മിസ്സിസ്സ് നിരഞ്ജനയെക്കുറിച്ച് ഭർത്താവ് വീണ്ടും പറയുന്നത് കേട്ടപ്പോൾ മാധുരി അനിഷ്ടത്തോടെ മുഖം തിരിച്ചു. അവൾ ഒന്നും മിണ്ടാതെ കമ്പാർട്ടുമെന്‍റിന്‍റെ വിൻഡോയിലൂടെ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. ഇപ്പോൾ നിരഞ്ജനയെന്ന് കേൾക്കുമ്പോഴേ മാധുരിയുടെ മനസ്സ് പിടയുന്നു.
സ്ത്രീ സഹജമായ ഒരു അസ്വസ്ഥത. ഭർത്താവ് പരസ്ത്രീയെ പ്രശംസിക്കുമ്പോൾ അത് പുറത്തുകാട്ടാതിരിക്കുന്നതെങ്ങനെ? മാധുരി തീവണ്ടിയുടെ ചലനങ്ങൾ കാതോർത്തിരുന്നു.
രണ്ടുദിവസം മുമ്പായിരുന്നു മാധുരിയുടെയും സുധീഷിന്‍റെയും വിവാഹം. നിരഞ്ജനക്ക് സുധീഷിനോടുള്ള സമീപനം എന്താണെന്ന് മാധുരിക്ക് അറിയില്ലെങ്കിലും സുധീഷ് നിരഞ്ജനയെ അടുത്തറിയുന്നുണ്ടെന്ന് മാധുരി മനസ്സിലാക്കിയിരുന്നു. ഭർത്താവിന്‍റെ മനസ്സ് പഠിക്കാൻ ഭാര്യയ്ക്ക് അധികം സമയമൊന്നും വേണ്ടല്ലോ. വിവാഹപരസ്യമാണ് ഇരുവരെയും കൂട്ടിയിണക്കിയത്. സുധീഷ് സർക്കാർ ഓഫീസിൽ അസിസ്റ്റന്‍റ് ഓഫീസറാണ്. യാതൊരു സാമ്പത്തിക ബുദ്ധിമുട്ടുകളുമില്ലാത്ത ഒരാൾ. കൂടാതെ മൂന്ന് ഷൂ മാർട്ടുകളുടെ ഉടമ. സുധീഷിന് ബന്ധുവെന്ന് പറയാൻ ഒരു സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ, സജിത. മാധുരി താമസിക്കുന്ന അതേ പട്ടണത്തിലാണ് സജിതയെയും വിവാഹം കഴിച്ചുകൊണ്ടുവന്നത്. സജിതയാണ് പത്രത്തിലെ വിവാഹപരസ്യത്തെക്കുറിച്ച് സുധീഷിനോട് സൂചിപ്പിച്ചത്. അഞ്ചുവർഷം മുമ്പാണ് അത്യാഹിതം സംഭവിച്ചത്.
സജിതയെ സന്ദർശിച്ച് മടങ്ങും വഴി അവരുടെ അച്ഛനമ്മമാർ ഒരപകടത്തിൽപ്പെട്ട് മരണമടഞ്ഞു. മാതാപിതാക്കളുടെ പെട്ടെന്നുള്ള വേർപാട് തീരാദുഃഖമായി. സുധീഷ് അന്ന് എംഎ ഫൈനൽ പരീക്ഷ എഴുതിയിരിക്കുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷ എഴുതണമെന്നതായിരുന്നു സുധീഷിന്‍റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ തന്‍റെ സാഹചര്യം അനുകൂലമല്ലെന്ന് അയാൾ കരുതി. കുടുംബത്തിന്‍റെ ചുമതല ഏറ്റെടുക്കേണ്ടി വന്നതിനാൽ ഒരു ജോലിക്ക് ശ്രമിക്കുന്നതാണ് നല്ലതെന്ന് സുധീഷിന് തോന്നി. സിവിൽ സർവീസ് പരീക്ഷിയ്ക്കുള്ള പരിശീലനം തുടരുവാൻ ഏട്ടനും ഏടത്തിയും നിരന്തരം പ്രേരിപ്പിച്ചുവെങ്കിലും അയാൾ അതിൽ യാതൊരു താൽപര്യവും കാണിച്ചില്ല.
സുധീഷിന്‍റെ ശ്രമഫലമായി ഒരു ജോലി ശരിയായി. സുധീഷിന്‍റെ ഓഫീസിൽ തന്നെയായിരുന്നു നിരഞ്ജനയും ജോലി ചെയ്തിരുന്നത്. തന്നെയുമല്ല അവരുടെ താമസസ്ഥലത്തിന് അടുത്തായിരുന്നു സുധീഷിന് കമ്പനി നൽകിയ ഫ്ലാറ്റും.
ചിന്തയിൽ മുഴുകിയിരുന്ന മാധുരിക്ക് പെട്ടെന്നാണ് സ്ഥലകാലബോധമുണ്ടായത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. നിരഞ്ജന തനിക്കൊരു തലവേദന ആയിരിക്കുമെന്നോർത്ത് അവൾ ആകെ അസ്വസ്ഥയായി. നിരഞ്ജനയെ താനിതുവരെ പരിചയപ്പെട്ടിട്ടില്ല. ഇനി തമ്മിൽ കാണുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അറിയില്ല. അവളുടെ ഉള്ളിൽ അമർഷം നിറഞ്ഞു.
നവവധുവായ തന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഭർത്താവ് യാതൊരു വിലയും കൽപ്പിക്കുന്നില്ല. പകരം ഒരു അന്യസ്ത്രീയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടും ഇരിക്കുന്നു. ഇത് ഏതൊരാളാണ് ഇഷ്ടപ്പെടുക? ഓരോന്ന് വിചാരിച്ച് മാധുരിയുടെ കണ്ണ് നിറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ നിന്നും സുധീഷിനോടൊപ്പം മാധുരിയും പുറത്തിറങ്ങി. പൂക്കൾക്കൊണ്ട് മനോഹരമായി അലങ്കരിച്ച ഒരു കാർ അവിടെ പാർക്ക് ചെയ്തിരുന്നു. മാധുരി ഒരു നിമിഷം ചിന്തിച്ചു, തന്നെയും ഇതുപോലെ സ്നേഹാദരങ്ങളോടെ സ്വീകരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ… പക്ഷേ, ഈ നഗരം തനിക്കപരിചതമാണല്ലോ?
മാധുരി സാവധാനം നടന്ന് കാറിന് സമീപത്തെത്തി, അതിന്‍റെ മുൻവശത്തും പിൻവശത്തുമുള്ള ഗ്ലാസുകളിൽ എഴുതിയിരിക്കുന്ന പേരുകൾ പെട്ടെന്ന് അവളുടെ ശ്രദ്ധയിൽ പതിഞ്ഞു. തന്‍റെയും സുധീഷിന്‍റെയും പേരാണല്ലോ. ഭർത്താവിന്‍റെ സംസാരത്തിൽ നിന്നും നിരഞ്ജനയാണ് ഈ ഒരുക്കങ്ങൾ നടത്തിയതെന്ന് അവൾക്ക് മനസ്സിലായി. തങ്ങളെ റിസീവ് ചെയ്യുന്നതിനായി ഈവിധം തയ്യാറെടുപ്പുകൾ നടത്തിയ നിരഞ്ജനയെക്കുറിച്ചോർത്ത് മാധുരിക്കേറെ ആശ്ചര്യം തോന്നി.
ഡോർ തുറന്ന് ഇരുവരും കാറിൽ കയറിയിരുന്നു. കുറേദൂരം പിന്നിട്ടപ്പോൾ വഴിവിളക്കുകളും അലങ്കാരദീപങ്ങളും കൊണ്ട് റോഡ് വളരെ ആകർഷകമായിരുന്നു. “ഇവിടെ പാർട്ടി വല്ലതും നടക്കുന്നുണ്ടോ?” സുധീഷിന്‍റെ ചോദ്യം കേട്ട് ഡ്രൈവർ പുഞ്ചിരിച്ചു. പിന്നെ അയാൾ പറഞ്ഞു, “സാർ, ഇവിടെ പാർട്ടിയൊന്നുമില്ല. നിങ്ങളെ സ്വീകരിക്കാൻ വേണ്ടിയുള്ളതാണ് ഇതൊക്കെ.”
“നിരഞ്ജന ആരുമായും എളുപ്പത്തിൽ സൗഹൃദത്തിലാകും. ബന്ധങ്ങളെന്തെന്ന് ശരിക്കുമറിയണമെങ്കിൽ നിരഞ്ജനയെ കണ്ട് മനസ്സിലാക്കണം.” സുധീഷ് വികാരാധീനനായി.
കാർ കെട്ടിടത്തിന് മുന്നിൽ നിന്നു. ഈ സമയം വിളക്കും താലവുമായി വാതിൽക്കൽതന്നെ ചെറുപുഞ്ചിയോടെ പ്രൗഢയായ ഒരു സ്ത്രീ കാത്തുനിൽപ്പുണ്ടായിരുന്നു. സുധീഷ് സൂചിപ്പിച്ചതനുസരിച്ച് 50 വയസ്സിനുമീതെ പ്രായം ഉണ്ടായിരുന്നു. പക്ഷേ, കാഴ്ചയിൽ 40- 42 വയസ്സേ തോന്നിക്കൂ. ആദ്യ കാഴ്ചയിൽ നിരഞ്ജനയുടെ പെരുമാറ്റത്തിൽ മാധുരിക്ക് അനിഷ്ടമൊന്നും തോന്നിയിരുന്നില്ല. എന്നാൽ പിന്നീട് നിരഞ്ജനയുമായി അധികം ഇടപഴകാതെ അകലം പാലിച്ചു. അടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല.
ഒരു ഫുട്‍വെയർ മാർട്ട് തുടങ്ങുക എന്ന ആശയം നിരഞ്ജനയാണ് സുധീഷിന് പറഞ്ഞുകൊടുത്തത്. മാർട്ട് തുടങ്ങുന്നതിനുള്ള പണം അവർ പ്രവിഡന്‍റ് ഫണ്ടിൽ നിന്നുമെടുത്ത് കൊടുത്തു. വളരെപ്പെട്ടന്നുതന്നെ സുധീഷ് പണം നിരഞ്ജനക്ക് മടക്കിക്കൊടുക്കുകയും ചെയ്തു. വീഴ്ചയിൽ സഹായിച്ചവരെ ആജീവനാന്തം മറക്കാൻ പാടില്ലെന്നാണ് സുധീഷ് പറയുന്നത്. ഈ ഇടപെടൽ പിന്നീട് അവരെ കൂടുതൽ അടുപ്പിച്ചു. ഇവരുടെ ബന്ധം മാധുരിയുടെ മനസ്സിൽ സംശയത്തിന്‍റെ വിഷവിത്തുകളായി മുളച്ച് തുടങ്ങിയിരുന്നു.
ഒരുദിവസം ഓഫീസിൽ നിന്നും മഴ നനഞ്ഞാണ് സുധീഷ് വീട്ടിലേക്ക് പുറപ്പെട്ടത്. അന്ന് സുഖമില്ലെന്ന കാരണത്താൽ നിരഞ്ജനയും അവധിയിലായിരുന്നു. ഒരു ദിവസം മുഴുവനും മുറിയിലിരുന്ന് മടുത്ത നിരഞ്ജന വൈകുന്നേരമായപ്പോൾ മാധുരിയെ കാണാനായി വീട്ടിലെത്തി. ഈ സമയം സുധീഷ് മഴയിൽ നനഞ്ഞ് അവിടേക്ക് കയറിച്ചെന്നു. പെട്ടെന്ന് മാധുരി ടവലെടുക്കാനായി അകത്തേക്കുപോയി, തിരിച്ചെത്തിയപ്പോൾ നിരഞ്ജന സാരിത്തലപ്പുകൊണ്ട് സുധീഷിന്‍റെ മുടി തുടയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. “ഇങ്ങനെ മഴ നനയരുതെന്ന് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് സൂധീ, നിനക്കെന്തെങ്കിലും സംഭവിച്ചാൽ എന്‍റെ കാര്യമെന്താകും?”
ഇത് മാധുരിക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. മാധുരി ദേഷ്യവും സങ്കടവു കലർന്ന ദൃഷ്ടിയോടെ നിരഞ്ജനയെ തുറിച്ചുനോക്കി. അവൾ ടവൽ സോഫയിലേക്കെറിഞ്ഞ് അകത്തെ മുറിയിൽ കയറി കതകടച്ചിരുന്ന് കരഞ്ഞു. നിരഞ്ജന ഒരക്ഷരം ഉരിയാടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി.
“മാധുരി, ഇതെന്ത് ധിക്കാരമാണ്? നീയെന്തിനാണ് നിരഞ്ജനയോട് ഇത്രയും മോശമായി പെരുമാറിയത്. ഇന്ന് മാത്രമല്ല ഒരു മാസത്തോളമായി ഞാൻ ശ്രദ്ധിക്കുന്നു. നിരഞ്ജനെയന്ന് കേൾക്കുമ്പോഴേ നിന്‍റെ മുഖം ദേഷ്യംകൊണ്ട് ചുവക്കും. അവരെന്തോ പിടിച്ചുപറിക്കാൻ വരുന്നുവെന്ന രീതിയിലാണ് നിന്‍റെ പെരുമാറ്റം.” സൂധീഷിന്‍റെ സംസാരം കേട്ടയുടൻ മാധുരി ചാടിയെണീറ്റു.
“അഭിനയിച്ചിടത്തോളം ധാരാളം. അമ്മയും മകനുമെന്ന പവിത്രബന്ധത്തിന്‍റെ പേരും പറഞ്ഞ് നീചമായ പ്രവൃത്തികൾ എന്നിൽനിന്നും ഒളിപ്പിക്കാൻ ശ്രമിക്കണ്ട. ഇത്രയും ദിവസം ഞാനിതൊക്കെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.”
“മാധുരീ, നീയെന്താണ് പറയുന്നതെന്ന വല്ല നിശ്ചയവുമുണ്ടോ? ഛെ… നിനക്കെങ്ങനെ ഇത്ര തരംതാണ രീതിയിൽ ചിന്തിക്കാൻ സാധിക്കുന്നു. ഞാൻ മോശക്കാരനാണെന്ന് നീ എത്ര ലാഘവത്തോടെയാണ് പറയുന്നത്. വാസ്തവം എന്താണെന്നറിയുമ്പോൾ നീ പശ്ചാത്തപിക്കും. നിനക്ക് കുറ്റബോധവും തോന്നും.” സുധീഷിന് നിയന്ത്രണം നഷ്ടപ്പെട്ടു.
“കാരണമില്ലാതെ ഞാനൊരിക്കലും കുറ്റപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ഞാൻ നിങ്ങളുടെ ഓഫീസിൽ ഫോൺ വിളിക്കുമ്പോഴൊക്കെ നിങ്ങൾ നിരഞ്ജനയോടൊപ്പം പുറത്ത് പോയിരിക്കുകയാണെന്നാണ് മറുപടി ലഭിക്കുന്നത്. നമുക്കൊന്നിച്ച് പുറത്തുപോകാമെന്ന് പറയുമ്പോഴൊന്നും നിങ്ങൾക്ക് തീരെ സമയമില്ല. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ എത്രമാത്രം ശുഷ്കാന്തിയാണുള്ളത്. മാഡത്തിന്‍റെ ഫോൺ ഒന്നുവന്നാൽ മതി, രാത്രിയോ പകലെന്നോയില്ലാതെ ഉടനെ ഡ്യൂട്ടിക്ക് ജോയിൻ ചെയ്യും. എന്താണ് ഇതിന്‍റെയൊക്കെ അർത്ഥം? ശരി, നിങ്ങളവർക്ക് അമ്മ സ്ഥാനമാണ് നൽകിയിരിക്കുന്നതെങ്കിൽ അവരെ അമ്മയെന്നോ ആന്‍റിയെന്നോ വിളിച്ചുകൂടെ? എപ്പോ നോക്കിയാലും നിരഞ്ജനയെന്ന ഒറ്റവിചാരമേയുള്ളൂ.” മാധുരിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
ഇതൊക്കെ കണ്ടപ്പോൾ സുധീഷിന് മാധുരിയോട് ദയയാണ് തോന്നിയത്. “തൽക്കാലം ഞാനൊന്നും പറയുന്നില്ല. നിന്‍റെ മനസ്സിൽ സംശയമുള്ളിടത്തോളം കാലം ഞാനെന്തു പറഞ്ഞാലും നിനക്കത് മനസ്സിലാകില്ല. പക്ഷേ, ഒന്നുമാത്രം ഞാൻ പറയാം. അവരെ അമ്മ, ആന്‍റി എന്നൊന്നും വിളിച്ചില്ലെങ്കിലും അവരെനിക്ക് അമ്മയെപ്പോലെയാണ്. ഇന്നല്ലെങ്കിൽ നാളെ നിനക്കത് ബോധ്യമാകും.” സുധീഷ് മുറിയിൽ നിന്നിറങ്ങി മഴയിലേക്ക് നടന്നു.
പിന്നീട് ഒരാഴ്ചയോളം സുധീഷ് നിരഞ്ജനയെ കാണാൻ ശ്രമിച്ചതേയില്ല. നിരഞ്ജന അവരുടെ അടുത്തേക്കും വന്നില്ല. കുറച്ചുദിവസങ്ങൾക്കൊണ്ട് സുധീഷും മാധുരിയും പിണക്കമെല്ലാം മറന്നു. വീട്ടിൽ വീണ്ടും സന്തോഷം അലതല്ലി. സുധീഷിന്‍റെ ഉദാസീനമായ മുഖം കാണുമ്പോൾ താനെത്ര വലിയ തെറ്റാണ് ചെയ്തതെന്ന് മാധുരി ഒരു നിമിഷമാലോചിക്കും. തൊട്ടടുത്ത നിമിഷം താന്‍റെ തീരുമാനം ശരിയാണെന്ന് മനസ്സിനെ ഉറപ്പിക്കും.
ഒരു ദിവസം ഓഫീസിൽ നിന്നും വലിയ സന്തോഷത്തിലാണ് സുധീഷ് മടങ്ങിയെത്തിയത്, “മധു, വേഗം റെഡിയാക്. നമ്മൾ കുറച്ച് ദിവസത്തേക്ക് മുംബൈ, ഗോവ, മഹാബലേശ്വർ… ഹണിമൂണിന് നമുക്ക് ഒരിടത്തും പോകാൻ സാധിച്ചില്ലല്ലോ?”
“സത്യായും…” മാധുരിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
അടുത്ത ദിവസം യാത്ര തിരിക്കുന്നതിന് മുമ്പായി അവർ നിരഞ്ജനയെ കാണാൻ പോയി. കസേരയിൽ തല ചായ്ച് ആകെ ക്ഷീണിതയായി ഇരിക്കുകയായിരുന്നു അവർ. അന്നേരം സുധീഷിനെയും മാധുരിയെയും അവർ പ്രതീക്ഷിച്ചിരുന്നില്ല. നിരഞ്ജനയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. വിനോദയാത്രയ്ക്ക് പോകുന്നുവെന്നറിഞ്ഞ് അവർ ആഹ്ളാദിച്ചു. അവരുടെ അഭാവത്തിൽ വീട് സംരക്ഷിക്കാമെന്ന് വാക്കും നൽകി.
അവർ ടാക്സിയിൽ കയറിയിരുന്നു. എന്തോ എടുക്കാൻ മറന്നുവെന്നപോലെ മാധുരി ടാക്സിയിൽ നിന്നിറങ്ങി നിരഞ്ജനയുടെ അടുത്തെത്തി, “ആന്‍റീ, ഞാനെപ്പോഴെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം.”
യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ തന്നെ നിരഞ്ജനയെ കാണാനായി പുറപ്പെട്ടു. കാനസർ രോഗിയായിരുന്ന നിരഞ്ജന മരിച്ചുവെന്ന വിവരമാണവരെ ഏതിരേറ്റത്. അവർ രോഗിയായിരുന്നുവെന്ന് മാധുരിക്ക് ഒരിക്കൽപ്പോലും തോന്നിയിട്ടില്ല. എന്നാൽ മാധുരിയെ ആശ്ടര്യപ്പെടുത്തിയത് അതൊന്നുമല്ല. അവർക്കുവേണ്ട എല്ലാ സഹായങ്ങൾ നൽകുകയും താൽപര്യത്തോടെ ഇടപെഴകുകയും ചെയ്തിരുന്നു. സുധീഷ് അവർ മരിച്ചുവെന്നറിഞ്ഞിട്ടും യാതൊരു ഭാവമാറ്റവും കൂടാതെ നിൽക്കുന്നു. ഇതൊക്കെ തനിക്ക് നേരത്തേ അറിയാമായിരുന്നു എന്ന ഭാവമായിരുന്നു സുധീഷിന്. അയാൾ വിവരങ്ങളെല്ലാം അവളെ പറഞ്ഞു മനസ്സിലാക്കി.
നിരഞ്ജനയുടെ അവസാനത്തെ ആഗ്രഹപ്രകാരം സുധീഷ് തന്നെ ഒരു മകന്‍റെ സ്ഥാനത്തുനിന്ന് മരണാനന്തരക്രിയകൾ എല്ലാം ചെയ്തു.
മാധുരിക്ക് തന്‍റെ അറിവില്ലായ്മകൊണ്ട് ചെയ്ത പ്രവർത്തിയോർത്ത് കുറ്റബോധം തോന്നി. അപ്രതീക്ഷിതമായ ഈ സംഭവം മാധുരിയെ വല്ലാതെ അലോസരപ്പെടുത്തി. നിരഞ്ജന നിഷ്കളങ്കയായിരുന്നുവെന്ന് മാധുരിയുടെ മനസ്സ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. “മരിച്ച് മണ്ണടിയുമ്പോഴാണ് ഒരാളുടെ യഥാർത്ഥവില പലപ്പോഴും നാം മനസ്സിലാക്കുന്നത്. അവർ എത്ര വേണ്ടപ്പെട്ടവരായിരുന്നുവെന്ന് ആ വ്യക്തിയുടെ അസാന്നിധ്യം നമ്മളെ നിരന്തരം ഓർമ്മപ്പെടുത്തും.” മാധുരി സെന്‍റിമെന്‍റലായി.
ബലി ചടങ്ങുകളൊക്കെ കഴിഞ്ഞ് അതിഥികളൊക്കെ യാത്രയായി, അവർ സ്വസ്ഥമായിരിക്കുമ്പോഴാണ് വക്കീലവിടെയെത്തിയത്. നിരഞ്ജനയുടെ വിൽപ്പത്രം നൽകാൻ വന്നതായിരുന്നു വക്കീൽ. തനിക്ക് സ്വന്തബന്ധമെന്ന് പറയാൻ ആരുമില്ലെന്ന് വിൽപ്പത്രത്തിൽ വ്യക്തമായിയെഴുതിരിക്കുന്നു. താൻ സുധീഷിനെ സ്വന്തം മകനെപ്പോലെയാണ് കരുതിയത്. താൻ നല്ലവണ്ണം ആലോചിച്ച് തീരുമാനിച്ച ശേഷമാണ് സ്വത്തൊക്കെ സുധീഷിന്‍റെയും മാധുരിയുടെയും പേരിൽ എഴുതി വയ്ക്കുന്നതെന്നും വിൽപ്പത്രത്തിൽ വ്യക്തമായിട്ടുണ്ടായിരുന്നു.
“തന്‍റെ മരണശേഷം മാത്രമേ ഏൽപ്പിക്കാൻ പാടുള്ളുവെന്ന് നിരഞ്ജന പ്രത്യേകം താൽപര്യപ്പെട്ടിരുന്നു.” വക്കീൽ അവരോട് പറഞ്ഞു.
മാധുരിക്ക് ഒരു കത്ത് കൊടുത്തു.
പ്രിയ മാധുരി,
ദീർഘ സുമംഗലീ ഭവഃ
ഈ കത്ത് നിന്‍റെ കൈയിൽ കിട്ടുമ്പോൾ ഞാൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കും. ഞാനും സുധീഷുമായുള്ള ബന്ധത്തെ നീ സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്ന് എനിക്കറിയാം. അങ്ങനെല്ലെന്ന് സ്ഥാപിക്കാൻ ഇനിയെനിക്ക് സമയമില്ല. മരണശേഷവും എന്‍റെ പേരിൽ ഇങ്ങനെയൊരു കളങ്കം കേൾക്കാൻ ഞാനാഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് സ്വന്തം മകനെന്നപോൽ സ്നേഹിക്കുന്ന സുധീഷിനെക്കുറിച്ചാകുമ്പോൾ. എന്‍റെ ആത്മാവിന് ഗതികിട്ടില്ല. ഒരമ്മയുടെ വാത്സല്യമാണ് എനിക്ക് സുധീഷിനോടുള്ളത്. ഒരു മകന്‍റെ സ്നേഹമാണ് അവനെനിക്ക് നൽകുന്നത്.
കാൻസർ രോഗത്തിന്‍റെ ലാസ്റ്റ് സ്റ്റേജിലായിരുന്നു ഞാൻ. മാധുരിയാകട്ടെ പുതുതായി കുടുംബജീവിതം തുടങ്ങിയതേയുള്ളൂ. എന്‍റെ രോഗത്തെക്കുറിച്ച് സൂചിപ്പിച്ച് ആഹ്ളാദഭരിതമായ നിങ്ങളുടെ ജീവിതം ദുഃഖത്തിലാഴ്ത്താൻ ഞാനാഗ്രഹിച്ചില്ല. അതുകൊണ്ട് ഇതേക്കുറിച്ച് നിന്നോട് പറയരുതെന്ന് ഞാൻ ശഠിച്ചിരുന്നു. ഒരുപക്ഷേ ഇതാവും ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റും. ഭാര്യയ്ക്കാണ് ഭർത്താവിൽ പൂർണ്ണ അവകാശമെന്ന യാഥാർത്ഥ്യം ഞാൻ മറന്നു. ഭർത്താവ് മറ്റേതെഭ്കിലും സ്ത്രീക്ക് പ്രാധാന്യം നൽകുന്നത് ഭാര്യയ്ക്ക് സഹിക്കാനാകുമോ? അതിനാൽ നിന്നെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ നിന്നെ വിഷമിപ്പിച്ചതിൽ എനിക്ക് വേദനയുണ്ട്.
മാധുരിയിതൊന്നും അറിയാതിരിക്കാൻ വേണ്ടിയാണ് സുധീഷ് ഓഫീസ് ടൈമിൽ എന്നെയുംകൂട്ടി ആശുപത്രിയിൽ പോയത്. പക്ഷേ ഞങ്ങൾ ഓഫീസ് സമയത്ത് പുറത്തെവിടെയോ ചുറ്റിക്കറങ്ങാൻ പോകുന്നുവെന്നല്ലേ മാധുരി കരുതിയത്. അതോടെ മാധുരിയുടെ സംശയം ദൃഢപ്പെട്ടു. സൗന്ദര്യം വാസ്തവത്തിലെനിക്കൊരു ശാപമായിത്തീരുകയായിരുന്നു. ആ സൗന്ദര്യമാണ് ഭർത്താവ് ചാരിത്ര്യമില്ലാത്തവളായി പ്രഖ്യാപിക്കാനും കാരണം.
ഇത് എന്‍റെ മാത്രമല്ല സുന്ദരികളായ എല്ലാ സ്ത്രീകളുടെയും ജീവിത ദുരന്തമാണ്. പരസ്പരവിശ്വാസവും ആശ്രയവുമാണ് ഭദ്രമായ ദാമ്പത്യജീവിതത്തിന്‍റെ അടിത്തറ. ഉറപ്പില്ലാത്ത അടിത്തറയാണെങ്കിൽ സ്നേഹത്തിന്‍റെ സ്വപ്നഗൃഹം തകർന്നടിഞ്ഞ് വീഴുകയേയുള്ളൂ. അതിനാൽ സന്തുഷ്ട ലോകത്തിൽ സംശയത്തെ കുടിയേറ്റരുത്. സംശയത്തിന്‍റെ വിഷവിത്ത് സ്നേഹക്കൂടാരത്തെ ഇല്ലാതാക്കും. ഞാനെന്നും മാധുരിയോട് കടപ്പെട്ടിരിക്കും. യാത്ര തിരിക്കുംമുമ്പ് മരണാസന്നനിലയിലായിരുന്ന എന്‍റെയടുത്തുവന്ന് മാപ്പ് ചോദിച്ചത് എന്നെ ആഹ്ളാദിപ്പിക്കുന്നു. മനസ്സിന്‍റെ ഭാരം ഇറക്കിവച്ചതുപോലെ തോന്നുന്നു. എന്നെ അവിശ്വസിക്കില്ലെന്ന് കരുതട്ടെ. നിങ്ങൾക്ക് സന്തോഷപ്രദമായ ഭാവി കാംഷിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.
നിങ്ങളുടെ പ്രിയ ആന്‍റി
നിരഞ്ജന
കത്തിലെ വാചകങ്ങൾ മാധുരിയുടെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. സന്തോഷത്താലും സങ്കടത്താലും അവൾ തളർന്നുപോയി.
ഒരമ്മയെ സംശയിച്ചതിന്‍റെ കുറ്റബോധം കഴുകികളയാനെന്നോണം അവൾ ഭർത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.