കാജു സ്വീറ്റ്സ്

ചേരുവകൾ

കശുവണ്ടി- 1 കപ്പ്

പഞ്ചസാര- അര കപ്പ്

വെള്ളം- കാൽ കപ്പ്

മയപ്പെടുത്താൻ ഉരുക്കിയ നെയ്യ്

തയ്യാറാക്കുന്ന വിധം

പൂർണ്ണമായും ഉണങ്ങിയ മിക്സറിൽ കശുവണ്ടി ഇട്ട് പൊടിയായി പൊടിക്കുക. എണ്ണ വിട്ടുപോകുകയും മിശ്രിതം മുഴുവൻ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നതിനാൽ കശുവണ്ടി അമിതമായി പൊടിക്കരുത്. ഇനി പാനിൽ പഞ്ചസാര ചേർത്ത് വെള്ളവും തിളപ്പിക്കുക. പഞ്ചസാര പൂർണ്ണമായും അലിഞ്ഞു പോകുന്നതുവരെ കുറഞ്ഞ തീയിൽ ഇളക്കി പാകം ചെയ്യുക.

കുമിളകളാകാൻ തുടങ്ങുന്നതോടെ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക, കുറച്ച് തുള്ളി പഞ്ചസാര സിറപ്പ് ഒരു ചെറിയ ബൗളിലെ വെള്ളത്തിൽ ഒഴിച്ച് പരിശോധിക്കുക. അത് വെള്ളത്തിൽ അലിഞ്ഞു ചേരാതെ നല്ല നൂൽ പരുവത്തിലാണെങ്കിൽ സിറപ്പ് ശരിയായ ഘട്ടത്തിലാണെന്ന് ഉറപ്പിക്കാം. ഇനി അതിൽ കശുവണ്ടി പൊടിച്ചത് ചേർക്കുക. സോഫ്റ്റ് മിശ്രിതം രൂപപ്പെടുന്നത് വരെ അത് ഇളക്കുക.

മാവ് കട്ടിയുള്ളതാകാതെ മൃദുവും വഴക്കമുള്ളതുമാകണം. അതിനാൽ അതിനനുസരിച്ച് ഗ്യാസ് സ്വിച്ച് ഓഫ് ചെയ്യുക. മാവ് വഴക്കമുള്ളതായിരിക്കണം.

സ്വിച്ച് ഓഫ് ചെയ്ത് 10 മിനിറ്റ് തണുക്കാൻ അനുവദിക്കുക. ചൂടാണെങ്കിൽ നന്നായി തവികൊണ്ട് കുഴയ്ക്കുക. വശങ്ങളിൽ നിന്ന് ചുരണ്ടി എടുക്കരുത്. കാരണം മാവ് കട്ടിയുള്ളതാകും. അഥവാ മാവ് ഉണങ്ങിയതായി തോന്നുന്നുവെങ്കിൽ അതിൽ അര ടീസ്പൂൺ നെയ്യ് ചേർത്ത് കുഴച്ചെടുക്കുക. ഇനി ഒരു ബട്ടർ പേപ്പർ വിരിച്ച്, കാശുവണ്ടി മാവ് അതിന് മുകളിൽ വയ്ക്കുക. മാവിന്‍റെ മുകളിലും മറ്റൊരു ബട്ടർ പേപ്പർ വിരിക്കുക. തുടർന്ന് ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് മാവിന് മുകളിലൂടെ ഉരുട്ടാൻ തുടങ്ങുക. ഇത് കാൽ ഇഞ്ച് കനം ആകുന്നതുവരെ റോൾ ചെയ്യുക. മുകളിലുള്ള ബട്ടർ പേപ്പർ മാറ്റി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ഭംഗിയായി കാജു സ്വീറ്റ് ഡയമണ്ട് ഡിസൈനിൽ മുറിക്കുക. ഇനി കഷണങ്ങൾ വേർതിരിക്കുക. തണുത്ത ശേഷം കാജു സ്വീറ്റ് എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക.

മോത്തി ചൂർ ലഡ്ഡു

ചേരുവകൾ

കടലമാവ്- 1 കപ്പ്

ഏതാനും തുള്ളി ഫുഡ് കളർ

നെയ്യ്- 2 ടീസ്പൂൺ

തണ്ണിമത്തൻ വിത്തുകൾ- ഒരു സ്പൂൺ നിറയെ

ഡീപ് ഫ്രൈ ചെയ്യാൻ ആവശ്യമായ എണ്ണ

സിറപ്പ് ഉണ്ടാക്കാൻ പഞ്ചസാര മുക്കാൽ കപ്പ്

വെള്ളം- അര കപ്പ്

റോസ് എസെൻസ്- 2 തുള്ളി

ഏലയ്ക്കാ പൊടി- കാൽ ടീസ്പൂൺ

നാരങ്ങാനീര്- കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു മിക്സിംഗ് ബൗളിൽ കടലമാവ് എടുക്കുക. ഇനി ഇതിലേക്ക് നെയ്യ് ചേർക്കുക. തുടർന്ന് 2 തുള്ളി ഓറഞ്ച് ഫുഡ് കളർ ചേർക്കുക. ഒരു വിസ്ക് ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാകുന്നതിന് കുറേശേയായി വെള്ളം ചേർക്കുക. തുടർന്ന് കുറച്ച് കൂടുതൽ വെള്ളം ചേർക്കുക. ഫുഡ് കളർ കുറച്ച് കൂടി ചേർക്കാം. മാവ് ദോശ മാവിനേക്കാൾ കനം കുറഞ്ഞതായിരിക്കണം. ഒഴുകുന്ന രൂപത്തിലാകണം.

ബൂന്ദി തയ്യാറാക്കാനുള്ള പരന്ന കണ്ണ് തവി എടുക്കുക. ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ചീനച്ചട്ടിയിൽ അൽപം മാറി ഒരു ബോക്സ് ക്രമീകരിക്കുക. ബോക്സിന് മുകളിൽ മടക്കി വച്ച ഒരു കിച്ചൺ ടവൽ വയ്ക്കുക. എന്നിട്ട് ബൂന്ദി തവി അതിന് മുകളിൽ വയ്ക്കുക. എണ്ണ ചൂടായി കഴിഞ്ഞാൽ, കണ്ണ് തവയിൽ പകുതി വരെ മാവ് ഒഴിക്കുക ഇത് ഒരു ബാച്ച് ബൂന്ദി തയ്യാറാക്കാൻ മതിയാവും. തുടർന്ന് നല്ല വൃത്തിയുള്ള ഒരു തുണികൊണ്ട് തവിയിലെ മാവിന് മീതെ ടാപ്പു ചെയ്യുക. അങ്ങനെ ചെറിയ ബൂന്ദികൾ ചൂടുള്ള എണ്ണയിൽ ചിതറി വീഴും. ഇത് കൂടുതൽ നേരം ഫ്രൈ ചെയ്യരുത്. ഫ്രൈ ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം നിലച്ചാൽ അത് എണ്ണയിൽ പുറത്തെടുത്ത് ടിഷ്യൂ പേപ്പറിൽ വയ്ക്കുക. ഇപ്രകാരം മുഴുവൻ അവശേഷിച്ച മാവുകൊണ്ട് ബൂന്ദി തയ്യാറാക്കി എടുക്കുക. ഇടയ്ക്കിടെ ഒരു തുണി ഉപയോഗിച്ച് തവി തുടയ്ക്കുക.

എല്ലാ ബൂന്ദിയും വറുത്തുകഴിഞ്ഞാൽ അതിൽ നിന്നും ഒരു ടേബിൾ സ്പൂൺ ബൂന്ദി എടുത്ത് ഒന്നോ രണ്ടോ തവണ മിക്സിയിൽ അടിച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം ഇത് ചെയ്യാം.

ഒരു സോസ് പാനിൽ പഞ്ചസാര എടുക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് ചൂടാക്കുക. ഇടയ്ക്കിടെ ഇളക്കി പഞ്ചസാര അലിയുന്നത് വരെ തിളപ്പിക്കുക. പഞ്ചസാര സിറപ്പ് ഒരു നൂൽ പരുവത്തിലായിക്കഴിഞ്ഞാൽ തീയിൽ നിന്ന് ഇറക്കി വയ്ക്കുക. ഇനി ഇതിൽ ഏലയ്ക്കാപ്പൊടി, റോസ് എസെൻസ് എന്നിവ ചേർക്കുക. ഒപ്പം ഓറഞ്ച് ഫുഡ് കളറിന്‍റെ ഏതാനും തുള്ളികളും ചേർക്കാം. ഒടുവിലായി നാരങ്ങാനീര് ചേർക്കുക.

മോത്തി ചൂർ ലഡ്ഡു തയ്യാറാക്കാം

തയ്യാറാക്കിയ വച്ച ബൂന്ദി പഞ്ചസാര സിറപ്പ് അടങ്ങിയ പാനിലേക്ക് ഇടുക. ഒപ്പം തണ്ണിമത്തൻ വിത്തുകൾ ചേർക്കുക. ഒരു തവി ഉപയോഗിച്ച് ഇത് നന്നായി ഇളക്കുക. സിറപ്പ് ചേരുവയിൽ ആഗിരണം ചെയ്യുന്നതിനായി 10 മിനിറ്റെങ്കിലും മൂടി വയ്ക്കുക. തുടർന്ന് ഇത് നന്നായി ഇളക്കി ലഡ്ഡു ഉരുട്ടി തയ്യാറാക്കാം. അടർന്നു പോകാതിരിക്കാൻ ലഡ്ഡു മുറുക്കി ഉരുട്ടണം. ഇത് ഒരു പ്ലേറ്റിൽ നിരത്തി തണുപ്പിച്ച ശേഷം സംഭരിക്കുക. മോത്തി ചൂർ ലഡ്ഡു തയ്യാർ.

കാരറ്റ് ലഡു

ചേരുവകൾ

കാരറ്റ് നന്നായി ഗ്രേറ്റ് ചെയ്തെടുത്തത്- 1 കപ്പ്

നെയ്യ് ഉരുക്കിയത്- 1 ടേബിൾസ്പൂൺ

കണ്ടെൻസ്ഡ് മിൽക്ക്- കാൽ കപ്പ്

പിസ്ത അരിഞ്ഞത് – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

പാനിൽ അര ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി ഗ്രേറ്റ് ചെയ്ത കാരറ്റ് ഇട്ട് ചെറിയ തീയിൽ വഴറ്റുക. നന്നായി സോഫ്റ്റ് ആകുന്നതു വരെ വഴറ്റുക. പച്ചമണം മാറുന്നതു വരെ കുറഞ്ഞ തീയിൽ 10 മിനിറ്റെങ്കിലും പാകം ചെയ്യണം. ഇനി കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ഇവ യോജിച്ച് കട്ടിയുള്ള മാവായി മാറുന്നതുവരെ കുറഞ്ഞ തീയിൽ പാചകം ചെയ്യുക. ബാക്കിയുള്ള നെയ്യ് ചേർത്ത് കട്ടിയുള്ള മിശ്രിതം രൂപപ്പെടുന്നത് വരെ വേവിക്കുക. ഇനി സ്വിച്ച് ഓഫ് ചെയ്ത് ഗ്യാസിൽ തന്നെ വയ്ക്കുക. ചെറുചൂടോയെ ചെറിയ ഉരുളകളാക്കി ലഡ്ഡു രൂപപ്പെടുത്തുക. ഓരോ ലഡുവും കശുവണ്ടിപ്പരിപ്പ്- പിസ്ത മിശ്രിതത്തിൽ മുക്കി പൊതിഞ്ഞെടുക്കുക. അവ ചെറിയ കപ്പ് കേക്ക് ലൈനറുകളിൽ നിരത്തി വിളമ്പുക. ഹൃദ്യമായ കാരറ്റ് ലഡ്ഡു തയ്യാർ.

ബാദുഷ

ചേരുവകൾ

മൈദ- 2 കപ്പ്

ഉപ്പ് – അര ടീസ്പൂൺ

ബേക്കിംഗ് പൗഡർ- 1 ടീസ്പൂൺ

ഉരുകിയ വെണ്ണ അല്ലെങ്കിൽ നെയ്യ് – അര കപ്പ്

വെള്ളം – അര കപ്പ്

ഷുഗർ സിറപ്പ് തയ്യാറാക്കാൻ

പഞ്ചസാര – 2 കപ്പ്

വെള്ളം – 1 കപ്പ്

കുങ്കുമപ്പൂവ് നാരുകൾ -6-8

നാരങ്ങാനീര്- 2 മുതൽ 3 തുള്ളി

ഏലയ്ക്കാ പൊടി- കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ, മാവ്, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് നെയ്യും വെള്ളവും ചേർത്ത് കുഴയ്ക്കുക. മാവ് ഓവർ മിക്സ് ചെയ്യരുത്.

മാവ് ചപ്പാത്തി റോളർ വച്ച് പരത്തി സാമാന്യം ദീർഘചതുരം രൂപപ്പെടുത്തുക. എന്നിട്ട് അത് മൂന്നിലൊന്നായി മടക്കി (ആ പാളികൾ സൃഷ്ടിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്) രണ്ടാമത് വീണ്ടും ദീർഘചതുരം ആക്കി പരത്തി, മൂന്നിലൊന്നായി വീണ്ടും മടക്കി, തുടർന്ന് മൂന്നാം തവണ വീണ്ടും ദീർഘചതുരം ആക്കി പരത്തുക. വീണ്ടും മൂന്നിലൊന്നായി മടക്കി പരത്തി ദീർഘചതുരമാക്കി മൂന്നിലൊന്നായി മടക്കുക. ഇത് മൂടി 30 മിനിറ്റ് അടച്ചു വയ്ക്കുക.

ഷുഗർ സിറപ്പ് തയ്യാറാക്കാം

ഒരു പാനിൽ പഞ്ചസാര, വെള്ളം, കുങ്കുമപ്പൂവ്, നാരങ്ങ തുള്ളികൾ എന്നിവ ചേർത്ത് ഇടത്തരം തീയിൽ തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞു തിളച്ചു തുടങ്ങുന്നത് വരെ ഇളക്കുക. ഷുഗർ സിറപ്പ് തിളച്ചു തുടങ്ങിയാൽ 5 മിനിറ്റ് നേരം സിമ്മിൽ വയ്ക്കാം. ഒരു പാത്രത്തിൽ ഒരു തുള്ളി പഞ്ചസാര സിറപ്പ് ഒഴിച്ച് ചായിച്ചു നോക്കുക. അത് ഒഴുകി പോകുന്നില്ലായെങ്കിൽ ശരിയായ പാകത്തിലാണെന്നു ഉറപ്പിക്കാം. ഇനി ഷുഗർ സിറപ്പിൽ ഏലയ്ക്കാപ്പൊടി ചേർത്ത് തീ ഓഫ് ചെയ്യുക.

ബാദുഷ തയ്യാറാക്കാം

തയ്യാറാക്കി വച്ച മാവ് 3 തുല്യ ഭാഗങ്ങളായി വിഭജിക്കുക. ഒരു ഭാഗം എടുത്ത് ബാക്കി ഭാഗം അടച്ചു വയ്ക്കുക. മാവ് ഒരു മിനുസമാർന്ന റോൾ രൂപത്തിൽ ഉരുട്ടിയെടുക്കുക. ഇനി അത് 5 തുല്യ കഷണങ്ങളായി മുറിക്കുക. ഓരോ കഷ്ണവും എടുത്തു കയ്യിൽ വച്ച് ഉരുളകളാക്കിയോ മിനുസമാർന്ന പ്രതലത്തിലോ ഉരുട്ടി ഷേപ്പ് ചെയ്തെടുക്കാം. ഉരുട്ടുക, തുടർന്ന് വിരൽ ഉപയോഗിച്ച് ഉരുളയിൽ ചെറുതായി അമർത്തി ഇത്തിരി പരന്ന രൂപത്തിലാക്കാം. ഇത്തരത്തിൽ ബാക്കി മാവ് ഉപയോഗിച്ച് ബാദുഷ തയ്യാറാക്കി വയ്ക്കുക.

ബാദുഷ വറുക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായോ എന്നറിയാനായി എണ്ണയിൽ ഇത്തിരി മാവ് ഇട്ട് നോക്കാം. അത് നന്നായി മൊരിയുന്നുണ്ടെങ്കിൽ പാത്രത്തിന്‍റെ വലിപ്പമനുസരിച്ച് ഒന്നിലധികം ബാദുഷ ഇട്ട് ചെറിയ തീയിൽ ഫ്രൈ ചെയ്യുക. ഒരുവശം നന്നായി മൊരിഞ്ഞു ഉറച്ചതാകുമ്പോൾ ബാദുഷ തിരിച്ചിട്ട് മറുവശം മൊരിക്കുക. നല്ല ക്രിസ്പിയും ഇളം സ്വർണ്ണനിറവും ആകും വരെ ഫ്രൈ ചെയ്യുക.

ഇതിലെ അധിക എണ്ണ ആഗിരണം ചെയ്യുന്നതിന് ഒരു പേപ്പർ ടവലിൽ ബാദുഷ നിരത്തി വയ്ക്കാം. ഏതാനും മിനിറ്റിനു ശേഷം, ചൂടോടെ തന്നെ ബാദുഷ ഓരോന്നും തയ്യാറാക്കി വച്ച പഞ്ചസാര പാനിയിലേക്ക് ഇടുക. 5 മിനിറ്റിനു ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഓരോ ബാദുഷയും മറിച്ചിടുക, ഇത്തരത്തിൽ മറുവശവും 5 മിനിറ്റ് നേരം സിറപ്പിൽ മുക്കിവയ്ക്കുക. ഇനി ഇത് സർവ്വിംഗ് പ്ലേറ്റിൽ നിരത്തി വച്ച് കുങ്കുമനാരുകൾ വിതറി സെർവ്വ് ചെയ്യാം.

കലാകന്ദ്

ചേരുവകൾ

പാൽ- 4 കപ്പ്

തൈര്- കാൽ കപ്പ്

കണ്ടെൻസ്ഡ് മിൽക്ക്- 2 ടേബിൾ സ്പൂൺ

പഞ്ചസാര- കാൽ കപ്പ്

ഏലക്കപൊടി- കാൽ ടീസ്പൂൺ

പിസ്ത- 5 എണ്ണം

തയ്യാറാക്കുന്ന വിധം

3 കപ്പ് പാൽ തിളപ്പിക്കുക, പാൽ തിളച്ചു വരുമ്പോൾ തൈര് ചേർത്ത് തീ കുറച്ച് വയ്ക്കുക. വെള്ളം വേർപ്പെടുന്നത് വരെ ഇളക്കുക. പാൽക്കട്ടി പൂർണ്ണമായും വേർപെടുത്തുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യുക. പാൽക്കട്ടി ഫിൽറ്റർ ചെയ്ത് ഒരു കണ്ടെയ്നറിൽ ശേഖരിക്കുക. ഇങ്ങനെ ലഭിച്ച പനീർ ഒഴുകുന്ന തണുത്ത വെള്ളത്തിൽ കഴുകുക. തുടർന്ന് മാറ്റി വയ്ക്കുക.

ഇനി ശേഷിച്ച 1കപ്പ് പാൽ പകുതി അളവിൽ ആകുന്നതുവരെ തിളപ്പിക്കുക. ശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. പാൽ കുറുകി കഴിഞ്ഞാൽ പനീറും പഞ്ചസാരയും ചേർക്കുക. ഇത് ഇടത്തരം തീയിൽ സാവധാനം തിളപ്പിക്കുക. തീ കൂടിയാൽ അത് എളുപ്പത്തിൽ കരിഞ്ഞു പോകും. ഏലയ്ക്കാപ്പൊടി ചേർക്കുക. അരികുകളിൽ കുമിളകൾ രൂപപ്പെട്ട് മിക്സ് കട്ടിയായിക്കഴിഞ്ഞാൽ ഗ്യാസ് സ്വിച്ച് ഓഫ് ചെയ്യുക.

ഈ മിക്സ് ഒരു പ്ലേറ്റിൽ പരത്തി വശങ്ങളിലും മുകളിലും നിരപ്പാക്കുക. അരിഞ്ഞ വച്ച പിസ്തയും കുങ്കുമപ്പൂവും കൊണ്ട് ഇത് അലങ്കരിക്കുക. തുടർന്ന് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം കഷണങ്ങളായി മുറിച്ച് വിളമ്പുക. തണുപ്പിച്ച് സൂക്ഷിക്കുക.

റാഗി ലഡു

ചേരുവകൾ

റാഗി മാവ്- 1 കപ്പ്

പഞ്ചസാര – അര കപ്പ് നെയ്യ്- കാൽ കപ്പ്

നുറുക്കിയ കശുവണ്ടി- ഒന്നര ടേബിൾസ്പൂൺ

ഏലയ്ക്കപൊടി- കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കാൽകപ്പ് നെയ്യ് അതായത് പകുതി നെയ്യ് ഒരു പാനിൽ ചൂടാക്കുക. കശുവണ്ടി സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വറുത്തെടുക്കുക. തുടർന്ന് മാറ്റി വയ്ക്കുക. ഇനി പാനിലേക്ക് റാഗി മാവ് ഇട്ട് നല്ല മണം വരുന്നത് വരെ വറുക്കുക. പച്ചമണം മാറുന്നതുവരെ ചെറിയ തീയിൽ 5-7 മിനിറ്റ് നേരം വറുക്കണം. തുടർന്ന് റാഗി മാവ് പൂർണ്ണമായും തണുപ്പിച്ച ശേഷം അതിൽ പഞ്ചസാര ചേർക്കുക. കശുവണ്ടിയും ഏലക്കാപ്പൊടിയും ബാക്കി കാൽ കപ്പ് നെയ്യും ചേർത്ത് നന്നായി ഇളക്കി ചേർക്കുക.

ഒരുപിടി മാവ് എടുത്ത് കൈകൊണ്ട് നന്നായി അമർത്തി ഓരോ ലഡ്ഡു തയ്യാറാക്കുക. ഇത് ഉണങ്ങിയ പാത്രത്തിൽ സൂക്ഷിക്കുക. റാഗി ലഡ്ഡു ഒരാഴ്ചയെങ്കിലും നന്നായി സൂക്ഷിച്ച് വച്ച് ഉപയോഗിക്കാം. വളരെ പോഷകസമ്പന്നമായ ലഡ്ഡുവാണിത്.

और कहानियां पढ़ने के लिए क्लिक करें...