രമേ… നീയെവിടാ… കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരൂ. ഞാൻ വന്നത് നീ കണ്ടില്ലേ? ഓഫീസിൽ നിന്നും വന്ന ഉടനെ ബ്രീഫ് കെയ്സ് സോഫയിലേക്ക് വലിച്ചെറിഞ്ഞ് ടൈ അഴിക്കുന്നതിനിടയ്ക്ക് ഞാൻ ഒച്ച വച്ചത് വൃഥാവിൽ ആയെന്നു ചുരുക്കം. അടുക്കളയിൽ നിന്നും ശബ്ദമൊന്നും കേൾക്കാനില്ല. തെല്ലൊരു ജിജ്ഞാസയോടെ ഞാൻ കിടപ്പുമുറിയിൽ പ്രവേശിച്ചു. രമ ബെഡിൽ കിടന്നു മാസിക വായിക്കുകയായിരുന്നു.
ഹലോ ഡിയർ, ഞാൻ എത്തിയത് നീ അറിഞ്ഞില്ലേ, ഞാൻ എത്ര ഒച്ചവെച്ചു. നീ കേട്ടില്ലേ? വേഗം എഴുന്നേറ്റു വാ, എനിക്ക് എന്തെങ്കിലും കഴിക്കാൻ തരൂ. രമ നിശബ്ദതയായി കിടക്കുന്നത് കണ്ട് ഞാൻ പറഞ്ഞു. പണ്ടൊക്കെ ഞാൻ പറയേണ്ട താമസം നീ എനിക്ക് കഴിക്കാനുള്ള ഭക്ഷണവുമായി എത്തുമായിരുന്നു. പക്ഷേ ഇന്നെന്താ നിനക്ക് യാതൊരു കുലുക്കവും ഇല്ലാത്തത്?
വിശക്കുന്നെങ്കിൽ പുറത്തുപോയി എന്തെങ്കിലും കഴിക്കാൻ മേടിച്ചു കൊണ്ടുവാ. അവൾ മാസികയിൽ നന്നെ ശ്രദ്ധിച്ചുകൊണ്ട് മറുപടി നൽകി.
ഒന്നും ഉണ്ടാക്കിയില്ലേ. എന്താ കാര്യം? ഞാൻ ചോദിച്ചു. അവൾ വീണ്ടും അതേ ദൃഢതയോടെ പറഞ്ഞു ഇന്ന് ഞാൻ ഒന്നും ഉണ്ടാക്കിയില്ല.
രമയുടെ മൃദുലമായ കൈകൾ തലോടി തലകുനിച്ച് ഞാൻ ചോദിച്ചു, മഹാറാണി അടിയൻ എന്ത് തെറ്റാണാവോ ചെയ്തത്?
അവൾ പെട്ടെന്ന് കൈകൾ പുറകിലോട്ട് വലിച്ച് പറഞ്ഞു. സോപ്പൊന്നും ഇവിടെ വേണ്ട കുടുംബഭാരം ചുമന്ന് ഞാൻ ആകെ തളർന്നു. ഭക്ഷണം ഉണ്ടാക്കണം, വസ്ത്രം കഴുകണം, പാത്രം തേക്കണം, അടിച്ചുവാരി തുടയ്ക്കണം. ആഴ്ചയിൽ ഏഴു ദിവസവും കുട്ടികളെ നോക്കണം. ശമ്പളവും ഇല്ല ലീവും ഇല്ല. എന്താ ഞാൻ വല്ല മെഷീനും ആണോ?
അവളുടെ തീഷ്ണ അസ്ത്രങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മുറിവേറ്റവനെ പോലെ ഞാൻ ചോദിച്ചു, അപ്പോ, നീ തന്നെ പറയൂ ഞാൻ എന്തു ചെയ്യണം എന്ന്?
ഇടിമുഴക്കം പോലെ ആ ശബ്ദം ഉയർന്നു. എനിക്ക് സഹായത്തിന് ഒരാൾ വേണം.
ഓ അതാണോ കാര്യം പ്രിയതമേ, ഞാൻ അതാ പറഞ്ഞത് ഞാൻ മറ്റൊരു വിവാഹം കഴിക്കട്ടെ എന്ന്. പക്ഷേ നീ സമ്മതിക്കുന്നില്ലല്ലോ.
കടന്നൽ കുത്തിയ പോലെ അവളുടെ മുഖം ചുവന്നു. കയ്യിലിരുന്ന മാസിക എന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് അലറി കൊണ്ടവൾ പറഞ്ഞു. നിങ്ങൾ കല്യാണം കഴിക്കുന്ന കാര്യമല്ല, വേലക്കാരിയുടെ കാര്യമാണ് പറഞ്ഞത്.
പക്ഷേ ഡിയർ, നിനക്കറിയില്ലേ ഇക്കാലത്ത് വേലക്കാരിയെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്ന്. ഞാൻ വിവശതയോടെ മറുപടി നൽകി. അപ്പോൾ രമ പറഞ്ഞു, എനിക്കതൊന്നും അറിയില്ല. ഒന്നെങ്കിൽ വേലക്കാരിയെ കൊണ്ടുവാ അല്ലെങ്കിൽ എന്നെ എന്‍റെ വീട്ടിൽ കൊണ്ടുവിട്.
അവസാനം ഞാൻ പരാജിതനായി രാത്രിയിലുള്ള ഭക്ഷണം പുറത്തുനിന്നും വാങ്ങി സമരം അവസാനിപ്പിച്ചു.
അടുത്തദിവസം എന്‍റെ സുഹൃത്തായ മഹേഷിനോട് ഇക്കാര്യത്തെപ്പറ്റി വിശദീകരിച്ചു. എന്‍റെ സംസാരം കേട്ട് അയാൾ ചിരിച്ചു, നീ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. ഹൗസ് മെയ്ഡ് ഓഫീസിൽ പോയാൽ മതി എന്നു പറഞ്ഞ് അഡ്രസ്സും ഫോൺ നമ്പറും ഇമെയിലും ഒക്കെയുള്ള ഒരു കാർഡ് എനിക്ക് നൽകി. ഞാൻ പകുതി ദിവസത്തെ അവധിയെടുത്ത് കാർഡിൽ പറയുന്ന ഓഫീസിനു മുന്നിലെത്തി.
അകത്ത് കാൽ വെച്ചപ്പോൾ സ്ഥലം മാറി ഞാൻ മറ്റേതോ ഓഫീസിൽ എത്തിയതാണോ എന്ന് തോന്നിപ്പോയി. അത് വളരെ പ്രൗഢിയുള്ള ഓഫീസ് ആയിരുന്നു. പക്ഷേ ഒരൊറ്റ വസ്തുത മാത്രമാണിതിനു വേലക്കാരുടെ ഓഫീസിന്‍റെ മുഖച്ഛായ നൽകിയിരുന്നത്. അവിടുത്തെ ഭിത്തിയിൽ ചൂലും വേസ്റ്റ് എടുക്കുന്നതിനുള്ള കാർഡും ചിത്രങ്ങൾ വെച്ച് അലങ്കരിച്ചത് പോലെ തൂക്കിയിരുന്നു. അതുപോലെ തന്നെ ഡസ്റ്റ് ബിന്നും മഗ്ഗുമെല്ലാം റാക്കിൽ വച്ചിട്ടുണ്ടായിരുന്നു. അവിടുത്തെ ഇൻചാർജിന്‍റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാൻ അയാളെ നോക്കി. സർ, നിങ്ങൾക്കാരെയാണ് കാണേണ്ടത്? അയാൾ എന്നോട് ചോദിച്ചു.
എനിക്കൊരു സെർവന്‍റിനെ വേണം, ഞാൻ എന്‍റെ ഉദ്ദേശ്യം പറഞ്ഞു.
ശരി താങ്കൾക്കെത്തരത്തിലുള്ള വേലക്കാരിയാണ് വേണ്ടത്. കറുത്തവളോ വെളുത്തവളോ, മെലിഞ്ഞവളോ വണ്ണം ഉള്ളവളോ, അടിച്ചു വാരിക മാത്രം ചെയ്യുന്നവളോ അതോ എല്ലാ ജോലികളും ചെയ്യുന്നവളോ?
എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി. എന്നാലും ഞാൻ സകല ധൈര്യവും സംഭരിച്ചു പറഞ്ഞു നല്ല സ്വഭാവവും വൃത്തിയും ചിട്ടയും ഒക്കെയുള്ളവൾ ആയിരിക്കണം. അതോടൊപ്പം തന്നെ അടിച്ചുവാരാനും പാത്രം തേക്കാനും തുണി അലക്കുവാനും ഒക്കെ അറിയുന്നവളും ആയിരിക്കണം.
അയാൾ അവിടെ കിടന്നു ആൽബങ്ങളിൽ നിന്നും ഒരു ആൽബം തിരഞ്ഞെടുത്ത് എന്‍റെ കയ്യിൽ തന്നു, ഇതാ എല്ലാ ജോലികളും ചെയ്യാൻ കഴിവുള്ളവർ ഈ ആൽബത്തിൽ ഉണ്ട്. ഇഷ്ടമുള്ള ഫോട്ടോ തിരഞ്ഞെടുക്കു. ഞാൻ അവളെ വിളിക്കാം. ഉത്സാഹവും ആശ്ചര്യവും നിറഞ്ഞ മുഖ ഭാവത്തോടെ ഞാൻ ആൽബം നോക്കുവാൻ തുടങ്ങി. അവസാനം രമയ്ക്ക് യാതൊരു പരാതിക്കിടയും നൽകാത്ത ഒരു വേലക്കാരിയുടെ ഫോട്ടോ ഞാൻ തെരഞ്ഞെടുത്തു. ഞാനാ ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി കാണിച്ചപ്പോൾ അയാൾ പറഞ്ഞു, നിങ്ങൾക്ക് ശമ്പളം കുറവാണെന്ന് തോന്നുന്നു. നിങ്ങൾ നിലവാരത്തിനനുസരിച്ച് ശ്രീദേവിയെ ആണല്ലോ തെരഞ്ഞെടുത്തിരിക്കുന്നത്. ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു ശ്രീദേവിയോ?
അതെ, ഹൗസ് മെയ്ഡ്സിനിടയിലെ ശ്രീദേവി ആണ് ഇവൾ.
അതിനുശേഷം മറ്റു ചിത്രങ്ങൾ ഓരോന്ന് എടുത്തു പരിചയപ്പെടുത്തി. ഇത് രേഖ, ഇത് തബു, ഇത് രവീണ, ഇത് കാജൽ, ഇത് അമീഷ. അയാളുടെ വിവരണത്തിനിടയ്ക്ക് കയറി ഞാൻ ചോദിച്ചു, അതൊക്കെ ശരി ഈ ശ്രീദേവി എന്നാണ് എന്‍റെ വീട്ടിൽ ജോലിക്ക് വരുന്നത്?
ഇപ്പോൾ തൽക്കാലം നിങ്ങൾ വീട്ടിലേക്ക് പോകൂ. ഞാൻ ഇക്കാര്യം അവരോട് സംസാരിക്കട്ടെ. നിങ്ങൾ നാളെ മൂന്നുമണിക്ക് വീണ്ടും വരിക. അപ്പോൾ നിങ്ങൾ തമ്മിലുള്ള അഭിമുഖം നടത്താം. ഇഷ്ടമായെങ്കിൽ ജോലിയിൽ നിയമിക്കാം. ഇല്ലെങ്കിൽ വേറെ ആരെങ്കിലും തിരഞ്ഞെടുക്കാം.
ഞാൻ അടുത്ത ദിവസവും ഓഫീസിൽ നിന്നും പകുതി ദിവസത്തെ ലീവെടുത്ത് കൃത്യം മൂന്നുമണിക്ക് ഹൗസ് മെയ്ഡ് ഓഫീസിൽ എത്തിച്ചേർന്നു. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് ശ്രീദേവിയെ കാണാനുള്ള ഭാഗ്യം ഉണ്ടായത്. അവൾ വീതി കൂടിയ ബോർഡ് കൂടിയ പച്ചനിറത്തിലുള്ള സാരി നല്ല സ്റ്റൈലിൽ ഉടുത്തിരുന്നു. വളരെ വിലകൂടിയ ചെരുപ്പും ബാഗും ഒക്കെയായി അവൾ അങ്ങനെ മിന്നി നിന്നു.
ഞാൻ ശ്രീദേവിക്ക് അഭിമുഖമായിരുന്നു. ഞാൻ സംസാരിക്കുവാൻ തുടങ്ങിയപ്പോഴേക്കും അവൾ പറഞ്ഞു, നോക്കൂ സാർ, ഞാൻ വഴക്ക് കൂടുവാൻ തീരെ താല്പര്യമുള്ള കൂട്ടത്തിൽ അല്ല. എനിക്കിഷ്ടമുള്ള ജോലികളെ ഞാൻ ചെയ്യൂ. കൊച്ചമ്മ എന്നോട് തല്ലു പിടിക്കരുത്. ഞാൻ ടിവി കാണുകയാണെങ്കിൽ തടയരുത്. ഞാൻ മാർക്കറ്റിൽ നിന്നും പച്ചക്കറിയും സാധനങ്ങളും വാങ്ങി വരുമ്പോൾ ബാക്കി പണം ചോദിക്കരുത്.
ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ വീണ്ടും ഇടയ്ക്ക് കയറി പറഞ്ഞു. സർ, താങ്കളുടെ വീട്ടിൽ വാഷിംഗ് മെഷീനും വാക്വം ക്ലീനറും ഒക്കെ ഉണ്ടല്ലോ.
അവൾ ഞെളിഞ്ഞു നിന്ന് ഇങ്ങനെ ഓരോന്നും ചോദിച്ചപ്പോൾ എനിക്ക് ശരിക്കും ഉത്തരം മുട്ടി. ഇൻചാർജ് എന്നെ തട്ടിയപ്പോൾ ഞാൻ അസ്വസ്ഥനായി. അപ്പോൾ ശമ്പളം എത്രയാ?
3000 രൂപ ഒരു മാസം. ഒരു നേരം ഭക്ഷണവും ഒരു നേരം ചായയും മാസത്തിൽ ഒരു സാരിയും.
ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് മൊബൈൽ മണി മുഴക്കി. അത് ശ്രീദേവിയുടെ മൊബൈൽ ആയിരുന്നു. അവൾ സ്റ്റൈലോടെ പേഴ്സ് തുറന്ന് മൊബൈൽ എടുത്ത സംസാരിക്കുവാൻ തുടങ്ങി.
അവൾ മൊബൈൽ പേഴ്സിൽ വച്ച് എന്‍റെ നേരെ നോക്കി. വേഗം പറയൂ സർ, എനിക്ക് ഒട്ടും സമയമില്ല.
ഞാൻ ഇടറിയ സ്വരത്തിൽ പറഞ്ഞു. ഞാൻ വീട്ടിൽ പോയി ഭാര്യയോട് സംസാരിക്കാം. അതിനുശേഷം ഫോൺ ചെയ്ത് പറയാം.
അവൾ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉള്ള കാർഡ് എടുത്ത് എന്‍റെ കയ്യിൽ തന്നിട്ട് പറഞ്ഞു എന്‍റെ മൊബൈൽ ബിസി ആണെങ്കിൽ WWW.ഹൗസ് മെയ്ഡ്.കോമിലേക്ക് ഇമെയിൽ ചെയ്താൽ മതി. ശരി ഞാൻ പോകട്ടെ ബൈ.
ഞാൻ വീട്ടിലെത്തിയ ശേഷം നടന്ന സംഭവങ്ങൾ എല്ലാം രമയെ പറഞ്ഞുകേൾപ്പിച്ചു. എന്‍റെ ശ്രീദേവിയും അമീഷയും താബുവും കരീനയും രവീണയും കാജലും എന്‍റെ വീട്ടിലെ റാണിയും മഹാറാണിയും ഒക്കെ നീ തന്നെയാണ്. വേണമെങ്കിൽ എന്നെയും വേലക്കാരൻ ആക്കിക്കോ. പക്ഷേ ഇനിയെങ്കിലും വേലക്കാരി വേണമെന്ന് വാശി പിടിക്കരുത് പ്ലീസ്…
രമ ഈ അവസരം മുതൽ എടുത്തു. വീട്ടിലെ എല്ലാ ജോലികളിലും അവളുടെ പാർട്ണർ ആകണമെന്ന് എഗ്രിമെന്‍റിലും ഒപ്പുവെച്ചു. ഇപ്പോൾ അവൾ ചായ ഉണ്ടാക്കും ഞാൻ കപ്പ് കഴുകും. അവൾ പച്ചക്കറി മുറിക്കും, ഞാൻ വസ്ത്രങ്ങൾ കഴുകുകയും പാത്രങ്ങൾ വൃത്തിയാക്കുകയും വേണം എന്ന അവസ്ഥയാണ്.
പ്രിയ വായനക്കാരെ, എന്‍റെ ഈ പരിതാപകരമായ അവസ്ഥ കണ്ട് നിങ്ങൾക്ക് സഹതാപം തോന്നുകയാണെങ്കിൽ ഒരു ഹൗസ് മേയ്ഡിനെ അന്വേഷിക്കാൻ എന്നെ സഹായിക്കുമല്ലോ. വേലക്കാരുടെ പക്കൽപോലും മൊബൈലും കമ്പ്യൂട്ടറും ഉണ്ടെന്നറിഞ്ഞ് എനിക്ക് ഇൻഫിയോറിറ്റി കോംപ്ലക്സ് ആയി. അതിൽ നിന്നും മോചനം നേടാനായി ഞാനും ഒരു മൊബൈലും കമ്പ്യൂട്ടറും വാങ്ങി. ഇനിയിപ്പോ എന്‍റെ മൊബൈൽ ബിസി ആണെങ്കിൽ ഇമെയിൽ ചെയ്യുക. വിലാസം, അടിമ@ജിമെയിൽ. കോം.