തക്കാളി സൂപ്പ്

തക്കാളി പൾപ്പും ചില സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഈ സൂപ്പ് മഹാരാഷ്ട്ര വിഭവമാണ്. നമ്മുടെ രസം കറിയ്ക്ക് ഏതാണ്ട് സമാനമായ മധുരവും പുളിയുമുള്ള ഈ വിഭവം ആരോഗ്യത്തിന് മികച്ചതും ഉൻമേഷദായകവുമാണ്. ജീരകം, കടുക്, പുളി, കറിവേപ്പില മുതലായ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ തക്കാളി സൂപ്പിൽ രുചി കൂട്ടാനും കട്ടിയുള്ളതാക്കാനും തേങ്ങാപ്പാലും ചേർക്കാറുണ്ട്.

ഇതിലെ പ്രധാന ചേരുവ തക്കാളിയായതിനാൽ വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധത്തിന് നല്ലതാണ്. ചോറിനും പപ്പടത്തിനുമൊപ്പം വിളമ്പുന്നതാണ് നല്ലത്. പക്ഷേ സൂപ്പ് ആയും കഴിക്കാം.

ചേരുവകൾ

തക്കാളി- 4

വെളുത്തുള്ളി- 4 അല്ലി

തേങ്ങ ചിരകിയത്- 4 ടേബിൾസ്പൂൺ

ജീരകം- 1 ടീസ്പൂൺ

വറ്റൽ മുളക്- 3 എണ്ണം

കടുക്- 1 ടീസ്പൂൺ

കായം- 1 നുള്ള്

കറിവേപ്പില- 1 തണ്ട്

എണ്ണ- 2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

10 മിനിറ്റ് തിളച്ച വെള്ളത്തിൽ തക്കാളി ബ്ലാഞ്ച് ചെയ്യുക തുടർന്ന് തണുത്ത വെള്ളത്തിൽ ഇടുക. തണുക്കുമ്പോൾ തക്കാളിയുടെ പുറം തൊലി കളഞ്ഞ് ബ്ലെൻഡ് ചെയ്ത് എടുത്ത് മാറ്റി വയ്ക്കുക.

തേങ്ങ, വെളുത്തുള്ളി, ജീരകം, ചുവന്ന മുളക് എന്നിവ പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കായം, കറിവേപ്പില എന്നിവ ചേർത്ത് കടുക് വറുക്കുക. വെളുത്തുള്ളിയുടെ പച്ച മണം മാറുന്നത് വരെ തേങ്ങ അരച്ച മിക്സ് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക.

ഇനി തക്കാളി പ്യൂരി ചേർത്ത് രണ്ട് മിനിറ്റ് നന്നായി ഇളക്കി പാകം ചെയ്യുക. തക്കാളി ബ്ലാഞ്ചിംഗിനായി ഉപയോഗിച്ച വെള്ളം മൂന്ന് കപ്പ് ചേർക്കുക. ആവശ്യാനുസരണം ഉപ്പ് ചേർത്ത് 10 മിനിറ്റ് വേവിക്കുക. സൂപ്പ് തയ്യാർ!

ക്ലിയർ ചിക്കൻ സൂപ്പ്

മണവും രുചിയും കൊണ്ട് ആരെയും കൊതിപ്പിക്കുന്ന സൂപ്പ്. ചിക്കൻ സൂപ്പ് ശരീരത്തിന് ചൂട് പകരുന്നതിനൊപ്പം, ജലാംശം നിലനിർത്തുകയും പോഷകങ്ങൾ നൽകുകയും ചെയ്യും. ചിക്കൻ സത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പനി, ജലദോഷം, ഭക്ഷ്യവിഷബാധ തുടങ്ങിയ സാധാരണ രോഗങ്ങളെ തടയാൻ ഫലപ്രദമാണ്.

ചേരുവകൾ:

ചിക്കൻ, കടിക്കാൻ പാകത്തിൽ കഷണങ്ങളായി മുറിച്ചത് (എല്ലോടു കൂടി)- 120 ഗ്രാം

വലിയ ഉള്ളി ചെറുതായി അരിഞ്ഞത്- 1

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ

ചെറിയ തക്കാളി- 1

ഒലിവ് ഓയിൽ (അല്ലെങ്കിൽ മറ്റേതെങ്കിലും ലൈറ്റ് ഓയിൽ)- 4 ടീസ്പൂൺ

ചിക്കൻ ബ്രോത്ത്- 2 കപ്പ്

കറുവപ്പട്ട അരയിഞ്ച്

ഏലയ്ക്ക- 2 എണ്ണം

ഗ്രാമ്പൂ- 2 എണ്ണം

മഞ്ഞൾ പൊടി- അര ടീസ്പൂൺ

ജാതിക്ക ഒരു നുള്ള്

മല്ലിപ്പൊടി- 1 ടീസ്പൂൺ

ജീരകം പൊടി- 1 ടീസ്പൂൺ

ചുവന്ന മുളക് പൊടി- 1 ടീസ്പൂൺ

ഗരം മസാല- 1 ടീസ്പൂൺ

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി എല്ലാ മസാലകളും ചേർക്കുക. 40 സെക്കൻഡ് വഴറ്റുക. ഉള്ളി പിങ്ക് നിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അതിനുശേഷം തക്കാളി, ചിക്കൻ എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇത് മീഡിയം തീയിൽ ഒരു മിനിറ്റ് തിളപ്പിച്ച ശേഷം ചിക്കൻ ബ്രോത്ത് ചേർക്കുക.

10 മുതൽ 12 മിനിറ്റ് വരെ ഇടയ്ക്കിടെ ഇളക്കി ചെറിയ തീയിൽ വേവിക്കുക. ഗ്യാസ് ഓഫ് ആക്കി മറ്റൊരു പാത്രത്തിലേക്ക് സൂപ്പ് മാറ്റിയ ശേഷം മല്ലിയില ചേർക്കുക. ഗാർലിക് ബ്രെഡിനൊപ്പം ചൂടോടെ വിളമ്പുക, മത്തങ്ങ അല്ലെങ്കിൽ സൂര്യകാന്തി വിത്ത് വിതറുക. ഇത് ചൂടോടെ മഴ ആസ്വദിച്ചു കൊണ്ട് കഴിക്കുക.

ദാൽ, വെജിറ്റബിൾ മിക്സ് സൂപ്പ്

പ്രോട്ടീൻ, പൊട്ടാസ്യം, വിറ്റാമിൻ ബി, സിങ്ക് എന്നിവയുടെ ആരോഗ്യകരമായ സംയോജനം പരിപ്പ്, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ കാണാം. ഈ വിറ്റാമിനുകളും ധാതുക്കളും പോഷകസമ്പന്നവും പനിക്കും മറ്റും ആശ്വാസകരവുമാണ്.

ചേരുവകൾ

ചെറുപയർ- 3 ടീസ്പൂൺ

മസൂർ ദാൽ- 3 ടീസ്പൂൺ

തുവരപ്പരിപ്പ്- 2 ടീസ്പൂൺ

ഇഞ്ചി- 1 ചെറിയ കഷ്ണം

വെളുത്തുള്ളി, ഗ്രാമ്പൂ- 2

തക്കാളി അരിഞ്ഞത്- 1

കാരറ്റ് അരിഞ്ഞത്- 1

ബീറ്റ്റൂട്ട് അരിഞ്ഞത്- 1

മഞ്ഞൾ- കാൽ ടീസ്പൂൺ

ഉപ്പ് പാകത്തിന്

വെള്ളം- 2 കപ്പ്

കുരുമുളക്- അര ടീസ്പൂൺ പൊടി

മല്ലിയില അരിഞ്ഞത്- 2 ടീസ്പൂൺ

സൂര്യകാന്തി അല്ലെങ്കിൽ മത്തങ്ങ വിത്തുകൾ- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എല്ലാ പരിപ്പുകളും നന്നായി കഴുകിയ ശേഷം 30 മിനിറ്റ് കുതിർക്കുക. പ്രഷർ കുക്കറിൽ, തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, കുരുമുളക്, മഞ്ഞൾ എന്നിവയ്ക്കൊപ്പം കുതിർത്ത് വച്ചിരിക്കുന്ന പരിപ്പ് ചേർത്ത് രണ്ട് വിസിൽ വരെ വേവിക്കുക.

വേവിച്ച ചേരുവ ഒരു ബ്ലെൻഡറിലിട്ട് പേസ്റ്റാക്കുക, ആവശ്യാനുസരണം വെള്ളം ചേർക്കുക. ഒരു പാനിൽ ഇട്ട് മണം നന്നായി വരുന്നതുവരെ ഇടത്തരം തീയിൽ ഇളക്കുക. അരിഞ്ഞ മല്ലിയില, മത്തങ്ങ വിത്തുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക.

മഷ്റൂം ക്രീം സൂപ്പ്

ചേരുവകൾ

കൂൺ- 6,7 എണ്ണം

ചെറിയ ഉള്ളി അരിഞ്ഞത്- 1

വെളുത്തുള്ളി അല്ലി അരിഞ്ഞത്- 4 അല്ലികൾ

മൈദ- 2 ടേബിൾ സ്പൂൺ

വെണ്ണ- 2 ടീസ്പൂൺ

വെള്ളം ആവശ്യത്തിന്

പാൽ- 1 കപ്പ്

ഉപ്പ് പാകത്തിന്

കുരുമുളക് പൊടി- 1 ടീസ്പൂൺ

ഉണങ്ങിയ കാശിത്തുമ്പ (തൈം)- 1 ടീസ്പൂൺ

1ഫ്രഷ് ക്രീം- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രം ചൂടാക്കി വെണ്ണ ഉരുകിയ ശേഷം അരിഞ്ഞ വെളുത്തുള്ളിയും ഉള്ളിയും 2-3 മിനിറ്റ് വഴറ്റുക. ഇനി അരിഞ്ഞ കൂൺ, ഉപ്പ് എന്നിവ ചേർത്ത് വെള്ളം വറ്റുന്നതു വരെ മീഡിയം തീയിൽ വേവിക്കുക.

ഇതിലേക്ക് മൈദ ചേർത്ത് നന്നായി ഇളക്കി 3- 4 മിനിറ്റ് മൈദയുടെ മണം മാറുന്നത് വരെ വേവിക്കുക. ഇനി ഇതിലേക്ക് വെള്ളവും പാലും ചേർത്ത് തുടർച്ചയായി ഇളക്കുക.

തിളച്ചു തുടങ്ങിയാൽ കുരുമുളക് പൊടിയും ഉണക്ക കാശിത്തുമ്പയും ചേർത്ത് ഇളക്കുക. അവസാനം ഫ്രഷ് ക്രീം ചേർത്ത് 5 മിനിറ്റ് വേവിച്ച ശേഷം ചൂടോടെ വിളമ്പുക.

സ്വീറ്റ് കോൺ സൂപ്പ്

രുചികരവും പോഷക സമ്പന്നവുമായ ഈ സൂപ്പ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും.

ചേരുവകൾ

വേവിച്ച സ്വീറ്റ്കോൺ- 1 കപ്പ്

വെണ്ണ- 1 ടീസ്പൂൺ

അരിഞ്ഞ വെളുത്തുള്ളി- 1 ടീസ്പൂൺ

നന്നായി അരിഞ്ഞ കാരറ്റ്- 1 ടീസ്പൂൺ

കോൺസ്റ്റാർച്ച്, വെള്ളം ആവശ്യത്തിന്

ഉപ്പ് പാകത്തിന്

വിനാഗിരിയും ഇളം സോയസോസും- 1 ടീസ്പൂൺ

കുരുമുളക് പൊടി- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെണ്ണ ഉരുക്കി വെളുത്തുള്ളി, കാരറ്റ് എന്നിവ വഴറ്റുക, ഉപ്പ്, കുരുമുളക് പൊടി, വിനാഗിരി, ഇളം സോയാ സോസ് എന്നിവ ചേർക്കുക.

ഇതിലേക്ക് വേവിച്ച സ്വീറ്റ് കോൺ ചേർക്കുക. വെള്ളം ചേർത്ത് തിളപ്പിക്കുക. തുടർന്ന് വെള്ളം ചേർത്ത് മിക്സ് ചെയ്ത കോൺസ്റ്റാർച്ച് ഒഴിച്ച് തുടർച്ചയായി ഇളക്കുക. ചൂടോടെ വിളമ്പുക.

और कहानियां पढ़ने के लिए क्लिक करें...