എന്തുഭംഗി നിന്നെക്കാണാൻ…” എന്ന് ആരെങ്കിലുമൊന്നു പ്രശംസിച്ചാൽ കോരിത്തരിക്കാത്ത കൗമാരക്കാരുണ്ടോ? സ്വന്തം സൗന്ദര്യത്തിന്‍റെ മായക്കാഴ്‌ചയ്‌ക്ക് മുന്നിൽ മനസ്സ് വർണ്ണശബളമാകുന്നത് നമുക്ക് തൊട്ടറിയാം. 14 വയസ്സിനും 21 വയസ്സിനുമിടയിലാണ് ഒരു വ്യക്‌തിയുടെ ശരീരത്തിലെ ആന്തരികവും ബാഹ്യവുമായ കോശങ്ങൾ കൂടുതൽ ക്രിയാത്മകമായിരിക്കുക. കൂടാതെ ഈ സമയത്ത് ശരീരം ഏറെ മാറ്റങ്ങൾക്ക് വിധേയമാകുന്നു. അതോടൊപ്പം തന്നെ മനോവിചാരങ്ങളും മാറുന്നു. തന്‍റെ യൗവനത്തുടിപ്പുകൾ അതിമനോഹരമാക്കി നിലനിർത്തുന്നതിനെക്കുറിച്ചായി പിന്നെ ഇവരുടെ ചിന്തയത്രയും. അതോടെ, ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന സൂത്രങ്ങളൊക്കെ പരീക്ഷിച്ചു തുടങ്ങുകയായി.

കൗമാര മനസ്സിന്‍റെ ഈ ആകുലതകളെയാണ് വൻകിട കോസ്‌മെറ്റിക്‌ കമ്പനികളും ചൂണ്ടയിട്ട് കൊരുക്കുന്നത്. ആന്‍റി ഏജിംഗ് ഇൻഡസ്‌ട്രിയുടെ അഭൂതപൂർവ്വമായ വളർച്ച സൗന്ദര്യ പരിചരണ രംഗത്ത് നൂതനമായ ഏറെ കണ്ടുപിടിത്തങ്ങൾക്ക് വഴിവെച്ചു. ഇങ്ങനെ പോയാൽ ഈ ബിസിനസ്സ് 43 ബില്യൺ പൗണ്ടിൽ എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ എല്ലാത്തരത്തിലുമുള്ള ബ്യൂട്ടി സ്‌കിൻ ക്രീമുകളും ബോട്ടോക്‌സ് പോലുള്ള വിലയേറിയ ട്രീറ്റ്‌മെന്‍റും ഉൾപ്പെടും.

ആന്‍റി ഏജിംഗ് ഉല്പന്നങ്ങളുടെ വിപണിയിൽ കഴിഞ്ഞ അഞ്ച് വർഷമായിഅമേരിക്കയാണ് ഒന്നാം സ്‌ഥാനത്ത്. തൊട്ടു പിന്നാലെ തന്നെ ബ്രിട്ടനുമുണ്ട്. ഈ രാജ്യങ്ങളിൽ ഓരോ വർഷവും സ്ത്രീകൾ സൗന്ദര്യവർദ്ധക വസ്‌തുക്കൾക്കായി മാത്രം വിനിയോഗിക്കുന്ന തുക കേട്ടാൽ നിങ്ങൾ ഞെട്ടും, 650 മില്യൺ പൗണ്ട്! ഇന്ത്യയിൽ ഇത് 200 കോടിരൂപയാണ്. ഇന്ത്യയിൽ മാത്രം പ്രതി വർഷം 1,200 കോടിയിൽ കൂടുതൽ രൂപയുടെ ചർമ്മസംരക്ഷണ ഉല്പന്നങ്ങൾ വിറ്റഴിയിക്കുന്നുണ്ട്.

ആന്‍റി ഏജിംഗ് ഉത്പന്നങ്ങളോട്‌ ആളുകൾക്കുള്ള താല്‌പര്യമാണ് വിപണിയുടെ ഈ കുതിച്ചുചാട്ടത്തിനു പിന്നിൽ. മുഖത്ത് ഒറ്റ ചുളിവ് പോലുമില്ലെങ്കിലും അതിനെക്കുറിച്ചുള്ള ആധിയാണ് മിക്കവർക്കും. അതവരെ ഇത്തരം ഉത്പന്നങ്ങൾക്ക് പിന്നാലെ പായാൻ പ്രേരിപ്പിക്കുന്നു. സൗന്ദര്യവർദ്ധകങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നതോടെ പല വീടുകളിലും ബഡ്‌ജറ്റ് തന്നെ താളം തെറ്റുന്നു.

പരസ്യങ്ങളുടെ മായാജാലം

സുന്ദരിയാകാൻ ഇഷ്‌ടമില്ലാത്തവരായി ആരാണുള്ളത്? നിങ്ങളുടെ സൗന്ദര്യവും ചെറുപ്പവും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഉത്പന്നമെന്ന് ടിവി പരസ്യത്തിലെ സുന്ദരി പറയുമ്പോൾ ആരുമൊന്ന് കൊതിച്ചു പോകും. കറുത്തവരെ വെളുപ്പിക്കാൻ, തടിച്ച വരെ മെലിഞ്ഞ സുന്ദരികളാക്കാൻ, ചെറുപ്പവും യൗവനവും നിലനിർത്താൻ തുടങ്ങി നിങ്ങളുടെ പോരായ്‌മകളെല്ലാം പരിഹരിക്കാമെന്ന് പറഞ്ഞ് പരസ്യങ്ങൾ ഇങ്ങനെ സദാ പിന്നാലെ കൂടുമ്പോൾ ടീനേജുകാർ പോലും മുഖത്ത് ചുളിവുകളുണ്ടോ എന്ന്‌ തിരയാൻ തുടങ്ങും.

ചുളിവുകൾ പ്രായക്കൂടുതലിന്‍റെതാണെന്ന കാര്യം പോലും ഈ കൗമാരക്കാർ ഓർക്കാറില്ല. ലക്‌സാണ് തന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യമെന്ന് ഐശ്വര്യ റായിയും, ദീദി ഷാംമ്പൂവാണ് തന്‍റെ മുടിയഴകിന്‍റെ കാവൽക്കാരിയെന്ന് സംവൃത സുനിലും വെളിപ്പെടുത്തുമ്പോൾ സെലിബ്രിറ്റികളുടെ സൗന്ദര്യത്തിന്‍റെ രഹസ്യമെന്തെന്ന് തേടിയലയുന്ന കൗമാരക്കാർക്ക് അതൊരു ബ്രേക്കിംഗ് ന്യൂസ്‌ തന്നെ! പല തൊഴിൽ മേഖലയിലും സൗന്ദര്യം തന്നെ മാനദണ്ഡം. ചെറുപ്പമായിരിക്കുക എന്നതാണ് പല പ്രൊഫഷനും ഇന്ന് ആവശ്യപ്പെടുന്ന യോഗ്യത. നിങ്ങളുടെ സൗന്ദര്യം ചിലപ്പോൾ നിങ്ങൾക്ക് കമ്പനിയെ റെപ്രസന്‍റ് ചെയ്യാനുള്ള ഗോൾഡൻ ചാൻസ് സമ്മാനിച്ചെന്നു വരാം. മാത്രമല്ല, 28-ാം വയസ്സിൽ കമ്പനി സിഇഒ ആയ നിങ്ങൾക്ക് 32ൽ മാനേജിംഗ് ഡയറക്‌ടറുടെ കസേര വരെ സ്വന്തമാക്കാം!

പ്ലാസ്‌റ്റിക് സർജറി: ചില യാഥാർത്ഥ്യങ്ങൾ

ലോകം മുഴുവൻ പ്ലാസ്‌റ്റിക് സർജറിയുടെ പിന്നാലെ പോകുന്ന കാലമാണിത്. ഏതു വിരൂപനും കൃത്രിമമായി സൗന്ദര്യം  കൈവരിക്കാം. എന്നാൽ ഇതെത്ര മാത്രം സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല.

പ്ലാസ്‌റ്റിക് സർജറി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • സർജറിയുടെ ഫലം എപ്പോഴും സുരക്ഷിതമാകണമെന്നില്ല. സർജറി കൊണ്ട്‌ മറ്റൊരാൾക്ക് കിട്ടിയ ഗുണം നിങ്ങൾക്ക്‌ കിട്ടണമെന്നുമില്ല.
  • ഏതുതരം സർജറിയിലും എന്തെങ്കിലും അപകടം പതുങ്ങിയിരിപ്പുണ്ടാകാം. അത് മറക്കാതിരിക്കുക.
  • സർജറിക്ക് ശേഷമുള്ള റിക്കവറിക്ക്‌ ഏറെ സമയമെടുക്കും. ദീർഘനേരം വേദനയുണ്ടായാൽ അത് സഹിക്കാൻ ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ പൂർണ്ണമായും ഭേദമാകാൻ മാസങ്ങൾ തന്നെ വേണ്ടി വരും.
  • ചർമ്മത്തിലും ആന്തരിക പാളിയിലുമുള്ള കലകളെ സർജറി ദോഷകരമായി ബാധിക്കും.

എന്താണ് മുഖക്കുരു?

കൗമാരപ്രായത്തിലെത്തുന്നതോടെ മുഖക്കുരു ശല്യക്കാരനാവുകയായി. പലപ്പോഴും ചികിത്സയും ആന്‍റി പിമ്പിൾ ക്രീമുമൊന്നും ഫലപ്രദമാകണമെന്നില്ല.  ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾ കൊണ്ടാണ് പലപ്പോഴും കൗമാരത്തിൽ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്. കുറച്ചുനാൾ കഴിയുന്നതോടെ അവ താനേ മാറിക്കൊള്ളും. മറിച്ച്, അതിനെ  തടയാൻ നോക്കുമ്പോഴാണ് അത് അപകടകാരിയായി മുഖത്താകെ പടരുന്നത്. മുഖക്കുരു ഉണ്ടാക്കുന്ന അടയാളങ്ങൾ ഇല്ലാതാക്കാൻ ചികിത്സ ചെയ്യാം. ഭൂരിഭാഗം കുട്ടികളും വരാൻ പോകുന്ന വാർദ്ധക്യത്തെ തടയാനുള്ള ശ്രമങ്ങൾക്കിടയിൽ സ്വന്തം ചെറുപ്പകാലം ശരിയായി ആസ്വദിക്കാറില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ബുദ്ധിപരമായി ഉന്നത നിലവാരം പുലർത്തുന്ന കുട്ടികളെപ്പോലും പരസ്യങ്ങളുടെയും ടിവിയുടെയും മായക്കാഴ്‌ചകൾ സ്വാധീനിക്കുന്നു. പല ഉൽപ്പന്നങ്ങളുടെയും യഥാർത്ഥ ഉപയോഗവും പാർശ്വഫലങ്ങളും അറിയാതെയാണ് കൗമാരക്കാർ ഉപയോഗിക്കുന്നത്. 14 മുതൽ 21 വയസ്സുവരെയെങ്കിലും മക്കളുടെ കാര്യങ്ങളിൽ അമ്മമാർ പ്രത്യേകം ശ്രദ്ധ ചെലുത്തിയാൽ മിഥ്യാധാരണകളിൽ നിന്നും അവരെ മാറ്റിനിർത്താൻ കഴിയും. ഈ പ്രായത്തിൽ അവരുടെ ചർമ്മത്തിന് പ്രത്യേക രാസവസ്‌തുക്കളുടെ ആവശ്യമില്ലെന്ന്‌ പറഞ്ഞു മനസ്സിലാക്കണം.

और कहानियां पढ़ने के लिए क्लिक करें...