പ്രണയദിനം കഴിഞ്ഞാലും പ്രണയം നിലനിൽക്കും. എന്നാലും പ്രണയദിനത്തിന്‍റെ അന്ന് ലഭിക്കുന്ന സമ്മാനങ്ങൾ പ്രിയപ്പെട്ടതായിരിക്കുമല്ലോ. സ്മാർട്ട് ഫോണുകൾ ഹൃദയം പോലെ ജീവിതത്തിന്‍റെ ഭാഗമായ ഇക്കാലത്ത് അകന്നു നിൽക്കുമ്പോഴും പ്രണയിക്കുന്നവർ അടുത്തിരിക്കുന്നതായെ മനസ്സിന് തോന്നൂ. അതുകൊണ്ട് തന്നെ വിരഹത്തിന്‍റെ അസ്വസ്ഥതകൾ പ്രണയിക്കുന്നവർക്ക് അനുഭവിക്കേണ്ടി വരുന്നില്ല. പിണങ്ങിയാലും ഒരു വാട്സ്ആപ്പ് മെസ്സേജ് മതി കാര്യങ്ങൾ ട്രാക്കിലാവാൻ. അതിനാൽ സൗന്ദര്യ പ്രശ്നങ്ങൾ പഴങ്കഥയായി മാറുന്നു. അല്ലെങ്കിൽ അല്പനേരത്തേക്ക് മാത്രമുള്ള ഒരു സംഗതിയായി തീരുന്നു. ഡിജിറ്റൽ യുഗം പ്രണയിക്കുന്ന രീതിയേയും പ്രണയ അനുഭവത്തെയും മാറ്റിയെന്ന് തീർത്ത് എന്നു പറയാം. എന്നാൽ ഗിഫ്റ്റ് നൽകുന്ന രീതിയും അത് ലഭിക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയും മാറിയിട്ടില്ല. ഈ പ്രണയദിനത്തിൽ പ്രിയതമയ്ക്ക്, പ്രിയതമന് സമ്മാനങ്ങൾ നൽകാം. അതിന് നിങ്ങളെ സഹായിക്കുന്ന ടിപ്സ് ഇതാ…
എന്തു നൽകണം
നിങ്ങളുടെ മനസ്സിൽ തോന്നുന്നതെന്തും നൽകാം. പക്ഷേ സമ്മാനം അത് ലഭിക്കുന്ന ആളുടെ അഭിരുചിക്ക് അനുസരിച്ച് ഉള്ളതാവണം. എന്ന് കരുതി സമ്മാനം വളരെ വിലപിടിപ്പുള്ളതാവണമെന്നൊന്നുമില്ല. അപൂർവ്വമായ വസ്തുക്കൾ സമ്മാനിക്കാം. ശരിക്കും അതൊരു സർപ്രൈസ് ഗിഫ്റ്റ് ആയി മാറുകയും ചെയ്യും.
മാർക്കറ്റിൽ കിട്ടുന്നതെന്തും സമ്മാനിക്കാം എങ്കിലും കസ്റ്റമൈസ്ഡായിട്ടുളള എന്തെങ്കിലും നൽകിയാൽ അത് വളരെ വേറിട്ടതായി മാറും. ഗിഫ്റ്റ് നൽകുന്ന കാര്യത്തിൽ നിങ്ങളുടെ ഭാവന ഉപയോഗപ്പെടുത്താം. സ്വയം തയ്യാറാക്കാവുന്ന സമ്മാനങ്ങളും പരിഗണിക്കാവുന്നതാണ്.
കാമുകിക്കുള്ളത്
- ആഭരണങ്ങളോട് സ്ത്രീകൾക്ക് പ്രത്യേക താല്പര്യം തന്നെ ഉണ്ടാവുമല്ലോ. അതിനാൽ വേറിട്ടതും ലൈറ്റ് വെയിറ്റ് ആയിട്ടുള്ളതുമായ ഫാൻസി കമ്മലുകളോ വളയോ മാലയോ ഓൺലൈൻ ആയി ഓർഡർ നൽകുക. വിലയും അധികമാവില്ല.
- സമ്മാനങ്ങൾ നേരിട്ട് നൽകുന്നതാണ് എപ്പോഴും നല്ലത്. അപ്പോൾ പ്രണയിനിയുടെ കണ്ണുകളിലെ സ്നേഹം നേരിട്ട് കാണാനും കഴിയുമല്ലോ. ആഭരണങ്ങൾ അണിയിച്ചും കൊടുക്കാം.
- മനോഹരമായ റിസ്റ്റ് വാച്ചുകൾ നൽകാം. ബ്രാൻഡഡ് ആകണമെന്നൊന്നുമില്ല. ഷോർട്ട് ടൈം യൂസിനുള്ളത് ആവുന്നതാണ് നല്ലത്.
- പാദസരങ്ങൾ പല മെറ്റീരിയലിൽ ഉള്ളത് ഇപ്പോൾ വിപണിയിൽ സുലഭമാണ്. അതിന്‍റെ ഒന്നോ രണ്ടോ ജോഡി വാങ്ങി നൽകാം.
- മേക്കപ്പ് കിറ്റ് സമ്മാനിക്കാവുന്നതാണ്. പക്ഷേ നല്ല നിലവാരം ഉള്ളത് നൽകാൻ ശ്രദ്ധിക്കണം. മേക്കപ്പ് ഉപയോഗിക്കാത്ത ആളാണെങ്കിൽ ഒരിക്കലും ഇത്തരമൊരു സമ്മാനത്തെ പറ്റി ആലോചിക്കരുത്.
- മനോഹരമായ വാലറ്റോ ഹാൻഡ് ബാഗോ മെസഞ്ചർ ബാഗോ നൽകാവുന്നതാണ്.
- കാമുകി വായനാശീലമുള്ള ആളാണെങ്കിൽ അവരുടെ അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങൾ നൽകാം. നന്നായി ഗിഫ്റ്റ് പാക്ക് ചെയ്ത് നിങ്ങളുടെ കയ്യൊപ്പോടുകൂടി സമ്മാനിക്കുക.
- ബ്രാന്‍റഡ് നെയിൽ പോളിഷ് നൽകാവുന്നതാണ്. നേരിട്ട് നൽകുമ്പോൾ നിങ്ങൾക്ക് തന്നെ പ്രണയിനിക്ക് സ്നേഹത്തോടെ അണിയിച്ചു കൊടുക്കാം.
കാമുകനുള്ളത്
- സ്നേഹത്തിന്‍റെ സുഗന്ധം നുകരാൻ ആഗ്രഹിക്കാത്ത ആണുങ്ങൾ ഉണ്ടോ? നിങ്ങളുടെ കാമുകന് ബോഡി സ്പ്രേ സമ്മാനിക്കാവുന്നതാണ്.
- മെൻസ് വെയർ വാങ്ങി നൽകാം. ഷർട്ടോ കുർത്തയോ ആവാം. അദ്ദേഹത്തിന്‍റെ ഫേവറേറ്റ് കളറിലുള്ളത് തന്നെ തിരഞ്ഞെടുക്കാം. നല്ല ബ്രാന്‍റിന്‍റേത് ആയാൽ വളരെ നന്ന്.
- സ്റ്റാമ്പ് ശേഖരണം ഉള്ള ആളാണെങ്കിൽ അപൂർവ്വ സ്റ്റാമ്പുകൾ സംഘടിപ്പിച്ചു നൽകാം. മറ്റെന്തെങ്കിലും ഹോബി ഉണ്ടെങ്കിൽ അതിനനുസരിച്ചുള്ള സമ്മാനങ്ങൾ നൽകാവുന്നതാണ്.
- വാച്ച് നൽകാം. പക്ഷേ നല്ല കമ്പനിയുടേത് ആയിരിക്കണം എന്ന് മാത്രം.
- പൂന്തോട്ടം ഒരുക്കുന്നതിൽ കമ്പം ഉള്ളവർ ആണെങ്കിൽ ചെടികളും വിത്തുകളും വർണ്ണക്കടലാസിൽ പൊതിഞ്ഞു നൽകാം.
- വാലന്‍റൈൻ ഗിഫ്റ്റ് പാക്കറ്റിൽ കുഞ്ഞു തലയണകൾ, കാർഡുകൾ, ലോക്കറ്റ് കുഞ്ഞുമൃഗങ്ങൾ, കീ ചെയിനുകൾ തുടങ്ങിയവ ഉണ്ടാകും. അതുപോലെ പലതരം പ്രണയ സമ്മാനങ്ങൾ വിപണിയിൽ ഉണ്ട്. അതും ആലോചിക്കാവുന്നതാണ്.
കാല്പനികമായ സമ്മാനങ്ങൾ
- നീലനിറം ഇഷ്ടമുള്ള ആളാണെങ്കിൽ ഒരു വലിയ നീല പെൻസിൽ നൽകാം. അതിൽ മാഡ് ഓഫ് യു… എന്നോ മറ്റോ എഴുതി നൽകാം.
- വർണ്ണ കടലാസ്സുകൾ കൊണ്ട് തോണി നിർമ്മിച്ച അതിൽ സ്വന്തം പ്രണയ കുറിപ്പ് കവിത ശകലങ്ങളോ എഴുതി നൽകൂ.
- വാസന സോപ്പ് വാങ്ങി അതിൽ ഐ ലവ് യു എന്ന് കത്തികൊണ്ട് എഴുതി നൽകാം.
- മികച്ച ബ്രാന്‍റിന്‍റെ ട്രിമ്മറും ഷേവിംഗ് സെറ്റും സമ്മാനിക്കാവുന്നതാണ്. ഇതെല്ലാം ഒരു കിറ്റിൽ പൊതിഞ്ഞ് പ്രണയ കുറിപ്പോടുകൂടി സമ്മാനിക്കാവുന്നതാണ്.
- യാത്ര പോകുന്ന ആളാണെങ്കിൽ ബാഗ് സമ്മാനിക്കാം. ഓൺലൈനിൽ ഇതിനായി ഓർഡർ നൽകാവുന്നതാണ്.
- ലെതർ ബെൽറ്റും വാലറ്റും സമ്മാനിക്കാനായി തെരഞ്ഞെടുക്കാം.
- ബ്രാന്‍റഡ് സോക്സുകൾ, ടാറ്റൂ കിറ്റ് എന്നിവ നൽകാം.
രണ്ടുപേർക്കും നൽകാവുന്ന സമ്മാനങ്ങൾ
- പ്രണയദിന സമ്മാനം നൽകുന്നതിനായി ഹെവി ബജറ്റ് ഉണ്ടെങ്കിൽ മൊബൈൽ സമ്മാനിക്കാം. പാട്ടുകൾ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവിലോ സിഡിയിലോ ആക്കി നൽകാം.
- പൂക്കൾ നൽകാം. അത് അന്നേദിവസം എത്തിക്കുന്ന ഏജൻസികൾ ഉണ്ട്. അവരെ ഏൽപ്പിക്കാം. സർപ്രൈസ് ആയി.
- ഡയറി സമ്മാനിക്കാം. കൂടെ ഒരു നല്ല പേനയും ആവാം.