ഇത് 2024. നമുക്ക് 45 വർഷം പുറകോട്ട് പോകേണ്ടതുണ്ട്. എന്‍റെ കൂടെ താങ്കളെയും കൂട്ടുന്നു. നമുക്ക് ഒരു ടൈം ട്രാവൽ നടത്തി ഒന്ന് കറങ്ങിയിട്ട് ഉടനെ തിരിച്ച് വരാം.

കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഞാനും വത്സനും പത്ത് സി യിൽ ഒരുമിച്ച് പഠിക്കുന്ന കാലം. വത്സന്‍റെ അച്ഛൻ കുമാരച്ചേട്ടൻ ചായക്കട നടത്തുന്നു. വത്സന്‍റെ ചേട്ടൻ ജൂനിയർ ടെക്നിക്കൽ സ്കൂളിൽ പത്താം തരം കഴിഞ്ഞ് ബോംബെക്ക് ജോലി തേടി പോയ ശേഷം കടയിൽ അച്ഛനെ സഹായിക്കേണ്ട മുഴുവൻ ബാദ്ധ്യതയും വത്സനിലായി.

ചായക്കടയെന്ന് പറഞ്ഞെങ്കിലും ചായയും കടിയും മാത്രമല്ല കേട്ടോ. രാവിലെ അപ്പവും പുട്ടും പ്രാതലായിട്ടും ഉച്ചയ്ക്കും രാത്രിയും മീൻ കറിയും ഇറച്ചിക്കറിയുമുള്ള ഊണും ഉണ്ട്. പുറത്ത് നിന്ന് ആരെയും ജോലിക്ക് വയ്ക്കുന്ന പതിവ് പൊതുവെ അവിടങ്ങളിൽ ഇല്ലാത്തതിനാൽ വത്സന് നിന്ന് തിരിയാൻ സമയമില്ലായിരുന്നു. എന്നിട്ടും അതിനിടയിൽ പത്തിലെ പഠനം അവൻ ഒരു വിധം മുന്നോട്ട് കൊണ്ടുപോയി എന്നത് അതിശയം തന്നെ.

അതിനേക്കാളേറെ രസം ഇതിനിടയിലും ഡിറ്റക്ടീവ് നോവലുകൾ, ഗൃഹശോഭ, മനോരമ, ജനയുഗം, കേരള ശബ്ദം, ചിത്രകാർത്തിക, കുങ്കുമം എന്നീ വാരികകളും കോമിക്സ്, സാഹസിക ചിത്രകഥകളും അവൻ വായിച്ചിരിക്കും. ചിലത് പൈസ കൊടുത്ത് വാങ്ങിത്തന്നെ. പല സിനിമകളും വത്സൻ കാണുന്നത് സെക്കന്‍റ് ഷോയിലാണ്. അതും രാത്രി സ്ഥിരം ഊണ് കഴിക്കാനെത്തുന്ന പ്രൈവറ്റ് ബസ് ജോലിക്കാർക്ക് ഭക്ഷണം കൊടുത്ത ശേഷം കടയിൽ നിന്ന് ഒന്നരയും രണ്ടും കിലോമീറ്റർ അകലെയുള്ള തിയ്യേറ്ററിലേക്ക് ഓടിയെത്തിയുമാണ്. കാരണം രാത്രി ഒമ്പത് മണിക്ക് കൊടുങ്ങല്ലൂർക്ക് ഉള്ള അവസാന ബസ്സും പോയിക്കഴിയും.

എന്‍റെ അമ്മക്ക് പറമ്പിലെ രണ്ട് പ്ലാവിൽ നിന്ന് ചക്ക കയർ കെട്ടിയിറക്കാനും അഞ്ച് മാവുകളിൽ നിന്ന് മാങ്ങ തറയിൽ വീഴാതെ പൊട്ടിച്ചെടുക്കാനും വത്സൻ കൂടിയേ തീരൂ. പിന്നെ ചെസ് കളിക്കാനായി എനിക്കും എന്‍റെ വല്ല്യേട്ടനും ഒപ്പം വത്സനുണ്ട്. എന്‍റെ വീടിന്‍റെ രണ്ട് പറമ്പ് പടിഞ്ഞാറായി തോടുകളും പിന്നെയും പടിഞ്ഞാറ് പുഴയും ആണ്. ഈ തോടുകളിൽ നിന്ന് ഞണ്ട്, ചെമ്മീൻ എന്നിവ പിടിക്കുന്നതിൽ വത്സൻ ഒരു എക്സ്പർട്ട് ആയിരുന്നു. വത്സന്‍റെ ഹോബികൾ ഇനിയുമുണ്ട് പലതും.

ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഒരേ സ്കൂളിലും ഏഴാം ക്ലാസ് മുതൽ ഒരേ ക്ലാസിലുമായിരുന്നു. എട്ടിലേക്ക് ജയിച്ചപ്പോൾ ബയോളജിയുടെ ആദ്യ ക്ലാസ് തുടങ്ങിയത് ലാബിൽ വച്ച് ആയിരുന്നു. ആദ്യമായിട്ടാണ് ഞങ്ങൾ ഈ ലാബിൽ കയറുന്നത്. ടീച്ചർ മുന്നിൽ വന്നു നിന്ന് ഒരു ചെറിയ പരിചയപ്പെടലിന് ശേഷം ക്ലാസ് എടുക്കുവാൻ തുടങ്ങി.

വിഷയം കോശങ്ങളെപ്പറ്റിയായിരുന്നു. പക്ഷെ പലരുടെയും കണ്ണും മനസ്സും ആ ഹാളിൽ തൂക്കിയിട്ടിട്ടുള്ള മനുഷ്യന്‍റെ അസ്ഥികൂടത്തിലും ഫോർമലിൻ ലായനികളിൽ നിരനിരയായി സക്ഷിച്ചിട്ടുള്ള ഓരോ ജീവികളിലും മറ്റുമായിരുന്നു. ഇതിനിടക്കാണ് ടീച്ചർ കോശങ്ങളെപ്പറ്റി പഠിപ്പിച്ചതിൽ നിന്ന് ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ഇതായിരുന്നു. “കോശങ്ങളുടെ സംഘാതമായ കലകൾക്ക് ആർക്കെങ്കിലും ഒരു ഉദാഹരണം പറയാമോ?” ആർക്കും ഉത്തരമില്ലായിരുന്നു. പക്ഷെ വത്സൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു. “ഓട്ടൻ തുള്ളൽ.”

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വത്സൻ എന്‍റെ വീട്ടിൽ എത്താറുണ്ട്. എന്‍റെ വല്യേട്ടന് കൊപ്രക്കച്ചവടം ഉണ്ടായിരുന്നതിനാൽ വത്സൻ കടയിലേക്ക് ചിരട്ട വാങ്ങാൻ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഉണങ്ങിയ നാളികേരം പറമ്പിൽ നിന്ന് പെറുക്കി കുട്ടയിൽ എടുത്ത് രാത്രി പുകയിടാനുള്ള പുകപ്പുരയിലേക്ക് കൊണ്ട് വന്ന് ഇടുന്നതിൽ ഞങ്ങളെ സഹായിക്കുന്നതും അവന്‍റെ ഒരു ശീലമായിരുന്നു.

ഇനിയാണ് സർജിക്കൽ സ്ട്രൈക്ക് തുടങ്ങുന്നത്. ഒരു വൈകുന്നേരം വത്സൻ എന്‍റെ വീട്ടിലെത്തിയപ്പോൾ ഞങ്ങൾ കൊടുങ്ങല്ലൂർ ശ്രീ കാളീശ്വരി തിയ്യറ്ററിൽ കളിക്കുന്ന കമലഹാസനും സെറീന വഹാബും ചേർന്ന് അഭിനയിച്ച മദനോത്സവം എന്ന സിനിമയെ പറ്റി സംസാരിച്ചു. വേണമെങ്കിൽ ഇന്ന് രാത്രി സെക്കന്‍റ് ഷോയ്ക്ക് പോകാമെന്ന് വത്സൻ. പക്ഷെ എന്‍റെ കയ്യിൽ കാശും ഇല്ല. സെക്കന്റ് ഷോയ്ക്ക് എന്നെയൊട്ട് വീട്ടിൽ നിന്ന് വിടത്തുമില്ല.

അപ്പൊ എന്തു ചെയ്യും? ഞങ്ങൾ പല വഴിക്കും ആലോചിച്ച ശേഷം വന്നാൽ ടിക്കറ്റ് അവൻ എടുത്തു കൊള്ളാമെന്നായി. പക്ഷെ എങ്ങനെ പോകുമെന്നതായി പിന്നെയുള്ള പ്രശ്നം. അവസാനം ഞാൻ വീട്ടിൽ പറയാതെ എങ്ങനെയെങ്കിലും കടയിൽ എത്താം എന്ന് തീരുമാനമായി. ഞങ്ങൾ ഇതെല്ലാം രഹസ്യമായിട്ടായിരുന്നു തീരുമാനിച്ച് പിരിഞ്ഞത്.

വൈകിട്ട് ഉമ്മറത്ത് അമ്മ വിളക്ക് കൊളുത്തി വച്ചപ്പോൾ ഞാൻ പതിവ് പോലെ കയ്യും കാലും മുഖവും കഴുകി നാമം ചൊല്ലി. പിന്നെ കുറച്ചുനേരം പഠിച്ചെന്ന് വരുത്തി. വല്യേട്ടൻ ബാറ്ററിയിലുള്ള റേഡിയോ ഓൺ ചെയ്ത് ഊണ് മേശയിൽ കൊണ്ടു വച്ചു. അത് അത്താഴത്തിന്‍റെ സമയമായി എന്ന സൂചനയാണ്.

ആകാശവാണിയിലെ എട്ട് മണിക്കുള്ള പരിപാടി കേട്ടുകൊണ്ട് അത്താഴം തുടങ്ങുന്നത്. വല്യേട്ടന്‍റെ കല്യാണ സമ്മാനമായി കൊച്ചേട്ടൻ ഈ റേഡിയോ വാങ്ങിക്കൊണ്ടുവന്ന അന്ന് മുതലുള്ള ശീലമാണ്.

ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ അത്താഴമെല്ലാം കഴിച്ച് കുറച്ചു സമയം കൂടി പഠിച്ചു. ഇനി കിടക്കുക എന്ന ജോലിയേ ബാക്കിയുള്ളു. പക്ഷെ ഇന്ന് കിടക്കുന്നതിന് മുമ്പ് ചില പ്രത്യേക തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടല്ലോ. വീടിന്‍റെ ഉമ്മറത്തിനോട് ചേർന്നുള്ള ചായ്പിലാണ് പുകയിടേണ്ടതില്ലാത്ത കൊപ്ര സൂക്ഷിക്കാറുള്ളത്. ആ ചായ്പ് ഉമ്മറത്ത് നിന്ന് പൂട്ടി താക്കോൽ ജനലിൽ വയ്ക്കും. ഞാൻ അത്താഴം കഴിഞ്ഞ ഉടനെ പോയി ആരും കാണാതെ ആ താക്കോൽ എടുത്ത് താഴ് തുറന്ന് വാതിൽ പാളികൾ വെറുതെ ചാരി വച്ച് താക്കോലും താഴും ജനലിൽ തന്നെ വച്ചു. ഞാൻ പതിവുപോലെ ഉറങ്ങാനായി മുറിയിൽ കയറി കതകടച്ചു കുറ്റിയിട്ടു.

പായ വിരിച്ച് അതിൽ പുതപ്പെടുത്ത് കുടഞ്ഞ് വച്ച് കുറച്ച് നേരം കിടന്നു. എല്ലാവരും കിടന്നു എന്ന് ഉറപ്പായപ്പോൾ പതുക്കെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ഇരുട്ടിൽ ജനലിന്‍റെ അഴികളിൽ ചവിട്ടി മുകളിലേക്ക് കയറി വീടിന്‍റെ ഉത്തരത്തിൽ നിന്ന് പുറംഭിത്തിയിലേക്ക് ചരിച്ചു വച്ചിട്ടുള്ള മരത്തിന്‍റെ ഓരോ കഴുക്കോലിൽ പിടിച്ച് പിടിച്ച് കൊപ്രയിട്ടിരിക്കുന്ന ചായ്പിലേക്ക് ഭിത്തിയുടെ മുകൾഭാഗത്തുള്ള ചെറിയ വിടവിലൂടെ തൂങ്ങിത്തൂങ്ങി കടന്ന് ചായ്പിലെ ജനലിൽ ചവിട്ടി കൊപ്രയുടെ മുകളിലേക്ക് പതുക്കെ ഒരു സേഫ് ലാന്‍റിംഗ് നടത്തി.

പതുക്കെ ചായ്പിന്‍റെ വാതിൽ തപ്പിപ്പിടിച്ച് നേരത്തെ തന്നെ താഴ് മാറ്റി വച്ചിരുന്ന വാതിൽ പാളികൾ അകത്ത് നിന്ന് തുറന്ന് പുറത്തിറങ്ങി. ഇതുവരെ എല്ലാം സക്സസ്സ്. ആദ്യമായിട്ട് നടത്തുന്ന ഓപ്പറേഷൻ ആണ്. ഒരു ഡിറ്റക്ടീവ് നോവലിന്‍റെ വായിച്ചു മാത്രം കിട്ടിയിട്ടുള്ള ത്രിൽ നേരിട്ട് അനുഭവപ്പെട്ടു.

ശ്വാസം നിയന്ത്രിച്ച് ഇരുട്ടിൽ പയ്യെ മുറ്റത്തു കൂടി നടന്ന് ഇടവഴിയിലേക്ക് കാലെടുത്ത് വച്ചു. സമയം ഏകദേശം എട്ടേമുക്കാൽ കഴിഞ്ഞിട്ടേ ഉണ്ടാകുകയുള്ളൂ. ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി. ടാറിട്ട റോഡിലെത്താൻ വെറും 100 മീറ്റർ മാത്രം മതി. പക്ഷെ ഇരുവശവും വിജനമായി കിടക്കുന്ന ഈ ഇടവഴിയുടെ വശങ്ങളിൽ എന്നെക്കാത്ത് വല്ല പ്രേതങ്ങളോ മറ്റോ ഉണ്ടെങ്കിലോ….! ഇരുട്ടാണ്. നിലത്ത് വല്ല പാമ്പുകളെയും ചവുട്ടിയാലോ? ഇനി അടവ് ഒന്ന് മാറ്റിപ്പിടിച്ചാലേ പറ്റൂ. ശ്വാസം മുഴുവനുമായി എടുത്ത് കാലുകൾ ഇരുമ്പ് പോലെയാക്കി തോക്കിൽ നിന്നും വെടിയുണ്ട പായുന്ന കണക്ക് ഞാൻ മുന്നോട്ട് തെറിച്ചു.

റോഡിലെത്തിയാണ് നിറച്ചിരുന്ന ശ്വാസം പുറത്ത് വിട്ടത്. അസാധാരണത്വവും കിതപ്പും ഒട്ടും പുറത്ത് കാണിക്കാതെ നടന്ന് അഞ്ച് മിനിട്ട് കൊണ്ട് വത്സന്‍റെ കടയിലെത്തി. വത്സനും കുമാരച്ചേട്ടനും തകൃതിയായി ബസ് ജീവനക്കാർക്ക് ചോറ് കൊടുത്തു കൊണ്ടിരിക്കുന്നു. പതിവില്ലാതെ രാത്രി എന്നെക്കണ്ടപ്പോൾ കുമാരച്ചേട്ടൻ എന്താ സിനമയ്ക്കാണോ എന്ന് കുശലം ചോദിച്ചു. ഞാൻ അതെ എന്ന് തലയാട്ടി ബഞ്ചിൽ ഒതുങ്ങിയിരുന്നു. പണിയെല്ലാം ഒതുങ്ങിയപ്പോൾ വത്സൻ വസ്ത്രം മാറി പൈസയുമെടുത്ത് വന്നു. ഞങ്ങൾ കാലുകൾ നീട്ടിവലിച്ച് നടന്നു.

ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറിയപ്പോൾ പടം തുടങ്ങിക്കഴിഞ്ഞിരുന്നു. കമലഹാസൻ കാർ റേസിൽ പങ്കെടുക്കുന്നു. തിക്കുറിശ്ശി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ആ കാലത്തിറങ്ങിയ പടങ്ങളിൽ വച്ച് ഒരു നല്ല സിനിമ തന്നെയായിരുന്നു. പടമെല്ലാം തീർന്ന് തിരിച്ച് നടന്ന് കടയെത്തിയപ്പോൾ വത്സൻ പറഞ്ഞു ഒറ്റക്ക് പോകാൻ പേടിയാണെങ്കിൽ ഇവിടെ കടയിൽ കിടന്നിട്ട് വെളുപ്പിന് എഴുന്നേറ്റ് പോകാമെന്ന്. അവന്‍റെ മുമ്പിൽ കൊച്ചാകാതിരിക്കുവാൻ അതു വേണ്ട, എന്ന് പറഞ്ഞു ഞാൻ നടപ്പ് തുടർന്നു.

വീട്ടിലേക്ക് തിരിയേണ്ട ഇടവഴിയെത്തി. പഴയ തന്ത്രം തന്നെ വീണ്ടുമെടുത്തു. വീടിന്‍റെ പടിയിലെത്തിയാണ് ശ്വാസം വിട്ടത്. ശബ്ദമുണ്ടാക്കാതെ ഉമ്മറത്തേക്കുള്ള പടികൾ കയറി തപ്പിത്തപ്പി ചായ്പിലേക്ക് കടക്കുവാൻ ഞാൻ തുറന്നിട്ട് പോന്നിരുന്ന പാളികൾ നോക്കുമ്പോൾ കാണുന്നത് അവ ഭദ്രമായി താഴിട്ട് പൂട്ടിയിരിക്കുന്നതാണ്. താക്കോൽ ജനലിൽ കാണുന്നുമില്ല. ഞാൻ ഉമ്മറത്തിട്ടിരിക്കുന്ന പഴയ സെറ്റിയിൽ ഇരുന്നു.

എന്താണ് സംഭവിച്ചത്? എവിടെയാണ് എനിക്ക് പിഴച്ചത്? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. മനസ്സാകെ തളരുന്ന പോലെ തോന്നി. സെറ്റിയിൽ തന്നെ ചരിഞ്ഞു കിടന്നു. ഞാൻ പിടിക്കപ്പെട്ടു എന്നും ആദ്യ സംരംഭത്തിൽ തന്നെ എല്ലാവരും ചേർന്ന് എന്നെ തോൽപ്പിച്ചു കളഞ്ഞു എന്നുമുള്ള ആ സത്യത്തെ ഞാൻ പതിയെ എന്‍റെ മനസ്സിനെ വിശ്വസിപ്പിക്കുവാൻ ശ്രമിച്ചു. ഉറക്കം വന്നില്ല. പരാജയത്തിന്‍റെ കയ്പ് അറിഞ്ഞ് വെറുതെ കിടന്നു.

പതിവു പോലെ വെളുപ്പിനെ തന്നെ അമ്മ എഴുന്നേറ്റ് വിളക്ക് കൊളുത്തി വാതിൽ തുറന്നു വന്ന് നിലവിളക്ക് ഉമ്മറത്ത് വച്ച് തിരിഞ്ഞപ്പോൾ ഞാൻ സെറ്റിയിൽ കിടന്ന് കൊണ്ട് തന്നെ അമ്മയെ ഒന്ന് തല ചരിച്ച് നോക്കി. എന്നെ കണ്ടതോടെ അമ്മയുടെ മുഖത്ത് ദേഷ്യം, സങ്കടം തുടങ്ങി പലതും തിരയടിച്ചു. പല്ലിറുമ്മിക്കൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോയി. അഞ്ച് മണി കഴിഞ്ഞു എന്ന് ഉറപ്പായി. എങ്കിലും കുറച്ചു നേരം കൂടി അവിടെത്തന്നെ കിടന്നു.

നേരം പുലർന്നു തുടങ്ങി. ഞാൻ പതുക്കെ ചമ്മലോട് കൂടി അകത്തോട്ട് കയറി. ഞാൻ കിടക്കുന്നതിനു മുമ്പ് അകത്തു നിന്നും കുറ്റിയിട്ടിരുന്ന എന്‍റെ മുറിയുടെ വാതിൽ ഇതാ മലർന്നു തുറന്നു കിടന്ന് എന്നെ നോക്കി ചിരിക്കുന്നു. എന്‍റെ തല പാതാളത്തോളം താഴ്ന്നു. ഞാൻ ഒരു വലിയ സംഭവമാണെന്നുള്ള എന്‍റെ ധാരണയൊക്കെ ആവിയായിപ്പോയി. നിവർത്തി വിരിച്ചിട്ടിരുന്ന പായയും ഷീറ്റും ചുരുട്ടി വച്ച് പല്ല് തേക്കാനായി പുറത്തിറങ്ങി. വല്യേട്ടനും ചേടത്തിയും അമ്മയും ഓരോരോ പതിവ് പണികളിൽ മുഴുകിക്കഴിഞ്ഞു.

എന്നോട് ആരും ഒന്നും മിണ്ടുന്നില്ല. പക്ഷെ എന്താണ് ഞാൻ രാത്രി പോയതിനു ശേഷം ഇവിടെ സംഭവിച്ചത് എന്നറിയാൻ ഞാൻ വെമ്പി. പക്ഷെ ആരും ഒന്നും പുറത്തു വിടുന്നില്ല. അവരെല്ലാവരും ചേർന്ന് നന്നായി സ്ക്രിപ്റ്റ് തയ്യാറാക്കിയ പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്.

അന്ന് വൈകുന്നേരമായപ്പോഴേക്കും അയൽക്കാരിൽ പലരിൽ നിന്നായി കിട്ടിയ വിവരങ്ങൾ ഞാൻ ഒന്ന് എഡിറ്റ് ചെയ്ത് ക്രമപ്പെടുത്തി. ഇനി ആ ഫ്ലാഷ് ബാക്കിലേക്ക് പോകാം.

ഞാൻ വത്സന്‍റെ കടയിൽ ചെന്ന സമയത്ത് ഇവിടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് കോഴികളുടെ ബഹളം കേട്ട് അമ്മ ചിമ്മിനി വിളക്ക് കത്തിച്ച് എന്‍റെ മുറിയുടെ അടച്ചിട്ട വാതിലിന് മുമ്പിൽ വന്ന് തട്ടിക്കൊണ്ട് എന്നെ വിളിക്കുന്നു. ഞാനെഴുന്നറ്റു വരാതെയായപ്പോൾ അമ്മയുടെ വിഷമം വീണ്ടും കൂടി. അമ്മയുടെ ഈ വിളിയും കോഴിക്കൂട്ടിലെ ബഹളവും കേട്ട് ചേട്ടനും ചേടത്തിയും ഇറങ്ങി വന്നു. ചേടത്തി എന്‍റെ വാതിൽ തള്ളി നോക്കിയിട്ടും തുറക്കാതായപ്പോൾ അടുക്കളയിൽ പോയി കറിക്കത്തി എടുത്ത് കൊണ്ട് വന്ന് വാതിൽപ്പാളികളുടെ ഇടയിലുണ്ടായിരുന്ന വിടവിലൂടെ കത്തി കടത്തി അകത്തുള്ള സാക്ഷയെ കുറേശ്ശെയായി നീക്കി നീക്കി വാതിൽ തുറന്നപ്പോൾ എന്നെ പായയിൽ കാണുന്നില്ല.

ഈ മുറിയിൽ നിന്ന് ഞാൻ ചായ്പിലൂടെ പുറത്ത് പോയത് അവർ മനസ്സിലാക്കി. പക്ഷെ എവിടെപ്പോയി എന്നത് എങ്ങിനെ അറിയും? അപ്പോൾ അമ്മ പറഞ്ഞു “വൈകീട്ട് വത്സൻ വന്നപ്പോൾ അവർ എന്തോ കുശു കുശുക്കുന്നുണ്ടായിരുന്നു.”

എന്നാൽ പിന്നെ വത്സനോട് ചോദിച്ചറിയാമെന്ന് കരുതി ചേടത്തിയോട് കൊപ്ര ചായ്പ് പൂട്ടിയിടാൻ പറഞ്ഞ് വല്യേട്ടൻ സൈക്കിളെടുത്ത് വത്സന്‍റെ കടയിലെത്തി. കുമാരച്ചേട്ടൻ പണിയെല്ലാം ഒതുക്കുന്നതേയുണ്ടായിരുന്നുള്ളൂ. പുള്ളി പറഞ്ഞു “അവർ ഇപ്പോ സിനിമക്ക് പോയതേയുള്ളൂ.” ചേട്ടൻ വീട്ടിലെത്തി കാര്യം പറഞ്ഞതോടെ എല്ലാവർക്കും ആശ്വാസമായി.

പക്ഷേ, കോഴിക്കൂട്ടിലെ ബഹളം എന്താണെന്ന് നോക്കാൻ എല്ലാവരും കൂടി മണ്ണെണ്ണ ചിമ്മിനി വിളക്കുകളുമായി പോയി നോക്കിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. കൂട്ടിൽ കയറിയ ഒരു പാമ്പ് ഇതിനോടകം നാല് കോഴികളെ കൊന്നിരുന്നു. ആളുകൾ വെളിച്ചവുമായി വന്നതിനാൽ പാമ്പ് ആൾ താമസമില്ലാതെ കാട് കയറി കിടക്കുന്ന വടക്കെ പറമ്പിലേക്ക് ഇഴഞ്ഞ് പോയി.

ഒരുപക്ഷേ രാത്രി ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ നാല് ജീവനുകളെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നു എന്ന് ചിന്തിച്ചപ്പോൾ രണ്ടിറ്റ് കണ്ണുനീർ ഒഴുകിയിറങ്ങി. അങ്ങനെ ഇരുട്ടിന്‍റെ മറവിൽ ഞാൻ നടത്തിയ എന്‍റെ ആ സർജിക്കൽ സ്ട്രൈക്ക് ആദ്യത്തേതു മാത്രമല്ല അവസാനത്തേതുമായി.

और कहानियां पढ़ने के लिए क्लिक करें...