തന്‍റെ ജീവിതം അവസാനിച്ചുവെന്ന് സുമയ്ക്ക് തോന്നിയതിൽ കുറ്റം പറയാൻ കഴിയില്ല. ആരെ വിവാഹം കഴിക്കാൻ ആണോ കുടുംബത്തോട് അവൾ വഴക്കിട്ടത്, ആർക്കുവേണ്ടിയാണോ അവൾ തന്‍റെ മഹത്തായ കരിയർ ഉപേക്ഷിച്ചത് അയാൾ തന്നെ ചതിച്ചിരിക്കുന്നു. മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു!
ഈ വിവരം സുമയെ വളരെ അധികം തകർത്തു. സുഹൃത്തായ മീനുവിനോട് ഫോണിൽ സങ്കടം പറഞ്ഞ് സുമ ഒരുപാട് കരഞ്ഞു. വീട്ടുകാരുടെ എതിർപ്പിന് വിരുദ്ധമായി സുമയും ജഗദീഷും രജിസ്റ്റർ വിവാഹം നടത്തിയപ്പോൾ മീനു സാക്ഷിയായി ഒപ്പം നിന്നു, ആ ജഗദീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സുമ പറഞ്ഞപ്പോൾ പെട്ടെന്ന് വിശ്വസിക്കാനായില്ല.
ഒരു കുട്ടിയുടെ പിതാവായ ശേഷം ജഗദീഷ് എങ്ങനെയാണ് സുമയെ ചതിക്കുന്നത്? അവൻ സുമയെ വളരെയധികം സ്നേഹിക്കുകയും തന്‍റെ കുട്ടിക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നു എന്ന് അറിയാവുന്നതുമാണ്.
സുമയിൽ നിന്ന് മുഴുവൻ കാര്യങ്ങളും വിശദമായി അറിയാൻ മീനു ആഗ്രഹിച്ചു, ജഗദീഷിന്‍റെ ഓഫീസ് ബാഗിന്‍റെ പോക്കറ്റിൽ നിന്ന് ഒരു കോണ്ടം പാക്കറ്റ് കണ്ടെത്തിയതായും വിവാഹശേഷം അവർക്കിടയിൽ സെക്സ് ഉണ്ടാവുകയോ കോണ്ടം ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും സുമ പറഞ്ഞു.
സുമ ഒരു പച്ചക്കറി വിൽപനക്കാരന് പണം കൊടുക്കാൻ ജഗദീഷിന്‍റെ പോക്കറ്റിൽ നിന്ന് ചില്ലറ തപ്പിയപ്പോൾ ആണ് ഒരു കോണ്ടം പാക്കറ്റ് കിട്ടിയത്. അത് കണ്ട് അവൾ ഞെട്ടിപ്പോയി.
സുമ ആ പാക്കറ്റ് ജഗദീഷിന്‍റെ മുന്നിൽ വെച്ചിട്ട് കാരണം ചോദിച്ചപ്പോൾ അയാൾ പരിഭ്രാന്തനായി. കള്ളം പിടിക്കപ്പെട്ടതോടെ ജഗദീഷ് പ്രകോപിതനായി, വീട്ടിൽ നിന്ന് ഇറങ്ങി. രാത്രി ഏറെ വൈകി തിരിച്ചെത്തിയപ്പോൾ സുമ വീണ്ടും വഴക്കിട്ടു. “വീട്ടിൽ ഭക്ഷണമില്ലാതാകുമ്പോൾ മനുഷ്യൻ എവിടെയെങ്കിലും പോയി വിശപ്പടക്കുമെന്ന്” ജഗദീഷും മറുപടി പറഞ്ഞു.
എല്ലാത്തിനുമുപരി, ജഗദീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സുമയ്ക്ക് പൂർണ്ണമായും വ്യക്തമായി. ഇരുവരുടെയും സംസാരം മുടങ്ങിയിട്ട് ദിവസങ്ങളായി. ബന്ധത്തിൽ വിള്ളൽ സംഭവിച്ചു കഴിഞ്ഞു.
ആരുടെ തെറ്റ്
ഈ സാഹചര്യത്തിൽ മീനുവും ഭർത്താവ് ഹരിയും ജഗദീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചപ്പോൾ സുമയുടെ ഭാഗത്തെ പാളിച്ചകൾ കൂടുതൽ വെളിച്ചത്തു വന്നു. വാസ്തവത്തിൽ, ഗർഭിണിയായത് മുതൽ പ്രസവം വരെ സുമയും ജഗദീഷും തങ്ങളുടെ കുഞ്ഞിനെക്കുറിച്ച് വളരെ സന്തോഷത്തിലും ആവേശത്തിലും ആയിരുന്നു. ഇരുവരും അവനുവേണ്ടി ധാരാളം ഷോപ്പിംഗ് നടത്തിയിരുന്നു. ഗർഭകാലത്തുടനീളം സുമയ്ക്ക് ജഗദീഷ് വളരെയധികം കെയർ നൽകി.
അതേസമയം, ഈ കാലയളവിൽ ഒന്നും ജഗദീഷ് ഒരിക്കലും സുമയോട് സെക്സ് ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ കുട്ടിക്ക് 8 മാസം പ്രായമായിട്ടും സുമ ഭർത്താവിൽ നിന്ന് അകന്നു നിൽക്കുകയാണ്. ക്ഷീണത്തിന്‍റെ പേരിലും ചിലപ്പോൾ കുട്ടിയെ നോക്കുന്നതിന്‍റെ പേരിലും എല്ലാം. ജഗദീഷുമായി അവൾ ശാരീരിക ബന്ധത്തിനും തയ്യാറായില്ല. ഇതിന്‍റെ പേരിൽ ഭാര്യയോട് വഴക്ക് കൂടാൻ അയാൾക്ക് മടിയാണ്. ജഗദീഷ് ആകെ മടുത്തു, അങ്ങനെ അയാൾ ഒരു ലൈംഗികത്തൊഴിലാളിയുടെ വീട്ടിൽ പോകാൻ തുടങ്ങി. അണുബാധയും മറ്റും ഒഴിവാക്കാൻ അദ്ദേഹം കോണ്ടം സൂക്ഷിക്കാൻ തുടങ്ങി.
മീനു സുമയോട് തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ പറഞ്ഞു, ഒരു കുഞ്ഞ് ഉണ്ടായതിന് ശേഷം, സെക്സ് എന്ന് കേൾക്കുമ്പോഴേ വിചിത്രമായ വെറുപ്പ് വരുന്നു. കുട്ടി രാത്രി മുഴുവൻ ഉണരുന്നു. പിന്നെ പകൽ സമയത്ത് വീട്ടുജോലിയും കുട്ടിയുടെ ജോലിയും അവളെ വല്ലാതെ തളർത്തുന്നു, ഇതിനിടയിൽ സെക്സ് വളരെ കഷ്ടത നിറഞ്ഞ കാര്യമായിട്ടാണ് സുമ കാണുന്നത്.
ജഗദീഷിന്‍റെ ആവശ്യം മീനു പറഞ്ഞു സുമയ്ക്ക് മനസ്സിലായപ്പോൾ അത് തന്‍റെയും തെറ്റാണെന്ന് സുമയ്ക്ക് മനസ്സിലായി. ഒന്നര വർഷത്തിലേറെയായി, ഒരേ മുറിയിൽ കിടന്നിട്ടും രണ്ടുപേരും പരസ്പരം എത്രമാത്രം അകന്നു.
നിരവധി കാരണങ്ങളുണ്ട്
പല സ്ത്രീകൾക്കും സുമയുടെ പോലെ ഒരു കഥയുണ്ട്. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം പല സ്ത്രീകൾക്കും സെക്‌സ് ഡ്രൈവ് നഷ്ടപ്പെടുന്നു. സ്ത്രീക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ ഗർഭകാലത്ത് പോലും ഡോക്ടർമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ പറയാറില്ല. സാധാരണ പ്രസവം കഴിഞ്ഞ് 2 മാസത്തിന് ശേഷം, ഒരു സ്ത്രീയുടെ ശരീരം ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുന്നു/ എന്നാൽ പല സ്ത്രീകളും കുട്ടിക്ക് ശേഷം ലൈംഗികതയിൽ നിന്ന് വിട്ടുനിൽക്കുന്നു, അവരുടെ ഭർത്താക്കന്മാർ അവരുടെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ പുറത്തേക്ക് അലഞ്ഞുനടക്കാൻ തുടങ്ങുന്നു.
ഒരു കുട്ടി ജനിച്ച ശേഷം, എന്തുകൊണ്ടാണ് ഒരു സ്ത്രീ പഴയതുപോലെ ലൈംഗിക ബന്ധത്തിന് തയ്യാറാകാത്തത്? ഇതിന് നിരവധി കാരണങ്ങളുണ്ട്. ഗൈനക്കോളജിസ്റ്റ് ഡോ. നീന ബെഹൽ പറയുന്നു, “പ്രസവത്തിനു ശേഷം ഒരു സ്ത്രീയുടെ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്. സാധാരണ പ്രസവമായാലും സിസേറിയനായാലും അമ്മയുടെ ശരീരത്തിലെ രക്തവും ശക്തിയും വളരെയധികം നഷ്ടപ്പെടുന്നു. അപ്പോൾ ഈ സമയത്ത് സ്ത്രീകൾക്ക് ഹോർമോൺ വ്യതിയാനം മൂലം വിഷാദം അനുഭവപ്പെടുന്നു. ഇതുമൂലം സെക്‌സ് ഡ്രൈവ് കുറയുന്നു. ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം മിക്ക സ്ത്രീകൾക്കും സെക്‌സിനോടുള്ള ആഗ്രഹം തീരെ ഇല്ലെന്നാണ് പൊതുവെ കാണുന്നത്.”
1-2 കുട്ടികളുള്ളവർ, കുട്ടികളെ വളർത്തൽ, വിദ്യാഭ്യാസം, അവരുടെ ഭക്ഷണം, വസ്ത്രങ്ങൾ മുതലായ കാര്യങ്ങൾക്കായി സ്വന്തം ജീവിതത്തിന്‍റെ മറ്റ് ആവശ്യങ്ങളിൽ കുറവ് വരുത്തുന്നു, കാരണം മിക്ക ഭർത്താക്കന്മാരും ഈ ജോലികളിൽ അവരെ സഹായിക്കുന്നില്ല. ഒരു കുഞ്ഞിനെ പ്രസവിക്കുകയും വളർത്തുകയും ചെയ്യേണ്ടത് ഭാര്യയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് കരുതുന്നു. അത്തരമൊരു ഭർത്താവിന് വേണ്ടി സ്വന്തം സമയം നൽകാൻ ഭാര്യക്ക് കഴിയില്ല.
ശാരീരിക മാറ്റങ്ങളും സമയക്കുറവും കൂടാതെ, സ്ത്രീകളിൽ ലൈംഗികതയോടുള്ള വെറുപ്പിന് കാരണമാകുന്ന നിരവധി കാരണങ്ങളുണ്ട്:
ക്ഷീണം
കുഞ്ഞിനെ പരിചരിക്കുന്നതിനായി പകലും രാത്രിയിലും ആവർത്തിച്ച് ഉണർന്നിരിക്കുന്നതിനാൽ അമ്മമാർ പലപ്പോഴും ശാരീരികമായും മാനസികമായും എല്ലാ സമയത്തും ക്ഷീണിതരായിരിക്കും. പ്രസവശേഷം, സ്ത്രീകൾ അവരുടെ ജീവിതത്തിലെ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല, മാത്രമല്ല എല്ലാ സമയത്തും നവജാതശിശുവിനെ പരിപാലിക്കുന്നതിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇതുമൂലം അമ്മമാരുടെ ലൈംഗികാഭിലാഷം കുറയുന്നു. ഭാര്യ മാത്രമല്ല അമ്മയാകുന്നത് ഭർത്താവ് അച്ഛനും ആകുന്നു, അതിനാൽ കുട്ടിയോട് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് ഭർത്താവ് മനസ്സിലാക്കണം. കുറച്ചു നേരം ഭർത്താവും കുഞ്ഞിനെ പരിചരിച്ചാൽ ഭാര്യക്ക് വിശ്രമിക്കാൻ സമയം കിട്ടും.
വിഷാദം
പ്രസവശേഷം പല സ്ത്രീകളും വിഷാദരോഗത്തിന് ഇരകളാകുന്നു. പ്രസവശേഷം, സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവയെല്ലാം സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഇതുമൂലം സ്ത്രീയുടെ ലൈംഗികാഭിലാഷം കുറയുന്നു. പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ഹോർമോണുകൾ, കുഞ്ഞിന്‍റെ ഉത്തരവാദിത്തം, ഭർത്താവുമായുള്ള ബന്ധത്തിലെ ദൂരം എന്നിവ കാരണം മാനസിക പിരിമുറുക്കം കൂടുക മാത്രമല്ല, ചിലപ്പോൾ അത് ആഴത്തിലുള്ള വിഷാദത്തിന്‍റെ രൂപവും എടുക്കുന്നു. ഇത് ലൈംഗിക ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. മനസിന് തെളിമയും ഉത്സാഹവും ശരീരത്തിന് ഊർജ്ജവും ഭർത്താവുമായി പ്രണയത്തിലായിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഒരു സ്ത്രീ ലൈംഗികത ആഗ്രഹിക്കുന്നുള്ളൂ.
ഹോർമോൺ മാറ്റങ്ങളും മുലയൂട്ടലും
പ്രസവശേഷം ഹോർമോൺ തലത്തിൽ വലിയ മാറ്റമുണ്ട്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകൾ അതിവേഗം കുറയുന്നു, ഇത് സ്വാഭാവിക ലൂബ്രിക്കേഷൻ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇതുമൂലം സ്ത്രീകളുടെ ലൈംഗികാഭിലാഷം കുറയുന്നു. മുലയൂട്ടുന്ന അമ്മമാരിൽ ലൈംഗികാഭിലാഷം കുറയുന്നത് സാധാരണമാണ്. മുലയൂട്ടൽ ഈസ്ട്രജൻ ഹോർമോണുകളുടെ ഉൽപാദനത്തെ ബാധിക്കുന്നു, ഇത് സ്ത്രീകളിൽ ലൈംഗികതയോടുള്ള വെറുപ്പിന് കാരണമാകുന്നു.
പൊണ്ണത്തടി ആശങ്കകൾ
ഗർഭാവസ്ഥയിൽ, ശരീരഭാരം വർദ്ധിക്കുന്നു. ശരീരത്തിലും രൂപത്തിലും ഈ മാറ്റം കാണുമ്പോൾ സ്ത്രീകൾ പലപ്പോഴും ടെൻഷനിൽ തുടരുന്നു. തടി എത്രയും പെട്ടെന്ന് കുറക്കാനും പഴയ രൂപത്തിലേക്ക് തിരിച്ചുവരാനും എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് ഇവർ. ഭാരക്കൂടുതൽ കാരണം, അരക്ഷിതാവസ്ഥയും ശരീര പ്രതിച്ഛായയെക്കുറിച്ചുള്ള ആശങ്കയും അവരുടെ മനസ്സിനെ കീഴടക്കുന്നു. സെക്‌സിനോടുള്ള ആഗ്രഹം കുറയുന്നു.
സെക്‌സ് ഡ്രൈവ് കുറഞ്ഞാൽ നിങ്ങൾക്ക് ഒരു വിദഗ്ദ്ധന്‍റെയോ സുഹൃത്തിന്‍റെയോ ഉപദേശം സ്വീകരിക്കാം. ഒരു കുഞ്ഞിന് ജന്മം നൽകുന്നത് ഒരു പ്രത്യേക വികാരമാണെന്നും അതിനുശേഷം വരുന്ന മാറ്റങ്ങളിൽ മോശമായ കാര്യമൊന്നുമില്ലെന്നും ഓർക്കുക, അതിനാൽ നിങ്ങളുടെ ഭാരത്തെക്കുറിച്ചോ മറ്റേതെങ്കിലും ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല.
പരസ്പരം മനസ്സിലാക്കുക
സ്ത്രീകൾ സ്വയം അൽപം ശ്രദ്ധിച്ചാൽ പഴയതുപോലെ സെക്‌സ് ജീവിതം വീണ്ടും ആസ്വദിക്കാം. ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന വിഷാദരോഗത്തിന് ഡോക്ടറുടെ ഉപദേശപ്രകാരം മരുന്ന് കഴിക്കുന്നതിലൂടെ മാറ്റങ്ങൾ നിയന്ത്രിക്കാനാകും. ഇതുകൂടാതെ, നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുകയും നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് പറയുകയും ചെയ്യുക. കുട്ടിയുടെ സംരക്ഷണത്തിൽ ഭർത്താവിന്‍റെ സഹായം തേടുക. കുഞ്ഞിനെ വളർത്തുക എന്നത് തന്‍റെ ഉത്തരവാദിത്തം കൂടിയാണ് എന്ന് ഭർത്താവിന് ബോധ്യപ്പെടുത്താൻ ശ്രദ്ധിക്കുക.
രാത്രിയിൽ കുഞ്ഞ് കരയുമ്പോഴെല്ലാം നിങ്ങൾ ഉണരണമെന്നില്ല. നിങ്ങളുടെ പങ്കാളിക്കും എഴുന്നേറ്റ് കുഞ്ഞിനെ ഉറക്കാൻൻ കഴിയും. ഇതോടെ നിങ്ങളുടെ ക്ഷീണം ഭർത്താവിനും അറിയാനാകും.
ഇത്തരത്തിൽ ഒരുമിച്ചു കുട്ടിയെ പരിപാലിക്കുന്നത് ഇരുവരും തമ്മിലുള്ള അടുപ്പം കൂട്ടും. അങ്ങനെ പരസ്പരം അറിയുകയും ലൈംഗിക ജീവിതം വീണ്ടും ട്രാക്കിലാവുകയും ചെയ്യും.