വീട്ടുത്തരവാദിത്തങ്ങൾ, ഔദ്യോഗിക തിരക്കുകൾ... ജീവിതം ആവർത്തന വിരസമായി തോന്നുന്നുണ്ടോ? മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകാൻ നല്ലൊരു ഉല്ലാസയാത്ര തന്നെ പ്ലാൻ ചെയ്തോളൂ...
ടൂർ പ്ലാൻ ചെയ്യുന്നതോടൊപ്പം ഒരു ഫിനാൻഷ്യൽ പ്ലാനിംഗ് കൂടിയുണ്ടാകുന്നത് നന്നായിരിക്കും. ചില സന്ദർഭങ്ങളിൽ പണം വാരിക്കോരി ചെലവഴിച്ച് ബജറ്റ് തകിടം മറിയാനിടയുണ്ട്. ചെറിയൊരു ടെൻഷൻ മതി യാത്രയുടെ ത്രില്ലിംഗ് ഇല്ലാതാക്കാൻ.
ബജറ്റ് പ്ലാൻ ചെയ്തോളൂ
അവധി ആഘോഷമാക്കാൻ പോവുകയല്ലേ... ടൂർ പ്ലാൻ ചെയ്യുന്നതിനോടൊപ്പം ബജറ്റും തയ്യാറാക്കുക. എത്ര ദിവസത്തെ യാത്രയാണ്, എത്ര പണം ചെലവാകും എന്നൊക്കെ ധാരണയുണ്ടാക്കുക. ഇതിനനുസരിച്ച് ഡെസ്റ്റിനേഷനും തീരുമാനിക്കാം. ട്രെയിൻ, വിമാനം കാർ, ബസ് ഇതിൽ ഏത് യാത്രാമാർഗ്ഗം ആണ് സ്വീകരിക്കുന്നത്? പോഷ് ഹോട്ടലിലാണോ തങ്ങുന്നത്? എന്നതിനെക്കുറിച്ചൊക്കെ ഒരു ഏകദേശ ധാരണ വേണം.
സെൽഫ് കസ്റ്റമൈസ്ഡ് ടൂർ ആണ് പ്ലാൻ ചെയ്യുന്നതെങ്കിൽ നേരത്തെ ബുക്കിംഗ് നടത്തിയും പണം ലാഭിക്കാം. പാക്കേജ് ടൂറാണെങ്കിലും നേരത്തേ തന്നെ ബുക്കിംഗ് ചെയ്യുക. യാത്രക്കാരുടെ എണ്ണവും ഡിമാന്‍റും കൂടുന്നതനുസരിച്ച് ടൂർ ഓപ്പറേറ്റർ ട്രാവൽ ചാർജ്ജ് കൂട്ടാൻ സാധ്യതയുണ്ട്.
പാക്കേജ് ടൂർ
സ്വന്തം നാടും നഗരവും കാണാൻ സ്വന്തം റിസ്കിൽ ഒരു ടൂർ പ്രോഗ്രാം ആണ് ഒട്ടുമിക്കവർക്കും താൽപര്യം. എന്നാൽ വിദേശയാത്രയ്ക്ക് ഗ്രൂപ്പ് പാക്കേജ് ടൂർ ആവും പ്രിഫർ ചെയ്യുക.
സ്വന്തം നാട്ടിലാണ് വിനോദയാത്രയെങ്കിൽ ചുറ്റുപാടുകളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പരിചയം കാണുമല്ലോ? സുരക്ഷിതത്തിന്‍റെ പ്രശ്നമുദിക്കുന്നില്ല. അമിതവ്യയം ഒഴിവാക്കാൻ സ്വയം ബജറ്റ് തയ്യാറാക്കി ടൂർ പ്രോഗ്രാം സംഘടിപ്പിച്ചാൽ മതി.
എന്നാൽ അതേസമയം അന്യനാട്ടിലേക്കാണ് ടൂർ പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവിടുത്തെ കറൻസി, ഭാഷ, സംസ്കാരം എല്ലാം ഭിന്നമായിരിക്കുമല്ലോ? അപരിചതമായ സാഹചര്യങ്ങളിൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുമേറെയായിരിക്കും. അതിനാൽ ഗ്രൂപ്പ് പാക്കേജ് ടൂർ തെരഞ്ഞെടുക്കുന്നതാകും നല്ലത്.
ബുക്കിംഗ്
യാത്ര പ്ലാൻ ചെയ്താലുടൻ സ്വകാര്യ ടൂർ വേണോ പാക്കേജ് ടൂർ വേണോ എന്ന് ആദ്യം തീരുമാനിക്കുക. അതനുസരിച്ചാവണം ബുക്കിംഗ് നടത്തേണ്ടത്. സ്വകാര്യ യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ട്രെയിൻ/ വിമാന ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്യുക. ഇതിനായി ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി എളുപ്പം ബുക്ക് ചെയ്യാൻ കഴിയും.
നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ വിമാനടിക്കറ്റിലും മറ്റും കാര്യമായ ഇളവ് ലഭിക്കും. മിക്ക എയർലൈൻസിലും 30 ദിവസം മുമ്പോ 45 ദിവസം മുമ്പോ ബുക്കിംഗ് നടത്തുമ്പോൾ ഇളവ് നൽകാറുണ്ട്.
ഇതുകൂടാതെ ലോകോസ്റ്റ് എയർലൈൻസിൽ യാത്ര ചെയ്തും അമിതവ്യയം ഒഴിവാക്കാനാകും.
ഇളവുള്ള സീസണിൽ യാത്ര
ചെറിയ ബജറ്റിലുള്ള ഉല്ലാസയാത്രയാണോ മനസ്സിൽ? എങ്കിൽ പീക് സീസൺ യാത്ര വേണ്ട. കാരണം പീക് സീസണിലുള്ള ട്രാവൽ പാക്കേജും ഹോട്ടൽ പാക്കേജും ചെലവേറിയതായിരിക്കും. എന്നാൽ ഇതേ പാക്കേജുകൾക്ക് ഓഫ്സീസണിൽ 30 മുതൽ 50 ശതമാനം വരെ ഇളവ് അനുവദിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബജറ്റിനിണങ്ങുന്ന പല ലക്ഷ്വറി പാക്കേജുകളും എൻജോയ് ചെയ്യാൻ അവസരം കിട്ടും. പീക് സീസണിൽ ടൂറിസ്റ്റുകളുടെ എണ്ണം കൂടുമെന്നതിനാലാണ്.