സദാ കയ്പ്പുചുവ സംസാരം മാത്രം ശീലമാക്കിയ ശ്രീമതിയെ പ്രമേഹം എങ്ങനെ പിടികൂടി എന്നത് ഗവേഷണ വിഷയമാക്കേണ്ട കാര്യമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
അങ്ങനെയിരിക്കയാണ് ഞങ്ങളുടെ ഡോക്ടർ സഹോദരി വീട്ടിൽ എത്തുന്നത്. അവളുടെ പക്കൽ ഷുഗർ മെഷർ ചെയ്യുന്ന മെഷീനും ഉണ്ടായിരുന്നു. അവൾ ബാഗിൽ നിന്നും മെഷീൻ പുറത്തെടുത്തതും ശ്രീമതിയും ഞെളിഞ്ഞവിടെ എത്തി.
ഏയ് സിന്ധു, നീ വലിയ ഡോക്ടർ ആയിരിക്കും. ചേട്ടനെ മാത്രം പരിശോധിച്ചാൽ പോരാ. എന്നെപ്പോലെ പാവം പിടിച്ച ഒരുത്തിയും ഇവിടെയുണ്ടെന്ന് കാര്യം മറക്കണ്ട. അവൾ സഹോദരിയോട് മൊഴിഞ്ഞു.
അർത്ഥം വെച്ചൊരു നോട്ടം എന്നിലേക്ക് എറിഞ്ഞ് അവൾ സംസാരം തുടർന്നു. ഇങ്ങേരുടെ കാര്യമാണോ? ഇതുപോലൊരു കുഴിമടിയന് ഒരു അസുഖവും വരത്തില്ലെന്നോ. ദേ, എന്റെ ഷുഗർ ഒന്ന് പരിശോധിച്ചേ. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഉടനെ അറിയാൻ പറ്റുമല്ലോ. ഞാൻ ഒഴിഞ്ഞിട്ടു വേണം വേറൊരു തീ കെട്ടാൻ എന്ന ഇങ്ങേരുടെ മനസ്സിലിരിപ്പ്.
സഹോദരിയുടെ വ്യഥ കേട്ട് മനസ്സലിഞ്ഞെന്നോണം സിന്ധു ഉടനെ ശ്രീമതിയുടെ രക്തം പരിശോധിച്ചു. ചേച്ചി ഇനി മുതൽ മധുരം കുറച്ചു മതി.
സിന്ധു ഇവളോട് മധുരം കുറച്ചു കഴിക്കാനും മധുരം മാത്രം സംസാരിക്കാനും പറയ്. വീണു കിട്ടിയ അവസരം മുതൽ എടുത്തു കൊണ്ട് ഞാൻ പറഞ്ഞു.
കേൾക്കേണ്ട താമസം ശ്രീമതിയുടെ മുഖഭാവം മാറി.
സിന്ധു, ഞാൻ അപ്പോഴേ പറഞ്ഞതല്ലേ. ഇങ്ങേര് ഇതുവരെ എനിക്ക് ഒരു ടെസ്റ്റ് നടത്താൻ വേണ്ടി കാൽപണം പോലും ചെലവഴിച്ചിട്ടില്ല.
എന്റെ പൊന്നു ഭാര്യേ, നീ വെറുതെ ടെൻഷൻ അടിക്കല്ലേ. ഷുഗർ പ്രഷർ ആവാൻ അധികം നേരം വേണ്ട.
എന്തായാലും മധുരം കുറച്ചു കഴിക്കാൻ ഡോക്ടർ പറഞ്ഞാൽ പ്രമേഹമാണ് എന്നല്ലേ അർത്ഥം ആക്കേണ്ടത്. ഡയബറ്റിസ്… ഇന്ന് സദാ അലമുറയിടുന്ന ശ്രീമതിയെ ഞാൻ ഒരു കണക്കിന് സമാധാനിപ്പിക്കാൻ ശ്രമിച്ചു. മണ്ടി, നിനക്കറിയില്ലേ പ്രമേഹവും പ്രഷറും ഒക്കെ സമ്പന്നരുടെ രോഗമാണെന്ന്. അപ്പോൾ നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്. നീ എവിടെയെങ്കിലും ചെന്ന് മധുരം ചേർക്കാത്ത ചായ ആവശ്യപ്പെട്ടാൽ അവർ പറയും പണക്കാരിയല്ലേ. അതാ ഉപ്പും മധുരവും ഒന്നും വേണ്ടാത്തതെന്ന്.
അതോടെ പ്രമേഹം എങ്ങനെ സുഖപ്പെടുത്താം എന്ന ചിന്ത അവളെ പിടികൂടി. അല്ലെങ്കിൽ തന്നെ പണ്ട് മുതൽക്കേ പൊടിക്കൈകളിലും നാട്ടുവൈദ്യത്തിലും അവൾക്ക് വലിയ വിശ്വാസമാണ്.
അടുത്തദിവസം മുതൽ അവൾ കോളനിയിലെ പൊങ്ങച്ചക്കാരികൾക്കിടയിൽ ഇരുന്നു താനൊരു പ്രമേഹ രോഗിയാണെന്ന് വച്ചുകാച്ചി.
ഒരു ഞായറാഴ്ച വീട്ടുമുറ്റത്തിരുന്ന് വിശ്രമിക്കുകയായിരുന്നു. അതിനിടയ്ക്കാണ് അയൽക്കാരൻ പിള്ള സാർ അവിടെ എത്തിയത്. ശ്രീമതി എല്ലാവർക്കും വേണ്ടി ചായ തയ്യാറാക്കി കൊണ്ടുവന്നു. നീ വിത്തൗട്ട് കുടിച്ചാൽ മതി ഞാൻ ഓർമിപ്പിച്ചു.
കേട്ടപാതി മിസ്റ്റർ പിള്ള ശ്രീമതിയുടെ നേരെ തിരിഞ്ഞു. ചേച്ചി, പ്രമേഹം അല്പം പ്രശ്നക്കാരനാ. ഒന്നും നേരാവണ്ണം തിന്നാനും കുടിക്കാനും കൂടി പറ്റില്ല. പക്ഷേ വിഷമിക്കാൻ ഒന്നുമില്ല. ഒരൊറ്റ കാര്യം ചെയ്താൽ മതി. ഒരു കിലോ പാവയ്ക്ക വാങ്ങുക. മിക്സിയിൽ ഇട്ട് അരച്ച് ജ്യൂസ് തയ്യാറാക്കി അരിപ്പയിൽ അരിച്ച് ഒരൊറ്റ വലിക്ക് അകത്താക്കുക. ദിവസവും മൂന്നോ നാലോ തവണ ഇതാവർത്തിച്ചാൽ പ്രമേഹം പമ്പകടക്കും.
ചായ കുടി കഴിഞ്ഞ ഉടനെ, ശ്രീമതിക്ക് ഇരിക്കപ്പൊറുതി ഇല്ലാത്തത് കണ്ട് ഞാൻ ഉടനെ മാർക്കറ്റിൽ ചെന്ന് പാവയ്ക്ക വാങ്ങി. ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് ഉണ്ടാക്കി അവൾക്ക് നൽകി. ഓരോ ഇറക്കു കുടിക്കുമ്പോഴും ശ്രീമതിയുടെ മുഖമുദ്രകൾ മാറുന്നത് കണ്ട് ചെറിയൊരു സന്തോഷം എനിക്ക് തോന്നാതിരുന്നില്ല. പ്രതികാരം വീട്ടിയതിന്റെ സുഖം എനിക്ക് അനുഭവപ്പെട്ടു.
ഒരു പൊടിക്കായി പ്രയോഗം പൊടിപൊടിക്കുന്നതിനിടയിൽ അവളുടെ കൂട്ടുകാരി മറ്റൊരു കിടിലൻ പ്രയോഗവുമായി എത്തി. ഏയ് മഞ്ജു… ഈ പായ്ക്കറ്റും പാവയ്ക്കയും ഒക്കെ പഴഞ്ചൻ പ്രയോഗം അല്ലേ. നീ ആര്യവേപ്പിന്റെ ഇല കഴിച്ചു നോക്ക്. ആടുകളെ കണ്ടിട്ടില്ലേ. എപ്പോഴും ഇല ചവച്ചു കൊണ്ട് നടക്കുന്നത്. അവയ്ക്കുണ്ടോ ഈ പ്രമേഹം?.
അങ്ങനെ ആര്യവേപ്പ് ഇല അന്വേഷണവും എന്റെ ദൗത്യമായി. ആരാന്റെ പറമ്പിൽ നിന്ന് ആര്യവേപ്പില മോഷ്ടിച്ചു കൊണ്ടുവരുന്ന പണിയും എനിക്ക് കിട്ടി.
പെട്ടെന്നൊരു ദിവസം ശ്രീമതിയുടെ അമ്മായി എത്തി. മഞ്ജു, നീ ഒരു കിലോ വെണ്ടയ്ക്ക വാങ്ങ്. പറഞ്ഞുതീരും മുമ്പ് അവർ എന്റെ നേരെ തിരിഞ്ഞു. രമേശാ, വേഗം പോയി ഒരു കിലോ വെണ്ടയ്ക്ക വാങ്ങി വാ.
പിന്നെ, വെണ്ടയ്ക്ക അരിഞ്ഞ് രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കണം. രാവിലെ ഉണർന്ന ഉടനെ വെറും വയറ്റിൽ ജ്യൂസ് കുടിക്കണം. ഒരു മാസം ഇത് പതിവാക്കണം. പ്രമേഹം പമ്പ കടക്കും. മാത്രമല്ല വെണ്ടയ്ക്ക നിനക്ക് ഇഷ്ടമുള്ള പച്ചക്കറിയും ആണല്ലോ. ജ്യൂസ് ഉണ്ടാക്കാൻ 200 ഗ്രാം വെണ്ടയ്ക്ക മതി. ബാക്കിയുള്ളതുകൊണ്ട് നിനക്ക് ഇടയ്ക്കിടയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാമല്ലോ.
ചുരുക്കിപ്പറഞ്ഞാൽ വഴിപോക്കർ പോലും വീട്ടിൽ കയറി പൊടിക്കൈകൾ പറഞ്ഞു പോകാൻ തുടങ്ങി. സത്യം പറയാമല്ലോ അവരെയൊക്കെ കൈവയ്ക്കണം എന്ന് എനിക്കുണ്ട്.
ഒരു ദിവസം അവൾ അഞ്ച് കിലോ ഉലുവ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇത് ചൂർണ്ണം ആക്കി പതിവായി നാലഞ്ചുവട്ടം കഴിക്കണം പോലും.
ശ്രീമതിയെ പിണക്കുന്നത് ശരിയല്ല എന്നതിനാൽ എതിർവാക്കൊന്നും പറയാതെ ഞാൻ അതെല്ലാം അതേപടി അനുസരിക്കും. വല്ലായ്മ കാണിച്ചാൽ എനിക്ക് ശ്രീമതിയോട് ഇഷ്ടമല്ലെന്നല്ലേ ആരും കരുതൂ. എന്നിരുന്നാലും മാറിമാറി പ്രയോഗിക്കുന്ന ഈ പൊടിക്കൈകൾ എന്റെ കീശ കാലിയാക്കി കൊണ്ടിരുന്നു.
ഒരു ദിവസം ഞാനും ശ്രീമതിയും ഡ്രോയിങ് റൂമിലിരുന്ന് ടെലിവിഷൻ കാണുകയായിരുന്നു. പ്രമേഹത്തിൽ നിന്നും മോചനം! ഹെർബൽ ടിവി ശീലമാക്കു…
പരസ്യം കണ്ട് ശ്രീമതിയുടെ കണ്ണു മഞ്ഞളിച്ചു. ഒപ്പം ആരെയും ആകർഷിക്കുന്ന വിധത്തിലുള്ള വിദേശ യുവതികളുടെ അവതരണവും. ഉടനെ തന്നെ ശ്രീമതിക്കും വേണം ഹെർബൽ ടീ വെറും 4999 രൂപ ഒരു പായ്ക്കറ്റിന്. കരയുന്ന മനസ്സോടെ ഞാനും ഒരു പായ്ക്കറ്റിനും ഓർഡർ നൽകി.
എന്റെ പരിചരണം കൊണ്ട് ശ്രീമതിയുടെ ഷുഗർ ലെവൽ താഴ്ന്നോ എന്നറിയില്ല. ശബ്ദത്തിന് കുറച്ച് മയം വന്നിട്ടുണ്ട്. സിന്ധു പിന്നെയും വീട്ടിലെത്തി. സിന്ധുവിനെ കണ്ടതും ശ്രീമതി കൈ മുന്നോട്ടു നീട്ടി. സിന്ധുടനെ തന്നെ ഷുഗർ ലെവൽ പരിശോധിച്ചു നോർമൽ. ശ്രീമതിക്ക് സന്തോഷമായി.
സിന്ധു പതിഞ്ഞ സ്വരത്തിൽ എന്നോട് പറഞ്ഞു. ചേട്ടാ, അന്ന് മെഷീൻ കേടായിരുന്നു. അതുകൊണ്ടാ ചേച്ചിക്ക് ഷുഗർ കൂടുതലാണെന്ന് തോന്നിയത്. പ്രമേഹം ഒന്നും ഇല്ലായിരുന്നു.
പണം കുറെ പോയാലും സങ്കടമില്ല. അവളുടെ ഇന്നാളു വരെയുള്ള ചെയ്തികൾക്ക് പാവയ്ക്ക ജ്യൂസ് കുടിപ്പിച്ചു പകരം വീട്ടാൻ പറ്റിയല്ലോ. കയ്പ്പിന്റെ ഫലം മധുരം ആണെന്ന് പറയുന്നത് വെറുതെയല്ല.