലെയും വഴി വിളക്കുകളിൽ നിന്നുള്ള പീത ശോഭ പ്രത്യാശയുടെ പ്രകാശ രേണുക്കളായി മഞ്ഞിലൂടെയെന്നവണ്ണം അമ്മയുടെ മനസ്സിലേയ്ക്ക് ഒരു കുളിർമ്മയായി പെയ്തിറങ്ങുവാൻ തുടങ്ങി.

കളകളം മുഴക്കി, ഇരുവരെയും ആശ്വസിപ്പിച്ചു കൊണ്ടെന്നവണ്ണം എല്ലാത്തിനും മൂക സാക്ഷിയായി പുത്തനാർ തന്‍റെ മാതൃ സവിധത്തിലേയ്ക്കുള്ള ഒഴുക്ക് അപ്പോഴും തുടർന്നു കൊണ്ടേയിരുന്നു.

और कहानियां पढ़ने के लिए क्लिक करें...