സ്ത്രീ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ ചുണ്ടുകൾക്ക് പ്രമുഖ സ്ഥാനമുണ്ട്. വിവാഹം പോലുള്ള ആഘോഷവേളകളിൽ ചുണ്ടുകളെയും കലാപരമായി അണിയിച്ചൊരുക്കുന്നതിന് പ്രചാരം വർദ്ധിച്ചുവരുന്നു.
വാചാലമായ ചുണ്ടുകൾ
ചുണ്ടുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ വിവിധതരം മേക്കപ്പ് സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്. അല്പം ഭാവനയുണ്ടെങ്കിൽ വീട്ടിലിരുന്നു തന്നെ നിങ്ങൾക്ക് മേക്കപ്പ് ചെയ്യാവുന്നതേയുള്ളൂ. ലിപ് ലൈനർ, ബ്രഷ്, ലിപ്സ്റ്റിക് ഉപയോഗിച്ച് ഏറ്റവും എളുപ്പത്തിൽ ചുണ്ടുകൾ ആകർഷകമാക്കാം.
ലിപ്സ്റ്റിക് തെരഞ്ഞെടുക്കുമ്പോൾ
നേർത്ത്, ആകർഷകമായ ചുണ്ടുകൾ ആരെയാണ് വശീകരിക്കാത്തത്? ചേരുന്ന ഷേഡുകളിൽ ഉള്ള ലിപ്സ്റ്റിക്ക് നല്ല ബ്രാൻഡുകളുടെ തന്നെ വാങ്ങണം. ലിപ്സ്റ്റിക് ഉപയോഗിച്ച് കഴിയുമ്പോൾ വല്ലാത്ത കൃത്രിമത്വം തോന്നാത്ത ഷേഡുകളാണ് നിങ്ങൾക്ക് അനുയോജ്യം. കോളേജ് വിദ്യാർത്ഥിനികൾ മുതൽ മധ്യവയസ്കകൾ വരെ ഉള്ളവരുടെ ഇടയിൽ ലിപ്സ്റ്റിക്ക് ഇന്ന് സർവസാധാരണമാണ്.
ജീവിതകാലം മുഴുവൻ ചുണ്ടുകളിൽ മേക്കപ്പ് ഉപയോഗിക്കണമെന്ന താല്പര്യക്കാർ ഇടക്കിടെ ചർമ രോഗ വിദഗ്ധനെ കാണാൻ ശ്രദ്ധിക്കണം. വിവിധതരം സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പേ ബ്യൂട്ടീഷന്‍റെ ഉപദേശങ്ങളും സ്വീകരിക്കുക. ആവശ്യത്തിൽ കവിഞ്ഞ മേക്കപ്പ് ചുണ്ടിന്‍റെ സ്വാഭാവിക സൗന്ദര്യം കെടുത്തും.
അന്യ സൗന്ദര്യവർദ്ധക വസ്തുക്കൾ
ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിൽ ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ ചുണ്ടുകളിൽ ഉപയോഗിക്കരുത്. കണ്ണിൽ കാണുന്ന വസ്തുക്കൾ ഒക്കെ ചുണ്ടിൽ പുരട്ടിയാൽ സൗന്ദര്യത്തിന് പകരം വൈരൂപ്യം വർദ്ധിക്കും. സൗന്ദര്യ വർദ്ധകവസ്തുക്കളുടെ തെരഞ്ഞെടുപ്പ് വളരെ ഗൗരവം അർഹിക്കുന്ന ഒരു കാര്യമാണ്.
വരണ്ടുണങ്ങിയ ചുണ്ടുകൾക്ക് ഉടമയാണ് നിങ്ങളെങ്കിൽ ലിപ്സ്റ്റിക്കിന് പകരം ലിപ്പ് ഗ്ലോ ഉപയോഗിക്കുന്നതാണ് ഉചിതം. ലിപ്സ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന ടൈറ്റാനിയം ഓക്സൈഡ്, ബിജോ ഇങ്ക് തുടങ്ങിയ രാസവസ്തുക്കൾ ഗുണത്തേക്കാളേറെ ദോഷം ചുണ്ടുകൾക്കും നൽകും.
സാരിക്കോ ചുരിദാറിനോ ചേരുന്ന തരം കളറുകളിലെ ലിപ്സ്റ്റിക്കുകൾ സൗന്ദര്യം വർദ്ധിപ്പിക്കില്ല. ചുണ്ടിന്‍റെ നിറം അതൊന്നുമല്ലാത്തതാണ് കാരണം. ചുണ്ടുകളുടെ സ്വാഭാവിക നിറത്തിനോട് സാമ്യമുള്ള ലിപ്സ്റ്റിക്കുകളാണ് ഉപയോഗിക്കേണ്ടത്.
ചിട്ടയായ മേക്കപ്പ്
മേക്കപ്പ് ലിപ്പ് ബേസിൽ നിന്നും തുടങ്ങാം. ചെറിയ ബ്രഷ് ഉപയോഗിച്ചോ സ്റ്റിക്ക് ഉപയോഗിച്ചോ ഇത് പുരട്ടാവുന്നതാണ്. വിരലുകൊണ്ടും ഇത് ചുണ്ടിന്‍റെ എല്ലാ കോണുകളിലും എത്തിക്കാം. ബേസ് അലർജി ഉണ്ടാക്കുന്നതാണോ എന്ന് ആദ്യം തന്നെ പരിശോധിക്കണം. ലിപ്പ് ബേസിലെങ്കിൽ അല്പം പൗഡർ ബേസ് ആയി ഉപയോഗിക്കാം. ലിപ്സ്റ്റിക്ക് ഏറെനേരം ഇരിക്കാൻ ഇത് സഹായിക്കും.
ഇളം നിറങ്ങളിലെ ലിപ്സ്റ്റിക്ക് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർ ലിപ്പ്ലൈനർ ഉപയോഗിച്ച് ആകൃതി വരുത്താതെ തന്നെ അവ ഉപയോഗിക്കുക. അല്ലെങ്കിൽ ലിപ്സ്റ്റിക്കിന്‍റെ നിറത്തിലെ ലിപ് ലൈനർ തന്നെ ഉപയോഗിച്ച് നേർത്ത രീതിയിൽ വരയ്ക്കുക.
ഗുണമേന്മയുള്ള ബ്രഷുകളും സ്റ്റിക്കുകളും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം പെർഫെക്റ്റ് ലുക്ക് ലഭിക്കില്ല.
ബ്യൂട്ടീഷൻ നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ ബ്രഷുകൾ കയ്യിൽ പിടിക്കണം. മേൽചുണ്ടിന്‍റെ നടുവിൽ നിന്നും തുടങ്ങി അറ്റത്തേക്ക് ബ്രഷ് ചലിപ്പിക്കുക. പിന്നെ കീഴ്ച്ചുണ്ടിലും ഇത് ആവർത്തിക്കുക.
കടുത്ത നിറം ഇളം നിറമാക്കാനായി ഇളം നിറത്തിലെ ലിപ്പ് ലൈനർ ഉപയോഗിച്ച് ചുണ്ടുകൾ മുഴുവൻ ഒരു ബേസ് നൽകിയശേഷം കടുത്ത നിറത്തിലെ ലിപ്സ്റ്റിക്ക് പുരട്ടിയാൽ മതി.