വെളുപ്പാൻകാലത്തെ മൂടിപ്പുതച്ചുള്ള ഉറക്കം കുട്ടിക്കാലം മുതൽ ശ്രീലയ്ക്കു പ്രിയമാണ്. അമ്മ കൂടെക്കൂടെ വന്ന് കുലുക്കി വിളിക്കും.
“അല്‌പം കൂടി കഴിയെട്ടമ്മേ…” മധുരമായ ഉറക്കത്തിലേക്ക് വീണ്ടും കൂപ്പുകുത്തുമ്പോൾ അമ്മയുടെ ശകാരവർഷം അകലെ നിന്ന് കേൾക്കുമ്പോലെ നേർത്തുനേർത്തില്ലാതാകും.
ഒരു മയക്കം കൂടി കഴിഞ്ഞ് ആലസ്യത്തോടെ എഴുന്നേറ്റ് വരുമ്പോഴും അമ്മയുടെ പിറുപിറുക്കൽ തീർന്നിട്ടുണ്ടാകില്ല. “ഈ പഠിത്തം എന്നും ആയിക്കോ…നിന്നെ വിളിച്ച് വിളിച്ച് നാക്കിലെ വെള്ളം വറ്റി. അതിലും ഭേദം ഒരു ടേപ്പ് നിന്‍റെടുത്ത് വയ്ക്കുന്നതാ…” രാവിലെ തിരക്കു പിടിച്ച വീട്ടുജോലികൾക്കിടയിൽ ശ്രീലയെ ഉണർത്താനുള്ള പാഴ്ശ്രമം അമ്മയെ ശുണ്ഠി പിടിപ്പിക്കും.
അതൊക്കെ ഒരുകാലം! ഇപ്പോൾ… വിവാഹം കഴിഞ്ഞതോടെ അവളുടെ ജീവിതം പാടേ മാറിപ്പോയി. സുശാന്തിന് രാവിലെ എട്ടുമണിക്ക് ഓഫീസിൽ പോകണം. വെളുപ്പിന് എഴുന്നേറ്റാലേ ആ സമയമാകുമ്പോഴേക്കും ഭക്ഷണം റെഡിയാകൂ. പത്രക്കാരനും പാൽക്കാരനും ചിലപ്പോൾ എഴുന്നേൽക്കും മുമ്പേ എത്തും. അവൾക്ക് വല്ലാത്ത കുണ്ഠിതമാണപ്പോൾ തോന്നുക.
ആദ്യമൊക്കെ സുശാന്തിനോട് പറഞ്ഞുനോക്കി. പക്ഷേ എന്തുണ്ടാവാൻ! പകൽ മുഴുവനും ജോലിയെടുക്കുകയാണ് സുശാന്ത്. “രാവിലെ ഞാൻ അല്‌പം ഉറങ്ങട്ടെ, നിനക്ക് വേണമെങ്കിൽ പകൽ ഉറങ്ങിക്കൂടേ?” ഭർത്താവ് ഇങ്ങനെ ചോദിച്ചാൽ ഏതു ഭാര്യയ്ക്കുണ്ട് മറിച്ചൊരുത്തരം?
ശ്രീല പാൽക്കാരനോട് പറഞ്ഞു,“അല്‌പം വൈകി വന്നുകൂടെ…?”
“ധാരാളം സ്ഥലത്ത് പാൽ കൊടുക്കാനുണ്ട് ചേച്ചീ, അതെല്ലാം കഴിഞ്ഞ് ഈ വഴി മടങ്ങിയെത്തുമ്പോൾ ഒത്തിരി വൈകും.”
അന്നും പതിവുപോലെ കോളിംഗ്ബെൽ കേട്ട് ശ്രീലയുണർന്നു. പാൽക്കാരനാകും… പാത്രവുമെടുത്ത് ഉറക്കച്ചടവോടെ വാതിൽ തുറന്നു.
തണുത്ത കാറ്റ്… ശരീരമാകെ പെട്ടെന്ന് കമ്പനം കൊണ്ട ആവേശത്തിൽ അവൾ കണ്ണുവിടർത്തി നോക്കി. പുലരിയുടെ തുടിപ്പ് ആകാശത്ത് നിറയാത്ത പ്രഭാതം. കാർമേഘങ്ങൾ നിറഞ്ഞ് കിഴക്കൻ മാനത്ത് സൂര്യകിരണങ്ങൾ ഒളിച്ചു കളിക്കുന്നു. ശ്രീലയുടെ കണ്ണുകളിൽ നിന്ന് ഉറക്കം പെട്ടെന്ന് പറപറന്നു.
വേനൽക്കാലത്തിന് വിരാമമിട്ട് മഴയെത്തുകയാണ്. പെയ്യാൻ വിതുമ്പി നില്‌ക്കുന്ന ആകാശത്തേക്ക് നോക്കിയപ്പോൾ അവളുടെ മനസ്സ് മയിലിനെപ്പോലെ പീലിവിടർത്തി.
പാൽപാത്രവുമായി എത്രനേരം അങ്ങനെ നിന്നുവെന്ന് അവൾക്കും അറിയില്ലായിരുന്നു. കറുത്തമേഘങ്ങൾ. . തണുത്തകാറ്റ്… അവളുടെ ഹൃദയം പ്രേമഭരിതമായി.
പാൽ അടുക്കളയിൽ വെച്ച് അവൾ കിടപ്പുമുറിയിലേയ്ക്കോടി. വിടർന്ന ലജ്‌ജയോടെ സുശാന്തിന്‍റെ മുടിയിഴകൾ തഴുകിക്കൊണ്ട് അവൾ ആവേശത്തോടെ വിളിച്ചു. “ഒന്നെഴുന്നേൽക്കൂന്നേ… പുറത്തേക്ക് നോക്കൂ…”
“എന്താ പെണ്ണേ… ഉറങ്ങാനും സമ്മതിക്കില്ലേ…”
“ശാന്തേട്ടാ… ഒന്ന് നോക്ക്. പുറത്ത് മഴ പെയ്യാൻ പോകുന്നു. ”
“കൊള്ളാം… നിനക്കെന്തിന്‍റെ കേടാ? ജൂൺ മാസം കഴിയാറായി. ഇനി മഴക്കാലമായില്ലേ…” സുശാന്ത് കണ്ണുകൾ തിരുമ്മിയടച്ചു.
പക്ഷേ ശ്രീലയുണ്ടോ വിടുന്നു. ജനൽ പാളികൾ മലർക്കേ തുറന്ന് അവൾ കെഞ്ചി. “ഒരു പ്രാവശ്യം! ഒന്ന് നോക്കെന്‍റെയേട്ടാ… ഇത്രയും സുന്ദരമായ ഈ കാഴ്ച കാണാതെ എങ്ങനെ ഉറങ്ങും?”
മഴക്കാർ നിറഞ്ഞ് അരണ്ട വെളിച്ചവും തണുത്ത കാറ്റുമുള്ള ഈ പുലരിയിൽ മനസ്സിലെ റൊമാന്‍റിക് ഭാവനകൾ സുശാന്തിനൊപ്പം ആസ്വദിക്കാൻ അവൾക്ക് വല്ലാത്ത കൊതി തോന്നി.
സുശാന്ത് പുതപ്പ് തലവഴി ശരിക്കും വലിച്ചിട്ടു. “എന്തൊരു കാറ്റാണിത്? നീയാ വാതിലടയ്ക്കുന്നോ ശ്രീ…”
“എന്നേക്കാൾ വലി ഉറക്കക്കൊതിയനാണ് നിങ്ങളും. അൺറൊമാന്‍റിക്!” ശ്രീല സുശാന്തിന്‍റെ പുതപ്പ് തട്ടിനീക്കി. അവൾ അപ്പോഴും പ്രതീക്ഷിച്ചു, സുശാന്ത് തന്നെ ചേർത്തുപിടിക്കുമെന്ന്. പക്ഷേ ഒന്നും സംഭവിച്ചില്ല.
ശ്രീല ഉദാസീനതയോടെ അടുക്കളയിലേക്ക് നടന്നു. ഇനി ചായ കാണുമ്പോഴെങ്കിലും ശാന്തേട്ടൻ ഉറക്കം വിട്ടെഴുന്നേൽക്കുമായിരിക്കും. ആ ജനാലയ്ക്കരികിലിരുന്ന് തണുത്ത കാറ്റേറ്റ് രണ്ടുപേർക്കും ചൂടുചായ നുകരാം. അപ്പോഴേക്കും മഴ തകർത്തെത്തും…
മുറ്റത്തേയ്ക്കിറങ്ങി ആദ്യമഴ നനഞ്ഞ്… മധുരതരമായ ഓർമ്മകളിൽ അവളുടെ മുഖത്ത് ചുവപ്പുരാശി പടർന്നു.
“ശ്രീ, നിനക്കെന്താ ഭ്രാന്തുണ്ടോ? രാവിലെ മനുഷ്യനെ മെനക്കെടുത്താൻ” പുതപ്പ് വലിച്ചെടുത്ത ദേഷ്യത്തിലാണ് സുശാന്ത്. ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണോ?
ആരുടെയും പ്രശ്നങ്ങളെക്കുറിച്ചറിയേണ്ട, ഒരു ചിന്തയുമില്ല. രാത്രി ഞാനെത്ര വൈകിയാണ് വന്നതെന്ന് നിനക്കറിയില്ല. ഫാക്ടറിയിൽ ഒരു മെഷീൻ തകരാറായപ്പോൾ രാത്രി ഏറെ നേരം കാക്കേണ്ടിവന്നു. ക്ഷീണം തീർക്കാൻ അല്‌പം കൂടുതൽ ഉറങ്ങണമെന്ന് കരുതിയതാ. അപ്പോഴാ അവളുടെ മഴയും റൊമാൻസും! ഓവർടൈം ചെയ്തു പണമുണ്ടാക്കിയാലേ കുടുംബം നടക്കൂ.
അവൾക്കെന്താ? നേരം കളയാൻ ഒരു റേഡിയോ, ടിവി, മാസിക, അയൽപക്ക സന്ദർശനം. ഇതിനിടയിൽ ഞാനും കൂടണമത്രെ. എന്‍റെ വിഷമതകൾ എന്താ മനസ്സിലാക്കാത്തത്? ഉറക്കച്ചടവിന്‍റെ ദേഷ്യം സുശാന്തിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല.
എഞ്ചിനീയറിംഗിനു പഠിക്കുമ്പോൾ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. ഐശ്വര്യ ഭരിതമായ ജീവിതം, സുഖസൗകര്യങ്ങൾ… പഠനം പൂർത്തിയായപ്പോഴാണ് യാഥാർത്ഥ ജീവിതത്തിന്‍റെ കഠോരത മനസ്സിലാകുന്നത്. നൂറുവാതിലുകൾ മുട്ടിയ ശേഷമാണ് ഇതുപോലൊരു ജോലിയെങ്കിലും സ്വന്തമായത്. ശമ്പളം അത്ര മെച്ചമല്ലെങ്കിലും കഴിഞ്ഞു കൂടിപ്പോകാമെന്ന ആശ്വാസം. ഈ സമ്മർദ്ദങ്ങൾക്കിടയിൽ ഭാര്യയുടെ ഇത്തരം പിടിവാശികൾ കണ്ടാൽ ആർക്കാണ് ദേഷ്യം തോന്നാതിരിക്കുക?
എട്ടുമണിയാകാൻ വളരെ കുറച്ച് സമയമേയുള്ളൂ. ബസ് കിട്ടുമോ എന്തോ? ഇവളെന്നെ ഭ്രാന്തു പിടിപ്പിക്കുമെന്ന് തോന്നുന്നു. സുശാന്ത് വേഗം ബാത്ത്റൂമിലേക്ക് കടന്നു.
അയാൾ തിരക്കുകൂട്ടുന്ന ശബ്ദം കേട്ടാണ് ശ്രീല ശ്രദ്ധിച്ചത്. “ആഹാ! എഴുന്നേറ്റോ? ഞാൻ ചായകൊണ്ടുവരാം.” തോളിൽ കൈവെച്ചുകൊണ്ട് അവൾ പറഞ്ഞു.
“നിനക്ക് ഒരു ശ്രദ്ധയുമില്ലല്ലോ ശ്രീ, എട്ടുമണിക്കുള്ള ബസ് ഇപ്പോൾ പോകും. നീയെന്താ എന്നോട് സമയം പറയാതിരുന്നത്?”
“ഇല്ല പറഞ്ഞില്ല, ഇന്ന് ശാന്തേട്ടൻ പോകുന്നില്ല.”
“അതെന്താ?” സുശാന്ത് ഞെട്ടിത്തിരിഞ്ഞു.
“കണ്ടില്ലേ. എന്തു നല്ല കാലാവസ്ഥ! ഇത്രയും റൊമാന്‍റിക്കായ ഈ നിമിഷങ്ങളെ നഷ്ടമാക്കി ആരെങ്കിലും ജോലിക്കു പോകുമോ?”
“അതുകൊള്ളാം! എന്താ നീയാണോ കമ്പനി മുതലാളി, എനിക്ക് ഇഷ്ടം പോലെ അവധി അനുവദിക്കാൻ…? ആ മെഷീൻ ഇന്നും ശരിയായില്ലെങ്കിൽ പണി മുടങ്ങും. എന്‍റെ ശമ്പളം വെട്ടിക്കുറയ്ക്കാനും മതി. ”
“അപ്പോൾ നിങ്ങൾക്ക് എന്നെക്കുറിച്ച് ഒരു ചിന്തയുമില്ല. എപ്പോഴും ജോലി തന്നെ. എങ്കിൽ പിന്നെ കല്യാണം കഴിക്കേണ്ടിയിരുന്നില്ല.” ശ്രീലയുടെ കണ്ണുകളിൽ ജലമൂറി.
“അങ്ങനെ പറയാതെ! നിന്നെപ്പോലൊരു ഭാര്യയെ പിന്നെയെങ്ങനെ എനിക്കു ലഭിക്കും?” കയ്യും മുഖവും തുടച്ച് സുശാന്ത് തമാശയായി ചോദിച്ചു. സംഭാഷണം കൈവിട്ടുപോകാൻ അയാൾക്കുംതാല്‌പര്യമുണ്ടായിരുന്നില്ല.
“എങ്കിൽ എനിക്കുവേണ്ടി ഒരു അവധിയെടുത്താലെന്താ? അതിന് കഴിയില്ലെങ്കിൽ ഈ പാവം വീട്ടുവേലക്കാരിയെ പറഞ്ഞുവിട്ടേക്കൂ…”
“ശ്രീ, രാവിലെ തന്നെ നീയെന്നെ വെള്ളം കുടിപ്പിക്കല്ലേ… മഴക്കാലം തുടങ്ങുന്നുവെന്ന് പറഞ്ഞ് ആർക്കെങ്കിലും അവധിയെടുക്കാൻ പറ്റുമോ?”
“കല്യാണം കഴിഞ്ഞിട്ട് പത്ത് കൊല്ലമൊന്നുമായില്ലല്ലോ. പത്ത് മാസമല്ലേ ആയിട്ടുള്ളൂ”
”ഇതാണു സ്ഥിതിയെങ്കിൽ ജോലിതുടരാൻ കഴിയുമോ? നിന്‍റെ പപ്പ നിന്നെ എനിക്കു കെട്ടിച്ചുതന്നത് ഈ ജോലി കണ്ടിട്ടാണെന്ന് മറക്കല്ലേ…”
“അതേ… പക്ഷേ പപ്പ അറിയുന്നില്ലല്ലോ എന്‍റെ അവസ്‌ഥ. ഈ നാട്ടിമ്പുറത്ത്, രാവും പകലും ഒരേ വീട്ടിൽ തന്നെ. പുറത്തു കൊണ്ടുപോകില്ല, മാർക്കറ്റിൽ കൊണ്ടുപോകില്ല. ഭക്ഷണം ഉണ്ടാക്കുക, കഴിക്കുക, ഉറങ്ങുക. ഈ നാലു ചുവരുകൾക്കുള്ളിൽ കഴിയുക. ഇതാണോ ജീവിതം?” ശ്രീയ്ക്ക് രോഷമടക്കാനായില്ല.
“ശരി മോളേ, നമുക്കെല്ലാം ശരിയാക്കാം. നീ ആദ്യം ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെയ്ക്ക്. ”
“ബ്രേക്ക്ഫാസ്റ്റ് കമ്പനിയിൽ കിട്ടില്ലേ…ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല. ചായയും ബ്രഡും…” വണ്ടിയുടെ ഹോൺ മുഴങ്ങിയപ്പോൾ സുശാന്ത് ദേഷ്യത്തോടെ ചെരിപ്പുകളിട്ട് പുറത്തേയ്ക്കോടി.
“എന്തൊക്കെ ആഗ്രഹിച്ചു. എന്നിട്ട് നടന്നതോ?” ശ്രീക്ക് സങ്കടം തോന്നി. ശാന്തേട്ടന് എനിക്കുവേണ്ടി ഒരു ദിവസം പോലും ചെലവഴിക്കാനില്ലെന്നോർത്തപ്പോൾ അവളുടെ മനസ്സാകെ കലങ്ങിമറിഞ്ഞു. കുറേനേരം അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു അവൾ. പിന്നെ ശാന്തമായി വീട്ടുജോലികളിൽ മുഴുകി. ഇതിനിടയിൽ ശ്രീലയുടെ ഹൃദയം എന്തിനെന്നില്ലാതെ വിങ്ങി നിറയുന്നുണ്ടായിരുന്നു. അന്ന് ഏകാന്തത കൂടുതൽ വിരസമായി അവൾക്കനുഭവപ്പെട്ടു.
ആകാശത്ത് മേഘങ്ങൾ കറുത്ത മൂടുപടം വിരിച്ചിരിക്കുന്നു. ആദ്യത്തെമഴത്തുള്ളികൾ…! ശ്രീല വരാന്തയിൽ നിന്ന് മഴ നോക്കി നിന്നു. കാറ്റിനൊപ്പം ചരിഞ്ഞെത്തിയ മഴത്തുള്ളികൾ ദേഹത്തുവീണപ്പോൾ, തപിക്കുന്ന മനസ്സിൽ മഞ്ഞുവീണതുപോലെ…
നനഞ്ഞു വിറച്ച് എത്രനേരം ആ മുറ്റത്തു നിന്നുവെന്ന് അവൾക്കും ഓർമ്മയില്ല. മുത്തുകൾ പോലെ ആകാശത്ത് നിന്നും ചിന്നിച്ചിതറുന്ന മഴത്തുള്ളികൾ! കുട്ടിക്കാലത്ത് ആ മുത്തുകൾ വാരിയെടുക്കാൻ എത്രയോ ശ്രമിച്ചിട്ടുണ്ടെന്നോ? മഴയിലേക്ക് തുള്ളിച്ചാടിയിറങ്ങുമ്പോൾ അമ്മ വഴക്ക് പറയുമായിരുന്നു. മഴക്കുറുമ്പു കാട്ടി പനി പിടിപ്പിക്കുക തന്‍റെ പതിവായിരുന്നല്ലോ. പക്ഷേ ഒരു രോഗത്തിനും മഴയോടുള്ള തന്‍റെ പ്രണയത്തെ അകറ്റാനായില്ല.
മഴ നനഞ്ഞു വിറച്ചു തുടങ്ങിയപ്പോൾ ശ്രീല അകത്തേക്ക് നടന്നു. വസ്ത്രം മാറി റേഡിയോ ഓൺ ചെയ്ത് പാട്ട് കേൾക്കാൻ തുടങ്ങി. ദേഷ്യം മഴയിലും പാട്ടിലും തണുത്തു തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് അവൾ സുശാന്തിനെക്കുറിച്ചോർത്തത്.
ശാന്തേട്ടൻ പറഞ്ഞത് ശരിയാണ്. താൻ വീട്ടിൽത്തന്നെ വിശ്രമം ആസ്വദിച്ച് കഴിയുന്നു. അദ്ദേഹമോ, രാവിലെ മുതൽ കമ്പനിക്കുള്ളിൽ ഇടതടവില്ലാതെ പണിയെടുത്ത് കഷ്ടപ്പെടുന്നു. “എന്‍റെ ഭോഷത്തം! ഇന്ന് ഞാനെന്തൊക്കെയാ കാട്ടിയത്, ദേഷ്യം കൊണ്ട്. ഭക്ഷണം പോലും നൽകിയില്ല.” അവളുടെ മനം കുറ്റബോധം കൊണ്ട് വിവശമായി. ശാന്തേട്ടൻ ഈ സമയം അരികിലുണ്ടായിരുന്നുവെങ്കിൽ… അവൾ വെറുതെ മോഹിച്ചു.
പെട്ടെന്നാണ് കോളിംഗ്ബെൽ മുഴങ്ങിയത്. ആരാവും ഈ സമയത്ത്. വാതിൽ തുറന്നപ്പോൾ ശ്രീലയ്ക്ക് വിശ്വസിക്കാനായില്ല. ശാന്തേട്ടൻ!
“എന്താ സുഖമില്ലേ?” അങ്ങനെ ചോദിക്കാനാണ് അവൾക്കപ്പോൾ തോന്നിയത്. ചോദ്യം കേട്ടപ്പോൾ സുശാന്തിന് ചിരിവന്നു.
“എന്‍റെ പെണ്ണേ, നീയൊന്നടങ്ങ്. ഞാൻ പറയട്ടെ.” സുശാന്ത് മുറിയിലേക്ക്കടക്കവേ അവളെ ചേർത്തു പിടിച്ചു.
“നീയല്ലേ രാവിലെ പറഞ്ഞത് ഇന്ന് പോകരുതെന്ന്? അത്യാവശ്യമുള്ളതുകൊണ്ടാണ് പോയത്. പക്ഷേ എങ്ങനെയാ മനസ്സുറയ്ക്കുക? മഴക്കാലം, തണുത്തകാറ്റ്, വീട്ടിൽ കുപിതയായ, സ്നേഹമയിയായ ഭാര്യ. പണിയൊക്കെ ഒരുവിധമൊരുക്കി ഹാഫ്ഡേ ലീവെടുത്തു, നിന്‍റെ കൂടെയിരിക്കാൻ.”
“ആകെ നനഞ്ഞിരിക്കുന്നു. പോയി വേഷം മാറി വരൂ, ഞാൻ ചായയെടുക്കാം.”
“ചായ പിന്നീടാകാം.” കുതറിമാറുന്ന ശ്രീയെ ബലമായി ചേർത്തുപിടിച്ചു അയാൾ. “ഇന്ന് മുഴുവൻ നമുക്കല്ലേ ശാന്തേട്ടാ, വെറുതെ അസുഖമുണ്ടാക്കേണ്ട.” ആ ശരീരത്തോട് ചേർന്നു നിൽക്കുമ്പോൾ ഒരിക്കലും വിട്ടുപിരിയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അവൾ കൈകൾ ബലമായി മാറ്റി അലമാരയിൽ നിന്ന് വസ്ത്രങ്ങളെടുത്തു.
“രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. അല്ലേ…?”
“ഉവ്വല്ലോ… ഞാൻ ചപ്പാത്തിയും ചിക്കനും കഴിച്ചു.”
“അതെയതെ… ഞാൻ വയറുനിറയെ മസാല ദോശയും.”
“അതുശരി. എന്നാൽ ചായയ്ക്കൊപ്പം എന്തെങ്കിലും കഴിക്കാനും കൊണ്ടുവാ…”
“അതെന്തിനാ? വയറ്റിൽ നിറയെ കോഴിക്കറിയും ചപ്പാത്തിയുമല്ലേ…?” അവൾ കൃത്രിമഗൗരവത്തോടെ ചോദിച്ചു.
“അതേ, മസാല ദോശയായാലും മതി.” പിണങ്ങിയിരുന്ന ഭാര്യയും തന്നെപ്പോലെ പട്ടിണിയാണെന്ന് സുശാന്തിനറിയാം. അവൾ കൊണ്ടു വന്ന കടുപ്പമുള്ള ചൂടുചായയ്ക്ക് നല്ല രുചി. ഒരു ഗ്ലാസ്സ് ചായ കൂടി ഒഴിക്കാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തിൽ അത് സംഭവിച്ചത്. ചായക്കോപ്പ കിടക്കയിലേക്ക് മറിഞ്ഞു.
“അയ്യോ… ഈ വിരി മുഴുവൻ ചായയായല്ലോ…” നിസ്സാരകാര്യത്തിനും ശ്രീലയ്ക്ക് ടെൻഷൻ… ചായ വീണ വിരിപ്പെടുത്ത് ബക്കറ്റിലെ വെള്ളത്തിലിട്ട്, അലമാരയിൽ നിന്ന് മറ്റൊരു കിടക്കവിരി തപ്പിയെടുക്കവേ അവൾ പറഞ്ഞു, “ഇപ്രാവശ്യം വീട്ടിൽ പോയി വരുമ്പോൾ ആ രണ്ട് പുതിയ പുതപ്പുകൾ കൊണ്ടുവരണം. ഇതെല്ലാം മുഷിഞ്ഞു.”
“ശ്രീ, ആ പുതപ്പുകൾ ഞാൻ അമ്മയ്ക്ക് കൊടുത്തല്ലോ”
“ആഹാ… എന്നിട്ടെന്നോട് പറഞ്ഞില്ലല്ലോ? ആ പുതപ്പുകൾ എന്‍റെ അമ്മ നൽകിയതല്ലേ. അപ്പോൾ ഞാനറിയണ്ടേ ഇതെല്ലാം…?” ശ്രീലയുടെ സ്വരത്തിലെ ഈർഷ്യ സുശാന്ത് തിരിച്ചറിഞ്ഞു.
“നീയെന്‍റേതല്ലേ പെണ്ണേ, അപ്പോൾ നിന്‍റെ സാധനങ്ങളും എന്‍റേതല്ലേ” അവളെ അനുനയിപ്പിക്കാനുള്ള ശ്രമത്തോടെ, അയാൾ ആ കൈകളിൽ ബലമായി പിടിച്ചടുപ്പിച്ചു.
പക്ഷേ, അവൾക്കത് അംഗീകരിക്കാനായില്ല. ഞാനെത്ര ഇഷ്ടത്തോടെ സൂക്ഷിച്ചതാണവ. എന്നിട്ട് എന്നോട് ഒരുവാക്ക് ചോദിക്കാതെ ശാന്തേട്ടൻ… “സോറി മോളേ, ഞാനറിഞ്ഞില്ല അതൊന്നും. അച്‌ഛനമമ്മമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നടത്തേണ്ടത് നമ്മളല്ലേ. എത്ര കഷ്ടപ്പെട്ടാണ് ഈനിലയിലേക്ക് നമ്മെ അവർ വളർത്തിയത്? അവരെ ഞാൻ സഹായിച്ചില്ലെങ്കിൽ പിന്നാരു ചെയ്യും?”
“ആയിക്കോ, അവരുടെ കാര്യം മാത്രം മതിയല്ലോ. എനിക്കിഷ്ടമുള്ള സാധനങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്നത് ഞാൻ സഹിക്കില്ല.” ശ്രീല വിടാനുള്ള ഭാവമില്ല.
“നീയിങ്ങനെ അതുമിതും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കാതെ ശ്രീ. എന്തിനും ഒരതിരുണ്ട്.” സുശാന്തിന്‍റെ സ്വരം ഉയർന്നു. ആഞ്ഞടിച്ച കാറ്റിൽ വാതിൽപ്പാളികൾ ശക്‌തിയായി തുറന്നടഞ്ഞു.
“പിന്നേ, നിങ്ങളെന്നെ എന്തു ചെയ്യുമെന്നാ…?” ശ്രീല വാതിൽ ചേർത്തടയ്ക്കാനുള്ള ശ്രമത്തിനിടെ ദേഷ്യത്തോടെ പറഞ്ഞു. വെട്ടിത്തിരിഞ്ഞു നടക്കുമ്പോൾ മഴയത്ത് നനഞ്ഞ തറയിൽ കാൽ തെന്നി വീഴാനൊരുങ്ങി. സുശാന്ത് പെട്ടെന്ന് അവളെ താങ്ങിയെടുത്തു. കരുത്തുള്ള ആ കരങ്ങളിൽ ഒരു പോറലുമേൽക്കാതെ അമർന്നു നിന്നപ്പോൾ അവൾ ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവൾക്ക് എന്തോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ അയാൾ ആ ചുണ്ടിൽ വിരൽ ചേർത്ത് അവളെ തടഞ്ഞു.
ആ കണ്ണുകളിൽ നിറയുന്ന പ്രേമപാരവശ്യം അവൾ ഇമയനക്കാതെ നോക്കി നിന്നു. ഈ മഴക്കുളിരിൽ താൻ ആഗ്രഹിച്ചത് ഈ നിമിഷങ്ങൾക്കായിരുന്നില്ലേ… എന്നിട്ട് താനെന്താണ് ചെയ്തത്. വെറുതെ വഴക്കടിക്കുകയായിരുന്നില്ലേ. ഈ സ്നേഹം തിരിച്ചറിയാഞ്ഞിട്ടല്ല. എന്നിട്ടും എന്തിനായിരുന്നു ഈ ദുശാഠ്യം. അവൾക്കു കുണ്ഠിതം തോന്നി.
ആ മനസ്സ് വായിച്ചറിഞ്ഞ പോലെ സുശാന്ത് അവളെ നെഞ്ചോട് ചേർത്തു. അപ്പോൾ പുറത്ത് മഴ പെയ്തൊഴിയുന്നത്, മനസ്സിൽ മറ്റൊരു മഴ നിറഞ്ഞു കവിയുന്നത് ഒരു സ്വപ്നം പോലെ അവളറിഞ്ഞു.