ഇന്ന് റെസ്റ്റോറന്‍റിൽ നിന്നോണോ ഭക്ഷണം… എങ്കിൽ ഗമയൊട്ടും കുറയ്ക്കാതെ തന്നെ ഒരു എംഡിക്ക് ഓർഡർ കൊടുത്തോളൂ… എംഡിയോ? അതെ ഭക്ഷണപ്രിയർ ചെല്ലപ്പേരിൽ വിളിക്കുന്ന മസാല ദോശ ഇപ്പോൾ സൂപ്പർസ്റ്റാർ പദവിയിലല്ലേ തിളങ്ങുന്നത്… മരിക്കുന്നതിന് മുമ്പ് കഴിക്കേണ്ട ഇഷ്ട ഭക്ഷണ വിഭവങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവം മസാല ദോശയും ഇടം നേടിയിരിക്കുന്നു.

മസാല ദോശയ്ക്ക് അംഗീകാരങ്ങൾ വേറെയും ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 50 ഭക്ഷണങ്ങളിലൊന്നായി മസാല ദോശയെ സിഎൻഎൻ ചാനൽ കണ്ടെത്തി. ചെന്നൈയാണ് മസാല ദോശയുടെ ജന്മസ്ഥലമെന്ന് പൊതുവേയുള്ള വിശ്വാസം. തമിഴ് സംഘകാല കൃതികളിലാണ് ആദ്യമായി ദോശയെക്കുറിച്ച് പരാമർശിച്ചത്. എന്നാൽ അതേ സമയം ഉഡുപ്പിയാണ് മസാല ദോശയുടെ ജന്മനാടെന്ന് ചരിത്രകാരന്മാർ സ്ഥാപിക്കുന്നുമുണ്ട്. ഇതൊന്നും കൂടാതെ മസാല ദോശയുടെ ഉത്ഭവത്തെക്കുറിച്ച് രസകരമായ ഒരു കഥയും നിലവിലുണ്ട്.

മസാല ദോശ കണ്ടുപിടിക്കുന്നതിന് മുമ്പ് സാദാ ദോശയ്ക്കൊപ്പം സവാളയൊന്നും ചേർക്കാത്ത ഉരുളക്കിഴങ്ങ് കറി പ്രത്യേകം നൽകിയിരുന്നു. ഉരുളക്കിഴങ്ങിന് ക്ഷാമം വന്നപ്പോൾ പ്രത്യേക പാത്രത്തിൽ കറി നൽകുന്നതിന് പകരം ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചശേഷം സവാളയും മറ്റ് മസാലകളും ചേർത്ത് കുറച്ചു മാത്രം ദോശയ്ക്കകത്ത് നിറച്ച് നൽകിത്തുടങ്ങിയത്രേ… സാവളയൊന്നും കഴിക്കാത്ത ജൈനമതക്കാരിൽ നിന്നും അത് മറയാക്കാനാണീ ഉപായം കൈക്കൊണ്ടതെന്നും പറയപ്പെടുന്നു…

നൂറിൽ പരം ദോശകളുണ്ട് എന്നാൽ ദോശകളുടെ രാജാവ് മസാല ദോശ തന്നെയാണ്. മസാല ദോശ ഒരിക്കലെങ്കിലും കഴിച്ചവരോട് പ്രിയ ഭക്ഷണം ഏതെന്ന് ചോദിച്ചാൽ മറിച്ചൊരു മറുപടി പ്രതീക്ഷിക്കവയ്യ. മാസല ദോശയില്ലാത്ത ഒരു സൗത്ത് ഇന്ത്യൻ റെസ്റ്റോറന്‍റുപോലും കാണുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മിക്ക സൗത്ത് ഇന്ത്യാക്കാരുടെയും ബ്രേക്ക്ഫാസ്റ്റ് മെനുവിൽ മസാല ദോശ തന്നെയാണ് മുമ്പൻ…

ഇന്ന് കാലം മാറി, രുചിലോകം വളർന്നു. ഒപ്പം വിഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെ നമുക്ക് മുന്നിലെത്തി. പക്ഷേ, കെട്ടും മട്ടും മാറാത്ത മസാല ദോശ തന്നെയാണ് പലരുടെയും നമ്പർ വൺ ചോയ്സ്. കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ സമ്പുഷ്ടമായ പോഷകാഹാരമാണിത്. ജങ്ക് ഫുഡ് ക്രേസ് വെടിഞ്ഞ് ഹെൽത്തി ഫുഡിലേക്ക് യൂത്ത് പോലും ചുവടുവയ്ക്കുന്നു.

ലുക്കിൽ കാര്യമായ മാറ്റം കൈക്കൊണ്ടിട്ടില്ലെങ്കിലും മസാല ദോശ പല വെറൈറ്റിയിൽ ലഭിക്കും. മെസൂർ മസാല ദോശ, റവ മസാല ദോശ, പനീർ ചില്ലി മസാല ദോശ, സെറ്റ് മസാല ദോശ… എന്നിങ്ങനെ എത്രയെത്ര ഇനങ്ങൾ…

ചട്നി, സാമ്പാർ, നാളികേര ചമ്മന്തി, ഗാർലിക് ചട്നി, പോദിന ചട്നി എന്നിവയൊക്കെ മസാല ദോശയ്ക്കൊപ്പം ഉഗ്രൻ കോമ്പിനേഷനാണ്. മുളപ്പിച്ച ധാന്യങ്ങൾ, ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്തും ഫില്ലിംഗ് തയ്യാറാക്കാവുന്നതാണ്.

നമുക്കും അഭിമാനിക്കാമല്ലോ… ഇന്‍റർനാഷണൽ ലേബൽ കിട്ടിയതോടെ വിദേശീയരും നമ്മുടെ മസാല ദോശയുടെ മഹിമ തിരിച്ചറിഞ്ഞു. ഇന്ത്യൻ റെസ്റ്റോറന്‍റുകളിൽ എത്തുന്ന ടൂറിസ്റ്റുകളുടെ നാവിൻ തുമ്പിൽ നിന്നും ആദ്യം വീഴുക “വൺ മസാല ദോശ പ്ലീസ്” എന്നായിരിക്കും.

ദോശ ചേരുവകൾ

പുഴുങ്ങലരി- 100 ഗ്രാം

പച്ചരി- 100 ഗ്രാം

ഉഴുന്ന്- 50 ഗ്രാം

ഉലുവ- 1 ടീസ്പൂൺ

മസാല ചേരുവകൾ

ഉരുളക്കിഴങ്ങ് വേവിച്ചത്- 2 എണ്ണം

സവാള- 1 എണ്ണം

തക്കാളി- 1 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ

കടുക്- 1 ടീസ്പൂൺ

മഞ്ഞൾപൊടി- ½ ടീസ്പൂൺ

പച്ചമുളക്- 2-3 എണ്ണം

കറിവേപ്പില- 1 തണ്ട്

മല്ലിയില അരിഞ്ഞത്- 1 ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

എണ്ണ- 3 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ദോശ ചേരുവകൾ 3-4 മണിക്കൂർ കുതിർക്കാനിടുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് അരച്ചെടുക്കുക. ഇതിൽ ഉപ്പ് ചേർത്ത് ഒരു രാത്രി പുളിക്കാൻ വയ്ക്കുക.

ചീനച്ചട്ടി ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം അരിഞ്ഞ സവാള ഇളം ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. പച്ചമുളക് അരിഞ്ഞത്, മഞ്ഞൾപൊടി,അരിഞ്ഞ തക്കാളി ഇവ ചേർത്ത് വഴറ്റുക. അവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഗ്രേവി നന്നായി കുറുകും വരെ പാകം ചെയ്യുക. മല്ലിയില ചേർത്ത് ഗ്യാസിൽ നിന്ന് ഇറക്കി മാറ്റി വയ്ക്കുക.

ദോശക്കല്ല് ചൂടാക്കി ഒരു തവി ദേശമാവ് ഒഴിച്ച് നേർമ്മയായി പരത്തിയെടുക്കുക. മൊരിഞ്ഞു തുടങ്ങുമ്പോൾ എണ്ണയെ വെണ്ണയോ തൂവുക. തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മസാല ദോശയ്ക്കകത്ത് വെച്ച് മടക്കുക. ദോശ തിരിച്ചിടണമെന്നില്ല. സാമ്പറിനും ചട്നിക്കുമൊപ്പം വിളമ്പാം.

और कहानियां पढ़ने के लिए क्लिक करें...