ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും നിറമായ മഞ്ഞ വർണത്തിൽ നിറഞ്ഞൊരുങ്ങിയ വധുവരന്മാർ… അവർക്കൊപ്പം മഞ്ഞ പൂമ്പാറ്റകളായി കളി ചിരിയോടെ ഉറ്റ തോഴർ… കാഴ്ച കണിയായി സ്റ്റേജിലെ ഗംഭീര അലങ്കാരങ്ങൾ മഞ്ഞളിൽ (ഹൽദി) എണ്ണയും വെള്ളവും കലർത്തി, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും വധുവരന്മാർക്ക് പുരട്ടുന്നു. ഇതിനൊപ്പം ആട്ടവും പാട്ടും കൊണ്ടാട്ടാവുമായി ഒരു കിടിലൻ ഇരവ്…

കേരള വിവാഹങ്ങളും ഹൽദി എന്ന മനോഹരമായ നോർത്തിന്ത്യൻ വിവാഹ പൂർവ ആഘോഷത്തെ അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്. ഹൽദി ഫംഗ്ഷനെ മലയാളത്തിൽ “മഞ്ഞൾ കല്യാണം” എന്ന് വിളിക്കുന്നു. സത്യം പറഞ്ഞാൽ യുവാക്കളുടെ വിവാഹ ആഘോഷമാണ് ഇപ്പോൾ ഹൽദി എന്ന് പറയാം.

കല്യാണ ദിവസം പൂർണമായും മുതിർന്നവർക്ക് വിട്ടു കൊടുത്തു കൊണ്ട് തങ്ങളുടേതായ ഡ്രീം വെഡിംഗ് ഫീലിംഗ് ഹൽദി വഴിയാണ് ഇപ്പോൾ ഇന്നത്തെ തലമുറ അനുഭവിക്കുന്നത് എന്നും പറയാം. താരതമ്യേന ലളിതമായ മലയാളി വിവാഹത്തിന് നിറവും സംഗീതവും രസവും പകരാൻ യുവാക്കൾ ആവേശത്തോടെയാണ് ഹൽദിയും മെഹന്ദിയും സംഗീതവും കടമെടുത്തത്.

കുറച്ചു കാലം മുമ്പ് കേരള ഹിന്ദു വിവാഹത്തിൽ പങ്കെടുത്ത ഒരു നോർത്തിന്ത്യൻ സുഹൃത്ത് പറഞ്ഞു,“നിങ്ങളുടെ സദ്യ അടിപൊളിയാണ്. പക്ഷേ നിങ്ങളുടെ കല്യാണം വളരെ സിംപിൾ. ഏതാനും മിനിറ്റുകൾക്കുള്ളിൽ വിവാഹം കഴിഞ്ഞല്ലോ എന്ന്. എന്നാൽ ഇന്ന് ആ അവസ്‌ഥ പാടേ മാറി. ഇനി ഒരു മലയാളി കല്യാണത്തിന് പോയാൽ ആരും ഞെട്ടിപോകും. നിലവിൽ, കേരളത്തിലെ വിവാഹങ്ങൾ ബിഗ് എന്‍റർടൈൻമെന്‍റ് ഇവെന്‍റ്സ് ആയി മാറിയിരിക്കുന്നു. മുൻകൂട്ടി പ്ലാൻ ചെയ്ത് പഠിച്ചുമൊക്കെ വധു വരന്മാർ നൃത്തം ചെയ്യുന്നു. ഡിജെ നൈറ്റ്സ്, അടക്കം ഫൺ ലോഡഡ് പ്രോഗ്രാംസാണ് മൊത്തം. ബോളിവുഡ് സിനിമകളിൽ നിന്നും ബോളിവുഡ് വിവാഹങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഒക്കെ പ്രചോദനം ഉൾക്കൊണ്ടാണ് ഹൽദി കേരളത്തിലും കുടിയേറിയത്.

യഥാർത്ഥത്തിൽ ഇന്ത്യൻ സംസ്കാരത്തിലെ വിവാഹത്തിന് മുമ്പുള്ള ഒരു പ്രധാന ചടങ്ങാണ് ഹൽദിയും മൈലാഞ്ചി ഇടലും ഒക്കെ. എന്നാൽ ഈ ചടങ്ങിന് ആഘോഷത്തിന്‍റെ പൊലിമയും ഫണ്ണും നൽകിയതിന്‍റെ ക്രെഡിറ്റ് ഇന്നത്തെ തലമുറയ്ക്ക് അവകാശപ്പെട്ടിരിക്കുന്നു. അങ്ങനെ ഹൽദി ഫംഗ്ഷൻ കേരളത്തിലും ട്രെൻഡിംഗ് ആയി.

മെഹന്ദി ചടങ്ങ്, മലബാർ പ്രദേശങ്ങൾക്ക് പരിചിതമാണെങ്കിലും ദക്ഷിണ കേരളത്തിലും മധ്യകേരളത്തിലും അത്ര പ്രചാരത്തിലില്ല. അതുപോലെ, ഹൽദി ഫംഗ്ഷൻ ഒരു ദശാബ്ദം മുമ്പ് ട്രെൻഡിൽ ആയിരുന്നില്ല. അപ്പോൾ ഹൽദി ഇല്ലാതെ ഇനി എന്ത് കല്യാണം അല്ലേ? ഈ ചടങ്ങിന്‍റെ പ്രാധാന്യം ഇപ്പോൾ എല്ലാവർക്കും അറിയാം.

ഹൽദി ചടങ്ങ് ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

അതിഥി ലിസ്റ്റ്

ആരെയൊക്കെ വിളിക്കണം എന്നതാണ് ആദ്യത്തെ ടാസ്ക്. അതിഥി ലിസ്റ്റ് ആദ്യമേ ഉണ്ടാക്കുക കാരണം ഹൽദി കിടിലൻ ആക്കാൻ ആസ്വദിക്കാൻ കഴിവുള്ളവരും ഡാൻസിലും പാട്ടിലുമൊക്കെ പങ്കെടുക്കാൻ കഴിയുന്നവരുമൊക്കെ ആയാൽ സംഗതി ജോറാകും.

വേദി തെരഞ്ഞെടുക്കൽ

അടുത്തത് വേദി തെരഞ്ഞെടുക്കൽ ആണ്. ഔട്ട്ഡോർ ആസ്വദിക്കാൻ അനുയോജ്യമായ സ്‌ഥലമാണ്. ഹൽദി, മെഹന്ദി ചടങ്ങുകൾക്കായി വിപുലമായ മണ്ഡപം സജ്ജീകരിച്ചിരിക്കുന്ന “യേ ജവാനി ഹേ ദീവാനി” ഓർക്കുന്നുണ്ടോ?

കളർ കോഡ്

അലങ്കാരം, കളർ കോഡ് എന്നിവ തെരഞ്ഞെടുക്കുക. ഹൽദി ഫംഗ്ഷൻ, ഫോട്ടോഗ്രാഫി, സെലിബ്രേഷൻ എന്നിവയ്ക്ക് മഞ്ഞയാണ് ഏറ്റവും മികച്ചത്. ഇനി മഞ്ഞ ഇഷ്ടമല്ലെങ്കിൽ മറ്റ് തിളക്കമുള്ള നിറങ്ങളും ആഡ് ചെയ്യാം. മഞ്ഞയ്ക്കൊപ്പം പിങ്ക്, ചുവപ്പ്, പച്ച കോമ്പിനേഷൻ നിറങ്ങൾ ഉപയോഗിക്കാം.

ഹൽദി പ്ലേ ലിസ്റ്റ്

അടിപൊളി ഗാനങ്ങളും വെഡിംഗ് സൊംഗ്സും ഉൾപ്പെടുത്തുക. അത് ചടങ്ങിന്‍റെ ആവേശം വർദ്ധിപ്പിക്കും. ഡിജെ അറേഞ്ച് ചെയ്താൽ പാട്ടും കാര്യങ്ങളും അവർ നോക്കിക്കോളും, അനാവശ്യ ടെൻഷൻ ഒഴിവാക്കാം.

ഹൽദി മെനു

കല്യാണത്തിന്‍റെ ആയാലും ഏത് ആഘോഷത്തിന്‍റെ ആയാലും തീറ്റ മുഖ്യം ബിഗിലെ. ഭക്ഷണം ഒരു സെലിബ്രേഷൻ മൂഡ് സൃഷ്ടിക്കുന്നു. അതിഥികൾക്ക് അതിശയകരമായ എന്തെങ്കിലും ആസ്വദിക്കാനുള്ള അവസരം നൽകി കൊണ്ട് ഹൽദി ചടങ്ങിൽ ലഘുഭക്ഷണങ്ങൾ നൽകാം.

നാച്ചുറൽ സ്റ്റൈൽ

പ്രകൃതിദത്തമായ നാടൻ രീതികൾ ഹൽദി അലങ്കാരത്തിൽ ഉൾപ്പെടുത്തുന്ന പ്രവണതയുണ്ട്. ഹൽദി അലങ്കാര ട്രെൻഡുകൾ ഓൺലൈൻ നോക്കിയോ വെഡിംഗ് പ്ലാനേഴ്സ് വഴിയോ, നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ഐഡിയയിലോ തയ്യാറാക്കാം.

ജമന്തി, റോസാപ്പൂവ്, ഔഷധ ഇലകൾ തുടങ്ങി ധാരാളം പൂക്കളും ഇലകളും ഉപയോഗിക്കുക. കളിമൺ പാത്രങ്ങൾ, പിച്ചള പാത്രങ്ങൾ, വിളക്കുകൾ എന്നിവ ഉപയോഗിച്ച് ട്രെഡീഷണൽ ലുക്ക് നൽകാം. രംഗോലികളും മൈലാഞ്ചി ഡിസൈനുകളും പോലുള്ള ഘടകങ്ങൾ അലങ്കാരത്തിൽ ഉൾപ്പെടുത്തണം. റൊമാന്‍റിക് അന്തരീക്ഷം സൃഷ്ടിക്കാൻ ഫെയറി ലൈറ്റുകൾ, മെഴുകുതിരികൾ, മറ്റ് ലൈറ്റിംഗ് ഘടകങ്ങൾ എന്നിവ ഉപയോഗിക്കുക.

മഞ്ഞൾ ഔഷധക്കൂട്ട്

വിവാഹ തലേന്ന് ചെയ്യുന്ന ഊർജ്‌ജസ്വലവും രസകരവുമായ ഹൽദിക്ക് ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട്. മഞ്ഞൾ എണ്ണയും വെള്ളവും കലർത്തി വധുവർന്മാർക്ക് പുരട്ടുന്നു. ഈ മിശ്രിതം വിവാഹത്തിന് മുമ്പ് ദമ്പതികളെ വിശുദ്ധീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, മഞ്ഞളിന്‍റെ ഗുണങ്ങൾ ചർമ്മത്തിന് ഭംഗിയും തിളക്കവും നൽകും.

മഞ്ഞളിന്‍റെ ഐശ്വര്യവും അതിന്‍റെ നിറത്തിന്‍റെ ഐശ്വര്യവും സംയോജിപ്പിച്ച് ദമ്പതികൾ പുതിയ ജീവിതം പങ്കിടാൻ തുടങ്ങുന്നു. വരനും വധുവും വിവാഹദിനത്തിലോ ഹൽദി ചടങ്ങുകളിലോ മഞ്ഞ വസ്ത്രം ധരിക്കുന്നതിന്‍റെ കാരണം ഐശ്വര്യം നിറയുന്ന മഞ്ഞ നിറമാണ്.

പാൽ, റോസ് വാട്ടർ, തൈര്, ചന്ദനപ്പൊടി, മറ്റ് ഔഷധങ്ങൾ തുടങ്ങിയ ചേരുവകളോടൊപ്പം മഞ്ഞൾ കലർത്തുന്നു. ഇത് ചർമ്മത്തെ പോഷിപ്പിക്കുക മാത്രമല്ല, മുഖത്തിനും ശരീരത്തിനും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു. ദമ്പതികൾ ഏതെങ്കിലും അവിവാഹിതരായ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഈ പേസ്റ്റ് പുരട്ടിയാൽ അവർക്കും താമസിയാതെ ഒരു ജീവിത പങ്കാളിയെ ലഭിക്കുമെന്നും കളിയാക്കാറുണ്ട്.

മഞ്ഞളിലെ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ളമേറ്ററി ഏജന്‍റുകൾ വിവാഹത്തിന് മുമ്പുള്ള നീര് വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നു. ഒരു മികച്ച എക്സ്ഫോളിയേറ്റിംഗ് ഏജന്‍റ് ആയ ഹൽദി മിശ്രിതം ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ഒരു മികച്ച ആന്‍റി ഓക്സിഡൻറും ആന്‍റി ഡിപ്രസന്‍റും ആയ മഞ്ഞൾ സമ്മർദ്ദത്തെ ചെറുക്കുന്നതിനും വിവാഹത്തിന് മുമ്പുള്ള അസ്വസ്ഥതകൾ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. മാനസികാവസ്‌ഥയേയും ശരീരത്തെയും ഉത്തേജിപ്പിക്കുന്ന സുഗന്ധമുള്ള റോസ് ഇതളുകളുമായി ഹൽദി മിക്‌സ് ചെയ്യുക. വിപണിയിൽ നിന്ന് റോസാദളങ്ങൾ വാങ്ങി കുറച്ച് ദിവസത്തേക്ക് വെയിലത്ത് സൂക്ഷിക്കുക. ഇത് ഒരു ഗ്രൈൻഡറിൽ പൊടിച്ചെടുക്കാം.

മുതിർന്നവരെ ബഹുമാനിക്കാം

ഇന്ത്യൻ വിവാഹത്തിലെ ഹൽദി ചടങ്ങിന്‍റെ പ്രാധാന്യം ആഘോഷത്തിനപ്പുറമാണ്. മുതിർന്നവരെ ബഹുമാനിക്കുന്ന ചടങ്ങ് ഇതിനൊപ്പം ഉണ്ട്. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും നൽകി അനുഗ്രഹിച്ചതിന് അവരോട് നന്ദി പറയുന്നതും കൂടിയാണിത്. സുഹൃത്തുക്കളുമായി ഉല്ലസിക്കുമ്പോൾ മുതിർന്നവരെ അവഗണിക്കുന്നതായി തോന്നാതിരിക്കാൻ ഈ ചടങ്ങ് സഹായിക്കും. ഹൽദി ഇവന്‍റിൽ നൃത്തം, വിനോദം, സംഗീതം എന്നിവ ആസൂത്രണം ചെയ്യുമ്പോൾ മുതിർന്നവർക്കും ചില ഉത്തരവാദിത്തങ്ങൾ നൽകുന്നു എന്ന് ഉറപ്പാക്കുക.

മേക്കപ്പ്

ഹൽദി ചടങ്ങിന് സിംപിൾ മേക്കപ്പ് മതിയാകും. എന്നാൽ ഫോട്ടോജനിക് ആകുന്ന തരം മേക്കപ്പ് ആവണം. എന്തായാലും ഹൽദിക്ക് എത്രത്തോളം മേക്കപ്പ് വേണമെന്നും വിവാഹ മേക്കപ്പ് പാക്കേജിൽ അത് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നും മേക്കപ്പ് പ്രൊഫഷണലുമായി ചർച്ച ചെയ്‌ത് തീരുമാനിക്കുക.

വധുവരന്മാർ ഒരുമിച്ച്

ഹൽദി ഫംഗ്ഷൻ അടിപൊളി ആകുന്നത് അതിലെ അലങ്കാര ആശയങ്ങൾ കൊണ്ടു കൂടിയാണ്. വധുവരന്മാർ ഒരുമിച്ച് ഹൽദി ആഘോഷിക്കുന്ന രീതി ഇപ്പോൾ കൂടുതൽ ട്രെൻഡിയാണ്. ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ പോകുന്നതിനാൽ ഹൽദി ഫംഗ്ഷൻ ഒരുമിച്ച് ആഘോഷിക്കുന്നതിൽ ഒരു തെറ്റുമില്ല.

വർണ്ണാഭമായ വസ്ത്രങ്ങൾ

മെഹന്ദി ചടങ്ങുകൾക്ക് ബൊഹീമിയൻ സ്റ്റൈൽ ഡ്രസ്സ് നല്ലതാണ്. മഞ്ഞ നിറത്തിൽ വർണ്ണാഭമായ വസ്ത്രങ്ങൾ ധരിക്കുക. അത് നിങ്ങളെ കൂടുതൽ ഫോട്ടോജെനിക് ആക്കി മാറ്റും. വിചിത്രമായി തോന്നാത്ത ശരിയായ കോമ്പിനേഷൻ ഉപയോഗിക്കുന്നത് ഉറപ്പാക്കുക.

വേദി അലങ്കാരം

വർണ്ണാഭമായ മൺപാത്രങ്ങൾ, പട്ടം, ബലൂണുകൾ മുതലായവ ഉപയോഗിച്ച് വേദി അലങ്കരിക്കുക. അത് ഹൽദിയുടെ ലുക്ക് ഉയർത്തുന്നു.

ഫ്ളവർ ഹോളി

നിറങ്ങൾ പൂശുന്നത് സുഖകരമല്ലെങ്കിൽ, റോസസ്, ലില്ലി തുടങ്ങിയ വിവിധ പൂക്കളുടെ ദളങ്ങൾ തെരഞ്ഞെടുത്ത് ഫ്ളവർ ഹോളി നടത്താം. അത് രസകരമായ സുഗന്ധമുള്ള ചടങ്ങായിരിക്കും.

ഹൽദി നീരാട്ട്

വധുവിന്‍റെയും വരന്‍റെയും മുഖത്തും കൈകളിലും ഹൽദി പുരട്ടുന്നതിനുപകരം, അവരെ മഞ്ഞൾ വെള്ളത്തിൽ നന്നായി കുളിപ്പിക്കുക. അങ്ങനെ അത് ഒരു അസാധാരണ സംഭവമാക്കി മാറ്റുക, ഹൽദി ഫംഗ്ഷൻ അലങ്കാര ആശയങ്ങൾ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും രസിപ്പിക്കാനും ആസ്വദിക്കാനുമുള്ള മികച്ച മാർഗ്ഗമാണ്. അങ്ങനെ ചടങ്ങിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ഹൽദി അവിസ്മരണീയമായ അനുഭവമായി മാറട്ടെ!

और कहानियां पढ़ने के लिए क्लिक करें...