സമയമില്ലായ്മ പരസ്പരം കാണാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള അവസരം കുറയ്ക്കുന്നുണ്ട്. പക്ഷേ മൊബൈൽ ഫോൺ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായതോടെ ആളുകളുടെ കണക്ടിവിറ്റി കൂടിയിട്ടുണ്ട്. നേരിൽ കണ്ടില്ലെങ്കിലും വിളിച്ച് ക്ഷേമാന്വേഷണങ്ങൾ നടത്താവുന്നതേയുള്ളൂ. സോഷ്യൽ മീഡിയ സജീവമായതോടെ അകലം അത്ര തോന്നുകയില്ല ആർക്കും. കൂട്ടുകാരുടെ വീട്ടിൽ പോകുന്നതും മറ്റും കുറഞ്ഞെങ്കിലും അവരോടെല്ലാം നിത്യവും സംവദിക്കുന്നവരാണധികവും. എന്നാൽ ഈ ഉത്സവകാലത്ത് അവരെയെല്ലാം നേരിട്ട് പോയി കാണാം. അതും സർപ്രൈസ് വിസിറ്റ്.

ചാറ്റ് ചെയ്യുമ്പോൾ പോലും അങ്ങോട്ട് വരുന്ന കാര്യം പറയരുത്. കൂടെ ഒരു സർപ്രൈസ് ഗിഫ്റ്റും നൽകാം. ഇത്തരം സർപ്രൈസുകൾ എല്ലാവരും ഒരുപോലെ ആസ്വദിക്കുകയും ഓർത്തു വയ്ക്കുകയും ചെയ്യും.

സർപ്രൈസ് വിസിറ്റ് നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നിങ്ങളവിടെ പോകുന്നത് എൻജോയ് ചെയ്യാനാണ്. അല്ലാതെ അവരെ പ്രതിസന്ധിയിലാക്കാനല്ല. സർപ്രൈസ് വിസിറ്റ് അവിസ്മരണീയമാക്കാനുള്ള കാര്യങ്ങൾ അറിയാം.

അവരുടെ സൗകര്യവും കണക്കിലെടുക്കണം

കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടിൽ യാദൃശ്ചികമായി കയറി ചെല്ലുന്നത് നല്ല കാര്യമാണ്. പക്ഷ അങ്ങനെ പോകുമ്പോൾ വീക്കെന്‍റിൽ പോകുന്നതാണ് നല്ലത്. വർക്കിംഗ് ഡേയിൽ അവർക്കും മറ്റ് പരിപാടികൾ ഉണ്ടാവുമല്ലോ. അല്ലെങ്കിൽ അവർക്ക് ലീവ് എടുക്കേണ്ടിയോ മറ്റോ വരും. അത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

കൃത്യമായ വിവരം

നിങ്ങൾ ചെല്ലുന്ന ദിവസം അവർ വീട്ടിൽ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ നിങ്ങളുടെ യാത്ര വെറുതെയാവും. അവർക്ക് ചിലപ്പോൾ വേറെ പ്രോഗ്രാമുകൾ ഉണ്ടാവുമല്ലോ. അങ്ങനെയുള്ള ദിവസം എന്തായാലും അവരവിടെ കാണില്ല. അല്ലെങ്കിൽ നിങ്ങൾ ചെന്നതിനാൽ അവർ പ്രോഗ്രാം മുടക്കാം. അതിനാൽ ചാറ്റ് ചെയ്തോ ഫോൺ ചെയ്തോ അവരുടെ പരിപാടികൾ അറിയാം.

അധികം സൽക്കാരം വേണ്ട

നിങ്ങൾ അവിചാരിതമായി കയറി ചെന്നിട്ട് നിങ്ങളെ സൽക്കരിക്കണമെന്ന് വല്ലാതെ ആഗ്രഹിക്കരുത്. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം അല്ലല്ലോ നിങ്ങൾ ചെല്ലുന്നത്. വർത്തമാനവും കളിചിരി തമാശകളും കൂടുതൽ സമയം ആവാം. തീറ്റയും കുടിയും കുറച്ച് മതി. അവരെ അടുക്കളയിൽ കെട്ടിയിടുന്ന തരത്തിൽ കാര്യങ്ങൾ ചെയ്യരുത്. ആതിഥേയരോടും അത് തുറന്ന് പറയാം. വേണമെങ്കിൽ ഗിഫ്റ്റിനൊപ്പം കഴിക്കാനുള്ളതും വാങ്ങിപ്പോകാം.

പഴയകാര്യങ്ങൾ ഓർക്കാം

കുറെ നാളുകൾക്ക് ശേഷം കാണുകയല്ലേ. അപ്പോൾ പഴയ കാര്യങ്ങൾ അയ വിറക്കാം. നിങ്ങളുടെ ഹൃദയം തുറക്കാനുള്ള അവസരം കൂടിയാണിത്. എന്നാൽ സുഹൃത്തിന്‍റെ ബന്ധുവിന്‍റെ മനസ്സ് വേദനിപ്പിക്കുന്ന കാര്യങ്ങൾ മനഃപൂർവ്വം സംസാരിക്കാതിരിക്കുക. അവർ എന്തെങ്കിലും അതേപ്പറ്റി പറഞ്ഞാൽ മാത്രം അഭിപ്രായം പറയാം.

അധികം സമയം ചെലവഴിക്കരുത്

സർപ്രൈസ് വിസിറ്റ് അധികം നീണ്ട് നിൽക്കരുത്. ഏറി വന്നാൽ ഒരു മണിക്കൂർ. ഈ സമയം മാക്സിമം കളിചിരി സന്തോഷങ്ങൾ മാത്രം മതി.

മുഷിച്ചിൽ തീർക്കാം

മുമ്പ് എന്തെങ്കിലും തരത്തിലുള്ള നീരസം ഉണ്ടായിട്ടുണ്ടെങ്കിൽ ആ കാര്യം പറഞ്ഞ് തീർക്കാം. വളരെ കാലത്തിനു ശേഷവും അത് മനസ്സിൽ ഉണ്ടെങ്കിൽ ആ കറ മായ്ച്ചു കളയാനുള്ള അവസരമായി ഈ സർപ്രൈസ് വിസിറ്റ് മാറ്റിയെടുക്കാം. മനസ്സ് തുറക്കാം. ക്ഷമ ചോദിക്കാം. ഉഷ്മളമായ ബന്ധത്തിന് ഇതെല്ലാം അനിവാര്യമാണ്.

വേറിട്ട സമ്മാനം നൽകാം

ബന്ധുകളുടെ വീട്ടിൽ പോവുകയാണെങ്കിൽ എന്തായാലും ഗിഫ്റ്റ് കൊണ്ടു പോകണം. ബേക്കറി പലഹാരങ്ങളോ മറ്റ് ഭക്ഷ്യവസ്തുക്കളോ കൊണ്ടു പോകാം. സമ്മാനം അവർക്ക് ഉപകാരപ്പെടുന്നത് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഡ്രൈഫ്രൂട്ട്സ് വാങ്ങിയാൽ കുറെ ദിവസം കേട് കൂടാതെ നിൽക്കും.

ആ ദിവസങ്ങളിൽ എല്ലാവരും നിങ്ങളെ ഓർക്കുകയും ചെയ്യുമല്ലോ! മറ്റ് സമ്മാനങ്ങൾ ഓർഗാനിക്ക് ആയാൽ നന്ന്. കാപ്പി, സോപ്പ്, ക്രീം, ഹെയർ ആന്‍റ് സ്കിൻ കെയർ എല്ലാം നൽകാവുന്നതാണ്. ഗിഫ്‌റ്റ് എന്ത് തന്നെയായാലും അതവർക്ക് ഉപകാരപ്പെടുന്നത് ആവണമെന്ന് മാത്രം.

പെട്ടെന്നുള്ള പരിപാടികൾ നന്ന്

അധികം പ്ലാനിംഗ് ഒന്നും ഇല്ലാതെ പെട്ടെന്ന് ഇടുന്ന പ്രോഗ്രാമുകൾ നടക്കും. അല്ലെങ്കിൽ പല കാരണങ്ങൾ കൊണ്ട് നീണ്ട് പോകാം. എല്ലാവരുടെയും സൗകര്യം നോക്കിയാൽ ഒന്നും നടക്കില്ല. അപ്പോൾ അധികം ആലോചിക്കാതെ കാര്യം നടത്തുന്നതാണ് ഉത്തമം. അതു ടൂറിന്‍റെ കാര്യമായാലും സുഹൃത്തുക്കളെ സന്ദർശിക്കുന്ന കാര്യമായാലും ഉടനെ പോവുക. എല്ലാം ഒത്ത് വന്ന് പോക്ക് നടക്കില്ല.

സർപ്രൈസ് വിസിറ്റിന്‍റെ ഗുണങ്ങൾ

  • അവിചാരിതമായ സന്ദർശനത്താൽ വിള്ളൽ വീണ ബന്ധങ്ങൾ നല്ല നിലയിലാക്കാം.
  • ഉല്ലസിക്കാനുള്ള വലിയ അവസരം ലഭിക്കുന്നു.
  • നിങ്ങളെ അവിചാരിതമായി കാണുമ്പോൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഉണ്ടാവുന്ന സന്തോഷം നിങ്ങളെയും ഇരട്ടി സന്തോഷിപ്പിക്കും.
  • നിങ്ങൾ സന്ദർശിച്ച വീട്ടിലെ വ്യക്തിക്ക് നിങ്ങളോട് ഉണ്ടായിരുന്ന പരിഭവം മാറിക്കിട്ടും.
  • ഇന്ന് നിങ്ങൾ സർപ്രൈസ് വിസിറ്റ് നൽകിയാൽ, നാളെ അവരും ഇത് ആവർത്തിക്കും. ഇത് രണ്ടാമതും സംഗമിക്കാൻ അവസരം നൽകുന്നു.
  • ആദ്യമെ വരുമെന്ന് പറഞ്ഞ് പോകുമ്പോൾ അവർ ഭക്ഷണമെല്ലാം സ്പെഷ്യലായി ഒരുക്കി വയ്ക്കും. അതവർക്കും ചെലവുണ്ടാക്കുന്ന കാര്യമാണ്. അടുക്കളയിൽ സമയവും ഒരുപാട് ചെലവഴിക്കേണ്ടി വരും. പക്ഷേ സർപ്രൈസ് വിസിറ്റ് ആവുമ്പോൾ ഈ പ്രശ്നങ്ങൾ ഇല്ല.
  • സർപ്രൈസ് വിസിറ്റ് കുട്ടികളിലും ഇമോഷണൽ ബോണ്ടിംഗ് വികസിക്കാൻ ഇടവരുത്തുന്നു. നല്ല ബന്ധങ്ങൾ ഉണ്ടാവാൻ ഇതാവശ്യമാണ്. സോഷ്യലൈസിംഗ് ഇല്ലാത്ത കുട്ടികൾ അന്തർമുഖരായി തീരാനുള്ള സാധ്യത കൂടുതലാണ്.

സർപ്രൈസ് വിസിറ്റിംഗിന്‍റെ ദോഷങ്ങൾ

  • അവിചാരിതമായി നിങ്ങളെ കാണുമ്പോൾ ആതിഥേയരുടെ മൂഡ് മോശമാകാം. കാരണം അന്നവർ മറ്റെന്തെങ്കിലും ചെയ്യാൻ ഉദ്ദേശമുണ്ടാവാം.
  • അവിടെ മറ്റ് അതിഥികൾ ഉണ്ടെങ്കിൽ, നിങ്ങളും കൂടി എത്തി ചേർന്നാൽ അത് ബുദ്ധിമുട്ടുണ്ടാക്കാം.
  • നിങ്ങൾ ചെല്ലുമ്പോൾ അവരവിടെ ഇല്ലെങ്കിൽ അതും പണിയാവും. അതിനാൽ ഒന്നോ രണ്ടോ സ്‌ഥലത്ത് പോകാനുള്ള മനസ്സോടെ വീട്ടിൽ നിന്ന് ഇറങ്ങുക.
  • അവർ മറ്റ് അതിഥികളെ കാത്തിരിക്കുമ്പോൾ നിങ്ങൾ ചെല്ലുകയാണെങ്കിൽ?അവരുടെ പ്ലാൻ മൊത്തം പൊളിയാം. ഇത് മൂഡ് ഓഫ് സൃഷ്ടിക്കും.

സർപ്രൈസ് എപ്പോഴെല്ലാം ആവാം

പൊതു അവധി ദിവസങ്ങിലോ വീക്കെന്‍റിലോ സർപ്രൈസ് വിസിറ്റ് നടത്തുന്നതാണ് ഉചിതം. എന്നാൽ അടുപ്പമുള്ളവരുടെ പിറന്നാൾ, കല്യാണം, വിവാഹ വാർഷികം, ഉത്സവങ്ങൾ തുടങ്ങിയ സന്തോഷ മുഹൂർത്തങ്ങളിൽ സർപ്രൈസ് വിസിറ്റ് നടത്തുന്നത് എല്ലാവരെയും സന്തോഷിപ്പിക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ ഗിഫ്റ്റ് തീർച്ചയായും കൈയിൽ കരുതണം. ഇത് പരസ്പരം സ്നേഹവും ബഹുമാനവും വർദ്ധിപ്പിക്കും. നിങ്ങൾ അവരുടെ സ്പെഷ്യൽ ദിവസം ഓർത്ത് വച്ചതറിഞ്ഞ് അവർക്ക് കൂടുതൽ അടുപ്പം എന്തായാലും തോന്നും.

ദീപാവലിയായാലും പുതുവർഷമായാലും വേണ്ടപ്പെട്ടവരെ പോയി കാണുന്നതും ആശംസകൾ നേരുന്നതും ബന്ധങ്ങളിൽ ഊഷ്മളത നിറയ്ക്കും. മാത്രമല്ല ഇങ്ങനെ ലഭിക്കുന്ന ആഹ്ളാദം മനസ്സിനും ശരീരത്തിനും ആരോഗ്യം നൽകുകയും ചെയ്യും. അതിനാൽ ഉത്സവകാലത്ത് സർപ്രൈസ് വിസിറ്റ് ചെയ്യാൻ മടിക്കണ്ട, അതിഥികളുടെയും ആതിഥേയരുടെയും മനസ്സിൽ സന്തോഷത്തിന്‍റെ കൊടിയേറ്റം നടക്കട്ടെ.

और कहानियां पढ़ने के लिए क्लिक करें...