ഭാര്യാഭർത്തൃ ബന്ധത്തെക്കുറിച്ച് കാരണവന്മാർ ആവർത്തിക്കുന്ന ഒരു ചൊല്ലുണ്ട്. ചട്ടിയും കലവുമായൽ തട്ടിയും മുട്ടിയുമൊക്കെയിരിക്കുമെന്ന്. ചില്ലറ പരിഭവവും പിണക്കവുമില്ലാത്ത ദാമ്പത്യബന്ധങ്ങളുണ്ടോ? ഉണ്ടെങ്കിൽ അവ കൃത്രിമമാണെന്ന് വേണം കരുതാൻ. പക്ഷേ, പിണക്കം ഇണക്കത്തിന് വഴിമാറാൻ പതിവിലും വൈകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. നിങ്ങൾക്കിടയിൽ കാര്യമായ എന്തോ പ്രശ്നമുണ്ട്.

അത് തുറന്ന് സംസാരിക്കുകയോ പരിഹരിക്കുകയോ ചെയ്യേണ്ട സമയമായിരിക്കുന്നു. ദാമ്പത്യത്തിൽ ശരിയായ സമീപനമാണോ നിങ്ങളുടേത് എന്ന് സ്വയം വിലയിരുത്തിനോക്കൂ.

അവസരത്തിനൊത്ത് പെരുമാറ്റം

ഭർത്താവ് ദേഷ്യപ്പെടുമ്പോൾ അതിലും ദേഷ്യത്തിൽ പ്രതികരിക്കുന്ന ഭാര്യയാണോ? എങ്കിൽ ആ സ്വഭാവം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ദമ്പതികളിലൊരാൾ ദേഷ്യപ്പെടുമ്പോൾ മറ്റേയാൾ നിശ്ശബ്ദത പാലിക്കുന്നതാകും ഉചിതം. കുറച്ചുകഴിഞ്ഞ് സമാധാനപരമായ അന്തരീക്ഷത്തിൽ കാര്യമെന്താണെന്ന് ചോദിച്ചറിയുക.

പ്രശ്നം സ്പഷ്ടമാക്കുക

പ്രശ്നകാരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുക. അത് പറയുന്നതിനിടെ മറ്റ് കാര്യങ്ങൾ അനാവശ്യമായി പരാമർശിക്കരുത്. ഭാവിയിൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കും. പരസ്പര സ്നേഹത്തെയും വിശ്വാസത്തെയും അത് ബാധിക്കും.

നല്ലൊരു ശ്രോതാവാകുക

പങ്കാളിക്ക് എന്താണ് പറയാനുള്ളത്? അത് കേൾക്കാനുള്ള മാനസികാവസ്ഥ ദാമ്പത്യഭദ്രതയ്ക്ക് അത്യാവശ്യമാണ്. പങ്കാളി സംസാരിക്കുമ്പോൾ ഇടയിൽ കയറി പറയുകയോ കേൾക്കാതിരിക്കുകയോ ചെയ്യരുത്. ഇത്തരം സന്ദർഭങ്ങളിൽ യാതൊരുവിധ എതിർപ്പുകളും പ്രകടിപ്പിക്കുകയും ചെയ്യരുത്.

മനസ്സിലാക്കാൻ ശ്രമിക്കുക

പങ്കാളി പറയുന്നതെന്താണെന്ന് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കണം. കൂടാതെ പങ്കാളി ഉന്നയിക്കുന്ന പ്രശ്നങ്ങളെ സ്വന്തം കാഴ്ചപ്പാടിലുടെ അളക്കാൻ ശ്രമിക്കുകയുമരുത്. പങ്കളിയുടെ മാനസികാവസ്ഥ അറിയാൻ മാറിനിന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. തെറ്റിദ്ധാരണയുണ്ടെങ്കിൽ സത്യാവസ്ഥ ബോധ്യപ്പെടുത്തി അത് തിരുത്താനുള്ള ഉത്തരവാദിത്തം ഭാര്യയ്ക്കും ഭർത്താവിനുമുണ്ട്.

വിഷയത്തിൽ നിന്നും വ്യതിചലിക്കരുത്

പിണക്കമുണ്ടാകുമ്പോൾ നേരത്തെ അതൃപ്തി തോന്നിയ കാര്യങ്ങൾ കൂടി പ്രകടിപ്പിക്കാനുള്ള പ്രവണത കൂടും. സന്ദർഭത്തിന് യോജിച്ചതല്ലെങ്കിൽ അക്കാര്യങ്ങൾ വിട്ടുകളയാൻ മടിക്കരുത്. അങ്ങനെ ചെയ്തില്ലെങ്കിൽ അവസാനമില്ലാത്ത ആരോപണങ്ങളും പ്രത്യോരോപണങ്ങളുമായി കലഹം തുടരും. തങ്ങൾക്കിടയിലെ തെറ്റിദ്ധാരണ അകറ്റാൻ ആത്മാർത്ഥമായ ശ്രമമാണ് ഏറ്റവും പ്രധാനം. പങ്കാളി പിടിവാശിയിലാണെങ്കിൽ ആ പ്രശ്നത്തെക്കുറിച്ച് തുടർന്ന് സംസാരിക്കാതെയുമിരിക്കാം.

താൽപര്യങ്ങൾ അറിയുക

തന്‍റെ താൽപര്യങ്ങളും പ്രതീക്ഷകളും പ്രകടിപ്പിക്കാനുള്ള അവസരം പങ്കാളിക്ക് നൽകണം. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളും താൽപര്യങ്ങളും മറ്റും നിങ്ങൾക്ക് പൂർണ്ണമായും അറിയാമെന്ന ധാരണ വേണ്ട. വളരെ സങ്കീർണ്ണമാണ് മനുഷ്യസ്വഭാവം. അതുപോലെ തന്നെ അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളുടെ സംഗ്രഹമാണ് ഓരോ വ്യക്തിയും. അത് പ്രകടിപ്പിക്കാനും സഫലീകരിക്കാനുമുള്ള വേദികൂടിയാണ് ദാമ്പത്യമെങ്കിൽ പങ്കാളിയിൽ അതുണ്ടാക്കുന്ന സന്തോഷം എത്രമാത്രം ആയിരിക്കുമെന്നോർക്കുക.

പോംവഴികൾ ആരായുക

ദാമ്പത്യത്തിൽ സന്തുഷ്ടി നിറയ്ക്കാൻ സഹായകമായ വഴികൾ അന്വേഷിച്ച് കണ്ടെത്തുക. അത്തരം മാർഗ്ഗങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാം. സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും പങ്കാളിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.

വിശ്വാസം നിലനിർത്തുക

സുഖമായാലും ദുഃഖമായാലും പങ്കാളിയിൽ പൂർണ്ണ വിശ്വാസമർപ്പിക്കുക. പങ്കാളിക്ക് തന്നിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന തോന്നൽ പരസ്പരമുള്ള ആദരവ് കൂട്ടുകയെയുള്ളൂ.

തുറന്ന് പറയുക

ജീവിതത്തിൽ പരസ്പരം സുതാര്യമായ നിലപാട് സ്വീകരിക്കണം. ഒരു കാര്യവും ഒളിച്ചുവയ്ക്കാനുള്ള വേദിയല്ല ദാമ്പത്യം എന്നോർക്കുക.

അഹംഭാവം അരുത്

പരസ്പരം കലഹിച്ചാലും പിണങ്ങിയാലും സ്വന്തം തെറ്റ് തിരിച്ചറിയണം. ഇതിൽ ഈഗോ പ്രശ്നം വേണ്ട. തെറ്റുകൾ തിരുത്തി പരസ്പരം ക്ഷമ ചോദിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരിക്കണം.

और कहानियां पढ़ने के लिए क्लिक करें...