ഇരുപത് വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി മത്തായിച്ചന്‍റെ മകൻ അലക്സ് ഗൾഫിൽ നിന്ന് വന്നതിന്‍റെ പിറ്റേന്ന് തന്നെ ഈ പ്രവാസിയെ സന്ദർശിക്കാൻ അയൽവാസിയും ഹൈസ്കൂളിൽ ക്ലാസ്മേറ്റുമായിരുന്ന അജയൻ എത്തി. അല്പ നേരത്തെ കുശലത്തിനു ശേഷം ഭാവി പരിപാടികളെപ്പറ്റി അജയൻ ചോദിച്ചപ്പോൾ ഒന്നും തീരുമാനിച്ചില്ല എന്ന ചുരുങ്ങിയ വാക്കിൽ അലക്സ് മറുപടിയൊതുക്കി. ഒരാഴ്ചയ്ക്കു ശേഷം അവർ തമ്മിൽ വീണ്ടും കണ്ടപ്പോൾ അലക്സിന്‍റെ ഭാവി പരിപാടികൾ സംസാര വിഷയമായെങ്കിലും ‘എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നുണ്ട് ‘എന്ന് മാത്രം പറഞ്ഞ് അലക്സ് തൽക്കാലം ഒഴിഞ്ഞുമാറി.

വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞ് ഒരു സഞ്ചയന ചടങ്ങിൽ വച്ച് വീണ്ടും കണ്ടപ്പോഴാണ് അജയൻ കള്ളിച്ചെടിയിൽ നിന്ന് കാൻസറിനുള്ള മരുന്ന് നിർമ്മിക്കുന്ന ബിസിനസ്സിന്‍റെ ആശയം അലക്സിന്‍റെ മുമ്പാകെ വിശദമായി അവതരിപ്പിച്ചത്. അച്ഛൻ നാട്ടുവൈദ്യനായതിനാൽ ഔഷധത്തിന്‍റെ ലോകവുമായി അജയന് കുട്ടിക്കാലം മുതലേ നല്ല ബന്ധവുമുണ്ടായിരുന്നു. ഇപ്പോഴും അച്ഛന്‍റെ വലം കയ്യായി അജയൻ വൈദ്യശാലയിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ഈ മരുന്ന് നിർമ്മാണം ഇതുവരെ നടന്നില്ല എന്ന് മാത്രം. അച്ഛനുമായി ഇക്കാര്യം വിശദമായി സംസാരിച്ചിട്ട് ബാക്കി തീരുമാനിയ്ക്കാമെന്ന് പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്.

മൂന്നാം നാൾ രാവിലെ തന്നെ അലക്സ് അജയന്‍റെ അച്ഛൻ ചന്ദ്രൻ വൈദ്യരുടെ വീട്ടിലെത്തി. ആ സമയം രോഗികൾ ആരും ഇല്ലാതിരുന്നതിനാൽ അജയനടക്കം മൂവരും ചേർന്ന് പരിശോധനാ മുറിയിൽ ഇരുന്ന് തുടങ്ങാൻ പോകുന്ന ബിസിനസ്സിന്‍റെ നാനാവശങ്ങൾ ചിന്തിച്ചു. എത്ര രൂപ മുതൽ മുടക്കേണ്ടിവരുമെന്നും എത്ര നാളെടുക്കും ബിസിനസ് പച്ചപിടിക്കുവാനെന്നും എന്നു മുതൽ ലാഭം കിട്ടിത്തുടങ്ങുമെന്നും ലാഭ വിഹിതം എത്ര വച്ച് വീതം വയ്ക്കണമെന്നും എല്ലാമെല്ലാം ചർച്ചയിൽ ഏറെക്കുറെ തീരുമാനമായി.

അസംസ്കൃത വസ്തുവായ കള്ളിച്ചെടി എല്ലാ വീടുകളിലും സാമ്പിൾ എത്തിച്ച് കൊടുത്ത് ആ വീട്ടുകാരെക്കൊണ്ട് തന്നെ കൃഷി ചെയ്യിച്ച് വൻതോതിൽ അവരിൽ നിന്ന് തിരിച്ച് വാങ്ങുന്നതും മരുന്നായി മാറ്റുന്നതും ചന്ദ്രൻ വൈദ്യരുടെ ചുമതലയിലായി. വിപണനവും പ്രചരണവും അജയന്‍റെ ചുമതലയിലും, സാമ്പത്തികം കണ്ടെത്തി കമ്പനിയെ മുന്നോട്ട് കൊണ്ടുപോകേണ്ടുന്ന കാര്യം അലക്സിനും ആയി തീരുമാനിച്ചു. ബാങ്കിംഗ് കാര്യങ്ങളെല്ലാം ഇന്നുതന്നെ ശരിയാക്കി ആദ്യ ഗഡുവായ അഞ്ച് ലക്ഷം നിക്ഷേപിയ്ക്കുന്നത് നാളെ ചെയ്യാമെന്ന് പറഞ്ഞ് പടിയിറങ്ങുന്ന അലക്സിനോട് അയൽവാസിയും പഴയ സഹപാഠിയുമായ മത്തായിച്ചന്‍റെ അസുഖ വിവരങ്ങൾ അന്വേഷിക്കാൻ വൈദ്യർ മറന്നില്ല.

നിശ്ചയിക്കപ്പെട്ട പോലെ മൂവരും അവരവരുടെ ജോലികളിൽ വ്യാപൃതരായി. രണ്ടാഴ്ച കൊണ്ട് ജില്ലയിലെ നൂറിൽപരം ആയുർവേദ വൈദ്യശാലകളിലെത്തി അജയൻ ഓർഡറും എടുത്തു. വൻ തോതിൽ മരുന്ന് നിർമ്മിക്കുവാനുള്ള പ്ലാന്‍റിന്‍റെ കൂടാര നിർമ്മാണവും തുടങ്ങിക്കഴിഞ്ഞു. അലക്സാകട്ടെ ആദ്യം അക്കൗണ്ടിൽ നിക്ഷേപിച്ച അഞ്ചു ലക്ഷത്തിനു പുറമെ കസ്റ്റംസിനെ വെട്ടിച്ച് കൊണ്ടുവന്ന പത്ത് പവന്‍റെ സ്വർണ്ണമാല ജ്വല്ലറിയിൽ വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ കൂടി പ്ലാന്‍റിന്‍റെ ബിസിനസ്സ് അക്കൗണ്ടിൽ നിക്ഷേപിച്ചു കഴിഞ്ഞു.

ദൈവാനുഗ്രഹത്താൽ ഒരു മുടക്കവും തടസ്സവുമില്ലാതെ കാര്യങ്ങൾ എല്ലാം ഒരു വിധം ഭംഗിയായി മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കവെയാണ് അലക്സിന്‍റെ അപ്പൻ മത്തായിച്ചനെ അസുഖം കൂടുതലായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്നത്. തറവാട് പറമ്പിന്‍റെ ഒരറ്റത്ത് തന്നെ പണിത പുതിയ വീട്ടിലേയ്ക്ക് അലക്സും ഭാര്യയും മക്കളും താമസം മാറിയിട്ട് വെറും രണ്ട് കൊല്ലമേ കഴിഞ്ഞിട്ടുള്ളു. അതിനു ശേഷമാണ് അലക്സിന്‍റെ ഏക പെങ്ങളുടെ ഭർത്താവ് ബൈക്കപകടത്തിൽ മരണപ്പെട്ട് പെങ്ങളും പത്താം തരം പഠിക്കുന്ന മകനും കുടുംബ വീട്ടിൽ ഒരു ഗതിയുമില്ലാത്ത മത്തായിച്ചനൊപ്പം താമസമായത്. വാർദ്ധക്യ കാല പെൻഷനും വിധവാ പെൻഷനും കൊണ്ട് കുറെ നാളായി മത്തായിച്ചനും മകളും കൊച്ചുമോനും വളരെ ഞെരുങ്ങിയാണ് കഴിഞ്ഞു വരുന്നത്. അലക്സിന്‍റെ ഒരു വിധ സഹായവും ഇല്ലാതായിട്ട് നാളേറെയായെന്ന് ചുരുക്കം.

സ്വന്തക്കാരിൽ ചിലർ പള്ളി മുഖാന്തിരം അലക്സിനെ കഴിഞ്ഞ വർഷം അവധിക്ക് വന്നിരുന്നപ്പോൾ തന്നെ അപ്പനെ വേണ്ടുംവണ്ണം ചികിത്സിക്കാനും ജീവിതച്ചെലവിനായിട്ടും സഹായം ചെയ്യണമെന്ന് ഉപദേശിച്ചു നോക്കിയിരുന്നു എങ്കിലും അതൊന്നും വേണ്ടത്ര ഫലം കണ്ടില്ലായിരുന്നു. ആരോഗ്യമുണ്ടായിരുന്ന നാളിൽ കൂലിപ്പണി ചെയ്ത് കഷ്ടപ്പെട്ട് തന്നെയാണ് മത്തായിച്ചൻ രണ്ട് മക്കളെയും വളർത്തിയതും അലക്സിനെ പഠിപ്പിച്ച് ഗൾഫിലയച്ചതും. അതിൽ കുറച്ച് കടവുമുണ്ടായിരുന്നു. പക്ഷെ അലക്സാകട്ടെ ആ കടം പോലും വീട്ടിയതുമില്ല, കുടുംബത്തെയൊട്ട് സഹായിച്ചതുമില്ല. തന്‍റെ കണക്കു കൂട്ടലുകൾ തെറ്റിപ്പോയി എന്ന് മത്തായിച്ചൻ പലപ്പോഴും വിലപിച്ചിരുന്നു. ഇതൊന്നും കാണാൻ നിൽക്കാതെ ഇവരുടെ അമ്മച്ചി നേരത്തെ പോയത് നന്നായെന്ന് മത്തായിച്ചൻ പലരോടും പറയാറുണ്ടായിരുന്നുവത്രെ.

കഷ്ടപ്പാട് കൂട്ടത്തോടെ എന്ന ചൊല്ല് അന്വർത്ഥമാകുംവണ്ണം അപ്പൻ ആശുപത്രിയിലായതിന്‍റെ മൂന്നാം നാൾ ഒരു പോലീസ്കാരൻ വന്ന് അലക്സിനോട് സ്റ്റേഷനിലെത്താൻ പറഞ്ഞു. കഴിഞ്ഞ വർഷം അവധിക്കുവന്നപ്പോൾ അലക്സിനെതിരെ മത്തായിച്ചൻ ‘വാർദ്ധക്യത്തിൽ അവശനായ തന്നെ, തന്‍റെ മകൻ വേണ്ടും വണ്ണം പരിചരിക്കുന്നില്ല’ എന്ന് ഒരു പരാതി പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. പക്ഷെ അന്ന് സ്റ്റേഷനിൽ ചെന്ന് ചിലർക്ക് രഹസ്യമായി പൈസ കൊടുത്ത് പരാതി ഒതുക്കിയിട്ടായിരുന്നു അലക്സ് ഗൾഫിലേക്ക് അവധി കഴിഞ്ഞ് തിരിച്ച് പോയത്.

സ്റ്റേഷനിൽ ചെന്ന് ഹൗസ് ഓഫീസറെ കാത്ത് ഉച്ചവരെ നിന്ന ശേഷം പുള്ളി വന്നപ്പോഴാണ് ഒന്ന് കാണാൻ സാധിച്ചത്. ഓഫീസർ കാര്യം മാന്യമായി ചുരുക്കിപ്പറഞ്ഞു. കഴിഞ്ഞ തവണ കേസ് എടുത്ത് മുന്നോട്ട് പോകാത്തത് കോടതിയുടെ ശ്രദ്ധയിൽ പെട്ടതിനാൽ ഇത്തവണ കോടതി നിർദ്ദേശപ്രകാരമാണ് വിളിപ്പിച്ചത് എന്നും ചാർജ് തയ്യാറാക്കി കോടതിയിൽ കൊടുക്കാൻ തയ്യാറെടുക്കുകയാണെന്നും അഴിയെണ്ണാൻ തയ്യാറായിക്കൊള്ളാനും പറഞ്ഞ് എസ് ഐ ഒന്ന് വിരട്ടി. ജാമ്യക്കാരെ തയ്യാറാക്കിക്കൊള്ളാൻ എസ്ഐ നിർദ്ദേശിച്ചതനുസരിച്ച് അലക്സ് ഫോണിലൂടെ അജയനെ വിളിച്ചു വരുത്തിച്ചു.

അജയൻ ഹൗസ് ഓഫീസറെക്കണ്ട് സംസാരിച്ച് ഒരു ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കി. അപ്പന്‍റെ ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കുമായി പത്ത് ലക്ഷം രൂപ ഇപ്പോൾ വൈകുന്നേരത്തിനകം തന്നെ നൽകണമെന്നതായിരുന്നു അതിൽ മുഖ്യമായ കാര്യം. എങ്കിൽ ജാമ്യം നിൽക്കാമെന്നും കോടതിയിൽ അപ്പൻ കൊടുത്ത പരാതി അപ്പനെക്കൊണ്ട് പിൻവലിപ്പിച്ച് ഒത്തുതീർപ്പാക്കാമെന്നും അജയൻ ഏറ്റു. പക്ഷെ പൈസ ഇന്ന് കൈമാറിയില്ലെങ്കിൽ ഗൾഫിൽ നിന്ന് കസ്റ്റംസിനെ പറ്റിച്ച് കണക്കിൽ പെടാതെ കൊണ്ടുവന്നിട്ടുള്ള സ്വർണ്ണം പരിശോധിക്കാൻ വരുന്നത് പോലീസ് ആകില്ല മറിച്ച് ചിലപ്പോൾ കേന്ദ്രത്തിന്‍റെ എൻഫോഴ്സ് ഡിറക്ടറേറ്റ് ആയിരിക്കുമെന്ന് കൂടി അജയൻ ഓർമ്മിപ്പിച്ചു.

അലക്സിന്, താൻ ശരിയ്ക്കും ചക്രവ്യൂഹത്തിൽ അകപ്പെട്ടതുപോലെ തോന്നി. ബിസിനസ്സിന്‍റെ ആവശ്യത്തിനായി ബാങ്കിൽ അക്കൗണ്ടിലിട്ട പത്ത് ലക്ഷം തൽക്കാലം എടുത്ത് ഈ പ്രശ്നം പരിഹരിയ്ക്കാമെന്ന് അജയൻ ഒരു പോം വഴി മുന്നോട്ട് വച്ചതിൽ നിവൃത്തിയില്ലാതെ അലക്സ് സമ്മതിച്ചു. തൽക്കാലം മരുന്ന് നിർമ്മാണ ബിസിനസ്സിൽ നിന്ന് അലക്സ് സ്വമേധയാ പിൻമാറുന്നതായും മേലാൽ ഒരു വിധ അവകാശവും ഈ ബിസിനസ്സിൽ ഉന്നയിക്കുകയില്ല എന്നും അപ്പൻ ആവശ്യപ്പെട്ട തുക വൈകീട്ട് ആറുമണിയ്ക്കകം നൽകുന്നതാണെന്നും ഹൗസ് ഓഫീസറുടെ മുമ്പാകെ വച്ച് വ്യവസ്ഥകൾ ഒന്നൊന്നായി എഴുതി രണ്ടു പേരും ഒപ്പിട്ട് പുറത്തിറങ്ങിയപ്പോൾ വൈകീട്ട് നാലു മണിയായിരുന്നു.

പിറ്റേന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത് കുടുംബ വീട്ടിലെത്തിയ മത്തായിച്ചനെ കാണുവാൻ അയൽവാസികളായ ചന്ദ്രൻ വൈദ്യരും അജയനും ചെന്നിരുന്നു. കുശലത്തിനിടയിൽ, ഞാൻ അവനോട് ആവശ്യപ്പെട്ട തുക ഇത്ര പെട്ടെന്ന് തന്നെ എങ്ങിനെ സ്വരൂപിയ്ക്കാൻ അവനു കഴിഞ്ഞുവെന്ന് മത്തായിച്ചൻ അജയനോട് ചോദിച്ചു.

കള്ളിച്ചെടിയിൽ നിന്ന് കാൻസറിനുള്ള മരുന്ന് എന്ന പുതിയ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന ധാരണയിൽ രണ്ട് പ്രാവശ്യമായി വൈദ്യശാലയുടെ അക്കൗണ്ടിൽ പുള്ളിയെക്കൊണ്ട് അഞ്ച് ലക്ഷം രൂപ വീതം ഇടുവിച്ചിരുന്നത് അജയൻ വെളിപ്പെടുത്തി.

ഒന്ന് നിറുത്തിയിട്ട് അജയൻ കൂട്ടിച്ചേർത്തു. “ചില അസുഖങ്ങൾക്ക് വൈദ്യശാസ്ത്രത്തിൽ കടുത്ത പ്രയോഗങ്ങൾ ഉള്ളതു പോലെ ഇവിടെ അലക്സിനെ വരുതിയിലാക്കുവാനും ഞങ്ങൾക്ക് ഒരു തിരക്കഥ തയ്യാറാക്കേണ്ടി വന്നു എന്ന് മാത്രം.” അജയൻ ശബ്ദം താഴ്ത്തി മത്തായിച്ചനോട് പറഞ്ഞു.

അപ്പോൾ മരുന്ന് നിർമ്മാണം വേണ്ടെന്ന് വച്ചോ? മത്തായിച്ചൻ അല്പം വിഷമത്തോടെ മൂക്കിൽ വിരൽ വച്ചു കൊണ്ട് വൈദ്യരോട് തന്‍റെ സംശയം ചോദിച്ചു.

വൈദ്യർ പതിഞ്ഞ സ്വരത്തിൽ വിശദമാക്കി. “ഞാനും അജയനും അലക്സിന്‍റെ പൈസ മനസ്സിൽ കണ്ടിട്ടല്ലായിരുന്നു മരുന്ന് നിർമ്മാണത്തിന് ഇറങ്ങിത്തിരിച്ചത്. അതിന് ഞങ്ങൾ വൈദ്യശാല നടത്തി സമ്പാദിച്ച പൈസ തന്നെ മതിയാകും. മത്തായിച്ചന്‍റെ വിഷമങ്ങൾ കണ്ട് അതിനൊരറുതിയ്ക്കായി ഞങ്ങൾ തയ്യാറാക്കിയ ഈ തിരക്കഥ പൊളിയാതെ ഭംഗിയായി നടന്നു എന്നതിനാൽ അപ്പനും മോൾക്കും ചെറുമകനും ഇനിയങ്ങോട്ട് അല്പം സമാധാനത്തോടെ ജീവിയ്ക്കാമല്ലോ എന്നതിലാണ് ഞങ്ങൾക്കും സന്തോഷം.”

അച്ഛനു പിറകെ അജയൻ കൂട്ടിച്ചേർത്തു. “ഞങ്ങളുടെ ഇപ്പോഴുള്ള മരുന്ന് നിർമ്മാണ യൂണിറ്റ് ഒന്ന് വിപുലമാക്കണമെന്ന് കുറച്ചു നാളായി വിചാരിക്കുന്നു. അത് പതിയെ നടന്നുകൊള്ളും. നിങ്ങളുടെ ഈ കഷ്ടപ്പാടിൽ ഇത്രയുമെങ്കിലും സഹായിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ അയൽപക്കം എന്ന് പറയുന്നതിൽ എന്തർത്ഥം എന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്.” അജയനും വൈദ്യരും മടങ്ങുവാനായി എഴുന്നേറ്റ് മത്തായിച്ചനെ വണങ്ങി.

എന്നിട്ടും സംശയം തീരാതെ മത്തായിച്ചൻ അവരെ യാത്രയാക്കവേ ചോദിച്ചു “അപ്പോൾ കള്ളിച്ചെടിയും കാൻസർ മരുന്നും……?”

വൈദ്യർ മകന്‍റെ തോളിൽ താങ്ങിക്കൊണ്ട് വീടിന്‍റെ പുറത്തേയ്ക്കുള്ള പടികൾ ഇറങ്ങവേ മത്തായിച്ചന്‍റെ സംശയം തീർത്തു കൊടുത്തു.

“കള്ളിച്ചെടിയിൽ നിന്ന് ആരും ഇതുവരെ കാൻസർ മരുന്ന് ഉണ്ടാക്കിയിട്ടില്ല. അതെല്ലാം ഞങ്ങൾ നിങ്ങളുടെ മോനെ വിശ്വസിപ്പിക്കാൻ മെനഞ്ഞ തന്ത്രങ്ങൾ മാത്രമായിരുന്നില്ലേ എന്‍റെ മത്തായിച്ചാ. അപ്പോൾ ശരി, പിന്നെ കാണാം.” വൈദ്യരും മകനും കൈകൾ ഉയർത്തി വീശി യാത്രയായി.

അച്ഛനും മകനും ഒരേ പദവിന്യാസത്തോടെ പറമ്പ് കടന്ന് മറയുന്നത് മത്തായിച്ചൻ നിറകണ്ണുകളാൽ നോക്കി നിന്നു. ആയുസ്സിന്‍റെ അന്ത്യ യാമത്തിൽ പോലും തനിക്ക് സ്വന്തം മകനിൽ നിന്ന് അർഹതപ്പെട്ട കരുതൽ ലഭിക്കാതെ പോകുന്നത് ഓർത്തിട്ടോ അതോ അയൽ വീട്ടിലെ അച്ഛന്‍റെയും മകന്‍റെയും പക്കൽ നിന്നും ഒരു ദൈവകാരുണ്യം പോലെ തനിക്ക് ഇടയ്ക്ക് ലഭിച്ചു കൊണ്ടിരിയ്ക്കുന്ന കരുതലിനെപ്പറ്റി ഓർത്തതുകൊണ്ടോ എന്നറിയില്ല മത്തായിച്ചന്‍റെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

और कहानियां पढ़ने के लिए क्लिक करें...