സുന്ദരവും കരുത്തുറ്റതുമായ നഖങ്ങൾ മികച്ച ആരോഗ്യത്തിന്‍റെ ലക്ഷണമാണെന്ന് പറയപ്പെടുന്നു. അതിനാൽ അവയെ ശരീരത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കപ്പെടുന്നു. വൃത്തിയും മനോഹരവുമായ നഖങ്ങൾ മികച്ച വ്യക്തിത്വത്തിന്‍റെ അടയാളവും കൂടിയാണ്. അത് വ്യക്തിയുടെ സൗന്ദര്യബോധത്തെയും പോസിറ്റീവായ മനോഭാവത്തെയും പ്രതിഫലിപ്പിക്കും. നഖങ്ങളുടെ അഴക് വർദ്ധിപ്പിക്കുന്നതിനായി സ്ത്രീകൾ നഖങ്ങളിൽ ധാരാളം പരീക്ഷണങ്ങൾ നടത്താറുണ്ട്.
സാധാരണ നെയിൽ പോളിഷിനു പകരമായി നഖം മിനുക്കാനായി നെയിൽ ആർട്ട് എന്ന സംവിധാനവും ബ്യൂട്ടി പാർലറുകളിൽ ലഭ്യമാണ്. പ്രായത്തിനോ ഇഷ്ടത്തിനോ അനുസൃതമായി നഖങ്ങൾ ഡിസൈനും സ്റ്റൈലും പകരാൻ വിദഗ്ദ്ധരായ നെയിൽ ആർട്ടിസ്റ്റുകളോ സാങ്കേതിക വിദഗ്ധരോ ഉണ്ട്.
എന്താണ് നെയിൽ ആർട്ട്
എന്താണ് നെയിൽ ആർട്ട്, ആർക്കെങ്കിലും അത് ചെയ്യാൻ കഴിയുമോ അല്ലെങ്കിൽ ഇതിന് എന്തെങ്കിലും പ്രൊഫഷണൽ ഡിപ്ലോമയോ കോഴ്സോ മറ്റും ഉണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ന്യൂഡൽഹിയിലെ ലാജ്പത്നഗറിലെ ഔറാൻ ഇന്‍റർനാഷണൽ അക്കാദമിയിൽ നിന്ന് നെയിൽ ആർട്ടിൽ ഡിപ്ലോമ എടുത്തിട്ടുള്ള നെയിൽ ആർട്ട് വിദഗ്ദ്ധയാണ് ഹരിയാനക്കാരിയായ അർച്ചന സിംഗ്, പ്രൊഫഷണൽ ഭാഷയിൽ ഡിഎൻ ഡിപ്ലോമ ഇൻ നെയിൽ ടെക്നോളജി എന്നാണ് ഈ കോഴ്സിനെ വിശേഷിപ്പിക്കുക. 45 ദിവസം നീണ്ടു നിൽക്കുന്ന ഡിപ്ലോമ കോഴ്സ് ആണിത്.
കോഴ്സ് പൂർത്തിയാക്കിയ ശേഷം അർച്ചന സിംഗ് ന്യൂഡൽഹിയിലെ സാകേതിലുള്ള സെലക്ട് സിറ്റി വാക്ക് മാളിലെ നെയിൽ ആന്‍റ് മോർ എന്ന ഔട്ട്ലെറ്റിൽ ഒരു മാസം പരിശീലനം നേടിയിട്ടുണ്ട്. അതിനുശേഷം ഏകദേശം 6 മാസത്തോളം അവിടെ ഇൻറേൺഷിപ്പും ചെയ്‌തു. ഫ്രീലാൻസിംഗിനൊപ്പം ഡ്യൂഡ്സ് ആൻഡ് ഡോൾസിൽ നെയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ്.
അർച്ചന സിംഗ് ഇതേകുറിച്ച് പറയുന്നതിങ്ങനെ, “മേക്കപ്പ് അല്ലെങ്കിൽ ഗ്രൂമിംഗിന്‍റെ കാര്യത്തിൽ, മുഖം മൂടി അല്ലെങ്കിൽ ശാരീരിക ഘടന എന്നിവയെ കുറിച്ചാണ് സ്ത്രീകൾ പൊതുവെ ചിന്തിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നത്, അത് തികച്ചും ശരിയാണ്. എന്നാൽ ഭൂരിഭാഗം സ്ത്രീകളും തങ്ങളുടെ കൈകളെയും കാലുകളെയും കുറിച്ച് അധികം ചിന്തിക്കുകയോ അവയ്ക്കായി ഏതെങ്കിലും തരത്തിലുള്ള മേക്കപ്പ് സേവനങ്ങൾ ഉപയോഗിക്കുകയോ ചെയ്യാറില്ല.”
“നമ്മുടെ കൈകളിലെ ചർമ്മത്തിന്‍റെ ഘടനയെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെങ്കിൽ, പ്രായമാകലിന്‍റെ ആദ്യലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നതും ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നതും കൈകളിലാണെന്ന വസ്തുത അവർ പലപ്പോഴും മറന്നു പോകുന്നു.”
“നിങ്ങളുടെ കൈകൾ അലങ്കരിക്കാനും അവയെ മികച്ച രീതിയിൽ അവതരിപ്പിക്കാനുമുള്ള വളരെ മനോഹരമായ മാർഗ്ഗമാണ് നെയിൽ ആർട്ട്. നെയിൽ ആർട്ട് അടിസ്‌ഥാനപരമായി സ്വയം പരിചരണമാണെന്നും വിശേഷിപ്പിക്കാം.”
“നെയിൽ ആർട്ടുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളുണ്ട്, അവയിൽ ഒന്നാമത്തേത് നെയിൽ കെയർ ആണ്. ഇതിൽ മാനിക്യൂർ, പെഡിക്യൂർ തുടങ്ങിയ നെയിൽ കെയറിന്‍റെ സേവനങ്ങൾ ലഭിക്കും. അതിനുശേഷം സ്വാഭാവിക രീതിയിൽ നഖങ്ങൾ അലങ്കരിക്കാനും കഴിയും. ഇതിനായി, നെയിൽ പെയിന്‍റുകൾ പോലുള്ള നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അല്ലെങ്കിൽ ഒരു പ്രൊഫഷണൽ നെയിൽ സലൂണിൽ പോയി നഖങ്ങളിൽ നെയിൽ ആർട്ട് അല്ലെങ്കിൽ നെയിൽ എക്സ്റ്റൻഷനുകൾ ചെയ്യിക്കാം.”
പണ്ട് മുതലേ സ്ത്രീകൾ നഖത്തിൽ നെയിൽ പോളിഷ് പുരട്ടുന്നുണ്ടെങ്കിലും നെയിൽ ആർട്ട് എന്നത് ഈ വിപണിയെ കൂടുതൽ വലുതാക്കി. നെയിൽ ആർട്ട് എങ്ങനെയാണ് ഒരു ട്രെൻഡ് ആയി മാറിയത് എന്ന ചോദ്യം മനസ്സിൽ ഉയരാം.
“കുറച്ച് കാലം മുമ്പ്, നെയിൽ ആർട്ട് സ്ത്രീകൾക്കിടയിൽ അത്ര പോപ്പുലർ ആയിരുന്നില്ല. എന്നാൽ കാലക്രമേണ അവർ സ്വയം പരിചരണത്തെക്കുറിച്ച് ബോധവാന്മാരാകുകയും തുടർന്ന് നെയിൽ ആർട്ടിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുകയായിരുന്നു.
“പ്രകൃതിദത്തമായ നഖങ്ങളിൽ ചില പ്രശ്നങ്ങളുള്ള സ്ത്രീകൾക്ക് നെയിൽ ആർട്ട് വളരെ സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നഖങ്ങളുടെ വളർച്ചയുമായോ നഖങ്ങളുടെ രൂപവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങൾ. എന്നാൽ നെയിൽ ആർട്ട് വ്യവസായത്തിലെ തുടർച്ചയായതും ബഹുമുഖവുമായ പുതുമകൾ കാരണം, ഇന്ന് വിപണിയിൽ ധാരാളം ഉപകരണങ്ങൾ ലഭ്യമാണ്. അവ ഉപയോഗിച്ച് സ്ത്രീകളുടെ നഖങ്ങൾ വളരെക്കാലം പരിപാലിക്കാൻ കഴിയും.”
“നിലവിൽ നെയിൽ ആർട്ട് വ്യവസായത്തിൽ അക്രിലിക്, ജെൽ നഖങ്ങൾ വളരെ ട്രെൻഡിൽ നിൽക്കുന്നവയാണ്. ഇവ രണ്ടും വ്യത്യസ്തതരം സംയുക്തങ്ങളാണ്. ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് നഖങ്ങളുടെ ബേസ് തയ്യാറാക്കുക. നീണ്ട നഖങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എന്നാൽ നഖങ്ങൾക്ക് സ്വാഭാവിക നീളം കുറവാണെങ്കിൽ, നെയിൽ എക്സ്റ്റൻഷൻ ചെയ്ത് സൗന്ദര്യം വർദ്ധിപ്പിക്കാം.
പ്രൊഫഷണൽ നെയിൽ ടെക്നീഷ്യൻ അല്ലെങ്കിൽ ആർട്ടിസ്റ്റിനെ കൊണ്ട് ഇത്തരത്തിലുള്ള സേവനം സ്വീകരിച്ചവരുടെ നഖങ്ങൾ 3 മുതൽ 4 ആഴ്ച വരെ ആരോഗ്യത്തോടെയിരിക്കും. നഖം മിനുക്കുന്നതിന് നെയിൽ ആർട്ടിസ്റ്റിനെ വീണ്ടും വീണ്ടും സന്ദർശിക്കേണ്ടി വരികയുമില്ല.
ഇതിന് വരുന്ന ചെലവ്
“നെയിൽ ആർട്ടിൽ നിരവധി തരം സേവനങ്ങൾ ഉൾപ്പെടുന്നുണ്ട്, കൂടാതെ വളരെ വ്യത്യസ്തമായ ഉൽപ്പന്നങ്ങളും ഇതിൽ ഉപയോഗിക്കുന്നു. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും വ്യത്യാസമുണ്ട്, മാത്രമല്ല വിപണിയിൽ പല ശ്രേണികളിലും ഇത് ലഭ്യമാണ്.” എന്നാൽ അർച്ചന സിംഗ് പറയുന്നത്, ഒരു പ്രൊഫഷണൽ നെയിൽ ടെക്നീഷ്യനിൽ നിന്ന് നെയിൽ ആർട്ടുമായി ബന്ധപ്പെട്ട എന്തെങ്കിലും സേവനം വേണമെങ്കിൽ, നെയിൽ എക്സ്റ്റൻഷൻ, ജെൽ പോളിഷ് എന്നിങ്ങനെയുള്ള എന്തെങ്കിലും വാങ്ങുകയാണെങ്കിൽ, അതിന് ഏകദേശം 1200 രൂപ മുതൽ 1500 വരെ വില വരും. (ഏത് തരത്തിലുള്ള ഉൽപ്പന്നമാണ് ഉപയോഗിക്കുന്നത് എന്നതിനെ ഇത് ആശ്രയിച്ചിരിക്കുന്നു.) നെയിൽ ആർട്ട് ട്രെൻഡിയായിരിക്കുന്നതിനാൽ, പെൺകുട്ടികളിൽ പലരും അതിൽ കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, അവർക്ക് എങ്ങനെ നെയിൽ ടെക്നീഷ്യന്മാരാകാം, ഈ തൊഴിലിന്‍റെ സാധ്യത എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയർന്നു വരാം.
ചമയം എന്നതിന്‍റെ അർത്ഥം
നെയിൽ ആർട്ട് എന്നത് ഇന്നത്തെ കാലത്ത് ഗ്രൂമിംഗിന്‍റെ പര്യായമായി മാറിയിരിക്കുകയാണ്. എയർലൈൻ വ്യവസായം, ഹോട്ടൽ വ്യവസായം, കോർപ്പറേറ്റ് മേഖല തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫെഷനലുകൾക്കും എയർഹോസ്റ്റസുമാർക്കും ക്യാബിൻ ക്രൂവിനും ഇടയിൽ ഇത് ട്രെൻഡി ആയിരിക്കുകയാണ്. ഇതോടൊപ്പം വിവാഹ ചടങ്ങുകളിലോ വീട്ടിലെ മറ്റ് ചടങ്ങുകളിലോ നെയിൽ ആർട്ട് ചെയ്യാറുണ്ട്. നെയിൽ ടെക്നോളജി കോസ്മെറ്റോളജിയുടെ ഭാഗമാണ്. ഇക്കാലത്ത്, കോസ്മെറ്റോളജി അക്കാദമിയെ ഒരു പഠന വിഷയമായി തെരഞ്ഞെടുക്കാം. നിരവധി സ്കൂളുകളിലും കോളേജുകളിലും ഇതുമായി ബന്ധപ്പെട്ടുള്ള കോഴ്സുകൾ ലഭ്യമാണ്. നിരവധി പ്രൊഫഷണലുകളും പരിചയസമ്പന്നരായ നെയിൽ ആർട്ടിസ്റ്റുകളും സ്വന്തമായി നെയിൽ ആർട്ട് സ്കൂളുകൾ നടത്തുന്നുമുണ്ട്.
“ഒരു നെയിൽ ആർട്ടിസ്റ്റോ ടെക്നീഷ്യനോ ആകുന്നതിന്, പരിശീലനം ആവശ്യമാണ്. ഒരു പ്രൊഫഷണൽ സർട്ടിഫൈഡ് നെയിൽ ടെക്നീഷ്യൻ കോഴ്സിന്‍റെ ഫീസ് 50,000 രൂപ മുതൽ 80,000 വരെയാകാം. ഇത് സ്‌ഥലമനുസരിച്ച് കൂടുതലോ കുറവോ ആകാം. നെയിൽ ആർട്ട് വർക്കിന്‍റെ തുടക്കത്തിൽ ഒരു നെയിൽ ടെക്നീഷ്യന് പ്രതിമാസം ഏകദേശം 12,000 രൂപ മുതൽ 15,000 വരെ ശമ്പളം ലഭിക്കും. 2- 4 വർഷത്തെ പരിചയത്തിന് ശേഷം, ഈ ശമ്പളം 18,000 രൂപ മുതൽ 30,000 വരെ ഉയർന്നേക്കാം. ഭാവിയിൽ ഈ തൊഴിലിൽ ഒരുപാട് സാധ്യതകളുണ്ട്.”