എന്‍റെ ചോറ്റുപാത്രം സംരംഭത്തിന് ജീവിതപ്രതിസന്ധികളെ പടവെട്ടി വിജയ൦ വരിച്ച വീട്ടമ്മയുടെ വിജയഗാഥയാണ് പറയാനുള്ളത്. ഒരമ്മയുടെ സ്നേഹവാത്സല്യങ്ങൾ ഊട്ടിവളർത്തിയ സ്വപ്നമാണ് ഷാലിന്‍റെ എന്‍റെ ചോറ്റുപാത്രം. ലാഭം ലക്ഷ്യമാക്കിയ ബിസിനസുകാരിൽ നിന്ന് വേറിട്ട് നിൽക്കുന്ന പ്രവർത്തനമാണ് അവരുടേത്. ഓരോ ചോറ്റുപാത്രത്തിലും സ്നേഹവും കരുതലും നിറയ്ക്കുകയാണ്. പോഷകമൂല്യമേറിയ രുചിസമ്പന്നമായ ഭക്ഷണം അവരുടെ അടുക്കളയിൽ ഒരുങ്ങുന്നു. എഞ്ചിനീയർമാർ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ ഇവിടുത്തെ ഗുണഭോക്താക്കളാണ്. ഭക്ഷണം തയാറാക്കാൻ പ്രയാസം നേരിടുന്നവരുടെ കൈകളിലും കരുതലിന്‍റെ ചോറ്റുപാത്രം എത്തും. മൂന്ന് പേർക്കായി തുടങ്ങിയ സംരംഭത്തിൽ ഗുണഭോക്താക്കൾ ഇപ്പോൾ 200 കവിയും. തിരുവനന്തപുരം വെള്ളയമ്പലം ഷാലിന്‍റെ വീട്ടിൽ നിന്നാണ് ചോറ്റുപാത്രം ഒരുങ്ങുന്നത്.
പ്രതിസന്ധികളോട് പടവെട്ടിയവൾ
13 വർഷം മുമ്പ് ജീവിതത്തിലുണ്ടായ പ്രതിസന്ധി മൂലം പൂജ്യത്തിൽ നിന്ന് തുടങ്ങിയ ജീവിതം. 15ഉം 11ഉം വയസ്സുള്ള രണ്ട് മക്കളെയും ചേർത്തുപിടിച്ച് ചെറിയൊരു ജോലിയിൽ നിന്ന് ജീവിതം തുടങ്ങി. ഷാലിൻ മക്കളെ സർക്കാർ സ്കൂളിൽ ചേർത്തു. അവർ മിടുക്കരായി പഠിച്ചു. മൂത്തമകൾ എലിസ് ജോൺ ഇപ്പോൾ ഡോക്ടറാണ്. ഇളയ മകൻ എബി ജോൺ മെക്കാനിക്കൽ എഞ്ചിനീയറും.
ഐ ഫ്രൂട്ട് ലൈവ് ഐസ് ക്രീം സംരംഭം
നാലു വർഷം മുമ്പാണ് 18 ലക്ഷം രൂപ ലോൺ എടുത്തു കേരളത്തിലെ ആദ്യത്തെ എന്ന് പറയാവുന്ന ഐ ഫ്രൂട്ട് ലൈവ് ഐസ്ക്രീം എന്ന പ്രോജക്റ്റ് ആരംഭിക്കുന്നത്. തുടങ്ങിയ അന്ന് തന്നെ ലോക്ക്ഡൗൺ മൂലം 10 മാസം അടച്ചിടേണ്ടി വന്നു. ഇടവേളയിൽ മാസ്‌ക് നിർമ്മാണത്തിൽ മുഴുകി. തുടർന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ ഐ ഫ്രൂട്ട് സജീവമായി. ആ സമയത്താണ് ഐസ്ക്രീം കഴിക്കാൻ വന്ന കുട്ടികൾ ഉച്ചഭക്ഷണം ലഘുഭക്ഷണത്തിൽ ഒതുക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒരമ്മയെന്ന നിലയിൽ അത് വല്ലാത്ത സങ്കടമുണ്ടാക്കി. അങ്ങനെ മൂന്ന് കുട്ടികൾക്കായി ഉച്ചഭക്ഷണമൊരുക്കിയാണ് എന്‍റെ ചോറ്റുപാത്രം 2021ൽ തുടങ്ങുന്നത്. സ്റ്റീൽ ചോറ്റുപാത്രം വാങ്ങി അതിൽ നിന്നാണ് ‘എന്‍റെ ചോറ്റുപാത്രം’ എന്ന പേര് പിറവികൊള്ളുന്നത്. ഭക്ഷണം കഴിക്കുന്ന ഓരോരുത്തർക്കും ‘ഇത് എന്‍റെ സ്വന്തം ചോറ്റുപാത്രം’ എന്ന ചിന്തയുണ്ടാകണം അതാണ് ഷാലിൻ ആഗ്രഹിക്കുന്നത്. ഈ സംരംഭത്തിന് ഇപ്പോൾ മൂന്ന് വയസ്സായിരിക്കുന്നു.
ആരോഗ്യത്തിന് മുൻഗണന
ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ പച്ചക്കറികൾ മുതൽ മൾബറി ഇലകൾ, പപ്പായയുടെ ഇല,ചൊറിയണത്തിന്‍റെ ഇല, വൈവിധ്യമാർന്ന മറ്റു നാടൻ ഇലകൾ, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചുള്ള നാടൻ വിഭവങ്ങളാണ് ചോറ്റുപാത്രത്തിനായി ഒരുക്കുന്നത്. നോൺവെജ് ആവശ്യമുള്ളവർക്ക് അതും ഉണ്ടാകും. കുത്തരി ചോറിനൊപ്പം പോഷകസമ്പുഷ്ടമായ കറികൾ ഉൾപ്പെടുന്ന ചോറ്റുപാത്രത്തിന് ആരാധകർ ഏറെയാണ്. രുചിക്കൊപ്പം ഓരോരുത്തരുടെയും ആരോഗ്യകാര്യങ്ങളും കൂടി മുൻനിർത്തിയാണ് ഷാലിൻ വിഭവങ്ങൾ ഒരുക്കുന്നത്. അമ്മമാർ കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും ആരോഗ്യവും പരിഗണിച്ച് കരുതലോടെ തയ്യാറാക്കുന്ന പോലെ. രണ്ട് വയസ്സുകാരി ഡോറ തുടങ്ങി 86 വയസ്സുള്ള ഒരു മുതിർന്ന വ്യക്തിവരെയും ഉൾപ്പെടുന്നുതാണ് എന്‍റെ ചോറ്റുപത്രത്തിന്‍റെ ഗുണഭോക്താക്കൾ.
പച്ചക്കറി വേവിച്ചു ഉടച്ച്, മീൻമുള്ള് പ്രത്യേകം മാറ്റിയാണ് ഡോറക്കുള്ള ചോറ്റുപാത്രം ഒരുങ്ങുന്നത്. ചിലപ്പോൾ ഡോറയുടെ കുഞ്ഞുപാത്രത്തിൽ വേവിച്ചുടച്ച കാരറ്റും ഉണ്ടാകും. അതുപോലെ ചിലർക്ക് പച്ചക്കറി നന്നായി വേവിച്ചുടച്ചാണ് വേണ്ടത്. ഷുഗർ, ബിപി ഉള്ളവർക്ക് അതിനനുസരിച്ച് ഉപ്പ്, എരിവ് കുറച്ച് കറികളിൽ മാറ്റം വരുത്തും. ചോറിന്‍റെ അളവ് കുറച്ച് കറികൾ കൂടിയ അളവിൽ വച്ചാണ് ചോറ്റുപാത്രം ഒരുങ്ങുന്നത്. ഓട്ടിസ്റ്റിക് ആയിട്ടുള്ള കുട്ടികൾക്കും പ്രത്യേക കരുതലുണ്ട്. അവർ എല്ലാ കറികളും പ്രത്യേകം എടുത്ത് ചോറിനൊപ്പം കഴിക്കാത്തതിനാൽ പച്ചക്കറി നന്നായി വെന്തുടച്ച് ഒറ്റ കറിയാക്കി ചോറ്റുപാത്രത്തിൽ കരുതും. ചോറ് വേണ്ടാത്തവർക്കു ചപ്പാത്തിയായിരിക്കും മെനുവിൽ. എന്നാൽ, ചോറിനുള്ള കറികൾ തന്നെയായിരിക്കും ചപ്പാത്തിക്കൊപ്പം ഉണ്ടാവുക. ചപ്പാത്തിക്ക് ഉപയോഗിക്കുന്ന ഗോതമ്പുപൊടിയിൽ റാഗിയും മറ്റു മില്ലേറ്റുകളും നവധാന്യപ്പൊടിയും മിക്സ് ചെയ്യും.
ദീർഘകാലമായി ഹോട്ടൽ ഭക്ഷണം കഴിച്ച് അസിഡിറ്റി പ്രശ്‌നം ഉണ്ടായവർക്ക് ഇവിടുത്തെ ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ പ്രശ്‌നം മാറിയെന്നൊക്കെയുള്ള പ്രതികരണങ്ങൾ ഷാലിന്‍റെ കരുതലിനുള്ള അംഗീകാരവും കൂടിയാണ്. ഇന്ന് 300ഓളം പേർക്കുള്ള ഭക്ഷണമാണ് ഒരുങ്ങുന്നത്. ഭക്ഷണം പാചകം ചെയ്യുന്നത് ഷാലിനാണ്. കൂടെ പച്ചക്കറി അരിയാനും മറ്റും സഹായിയുണ്ട്. രാവിലെ ഒമ്പതരയോടെ ഉച്ചയൂണ് റെഡിയാകും. ചോറ്റുപാത്രം വിതരണം ചെയ്യാൻ രണ്ട് ഡെലിവറി ബോയ്‌സുണ്ട്. ഭക്ഷണം നേരിട്ട് വാങ്ങി പോകുന്നവരുമുണ്ട്. 11. 30 ഓടെ ഉച്ചയൂണിന്‍റെ പരിപാടി കഴിയും.
പ്രതിസന്ധികളെ കരുത്താക്കിയവൾ
ജീവിതത്തെ ലാഘവത്തോടെ കാണാതെ ജീവിതത്തെ ജീവിതമായി കണ്ട് മുന്നേറുകയാണ് വേണ്ടതെന്നാണ് ഷാലിൻ പറയുന്നത്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും സാമ്പത്തികമായി സ്വാതന്ത്ര്യം കൈവരിക്കണം. നമുക്കൊപ്പം വളരാൻ കുട്ടികളെയും പ്രേരിപ്പിക്കുക. കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ അവരെയും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ചോറ്റുപാത്രം എന്ന ആശയം ഒരുപാടു പേർക്ക് പ്രചോദനമായിട്ടുണ്ട്. ഇത് മാതൃകയാക്കി പലരും സ്വന്തം വീട്ടിൽ ഉച്ചഭക്ഷണമൊരുക്കി ആവശ്യക്കാരിൽ എത്തിക്കുന്നുണ്ട്, ഓരോ സ്ത്രീയ്ക്കും സ്വന്തം അടുക്കളയിൽ നിന്ന് ഇത്തരത്തിൽ പ്രവർത്തിച്ച് വരുമാനം ഉണ്ടാക്കാവുന്നതാണ്. കുടുംബാംഗങ്ങൾക്ക് തയ്യാറാക്കുന്ന ഭക്ഷണത്തിൽ ഒരല്പം അളവ് കൂട്ടി ഭക്ഷണം കുറച്ചു പേരിലേക്ക് എത്തിക്കാം. പ്രതിസന്ധികളിൽ തളർന്നുപോകാതെ അതിനെ നേരിട്ടുകൊണ്ട് അടുത്ത ചുവടെടുത്തു വച്ച് മുന്നേറുന്നതിലാണ് വിജയം. വീഴ്ചയിൽ നിന്നെഴുന്നേറ്റ് മുന്നോട്ട് പോകാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നതിലാണ് വിജയം. ആഗ്രഹത്തിനൊപ്പം നിരന്തരമായ പരിശ്രമവും കൂടി ചേരുന്നതോടെ വിജയമുണ്ടാകുമെന്നാണ് ഷാലിൻ പറയുന്നത്. ഇനിയും ഒരുപാട് സ്വപ്നപദ്ധതികൾ സാക്ഷാത്കരിക്കാനുള്ള മുന്നേറ്റത്തിലാണ് ഷാലിൻ.
എന്‍റെ വിജയം
സ്ത്രീ എന്ന നിലയിൽ സാധ്യമല്ലാത്ത ഒന്നും തന്നെ ജീവിതത്തിൽ ഇല്ല. എന്‍റെ ദൂരവും ലക്ഷ്യവും എന്‍റേത് മാത്രമാണ്. അത് നേടിയെടുക്കാൻ പോകും വഴിയിൽ കാണുന്ന മുഖങ്ങളിൽ പുഞ്ചിരി വിടർത്താനും ചേർത്ത് പിടിക്കാനും സാധിക്കുന്നത് അന്ന് എന്നെ ഞാൻ ആക്കുന്നത്. ജീവിത വിജയം ഒരിക്കൽ പൂർത്തിയാകുന്ന ഒന്നല്ല. നമ്മുടെ ജീവൻ ഉള്ളിടത്തോളം അതിനെ സേഫ് ആക്കി കൊണ്ടുപോകാൻ സാധിക്കണം തോൽവികൾ ഉണ്ടായാലും എഴുനേൽക്കാൻ ശ്രമിക്കുകയും വേണം.
എന്‍റെ സന്ദേശം
വീഴ്‌ചകൾ സ്വാഭാവികം. പക്ഷേ, ആ വീച്ചയെ പഴിപറഞ്ഞു മുന്നോട്ടുള്ള ജീവിതത്തെ നശിപ്പിക്കരുത്. മുന്നോട്ട് വയ്ക്കുന്ന ചുവടാണ് എപ്പോഴും വിജയം നൽകുന്നത്. ആ ചുവട് വയ്ക്കാൻ നമ്മെ ആരും സഹായിക്കില്ല. നമ്മൾ തന്നെ അതിനു ശ്രമിക്കണം. നമ്മെ സ്വയം സ്‌നേഹിക്കുമ്പോൾ മാത്രമാണ് അതിനുള്ള ആർജ്ജവം നേടാൻ കഴിയുന്നത്. പ്രതിസന്ധികളിൽ തോറ്റുകൊടുക്കാൻ തയ്യാറാകാതെ ചിരിച്ചുകൊണ്ട് നേരിടാൻ കഴിയുന്നവർ മാത്രമേ വിജയത്തിന്‍റെ പടികൾ കണ്ടിട്ടുള്ളൂ.