കല്യാണദിവസം അടുക്കുന്തോറും നേഹയുടെ ടെൻഷനും കൂടിക്കൂടി വന്നു. ആദ്യ ഭർത്താവ് അമലുമൊത്തുള്ള സുന്ദര നിമിഷങ്ങൾ അവളുടെ മനസിൽ നിന്ന് വിട്ടു പോകുന്നില്ല. വിവാഹത്തിന്‍റെ ദിനത്തിലും ആ ഓർമ്മകളിൽ നിന്ന് മോചനം ലഭിക്കുന്നുണ്ടായിരുന്നില്ല. അവൾ ആ ഓർമ്മകളെ വിസ്‌മൃതിയിൽ കുഴിച്ചു മൂടാൻ ഏറെ ശ്രമിച്ചുവെങ്കിലും അത് പാഴ്ശ്രമം മാത്രമായി.

നേഹയുടെ മാതാപിതാക്കൾക്ക് അവളുടെ പ്രയാസം ശരിക്കും മനസ്സിലാകുന്നുണ്ട്. എന്നാൽ രണ്ടാം വിവാഹം അല്ലാതെ മറ്റൊരു വഴി അവർക്കു മുന്നിലും ഇല്ല. നേഹയ്ക്ക് 25 വയസ്സ് ആയതേയുള്ളൂ. ജീവിതം ഇനിയും ഒത്തിരി ബാക്കിയുണ്ട്.

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം ഭർത്താവ് അമൽ അപകടത്തിൽ മരണപ്പെട്ടു. നേഹയുടെ ഇനിയുള്ള ജീവിതത്തിൽ ആ വേർപാടിന്‍റെ ദുഃഖം മറക്കാൻ മറ്റൊരു വിവാഹം അല്ലാതെ നിവൃത്തിയില്ല. മാത്രമല്ല തങ്ങൾ മരിച്ചാലും മകളുടെ ജീവിതം സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിച്ചതിനാൽ മറ്റൊരു വിവാഹത്തിന് അവർ അവളെ നിർബന്ധിക്കുകയായിരുന്നു.

പല കാരണങ്ങൾ കൊണ്ടും സ്ത്രീക്ക് തന്‍റെ ആദ്യ ഭർത്താവിനെ മറക്കാൻ പ്രയാസമായിരിക്കും. രണ്ടാമതു വിവാഹം കഴിച്ചാലും ആ ഓർമ്മകൾ ഇല്ലാതാക്കുക അത്ര എളുപ്പമല്ല പലർക്കും. ഇതേക്കുറിച്ച്, രണ്ടു പ്രാവശ്യം വിവാഹമോചനം തേടേണ്ടി വന്ന 32 കാരിയായ ദേവിക പറയുന്നത് കേൾക്കാം. “രണ്ടാമത്തെ വിവാഹം എനിക്ക് ലൈംഗിക ചൂഷണം അല്ലാതെ മറ്റൊന്നും നൽകിയില്ല. എന്‍റെ ആദ്യ വിവാഹബന്ധം ഞാൻ വേണ്ടെന്ന് വച്ചത് ഭർത്താവിന് സന്താനോൽപാദനശേഷി ഇല്ലെന്നറിഞ്ഞപ്പോഴാണ്. മാത്രമല്ല സെക്‌സിനോട് താൽപര്യമില്ലാത്ത ആളും ആയിരുന്നു. രണ്ടാമത്തെ ഭർത്താവ് ഇതൊക്കെ അറിഞ്ഞതിനു ശേഷമാണ് വിവാഹം നടന്നത്. എനിക്ക് ലൈംഗികത ഇഷ്ടമാണെന്ന കാരണത്താൽ മാത്രം അയാൾ എന്നെ ലൈംഗിക ചൂഷണം ചെയ്യാൻ തുടങ്ങി. സ്വന്തം ലൈംഗിക ശക്തി എങ്ങനെയൊക്കെ പ്രകടിപ്പിക്കാൻ പറ്റും എന്നാണ് ചിന്ത. യഥാർത്ഥത്തിൽ മാനസികമായ അടുപ്പം തോന്നിയാൽ മാത്രമേ ലൈംഗികത ആസ്വാദ്യമാകൂ. ഇദ്ദേഹത്തോട് എനിക്കത് തോന്നാത്തതു കൊണ്ട് ഓരോ സെക്സും ഒരു പീഡനമായിട്ടാണ് അനുഭവപ്പെടുന്നത്.

ഇതൊക്കെ കണക്കിലെടുത്തപ്പോൾ അദ്യത്തെ ഭർത്താവ് എത്രയോ ഭേദമാണെന്ന് തോന്നിപ്പോയി. സ്നേഹത്തോടെ പെരുമാറാനും, മറ്റൊരാളുടെ വേദന മനസ്സിലാക്കാനും കഴിയുമായിരുന്നു. അദ്ദേഹത്തെ ഉപേക്ഷിച്ചതിൽ എനിക്ക് ശരിക്കും കുറ്റബോധം തോന്നിയത് അപ്പോഴാണ്. ആ ചിന്ത മനസ്സിൽ വേരുപിടിച്ച സമയത്ത് അവിചാരിതമായി ഞാൻ ആദ്യ ഭർത്താവിനെ കാണാൻ ഇടയായി. എന്നെ പിരിഞ്ഞ ശേഷം അദ്ദേഹം കടുത്ത ഡിപ്രഷനിലായിരുന്നു. അതു കൂടി മനസ്സിലായപ്പോൾ എനിക്ക് കൂടുതൽ പ്രയാസമായി. ഞങ്ങൾ ഇടയ്ക്കിടെ കാണുന്നുണ്ടെന്ന് രണ്ടാമത്തെ ഭർത്താവിന് മനസ്സിലായതോടെ ഞങ്ങൾക്കിടയിൽ പൊരുത്തക്കേടു തുടങ്ങി. അങ്ങനെ രണ്ടാമത്തെ വിവാഹവും പരാജയപ്പെട്ടു. വിവാഹമോചനത്തിലെത്തി.” ഇനി ഒരു വിവാഹം വേണ്ടെന്നു വയ്ക്കാൻ ഇത്രയും അനുഭവം പോരെ എന്നാണ് ദേവികയുടെ ചോദ്യം.

“ഒരു വലിയ ചടങ്ങായിട്ടായിരുന്നു എന്‍റെ രണ്ടാം വിവാഹം. എന്നാൽ മണ്ഡപത്തിൽ നിൽക്കുമ്പോൾ പോലും എനിക്ക് ആദ്യത്തെ വിവാഹ നിമിഷങ്ങളാണ് മനസ്സിലേക്ക് കടന്നു വന്നത്. രണ്ടാമത്തെ ഭർത്താവിനെ മനസ്സു കൊണ്ട് സ്വീകരിക്കാൻ എനിക്ക് കൂടുതൽ സമയം വേണ്ടി വന്നു” ബിസിനസുകാരിയായ നമിത പറയുന്നു. വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും ഇക്കാലത്തും സ്ത്രീ പുരുഷന്മാർ ഇത്തരം വൈകാരിക പ്രശ്ന‌ങ്ങളുടെ അടിമകളാണ്. മേൽപറഞ്ഞ പ്രശ്നം കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെ ആണെന്നു മാത്രം. ഇതിന്‍റെ കാരണം തീർത്തും മാനസികമാണ്. ആദ്യ വിവാഹം മിക്കവരുടെയും ജീവിതത്തിൽ രോമാഞ്ചകരമായ അനുഭവം ആയിരിക്കും. കൗമാരക്കാലം മുതൽ മനസിൽ ഉയർന്നു തുടങ്ങുന്ന വിവാഹസ്വപ്‌നങ്ങൾക്ക് വർഷങ്ങൾക്കു ശേഷം സാക്ഷാൽക്കാരം വരുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെയായിരിക്കും.

ഭർത്താവ്, പുതിയ കുടുംബം അതേക്കുറിച്ചൊക്കെ ഒരുപാട് സ്വപ്നങ്ങൾ നെയ്‌തുകൂട്ടിയിട്ടുണ്ടാകും. അതേ മനസിൽ വേർപാടോ വൈരാഗ്യമോ, വിവാഹമോചനമോ ഉണ്ടാക്കുന്ന മുറിവിന്‍റെ ആഴം വളരെ വലുതായിരിക്കും.

രണ്ടാമത്തെ വിവാഹമാകട്ടെ, ഭാവി ജീവിതത്തെ കുറിച്ചുള്ള ഭയാശങ്കകളെ മറികടക്കാൻ മാത്രം വേണ്ടിയുള്ള കാൽവയ്‌പാണ്. അതിനാൽ രണ്ടാം ഭർത്താവിനെയും കുടുംബത്തെയും മാനസികമായി അംഗീകരിക്കാൻ കൂടുതൽ സമയമെടുത്തേക്കാം. കൊച്ചിയിൽ ഒരു സർക്കാർ ഓഫീസിൽ ജോലി ചെയ്യുകയാണ് സ്മൃതി. അവൾക്ക് ഈ ജോലി ലഭിച്ചത് ഭർത്താവിന്‍റെ മരണശേഷമാണ്. എന്നാൽ ആ ഓഫീസിൽ പലരും അവളോട് വിധവ എന്ന പേരിൽ ശല്യപ്പെടുത്താൻ തുടങ്ങി. “സർക്കാരിന്‍റെ ദാനം എന്ന മട്ടിലാണ് അവർ എന്‍റെ ജോലിയെ കണ്ടത്. ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന തോന്നലിൽ പലരും എന്നോട് സെക്സ് വരെ ഓഫർ ചെയ്തു. അത് നിരസിച്ചപ്പോൾ എന്നെ കുറിച്ച് കള്ളക്കഥകൾ പറഞ്ഞു പരത്തി. ഈ സമയത്ത് എന്‍റെ മുന്നിൽ രണ്ടാം വിവാഹം അല്ലാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു.

ഭാഗ്യവശാൽ എനിക്ക് നല്ലൊരു പങ്കാളിയെയാണ് പിന്നീട് ലഭിച്ചത്. രജിസ്റ്റ‌ർ മാര്യേജ് ചെയ്തു. വിവാഹപത്രം ഒപ്പു വച്ച് പുറത്തേക്കിറങ്ങുമ്പോൾ തോന്നിയത് സന്തോഷമല്ല ആശ്വാസമാണ്. ഒരു വിധവയല്ല ഞാൻ എന്ന ആശ്വാസം. ഞങ്ങളുടെ ആദ്യ രാത്രി ആദ്യത്തെ വിവാഹത്തിലേതു പോലെ രോമാഞ്ചകരമായ അനുഭവമായിരുന്നില്ല. എങ്കിലും ഇപ്പോൾ സന്തോഷമുണ്ട്, സ്വസ്ഥ‌തയുണ്ട്” സ്‌മൃതി പറയുന്നു.

രണ്ടാം വിവാഹത്തെക്കിറിച്ച് പറയുമ്പോൾ ജീവിതം സുരക്ഷിതമാകുന്നതിനെ കുറിച്ച് മാത്രമാണ് സ്ത്രീയും പുരുഷനും ചിന്തിക്കുന്നത്. അവിടെ പ്രണയമെന്ന ഘടകം കുറവായിരിക്കും.

“തികച്ചും ഔപചാരികതയോടെ ബന്ധത്തെ സമീപിക്കാനാണ് പലർക്കും താൽപര്യം. ചില പുരുഷന്മാരെ സംബന്ധിച്ചാണെങ്കിൽ ഭാര്യ ആകാൻ പോകുന്ന സ്ത്രീ കുറെക്കാലം മറ്റൊരു പുരുഷന്‍റെ സ്വത്തായിരുന്നു എന്ന ചിന്ത പൊങ്ങി വരുന്നതും മാനസിക അടുപ്പം കുറയ്ക്കാൻ കാരണമാകാറുണ്ട്. എന്നാണ് മനഃശാസ്ത്രജ്‌ഞർ പറയുന്നത്.

രണ്ടാം വിവാഹവുമായി പൊരുത്തപ്പെടാൻ പറ്റുന്നില്ലെന്ന ടെൻഷനുമായി ധാരാളം സ്ത്രീകൾ മനോചികിത്സകരെ തേടിയെത്തുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. രണ്ടാം വിവാഹം ചെയ്ത സ്ത്രീയെ പുരുഷനും ഉൾക്കൊള്ളാൻ പ്രയാസം നേരിടാറുണ്ട്. വിവാഹശേഷവും പഴയ ഭർത്താവിനെ അവർ സ്നേഹിക്കുന്നതോ ആളെക്കുറിച്ച് പറയുന്നതോ ഇഷ്ടമാവുകയില്ല. ആദ്യ ഭർത്താവുമായി രഹസ്യബന്ധം ഉണ്ടെന്ന് രണ്ടാം ഭർത്താവിന് സംശയം തോന്നുന്നതും ബന്ധം വഷളാക്കും. എന്നാൽ സുനിതയുടെ ജീവിതകഥ കുറച്ചു വ്യത്യസ്‌തമാണ്. നാലാമത്തെ വിവാഹമാണ് സുനിതയുടേത്.

“യൂണിവേഴ്‌സിറ്റി പഠനത്തിനിടയിലായിരുന്നു എന്‍റെ ആദ്യ വിവാഹം. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം. എന്നാൽ ഒന്നര വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ പിരിഞ്ഞു. രണ്ടാമത്തെ വിവാഹം കഴിച്ച് രണ്ടു വർഷത്തിനകം അദ്ദേഹവും അപകടത്തിൽ മരിച്ചു. മൂന്നാമത്തെ വിവാഹവും പൊരുത്തപ്പെട്ടു പോയില്ല. എന്നാൽ ഇവർ മൂന്നുപേരുമായുള്ള ജീവിതകാലം എനിക്ക് അങ്ങനെ സങ്കടകരമായ അനുഭവങ്ങൾ മാത്രമല്ല തന്നത്. സന്തോഷവും നൽകിയിരുന്നു. ഇപ്പോൾ നാലാമത്തെ വിവാഹം ചെയ്‌തപ്പോഴും എനിക്ക് വളരെ സന്തോഷമാണ് തോന്നിയത്. വിവാഹം ഒന്നാമത്തെയാണോ, രണ്ടാമത്തെയാണോ എന്നതല്ല, സ്വയം വിവാഹത്തിന് മനസ്സു കൊണ്ടു തയ്യാറാവുക എന്നതു തന്നെയാണ് പ്രധാനം. ഭർത്താവിന്‍റെ പുതുപെണ്ണായി തന്നെ പെരുമാറിയാൽ ജീവിതത്തിൽ അവരും സന്തുഷ്ടരാകും. നമ്മളും ഹാപ്പിയാകും.” സുനിത തന്‍റെ അനുഭവം പങ്കുവയ്ക്കുന്നു.

രണ്ടാം വിവാഹമാകുമ്പോൾ സെക്‌സിനെ കുറിച്ചുള്ള പക്വമായ ചിന്തകൾ രണ്ടുപേർക്കും ഉണ്ടാകുന്നത് ഗുണകരമാണെന്നാണ് സുനിത പറയുന്നത്. എന്നാൽ രണ്ടുപേരിലും ഉണ്ടാകണം എങ്കിലേ ലൈംഗികത ആസ്വദിക്കാൻ പറ്റൂ. ഇതുവരെ പ്രണയത്തിലേർപ്പെടാത്ത ആളെപ്പോലെ പരസ്‌പരം സ്സ്നേഹിക്കാൻ കഴിഞ്ഞാൽ ആദ്യരാത്രി പോലെ ആസ്വാദ്യകരമാവും ഓരോ നിമിഷവും. ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന പ്രമീള പറയുന്നതു കേൾക്കൂ.

“ഞങ്ങളുടേത് രണ്ടാം വിവാഹമായിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം ആറുമാസം കഴിഞ്ഞു മതി വിവാഹം എന്ന് മനോജാണ് തീരുമാനിച്ചത്. പരസ്പരമുള്ള പ്രണയം ശക്തമാക്കാൻ ഇതു വേണം എന്നാണ് മനോജ് പറഞ്ഞത്. ഞങ്ങൾ പ്രണയിനികളെപ്പോലെ പെരുമാറിയിരുന്നു. വിവാഹത്തിനു മുമ്പ് ശാരീരികബന്ധത്തിന് പലവട്ടം അവസരം ഉണ്ടായെങ്കിലും മനോജ് തയ്യാറായില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ മനോജ് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, “നിന്‍റെ ആദ്യ വിവാഹ സമയത്ത് നീ എങ്ങനെ വിവാഹദിനം വന്നണയാൻ ആഗ്രഹിച്ചുവോ അതിലും തീവ്രമായി നമ്മുടെ വിവാഹദിനം എത്തിച്ചേരാൻ നീ ആഗ്രഹിക്കും. അത്രയും തീവ്രമായി നമുക്കിടയിലെ ലൈംഗികതയും മാറും. ഞാൻ അതിനു വേണ്ടി കാത്തിരിക്കുകയാണ്.” ഇത് സത്യമായിരുന്നുവെന്ന് പ്രമീള. മനോജിനൊപ്പമുള്ള ജീവിതം എല്ലാ രീതിയിലും പുതുമ നിറഞ്ഞതായി. ആദ്യത്തെ വിവാഹത്തേക്കാളും സുന്ദരമായിത്തോന്നി.

പ്രമീളയുടെ അനുഭവം ഒരു നല്ല പാഠമാണെന്ന് മനോചികിത്സകയായ ഡോ. മധുലത ചൂണ്ടിക്കാട്ടുന്നു. എത്ര പ്രാവശ്യം വിവാഹം കഴിച്ചു എന്നതിലല്ല കാര്യം. എങ്ങനെ ജീവിക്കുന്നു എന്നതാണു പ്രധാനമെന്ന് മനസിലാക്കിയാലേ പുനർവിവാഹത്തിൽ സന്തോഷം ലഭിക്കൂ. പഴയ ഓർമ്മകൾ പെട്ടെന്ന് മാഞ്ഞു പോകില്ല. എന്നാൽ പുതിയ ജീവിതത്തെ സ്വീകരിക്കാൻ മാനസികമായി തയ്യാറാവുകയാണ് വേണ്ടത്. രണ്ടാം വിവാഹത്തിന്- വീട്ടുകാർ പെൺകുട്ടിയെ പ്രേരിപ്പിക്കുമ്പോൾ പറയുന്നത് ജീവിതത്തിൽ ഒറ്റക്കായാലുളള പ്രയാസങ്ങളാണ്. അതിലുപരിയായി യോജിച്ച ഇമോഷണൽ പാർട്‌ണർ ജിവിതത്തിൽ വേണമെന്ന പിന്ത പെൺകുട്ടിയിൽ സൃഷ്‌ടിക്കുകയാണ് വേണ്ടത്.

വിവാഹമോചിതയോ വിധവയോ ആയ മകൾ/ സഹോദരി വീട്ടിൽ ഭാരമാണെന്ന ചിന്തയിൽ അവളെ പറഞ്ഞു വിടാതിരിക്കുക. അവളുടെ വിവാഹം കാലം ആവശ്യപ്പെടുന്ന അനിവാര്യതയായി കുടുംബവും മനസിലാക്കുകയാണ് ആവശ്യം. അങ്ങനെ ചെയ്ത പുനർവിവാഹത്തെ വർണ്ണാഭമായ മനസോടെ അവൾക്കും സ്വീകരിക്കാൻ കഴിയും.

और कहानियां पढ़ने के लिए क्लिक करें...