വേനൽക്കാലം തുടങ്ങും മുന്നേ തന്നെ ഓരോ ദിവസവും അതി കഠിനമായ ചൂടാണ് കേരളത്തിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. വേനൽ ആയപ്പോൾ പറയുകയും വേണ്ട. ഈ കൊടും ചൂടിൽ നിന്ന് ഒരു ബ്രേക്ക്‌ എടുക്കാൻ ആഗ്രഹമുണ്ടോ ഗയ്സ്? വേനൽ അവധി കാലത്ത് വേനൽച്ചൂടിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിന്‌ പുറത്ത് എവിടെ ആണ് യോജിച്ച ഇടം എന്ന് തിരയുകയാണോ? എങ്കിൽ നമ്മുടെ സുന്ദരമായ ഇന്ത്യ തന്നെ ആനന്ദകരമായ നിരവധി സ്ഥലങ്ങൾ നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സീസണിൽ സന്ദർശിക്കാനുള്ള മികച്ച ആറ് സ്ഥലങ്ങൾ ഏതൊക്ക ആണ്, ആ സ്ഥലങ്ങളുടെ സ്വഭാവം, കാലാവസ്ഥ, താമസ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടി മനസിലാക്കാം…

മഞ്ഞു പെയ്യുന്ന മണാലി

മണാലി എന്ന് കേൾക്കുമ്പോഴേ ആഹാ ഉള്ളിലൊരു കുളിർ ആണ്. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നോർത്തിന്ത്യൻ ഡെസ്റ്റിനേഷൻ ആണ് മണാലി… ഹിമാലയ സാനുക്കളുടെ ഗംഭീര്യം നിറഞ്ഞ മഞ്ഞുമൂടിയ മലനിരകൾ, പച്ചപ്പ് നിറഞ്ഞ താഴ്വരകൾ, വന്യമായ നദികൾ ഇതെല്ലാം കൊണ്ട് സുന്ദരമാണ് മണാലി. ഇവിടെ ഇപ്പോൾ വളരെ സുഖകരമായ കാലാവസ്ഥ ആണ്… സുഖകരമായ ദിനങ്ങളും തണുത്ത രാത്രികളും നിങ്ങളെ സ്വന്തനിപ്പിക്കുക തന്നെ ഹിമാചൽ പ്രദേശിലെ മലമ്പ്രദേശ പട്ടണമാണ് മനാലി. ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം കുളു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

Manali

ഗതാഗതം: മണാലിയിലേക്ക് പോകാൻ ഡൽഹി, ചണ്ഡീഗഡ് തുടങ്ങിയ സമീപ നഗരങ്ങളിൽ നിന്ന് ബസ്, ഷെയർ ടാക്സി ഇവ ഉപയോഗിക്കുന്നത് പരിഗണിക്കുക. ഇത് വിമാന യാത്രയെക്കാൾ ലാഭകരമാണ്.

താമസം: മണാലിയിൽ പോകുമ്പോൾ എവിടെ താമസിക്കണം? ഒരു മികച്ച അനുഭവത്തിനായി സുഖപ്രദമായ കോട്ടേജുകളിലോ ബോട്ടിക് ഹോട്ടലുകളിലോ താമസിക്കുന്നത് പരിഗണിക്കാവുന്നതാണ്. ടൂർ പാക്കേജുകളുടെ ഭാഗമായാണ് പോകുന്നതെങ്കിലും എവിടെ ആണ് താമസം എന്ന് മുൻകൂട്ടി ചോദിച്ചു മനസിലാക്കുക; ഗസ്റ്റ് ഹൗസുകൾ, ഹോസ്റ്റലുകൾ, അല്ലെങ്കിൽ ബജറ്റ് ഹോട്ടലുകൾ എന്നിവ നോക്കുക. പഴയ മണാലിയിലോ വസിഷ്ഠിലോ ചെലവ് കുറഞ്ഞ ഓപ്ഷനുകൾ കണ്ടെത്താം.

ഭക്ഷണം: ആവിയിൽ വേവിച്ച ചോറ്, കറി അല്ലെങ്കിൽ തൈര്, മദ്ര (തൈര് അടിസ്ഥാനമാക്കിയുള്ള വിഭവം), ദാൽ, റൈത എന്നിവ ആസ്വദിക്കുക. പ്രത്യേക അവസരങ്ങളിൽ, ബോട്ടി, വട, ഭട്ടോറ, പത്രൊഡു എന്നിവ ലഭിച്ചേക്കാം. പ്രാദേശിക ഭക്ഷണശാലകളും തെരുവ് ഭക്ഷണ സ്റ്റാളുകളും സന്ദർശിക്കുക. രുചികരമായ മോമോസ്, തുക്പ, പ്രാദേശിക ഹിമാചലി വിഭവങ്ങൾ എന്നിവ മണാലി വാഗ്ദാനം ചെയ്യുന്നു.

വിനോദങ്ങൾ: ചെലവേറിയ സാഹസിക കായിക വിനോദങ്ങൾക്ക് പകരം ട്രെക്കിംഗ് അല്ലെങ്കിൽ നേച്ചർ വാക്ക് തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. സോളാംഗ് വാലിയിൽ പാരാഗ്ലൈഡിംഗ്, സിപ്‌ലൈനിംഗ്, എടിവി റൈഡുകൾ, സ്കീയിംഗ് 2 എന്നിങ്ങനെയുള്ള ത്രില്ലിംഗ് കാര്യങ്ങൾ ഒക്കെ ഉണ്ട്.

തണുത്തുറഞ്ഞ കുന്നിൻമുകളിൽ മെല്ലെ നടന്ന്, പ്രകൃതി ഭംഗി ആസ്വദിക്കാൻ മറക്കരുത്..

ഭൂമിയിലെ സ്വർഗം ശ്രീനഗർ

ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കുന്ന കശ്മീരിലേക്ക് പോകാൻ കൊതിക്കാത്തവർ ആരുണ്ട്? ജമ്മു- കാശ്മീരിന്‍റെ വേനൽക്കാല തലസ്ഥാന നഗരമാണ് ശ്രീനഗർ. കാശ്മീർ താഴ്വരയിലാണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. സിന്ധു നദിയുടെ ഒരു പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗർ നഗരം തടാകങ്ങൾക്കും തടാകങ്ങളിലെ ഹൗസ്‌ബോട്ടുകൾക്കും പ്രശസ്തമാണ് മഞ്ഞിൻ കൂടാരമാണിവിടം. പച്ചപ്പു നിറഞ്ഞ മഞ്ഞു മലനിരകൾ, ശാന്തമായ തടാകങ്ങൾ, വിസ്മയിപ്പിക്കുന്ന പൂന്തോട്ടങ്ങൾ എന്നിവയാൽ മനോഹരമായ നഗരം. വേനൽക്കാലത്തുള്ള കാലാവസ്ഥ വളരെ നല്ലതാണ്. തണുത്ത സായാഹ്നങ്ങളോടുകൂടിയ മിതമായ വേനൽ ആണിവിടെ അനുഭവപ്പെടുന്നത്.

travel Dal lake Srinagar

ഗതാഗതം: മികച്ച നിരക്കുകൾക്കായി നേരത്തെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യേണ്ടി വരും. ജമ്മുവിലേക്കുള്ള മനോഹരമായ ട്രെയിൻ യാത്രയും പരിഗണിക്കാവുന്നതാണ്, ഷെയർ ടാക്സിയിൽ ശ്രീനഗറിലേക്ക് പോകാൻ കഴിയും.

എവിടെ താമസിക്കണം: ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകൾ തിരഞ്ഞെടുക്കുന്നത് നല്ല ഓപ്ഷൻ ആണ്. ആകർഷകമായ നിരവധി ഹോട്ടലുകളും ഉണ്ട്.

ഭക്ഷണം: റോഗൻ ജോഷ്, വാസ്‌വാൻ തുടങ്ങിയ പ്രാദേശിക കശ്മീരി വിഭവങ്ങൾ പരീക്ഷിക്കുക. ബജറ്റിന് അനുയോജ്യമായ ഭക്ഷണത്തിനായി ലോക്കൽ ഭക്ഷണം അനേഷിച്ചു നോക്കാവുന്നതാണ്.

വിനോദങ്ങൾ: ദാൽ തടാകത്തിൽ ഷിക്കാര റൈഡുകൾ ആസ്വദിച്ച് മുഗൾ ഗാർഡൻസ് സന്ദർശിക്കാം. ഗുൽമാർഗ് ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഡേ ട്രിപ്പാണ്.

ഷോപ്പിംഗ്: കുങ്കുമപ്പൂവ്, പഴങ്ങൾ, പഷ്മിന ഷാളുകൾ എന്നിവ പ്രാദേശിക വിപണികളിൽ നിന്ന് നേരിട്ട് വാങ്ങുക.

മനോഹര ചിത്രം പോലെ നൈനിറ്റാൾ

Nainital

ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് നൈനിറ്റാൾ. സമൃദ്ധമായ കുന്നുകൾ, ശാന്തമായ തടാകങ്ങൾ, ഇടതൂർന്ന വനങ്ങൾ. നൈനിറ്റാൽ ഒരു സുന്ദരമായ പെയിന്‍റിംഗ് പോലെ ആണ്. ഉന്മേഷം നൽകുന്ന കാലാവസ്ഥയുടെയും പ്രകൃതിയുടെയും പെർഫെക്ട് ബ്ലെൻഡിംഗ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇടയ്ക്കിടെ പെയ്യുന്ന മഴയോടൊപ്പം ഉന്മേഷദായകമായ കാലാവസ്ഥ ആണ് ഇവിടെ ഉള്ളത്

ഗതാഗതം: ഡൽഹിയിലേക്ക് ട്രെയിനിലോ വിമാനത്തിലോ പോകുക, തുടർന്ന് ഷെയർ ടാക്സിയിൽ നൈനിറ്റാളിലേക്ക് പോകാവുന്നതാണ്.

എവിടെ താമസിക്കണം: നൈനി റിട്രീറ്റ് പോലെയുള്ള തടാകതീരത്തെ റിസോർട്ടുകളോ ഹിൽടോപ്പ് ലോഡ്ജുകളോ തിരഞ്ഞെടുക്കുക. മാൾ റോഡിനോ ഭീംതാളിനോ സമീപമുള്ള ബജറ്റ് ഹോട്ടലുകളിൽ താമസിക്കുക. തിരക്കേറിയ ടൂറിസ്റ്റ് സീസണുകൾ ഒഴിവക്കാൻ കഴിഞ്ഞാൽ വളരെ മികച്ച യാത്ര അനുഭവം നൈനിറ്റാൾ സമ്മനിക്കും.

ഭക്ഷണം: പ്രാദേശിക കുമയൂണി പാചകരീതി പരീക്ഷിക്കുക. നൈനാ ദേവി ക്ഷേത്രത്തിനടുത്തുള്ള സ്ട്രീറ്റ് ഭക്ഷണം പരീക്ഷിക്കാവുന്നതാണ്.

വിനോദം: നൈനി തടാകത്തിൽ ബോട്ടിംഗ്, സ്നോ വ്യൂ പോയിന്‍റ് സന്ദർശിക്കുക, ടിഫിൻ ടോപ്പ് യാത്ര ചെയ്യാം.

ഷോപ്പിംഗ്: മെഴുകുതിരികൾ, കരകൗശല വസ്തുക്കൾ, പ്രാദേശികമായി ഉണ്ടാക്കുന്ന ജാം എന്നിവ വാങ്ങുക.

തേയില മണക്കും ഡാർജിലിംഗ്

ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സ്ഥിതി ചെയ്യുന്ന നാടാണ് ഡാർജിലിംഗ്. ഡാർജിലിംഗ് എന്ന വാക്കിന്‍റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് – ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിംഗ് കൂടിച്ചേർന്നാണ് ഡാർജിലിംഗ് ആയത്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിന്‍റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഡാർജിലിംഗ് ചായ, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ലോകത്തിലേ തന്നെ മേൽത്തരം ചായക്കൂട്ടുകളും ഇവിടെ നിന്നാണ് ഉണ്ടായത്.

തേയിലത്തോട്ടങ്ങളുടെ പറുദീസ ആയി ഡാർജിലിം ഗ് അറിയപ്പെടുന്നത് അത് കൊണ്ടാണ്. മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ, അതിശയിപ്പിക്കുന്ന സൂര്യോദയ കാഴ്ചകൾ എല്ലാം സഞ്ചാരിയെ വിസ്മയിപ്പിക്കും. ഇവിടത്തെ കാലാവസ്ഥ തണുത്തതും സുഖകരവുമാണ്.

travel Darjeeling

ഗതാഗതം: ന്യൂ ജൽപായ്ഗുരിയിലേക്ക് (NJP) ട്രെയിനിൽ പോകുക, തുടർന്ന് ഡാർജിലിംഗിലേക്ക് ഷെയർ ടാക്സിയിൽ പോകുക.

താമസം: ടീ എസ്റ്റേറ്റുകൾ, ബോട്ടിക് ഹോട്ടലുകൾ, വിൻഡമേർ ഹോട്ടൽ പോലെയുള്ള കൊളോണിയൽ ശൈലിയിലുള്ള താമസങ്ങൾ ഒക്കെ നോക്കാവുന്നതാണ്. കുറഞ്ഞ നിരക്ക് വേണം എന്നുള്ളവർക്ക് ചൗരസ്ത മാളിന് സമീപമുള്ള ബഡ്ജറ്റ് ഫ്രണ്ട്‌ലി ഗസ്റ്റ് ഹൗസുകളോ ലോഡ്ജുകളോ തിരഞ്ഞെടുക്കാം.

ഭക്ഷണം: മോമോസ്, തുക്പ, നാടൻ ചായകൾ എന്നിവ ആസ്വദിക്കുക.

വിനോദം: ടൈഗർ ഹില്ലിലെ സൂര്യോദയം, ബറ്റാസിയ ലൂപ്പ്, ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ യാത്ര.

ഷോപ്പിംഗ്: പ്രാദേശിക തേയിലത്തോട്ടങ്ങളിൽ നിന്ന് നേരിട്ട് ഡാർജിലിംഗ് ചായ വാങ്ങുക.

മലകളുടെ രാജ്ഞി ഷിംല

ചരിത്ര പരമായ പ്രാധാന്യം, കൊളോണിയൽ വാസ്തുവിദ്യ, പനോരമിക് കാഴ്ചകൾ എന്നിവ കൊണ്ട് സമ്പന്നമാണ് ഷിംല. ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം ആണ് ഈ നഗരം. 1864 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. മലകളുടെ രാജ്ഞി എന്നാണ് ഷിംല അറിയപ്പെടുന്നത്. ഹിമാലയപർവത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചണ്ഡിഗഡിൽ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡൽഹിയിൽ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്. സുഖകരമായ ദിനങ്ങളും തണുപ്പുള്ള രാത്രികളുംമാണ് ഇവിടത്തെ സവിശേഷത.

shimla

ഗതാഗതം: ഡൽഹിയിൽ നിന്നോ ചണ്ഡീഗഢിൽ നിന്നോ രാത്രിയിൽ സുഖപ്രദമായ ബസ് എടുക്കുക. ഇത് ചെലവ് കുറഞ്ഞതും മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നതുമാണ്.

താമസം: ഒബ്റോയ് സെസിൽ പോലുള്ള പൈതൃക ഹോട്ടലുകൾ അല്ലെങ്കിൽ വുഡ്‌വിൽ പാലസ് ഹോട്ടൽ പോലെയുള്ള ബോട്ടിക് സ്റ്റേകൾ. ഷിംലയിലെ മഷോബ്ര അല്ലെങ്കിൽ ചെയിൽ പോലുള്ള ശാന്തമായ പ്രദേശങ്ങളിൽ ബജറ്റ് ഹോട്ടലുകളോ ഹോംസ്റ്റേകളോ നോക്കുക.

ഭക്ഷണം: പ്രാദേശിക ധാബകളും കഫേകളും എക്സ്പ്ലോർ ചെയ്യുക. ഹിമാചലി വിഭവം “ചന മദ്ര” കഴിച്ചു നോക്കണം.

വിനോദം: ജാഖൂ ക്ഷേത്രം, കൽക്കയിലേക്കുള്ള ടോയ് ട്രെയിൻ യാത്ര.

ഷോപ്പിംഗ്: ലക്കർ ബസാറിൽ നിന്ന് കമ്പിളി വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വാങ്ങുക.

മനം കുളിർപ്പിക്കും ഊട്ടി 

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് ഊട്ടി. ഉദഗ മണ്ഡലം എന്ന് കൂടി ഇതിനു പേരുണ്ട്. എപ്പോഴും നേർത്ത കുളിരുള്ള കാലാവസ്ഥ ആയത് കൊണ്ട് തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്‍റെ ചുരുക്കമാണ്‌ ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്‍റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായിരുന്നു. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം- ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ നിത്യഹരിത വനങ്ങൾ, കുന്നുകൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എല്ലാം കൂടി അതിമനോഹരമായ അനുഭവം ആണ് ഊട്ടി സമ്മാനിക്കുന്നത്. ദിവസം മുഴുവൻ നേരിയ താപനില.

ooty

ഗതാഗതം: ട്രെയിൻ വഴിയാണെങ്കിൽ കോയമ്പത്തൂർക്ക് പോയിട്ട് അവിടെ നിന്ന് ബസ് പിടിക്കാം.

താമസം: ആകർഷകമായ കോട്ടേജുകൾ,ആഡംബര റിസോർട്ടുകൾ ചാറിംഗ് ക്രോസിനോ ബൊട്ടാണിക്കൽ ഗാർഡനോ സമീപമുള്ള ബഡ്ജറ്റ് ഹോട്ടലുകൾ ഹോംസ്റ്റേകൾ നോക്കുക.

ഭക്ഷണം: പ്രാദേശിക തമിഴ്നാട് വിഭവങ്ങൾ പരീക്ഷിക്കുക. ഊട്ടി മാർക്കറ്റ് സന്ദർശിക്കുക.

വിനോദം: ബൊട്ടാണിക്കൽ ഗാർഡൻ, ഊട്ടി തടാകത്തിൽ ബോട്ട് സവാരി, ദൊഡ്ഡബെട്ട കൊടുമുടി.

ഷോപ്പിംഗ്: ഹോം മെയ്ഡ് ചോക്ലേറ്റുകളും എസ്സെൻഷ്യൽ ഓയിലുകൾ.

और कहानियां पढ़ने के लिए क्लिक करें...