ജീവിതത്തിൽ വിജയിച്ച വ്യക്തി എന്ന മേൽവിലാസം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ, വിജയം കൈയെത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെ സമൂഹത്തെ നോക്കി ചിരിക്കാൻ ഭാഗ്യം കിട്ടുന്നവർ കുറവാണ്. എന്തുകൊണ്ടാണ് വിജയം ചിലരെ മാത്രം കടാക്ഷിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ആത്മവിശ്വാസമുള്ള ചിരിയോടെ നിങ്ങളെ കടന്നു പോകുന്ന ആ വിജയികളെ ഒന്ന് നിരീക്ഷിച്ചു നോക്കൂ… കഴിവും ബുദ്ധിയും കഠിനപ്രയത്നവുമാണ് അവരെ ഓരോരുത്തരുടെയും വിജയികളാക്കിയതെന്ന് മനസ്സിലാകും.
സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കുകയാണ് ആദ്യം വേണ്ടത്. അപകർഷതാബോധം വിജയത്തെ നിങ്ങളിൽ നിന്ന് അകറ്റി നിർത്തുക മാത്രമല്ല ജീവിതത്തിൽ ഇരുട്ട് വീഴ്ത്തുകയും ചെയ്യും. സ്വന്തമായി എന്തെങ്കിലും കഴിവില്ലാത്ത ഒരാളും കാണില്ല. ജന്മനാ തനിക്ക് കിട്ടിയിരിക്കുന്ന ഗുണമെന്താണെന്ന് തിരിച്ചറിയുകയാണ് പ്രധാനം. ഇതിന് ഒരു പരിധിവരെ മാതാപിതാക്കളും സുഹൃത്തുക്കളും സഹായിക്കും.
ഓരോ മനുഷ്യജീവിതവും അമൂല്യമാണ്. ആ മഹത്വം തിരിച്ചറിഞ്ഞ് ജീവിതത്തെ ആദരിക്കാനും പ്രണയിക്കാനും പഠിക്കൂ…. നാം നമ്മളെ സ്നേഹിച്ചാൽ മാത്രമേ മറ്റുള്ളവരും അതിനെ സ്നേഹിക്കൂ. അതുപോലെ തന്നെ സ്വന്തം ജീവിതത്തിന് വേണ്ടത്ര ആദരവ് നൽകുന്ന ഒരാൾക്ക് മാത്രമേ മറ്റൊരാളുടെ ജീവിതത്തെയും നേക്കി കാണാനാകൂ.
നിരന്തരശ്രമം
ഒരിക്കൽ പരാജയം സംഭവിച്ചെന്ന് കരുതി ശ്രമം ഉപേക്ഷിക്കേണ്ടതില്ല. പരാജയം വിജയത്തിന്‍റെ മുന്നോടിയാണെന്ന് എത്രയോ മുത്തശ്ശിക്കഥകളിൽ നാം വായിച്ചിട്ടുണ്ട്. ലക്ഷ്യങ്ങൾ കൈയെത്തി തൊടും വരെ പരിശ്രമിച്ചുകൊണ്ടിരിക്കുക. തോറ്റു പോയാലോ എന്ന് സങ്കടപ്പെട്ട് ശ്രമം ഉപേക്ഷിക്കുന്നവരെക്കുറിച്ച് തോമസ് ആൽവ എഡിസൺ പറഞ്ഞത് ശ്രദ്ധിക്കുക- പരാജിതരാകുന്നവർ പലപ്പോഴും ചവുട്ടുപടിയിലെത്തി നിൽക്കുമ്പോഴാകും തങ്ങളുടെ ശ്രമം ഉപേക്ഷിക്കുന്നത്.
കൈയെത്തി തൊടാവുന്ന സ്വപ്നങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് മണ്ടത്തരമല്ലേ? മുഗൾവംശത്തിലെ കരുത്തുറ്റ രാജാവായിരുന്ന അക്ബറിനെക്കുറിച്ചൊരു കഥയുണ്ട്, ആരും തളയ്ക്കാൻ ധൈര്യപ്പെടാത്ത മദയാനയെ തളയ്ക്കാൻ ഇറങ്ങിപ്പുറപ്പെട്ട അക്ബറിന് പരാജയമായിരുന്നു ആദ്യഫലം. പക്ഷേ, തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത അക്ബർ വീണ്ടുംവീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. പലപ്പോഴും മദം പിടിച്ച കൊമ്പന്‍റെ കാലുകൾക്കിടയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒടുവിൽ അക്ബർ ആ കൊലകൊമ്പനെ തളയ്ക്കുക തന്നെ ചെയ്തു. തോൽക്കാൻ മനസ്സില്ലാതെ വിജയം സ്വന്തമാക്കും വരെ പരിശ്രമിച്ചുകൊണ്ടിരിക്കാനുള്ള ആ മനസ്സ് തന്നെയല്ലേ അക്ബറിനെ ഇന്നും ഇന്ത്യൻ ചരിത്രത്തിലെ കരുത്തനായ രാജാവാക്കുന്നത്.
വിജയമെന്നത് ഒറ്റ രാത്രികൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല. ഒരു വ്യക്തി എത്രയൊക്കെ പ്രതിഭാശാലി ആയിരുന്നാലും ചിലപ്പോൾ കഠിനപ്രയത്നം ചെയ്യാനുള്ള മനസ്സില്ലെങ്കിൽ വിജയിക്കണമെന്നില്ല.
നൂറിൽ എഴുപത്തഞ്ച് ശതമാനം ആളുകളും കഴിവുകേട് കൊണ്ടല്ല പരാജിതരാകുന്നത്. മറിച്ച് ദൃഢവിശ്വാസത്തിന്‍റയും സമർപ്പണത്തിന്‍റെയും ശ്രദ്ധയുടെയും അഭാവം കൊണ്ടാണ്. വാസ്തവത്തിൽ ലക്ഷ്യങ്ങളുള്ള ജീവിതത്തിനേ അർത്ഥമുണ്ടാകൂ. ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്- നിങ്ങൾക്കൊരു ലക്ഷ്യമുണ്ടെങ്കിലേ നിങ്ങൾ അതിരാവിലെ എണീക്കുമെന്ന്, സംഗതി ശരിയാണ്. ലക്ഷ്യത്തിലെത്താൻ നല്ല പരിശ്രമം വേണം.
വിജയിക്കണമെന്ന വാശി
വാശി നാശത്തിന് എന്ന് കാരണവന്മാർ പറയാറുണ്ട്. പക്ഷേ, ചില വാശികൾ നാശത്തിനല്ല ജീവിതവിജയത്തിന് സഹായിക്കുന്നവയാണ്. വിജയിക്കണമെന്ന ആഗ്രഹം മാത്രം പോരാ, വാശിയും മത്സരബുദ്ധിയും വേണം. പക്ഷേ, രണ്ടും ആരോഗ്യകരമായിരിക്കണമെന്ന് മാത്രം. ലക്ഷ്യത്തിലെത്തണമെന്ന അതിയായ ആഗ്രഹമാണ് ഏതൊരു മനുഷ്യനെയും വിജയപീഠത്തിലേറ്റുന്നത്.
ഒരിക്കൽ ശാസ്ത്രകൗതുകങ്ങളിൽ അത്ഭുതം കൂറിനിന്ന രാമേശ്വരത്തെ ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിലെ ബോട്ടുടമയുടെ മകൻ ശാസ്ത്രജ്ഞനായി ഇന്ത്യയുടെ യശസ്സുയർത്തി പിടിക്കണമെന്ന് സ്വപ്നം കണ്ടു. ആ സ്വപ്നം പിന്നീടെപ്പോഴോ അവന് ജീവിതതുല്യമായി മാറി. കഠിനപരിശ്രമത്തിന്‍റെയും അർപ്പണമനോഭാവത്തിന്‍റെയും വഴിയിലൂടെ നടന്ന് ലക്ഷ്യം കൈയെത്തി തൊട്ട ആ ബാലനെ ഒടുവിൽ ലോകം സല്യൂട്ട് ചെയ്തു. സ്വപ്നങ്ങൾ കാണാനും അവ പ്രാവർത്തികമാക്കാനും പുതുതലമുറയോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ആത്മവിശ്വാസത്തിന്‍റെ ആൾരൂപമായിരുന്ന ആ മനുഷ്യന്‍റെ പേര് എപിജെ അബ്ദുൾ കലാം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ പ്രധാനി.
ഇച്ഛാശക്തികൊണ്ട് ഒരു സാധാരണ ബാലൻ രാഷ്ട്രപതിഭവനോളം ചെന്നെത്തിയ കഥയാണ് കലാമിന്‍റെ ജീവചരിത്രം. ഇച്ഛാശക്തിയും ആത്മവിശ്വാസവും പരിശ്രമവുമുണ്ടെങ്കിൽ നിങ്ങൾക്കും വിജയം കൈവരിക്കാവുന്നതേയുള്ളൂ. വിജയിച്ചവന്‍റെ ആ മേൽവിലാസം നിങ്ങൾക്കും അലങ്കാരമാകട്ടെ.
വിജയമന്ത്രം
- തെറ്റാണ് ചെയ്തതെന്ന് മനസ്സിലായാൽ സമയം കളയാതെ ആ തെറ്റ് തിരുത്താൻ ശ്രമിക്കുക.
- ഇന്ന് ചെയ്യേണ്ട ജോലികൾ ഇന്നുതന്നെ ചെയ്യുക. നാളേയ്ക്ക് മാറ്റി വയ്ക്കരുത്.
- പരാജയഭീതി മനസ്സിൽ നിന്ന് ഒഴിവാക്കുക.
- ടൈം മാനേജ്മെന്‍റ് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. സമയം ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കുക.
- മടി ഒഴിവാക്കുക. മടിയുമായുള്ള കൂട്ടുകെട്ട് നിങ്ങളുടെ ഇച്ഛാശക്തിയെ തന്നെ ഇല്ലാതാക്കും.
- പരാജയം സംഭവിക്കുമ്പോഴും ധൈര്യം കൈവിടാതിരിക്കുക. കൂടുതൽ ഉണർവ്വോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യത്തിലെത്താനാകുമെന്ന ശുഭാപ്തിവിശ്വാസം വളർത്തുക.
- എല്ലാം വിധിയെന്ന് എഴുതിതള്ളാൻ വരട്ടെ ചിലതെല്ലാം മാറ്റിയെഴുതാൻ നിങ്ങളുടെ ഇച്ഛാശക്തിക്ക് കഴിയുമെന്ന് വിശ്വസിക്കുക.
- ദൃഢമായ തീരുമാനങ്ങളെടുക്കുകയും സഫലമാക്കാൻ കഠിനശ്രമം നടത്തുകയും ചെയ്യുക. കർമ്മനിരത ഓജസ്സുള്ളവരുടെ മുഖമുദ്രയാണ്.
- നിഷ്ഠയോടും വിശ്വാസത്തോടും കൂടെ അധ്വാനിക്കുക. വിജയം നിങ്ങളുടേതാണ്.