അനിത ജോലി ചെയ്യുന്നത് ഒരു സോഫ്റ്റ്‍വെയർ കമ്പനിയിലാണ്. റിലേഷൻസ് ഓഫീസറാണ്. രാവിലെ 8 മണിക്ക് ജോലിക്ക് കയറിയാൽ 5ന് ഇറങ്ങും. വീട്ടിലെ പ്രിയപ്പെട്ട ഡിസൈനർ കിച്ചനാണ് 6 മണി മുതൽ അനിതയുടെ വിഹാരരംഗം.
മനോജ് ഒരു ബസ് ഡ്രൈവറാണ്. സമ്മർദ്ദം നിറഞ്ഞ ഒരു ദിവസത്തെ ഓടട്ടത്തിനൊടുവിൽ രാത്രി 8 മണിക്ക് തന്‍റെ വീട്ടിലെത്തും. സ്വന്തം മുറിയിലെ കിടക്കയും അതോട് ചേർന്ന് സൂക്ഷിച്ചിരിക്കുന്ന ഹാർമോണിയവും ആണ് മനോജിന്‍റെ പ്രിയപ്പെട്ട വസ്തുക്കൾ.
സബിത ഒരു ബുട്ടീക് ഉടമസ്ഥയാണ്. കൃത്യസമയം പാലിച്ച് വീട്ടിലെത്താൻ പലപ്പോഴും കഴിയാറില്ല. പക്ഷേ വീട്ടിലേക്ക് എത്രയും വേഗം എത്താൻ ആഗ്രഹിക്കുന്നത് തന്‍റെ ഇരട്ടക്കുട്ടികളുടെ കൂടെ കളിക്കാനാണ്.
എന്‍റെ വീട്… സ്വയം രാജാവാണെന്ന് നമുക്ക് തോന്നേണ്ടത് നമ്മുടെ വീട്ടിലെത്തുമ്പോഴാണ്. ഒരു സ്ത്രീയുടെ ഏറ്റവും നല്ല ആഭരണം അവളുടെ പുഞ്ചിരിയാണെന്ന് പറയുമ്പോലെ ഒരു വീടിന്‍റെ സൗന്ദര്യം അതിന്‍റെ മുൻവശത്താണ്. സ്വന്തം അഭിരുചിയും സൗകര്യവും പണവും അനുസരിച്ച് അത് രൂപപ്പെടുത്തുന്നത് മാത്രമാണോ കാര്യം?
എന്തുതന്നെയാകട്ടെ ഒരുകാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും, ചില വീടുകളിലേക്ക് കയറുമ്പോൾ ഒരു പോസിറ്റീവ് എനർജി വലയം ചെയ്തതുപോലെ അനുഭവപ്പെടും. സമാധാനവും പുഞ്ചിരിയും നിങ്ങളെ തേടിയെത്തും. ആ സ്ഥലത്തേക്ക് വീണ്ടും വീണ്ടും ചെല്ലാൻ തോന്നും. അതിഥികളുടെ ചിരിയും ആതിഥേയത്തിന്‍റെ ഊഷ്മളതയും ഒരു നല്ല വീടിന്‍റെ ലക്ഷണമാണ്. നിങ്ങളുടെ വീട് അത്തരമൊരു വീടാണോ? അതിന് മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഡിഗ്‍നിറ്റി, ഡിലൈറ്റ്, ഡിഫറൻസ് (അന്തസ്സ്, ആനന്ദം, ആദരവ്). ഈ മൂന്ന് ഡി കൾ ശരിക്കും പ്രയോഗിച്ചാൽ മതി.
ഡിഗ്‍നിറ്റി
ഒരു വ്യക്തിയെപ്പോലെയാണ് ഒരു വീട്. സ്വന്തം ലുക്കിലും നിൽപ്പിലും എടുപ്പിലും ശ്രദ്ധിക്കുമ്പോലെ വീടിനുമുണ്ട് ആ പേഴ്സണാലിറ്റി. എങ്ങനെ വീടിന് സ്വന്തം അന്തസ്സ് നിലനിർത്താമെന്ന് നോക്കാം. വീട്ടിലെ ഓരോ വസ്തുവും അതിന്‍റേതായ സ്ഥാനത്തു തന്നെയാണോ എന്ന് പരിശോധിക്കുകയാണ് ആദ്യപടി. പുതുതായി വാങ്ങിയ ഡബിൾകോട്ട് കട്ടിലും സൈഡ് മേശയും ഇട്ടപ്പോൾ മുറി ആകെ ഇടുങ്ങിയപോലെ തോന്നുന്നുണ്ടോ? ഡൈനിംഗ് ടേബിളിന്‍റെ കവർ ചീത്തയായോ? രണ്ട് വർഷം മുമ്പ് വാങ്ങിയ കർട്ടൻ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നത്? എങ്കിൽ നിങ്ങളുടെ വീടിന് പുതിയ ലുക്ക് നൽകേണ്ട സമയമായി.
പഴയതും ഉപയോഗശൂന്യവുമായ വസ്തുക്കൾ വീടിനുള്ളിൽ അവിടവിടെ കിടപ്പുണ്ടെങ്കിൽ അവ ഉടനെ നീക്കം ചെയ്യണം. അത്തരം വസ്തുക്കൾ വീടിന് ശോകഭാവം പകരും. ഇടയ്ക്കിടെ ഫർണീച്ചർ റീ അറേഞ്ച് ചെയ്താൽ മുറിയുടെ എല്ലാ ഭാഗവും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയും.
അലങ്കാരങ്ങളിലാണ് ഒരു വീടിന്‍റെ ജീവൻ. മുത്ത് കൊണ്ടുള്ള അലങ്കാരങ്ങൾ, ഗ്ലാസ്, മരം ഇവയുടെ കലരൂപങ്ങൾ ഇവ വീടിന് സമ്പന്നമായ ലുക്ക് നൽകും. ഒരു ബൾബിന്‍റെ വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന അലങ്കാരങ്ങൾ പോലും മുറിക്ക് തിളക്കമേകും. പക്ഷേ മുത്തുകളും അലങ്കാരങ്ങളും പൊടിമൂടിയിരുന്നാലോ? അതിലും മോശമായ ഒരു കാഴ്ച വീടിനുള്ളിൽ ഉണ്ടാകില്ല. കാഴ്ചയ്ക്കായി വീട്ടിൽ ഒരുക്കുന്ന സാമഗ്രികൾ ഏറ്റവും ശ്രദ്ധയോടെ വേണം ഡിസ്പ്ലേ ചെയ്യാൻ.
ഡിലൈറ്റ്
ഒരു നല്ല വീട്ടിൽ നിറയെ ചിരിയും തമാശയുമായിരിക്കും. അവിടെ കഴിയുന്നത് സന്തോഷകരമായി തോന്നും. പക്ഷേ, എല്ലായ്പ്പോഴും കോമഡി ചിത്രം പോലെയാകണമെന്നല്ല. നമുക്ക് സന്തോഷനിമിഷങ്ങളുടെ ഊർജ്ജം നിറഞ്ഞ ഒരു വലയം സദാ വീടിനുള്ളിൽ നിറയ്ക്കാം. എങ്ങനെയാണന്നല്ലേ. വഴിയുണ്ട്. ജീവിതത്തിൽ എന്തു നേടുന്നതിനും ഊർജ്ജം വേണം. അത് നൽകുന്നത് ഭക്ഷണമാണ്. പോഷകസമ്പന്നമായ ആഹാരം പ്രത്യാശയും സ്വസ്ഥതയും പകരും. കുടുംബാംഗങ്ങൾക്കും അതിഥികൾക്കും ഇഷ്ടപ്പെട്ട ഭക്ഷണം നൽകുക എന്നത് ദൗത്യമായി തെരഞ്ഞെടുക്കുക. ഫ്രിഡ്ജിൽ എപ്പോഴും വേണ്ടത്ര സാധനങ്ങൾ കരുതി വയ്ക്കണം. ഡൈനിംഗ് ടേബിൾ വിഭവസമൃദ്ധമാക്കാൻ ശ്രമിക്കുക.
അവധിക്കാലത്തും ഒത്തുചേരലുകളിലും എടുത്ത കുടുംബാംഗങ്ങളുടെ അപൂർവ്വ ചിത്രങ്ങൾ ചുമരിൽ ഫ്രെയിം ചെയ്ത് വയ്ക്കാം. സൗകര്യപ്രദമായ ഭിത്തിയിൽ ഒരു ബോർഡ് ഉറപ്പിക്കാം. ഈ ബോർഡിൽ കുട്ടികൾ ചെയ്ത പെയ്ന്‍റിംഗ്, ആർട്ട് വർക്ക്, കാർഡ് ഇതൊക്കെ ഒട്ടിച്ചു വയ്ക്കാം. മെഡലുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ ഇവയും നിരത്തി വയ്ക്കാം. എപ്പോഴും കാണുന്ന വിധമാകണം അറേഞ്ച്മെന്‍റ്. നേട്ടങ്ങൾ ആഘോഷിക്കുക, അത് എത്ര ചെറുതായാലും. കുടുംബാന്തരീക്ഷം കൂടുതൽ സൗഹാർദ്ദപരമാകാൻ അത് സഹായിക്കും. കുട്ടിക്കാലത്ത് സന്തോഷനിമിഷങ്ങൾ നൽകിയ ടോയ്കാർ, മുത്തശ്ശി നൽകിയ വെള്ളിപാത്രം, പ്രിയപ്പെട്ട സുഹൃത്ത് നൽകിയ പെൻഹോൾഡർ ഇങ്ങനെയെന്തെങ്കിലുമുണ്ടോ കൈവശം? എങ്കിൽ അഭിമാനത്തോടെ ഇവ പ്രദർശിപ്പിക്കാം. ഓരോ തവണ അവയിൽ കണ്ണുടക്കുമ്പോഴും സ്നേഹിക്കപ്പെടുന്നു എന്ന തോന്നൽ നിങ്ങളിലുണ്ടാകും.
ഡിഫറൻസ്
ഒരു നല്ല വീട്, അതിലെ അംഗങ്ങളുടെ താൽപര്യങ്ങളും അഭിരുചികളും പ്രകടമാക്കുന്നതായിരിക്കും. എല്ലാവർക്കും അവരവരുടേതായ സ്ഥാനവും പരിഗണനയും ആ വീട്ടിലുണ്ടെന്ന് മനസ്സിലാക്കാം. നിങ്ങളുടെ വീട്ടിലെ ഫർണീച്ചറുകൾ പോലും അത് വെളിപ്പെടുത്തും.
ഡ്രോയിംഗ് റൂമിലെ ചാരുകസേരയും സോഫയും കണ്ടാൽ അവിടെയെല്ലാവരും സ്നേഹിക്കുന്ന പ്രായാധിക്യമലട്ടുന്ന മുത്തശ്ശനുണ്ടെന്ന് കരുതാം. ഫർണീച്ചറുകളൊന്നുമില്ലാതെ കമ്പൂട്ടർ മാത്രമുള്ള ഒരു മുറിയുണ്ടെങ്കിൽ കുട്ടികളും കൂട്ടുകാരും അവിടെ സമയം ചെലവഴിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. പക്ഷേ, ഒരിക്കലും തുറക്കാത്ത ജനലുകളും കരിഞ്ഞുണങ്ങിയ ചെടികളും ഇതുപോലെ പലതും മനസ്സിലാക്കി തരും, നല്ല കാര്യങ്ങളല്ല എന്നുമാത്രം.
ഓരോ പ്രായക്കാർക്കും വ്യത്യസ്ത താൽപര്യങ്ങളുണ്ടല്ലോ എങ്കിലും എല്ലാ പ്രായക്കാർക്കും വേണ്ട പുസ്തകങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഫോട്ടോ ആൽബങ്ങൾ, പിക്ചർ ബുക്കുമൊക്കെ ഒരു വീട്ടിൽ വേണം. സന്ദർശകരെത്തുമ്പോൾ കുട്ടികൾക്കോ പ്രായമായവർക്കോ സംസാരിക്കാൻ ഒന്നുമില്ലാതാകുമ്പോൾ ഇത്തരം കാര്യങ്ങൾ കാണാനും വായിക്കാനും കഴിഞ്ഞാൽ അവർക്കും സന്തോഷമാകും. ഓരോ വ്യക്തിയുടെയും ഇഷ്ടാനിഷ്ടം അങ്ങനെ നമുക്ക് സംരക്ഷിക്കാനാകും.
ഗൃഹാലങ്കാരമെന്നാൽ വീടിന് റിച്ച് ലുക്ക് തോന്നിപ്പിക്കുക തന്നെയാണ് അർത്ഥമാക്കുന്നതും. പക്ഷേ, ഒന്നോർക്കുക, ഒരു തലയിണയും നിങ്ങളുടെ കൈയിനോളം സുഖം പകരില്ല.