ചോദ്യം
മിനറൽ മേക്കപ്പ് ഉൽപന്നങ്ങൾ മികച്ചതാണെന്ന് അടുത്തിടെ വായിക്കുകയുണ്ടായി. എന്താണ് ഇവയെ മറ്റ് ഉൽപന്നങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്?
ഉത്തരം
മിനറൽ മേക്കപ്പ് ഉൽപന്നങ്ങൾ വളരെ നേർത്തതും ഉയർന്ന ഗുണനിലവാരമുള്ളതുമായ ധാതുക്കൾ കൊണ്ടാണ് നിർമ്മിക്കുന്നത്. അതിനാൽ ഇത് വളരെ മിനുസമുള്ളതും ആയിരിക്കും. മാത്രമല്ല സംവേദനക്ഷമത ഏറിയ ചർമ്മത്തിൽ ഇത് യാതൊരുവിധ ദുഷ്പ്രഭാവവും സൃഷ്ടിക്കുകയില്ല. ഈ ഉൽപന്നങ്ങൾ വളരെ ലൈറ്റ് ആയിരിക്കുന്നതിനാൽ മുഖത്ത് അമിതമായി പുരട്ടേണ്ട ആവശ്യകതയും ഇല്ല. ഇത് മികച്ചതും ഹൈജിനിക്കും ആണ്.
ചോദ്യം
39 വയസ്സുള്ള ഉദ്യോഗസ്ഥയാണ് ഞാൻ. എനിക്ക് സ്കിൻ പിഗ്മെന്‍റേഷൻ ഉണ്ടാകുന്നു. ഇക്കാരണത്താൽ എന്‍റെ മുഖത്ത് പാടുകൾ ഉണ്ടാകുന്നു. ഇതിന് എന്തെങ്കിലും ലളിതമായ പരിഹാര മാർഗ്ഗങ്ങളുണ്ടോ?
ഉത്തരം
സൂര്യകിരണം, ഏതെങ്കിലും മരുന്നിന്‍റെ ദുഷ്പ്രഭാവം, ഹോർമോൺ അസുന്തിലാതാവസ്ഥ എന്നീ കാരണങ്ങളാലാണ് പിഗ്മെന്‍റേഷൻ പ്രധാനമായും ഉണ്ടാകുന്നത്. ഗർഭകാലം, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം എന്നിവയും ചിലപ്പോൾ ഇതിന് കാരണമാകാം. രണ്ടുതരം പിഗ്മെന്‍റേഷൻ ഉണ്ട്. എപിഡെർമൽ, ഡെർമൽ.
എപിഡെർമൽ പിഗ്മെന്‍റേഷനുള്ള ചികിത്സ ലേസർ സർജറി വഴിയെ നടത്താനാവൂ. നാരാങ്ങാനീര് പുരട്ടുന്നതും ഗുണകരമാണ്. ഇതൊരു നാച്ചുറൽ ബ്ലീച്ചിംഗ് ഏജന്‍റാണ്.
നാരങ്ങാനീരും തുല്യ അളവിൽ വെള്ളവും ചേർത്ത് പുരട്ടുന്നത് ചർമ്മത്തിന് ഗുണകരമാണ്. 10 മിനിറ്റിനു ശേഷം മുഖം കഴുകാം. പിഗ്മെന്‍റേഷൻ പതിയെ മാറിക്കൊള്ളും.
ചോദ്യം
ഞാൻ 30 വയസ്സുള്ള ഒരു യുവാവാണ്. ഷേവ് ചെയ്യുമ്പോൾ സ്കിൻ വല്ലാതെ വരണ്ട് പോകുന്നതാണ് എന്‍റെ പ്രശ്നം. ഇതിന് എന്താണ് ഒരു പരിഹാരം?
ഉത്തരം
മോയിസ്ചുറൈസർ ഉള്ള ഷേവിംഗ് ക്രീം ഉപയോഗിക്കുക. ഷേവ് ചെയ്യുന്നതിന് കുറച്ച് സമയം മുമ്പ് മുഖത്ത് അൽപം മോയിസ്ചുറൈസർ പുരട്ടി വയ്ക്കുക. ഷേവ് ചെയ്ത ശേഷം മികച്ച ക്വാളിറ്റിയുള്ള ആഫ്റ്റർ ഷേവ് ലോഷൻ/ ക്രീം ഉപയോഗിക്കുക.
ചോദ്യം
നഖം വെട്ടുമ്പോൾ വിരലുകളിൽ കടുത്ത വേദന അനുഭവപ്പെടുന്നു. ഇതിന് എന്താണ് പരിഹാരം.
ഉത്തരം
പൊതുവേ കട്ടിയുള്ള നഖമുള്ളവരിൽ ആണ് ഈ പ്രശ്നം സാധാരണയായി കണ്ടു വരുന്നത്. ഇത്തരക്കാർ നഖം വെട്ടുന്നതിന് മുമ്പ് വെള്ളത്തിൽ കുറച്ചു നേരം മുക്കി വയ്ക്കുക. അതോടെ നഖം മൃദുലമാകും. വളരെ അനായാസേന നഖം വെട്ടാനും കഴിയും. നഖം വെട്ടി കഴിഞ്ഞശേഷം ഇരുകൈകളിലും കാലുകളിലും മോയിസ്ചുറൈസർ പുരട്ടുക. ഇല്ലെങ്കിൽ ചർമ്മം മോശമായി പോകും.
ചോദ്യം
എന്‍റെ മൂക്കിന് ഇരുവശത്തും വലിയ ചർമ്മസുഷിരങ്ങളാണ് ഉള്ളത്. കവിളിലുമുണ്ട് ഈ പ്രശ്നം. ഇതിൽ എണ്ണമയവും അഴുക്കും നിറഞ്ഞുകിടക്കുന്നത് പോലെയാണ് തോന്നുന്നത്. പല സൗന്ദര്യവർദ്ധകങ്ങളും ഉപയോഗിച്ചു നോക്കി. പക്ഷേ, യാതൊരു ഫലവുമുണ്ടായില്ല.
ഉത്തരം
ചർമ്മം പതിവായി സ്ക്രബ് ചെയ്യുക വഴി ചർമ്മ സുഷിരങ്ങൾ തുറന്ന് ക്ലീനാകും. അഴുക്കുകൾ നീങ്ങി ചർമ്മം മിനുസമുള്ളതായിത്തീരും. ഒരു കാര്യം പ്രത്യേകം ഓർക്കുക. പരുപരുത്ത തരം സ്ക്രബ് ഉപയോഗിക്കരുത്. ഇതിന് നാടൻ പരിഹാരവും പരീക്ഷിക്കാവുന്നതാണ്.
അരിപ്പൊടിയും തൈരും മിക്സ് ചെയ്തോ അല്ലെങ്കിൽ ഗോതമ്പുപൊടിയും തേനും ചേർന്ന മിശ്രതമോ എക്സ്ഫോളിയേഷനായി ഉപയോഗിക്കാം. തക്കാളി നീര് പുരട്ടുന്നത് ചർമ്മ സുഷിരങ്ങൾ വൃത്തിയാക്കാൻ സഹായിക്കും. മുഖം എപ്പോഴും നല്ല ക്ലെൻസർ ഉപയോഗിച്ച് വൃത്തിയാക്കുക.
ചോദ്യം
ഞാൻ പതിവായി ഗോൾഡ് ചെയിൻ ധരിക്കാറുണ്ട്. ഇപ്പോൾ കഴുത്തിന് ചുറ്റുമായി ഒരു കറുത്ത വര പോലെയുള്ള അടായളം തെളിഞ്ഞു കാണുന്നു. അതോടൊപ്പം, ബ്ലാക്ക് സ്പോട്ടുമുണ്ട്. എന്താണ് ഇതിന് ഒരു പരിഹാര മാർഗ്ഗം?
ഉത്തരം
സാധാരണ ഇമിറ്റേഷൻ ആഭരണങ്ങൾ ധരിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുള്ളത്. എന്നാലും സ്വർണ്ണം ധരിക്കുന്നവരിൽ അപൂർവ്വമായി ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ചില മെറ്റലുകളോടുള്ള അലർജി മൂലമാണിത്. പ്രത്യേകിച്ച് ചൂടുകാലത്താണ് ഈ പ്രശ്നം അധികരിക്കുക. അതുകൊണ്ട് ചെയിൻ ധരിക്കുന്നത് കുറച്ചു കാലം ഒഴിവാക്കുക. വീര്യം കുറഞ്ഞ ആന്‍റിസെപ്റ്റിക് ക്രീം പുരട്ടുക. പ്രത്യേകിച്ച് രാത്രിയിൽ. കഴുത്ത് വിയർക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇതുകൊണ്ട് ഒന്നും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണുന്നതാകും ഉചിതം.