കാലാവസ്ഥയിലെ പ്രതികൂല സാഹചര്യങ്ങളാണ് പലപ്പോഴും നമ്മുടെ ചർമ്മസൗന്ദര്യം നഷ്ടപ്പെടുത്തുന്നത്. ഈ സമയത്ത് ധാരാളം കുരുക്കളും കറുത്ത കലകളുമൊക്കെ വന്ന് ചർമ്മത്തിന്‍റെ സൗന്ദര്യം ആകെ നഷ്ടപ്പെടാം. ശരിയായ ചർമ്മസൗന്ദര്യ പരിചരണത്തിന് ചില വഴികളുണ്ട്. മാസത്തിൽ ഒന്ന് എന്ന ക്രമത്തിൽ ഈ ഫേഷ്യലുകൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഫലം കിട്ടും.
ഫ്രൂട്ട് ജെൽ ഫേഷ്യൽ
- ഫേഷ്യൽ ചെയ്യുന്നതിനു മുമ്പ് ഏതു തരം ചർമ്മത്തിനും യോജിക്കുന്ന ലെമൺ ബേസ്ഡ് ക്ലെൻസർ ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കണം.
- വെള്ളരിക്ക, ഓറഞ്ച്, ഓട്ട്മീൽ പൗഡർ ചേരുവകൾ അടങ്ങിയ ഫ്രൂട്ട് പീൽ സ്ക്രബ് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.
- ശേഷം കോൾഡ് കംപ്രഷൻ നൽകാം. കോൾഡ് വാട്ടർ സ്പ്രേയിൽ ടീട്രീ അരോമ ഓയിൽ മിക്സ് ചെയ്ത് ഉപയോഗിക്കുക.
- തുടർന്ന് ഫ്രൂട്ട് ജെൽ മസ്സാജ് ചെയ്യാം. പപ്പായ, സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ പഴങ്ങളുടെ പൾപ്പ് അടങ്ങിയതാണ് ഫ്രൂട്ട് ജെൽ. 10 മിനിറ്റ് നേരം മുഖത്ത് വട്ടത്തിൽ മസ്സാജ് ചെയ്യുക.
- ഫേസ് മസ്സാജിനു ശേഷം ഫ്രൂട്ട് ഗ്ലോ പായ്ക്ക് ഇടാം. മുൽട്ടാണിമിട്ടി പൗഡറിൽ ഓറഞ്ച്, മാംഗോ, തണ്ണിമത്തൻ ഇവയുടെ ജ്യൂസ് മിക്സ് ചെയ്തതാണ് ഫ്രൂട്ട് ഗ്ലോ പായ്ക്ക്.
- ഏറ്റവും ഒടുവിൽ സ്കിൻ ടോൺ ചെയ്യാൻ സൺപ്രൊട്ടക്ഷൻ ലോഷൻ പുരട്ടാം.
- 18 വയസ്സിനു ശേഷം 20- 25 ദിവസങ്ങൾ ഇടവിട്ട് ചെയ്യാം. ഏതുതരം ചർമ്മത്തിനും ഇത് ഫലപ്രദമാണ്.
ബ്ലമിഷ് സ്കിൻ ഫേഷ്യൽ
- ഇതിൽ ഏറ്റവും ആദ്യം ലെമൺ ക്ലെൻസർ ഉപയോഗിച്ച് ചർമ്മ സുഷിരങ്ങളെ ഡീപ് ക്ലെൻസിംഗ് ചെയ്യുക.
- അതിന് ശേഷം ടീട്രീ ഓയിൽ ഉപയോഗിച്ച് കംപ്രഷൻ നൽകുക. തുടർന്ന് ആന്‍റി റാഷ് ഇഫക്ടിനായി നെറോലി ഓയിൽ ഉപയോഗിച്ച് കംപ്രഷൻ നൽകുക.
- ഫേസ് മസ്സാജ് ക്രീം പുരട്ടുക. ചർമ്മത്തിൽ പാടുകളും കുരുക്കളും ഉണ്ടാകാതിരിക്കാൻ അരോമാ ബേസ്ഡ് ക്രീമിൽ ജോജോബാ ഓയിൽ, വീറ്റ്ജേം ഓയിൽ എന്നിവ ഒരു തുള്ളി വീതം ചേർത്ത് ഉപയോഗിക്കാം. കൂടാതെ അതിൽ ½ തുള്ളി കറിയർ ഓയിൽ (വെജിറ്റബിൾ ഓയിൽ), ജീറേനിയം ഓയിൽ ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി 10- 15 മിനിറ്റ് നേരം വട്ടത്തിൽ മസ്സാജ് ചെയ്യുക.
- ശേഷം മുഖത്ത് ടിഷ്യു പേപ്പർ വിരിച്ചിട്ട് വെള്ളം സ്പ്രേ ചെയ്യുക. ജീറേനിയം ഓയിൽ ഒരു തുള്ളി സ്പ്രേ ചെയ്യുക.
- അതുകഴിഞ്ഞ് ഫേസ് പായ്ക്കിടാം. ബെൻസോവൈറ്റ് പൗഡർ, സിങ്ക് ഓക്സൈഡ്, കലാമൈൻ പൗഡർ, ക്ലോവ് ഓയിൽ, ഓറഞ്ച് ഓയിൽ, ജൂനിപർ ബെറി ഓയിൽ എന്നീ ഓയിലുകൾ ഒരു തുള്ളി വീതം മിക്സ് ചെയ്ത് ഫേസ് പായ്ക്ക് തയ്യാറാക്കി മുഖത്തിടുക.
- പായ്ക്ക് ഉണങ്ങിയ ശേഷം ചർമ്മത്തിൽ റോസ് വാട്ടറോ, അലോവേര ജെലോ ഉപയോഗിച്ച് ടോൺ ചെയ്യുക. അതിനു ശേഷം സൺസ്ക്രീൻ എസ്പിഎഫ് 20 ഉപയോഗിക്കുക.
മുഖക്കുരു അമിതമായി ഉണ്ടാകുന്നു എങ്കിൽ ടീട്രീ ഓയിലോ നെറോലി ഓയിലോ മുഖത്ത് 10- 15 മിനിറ്റു വരെ അപ്ലൈ ചെയ്യുക. പക്ഷേ മസ്സാജ് ചെയ്യരുത്.
ലാവൻഡർ, ബേസിൽ ഓയിൽ ഇവയിൽ എതെങ്കിലും ഒന്ന് മുഖക്കുരുവിൽ പുരട്ടുക. ചർമ്മത്തിൽ അണുബാധയുണ്ടാകുന്നത് തടയും മാത്രമല്ല മൂന്ന് ദിവസത്തിനുള്ളിൽ മുഖക്കുരു ഉണങ്ങുകയും ചെയ്യും. മുഖക്കുരു ശല്യം അമിതമാകുകയാണെങ്കിൽ ഹൈ ഫ്രീക്വൻസി ഓസോൺ ട്രീറ്റ്മെന്‍റ് ചെയ്യാവുന്നതാണ്.
അരോമ ഫേഷ്യൽ ഓയിൽ
നെറോലി: എണ്ണമയമുള്ള ചർമ്മം, കറുത്ത പാട്, കരുവാളിപ്പ് തുടങ്ങി സംവേദനക്ഷമതയേറിയ ചർമ്മത്തിന് വരെ നെറോലി ഓയിൽ കംപ്രഷൻ ബ്ലീച്ച് നൽകുന്നത് വഴി ചർമ്മത്തിൽ പിന്നീട് പാടുകളോ അലർജിയോ ഉണ്ടാകുകയില്ല.
ജീറേനിയം: എണ്ണമയമുള്ള ചർമ്മം, വരണ്ട ചർമ്മം, പാടുകൾ, ഹൈ ബ്ലഡ് പ്രഷർ, ടെൻഷൻ, ഉറക്കമില്ലയ്മ തുടങ്ങിയ പ്രശ്നമുള്ളർ ഫേഷ്യൽ ക്രീം, ജെൽ മസ്സാജ് എന്നിവയ്ക്ക് ശേഷം ജീറേനിയം കോൾഡ് കംപ്രഷർ ചെയ്യണം.
ലാവൻഡർ: പകുതി തുള്ളി ലാവൻഡർ, ഒരു ടീസ്പൂൺ ജോജോബാ ഓയിൽ എന്നിവ ബേസ് ക്രീമിൽ ചേർത്ത് ഫേഷ്യൽ ചെയ്യുന്നത് എല്ലാത്തരം ചർമ്മത്തിനും അനുയോജ്യമാണ്.
പാച്ചോലി ഓയിൽ: ചർമ്മം വിണ്ടുകീറൽ, മുടിപൊഴിച്ചിൽ, നഖങ്ങൾ വളരാതിരിക്കുക, ചർമ്മത്തിലുണ്ടാകുന്ന ഫംഗസ് ബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഫേസ്, ഹെയർ പായ്ക്കിൽ ഏതെങ്കിലും അരോമ ഓയിലിനൊപ്പം ഒരു തുള്ളി പാച്ചോലി ഓയിൽ ചേർത്ത് ഉപയോഗിക്കാം. റിലാക്സിംഗ് ബോഡി മസ്സാജിനായി ഒരു ടീസ്പൂൺ ജോജോബാ ഓയിൽ, പകുതി തുള്ളി പാച്ചോലി ഓയിൽ, ടീട്രീ ഓയിലും ചേർത്ത് മസ്സാജ് ചെയ്യാം.
ശ്രദ്ധിക്കുക
അമിതമായി വെയിൽ കൊള്ളാതെ സൂക്ഷിക്കുക. അല്ലാത്തപക്ഷം ചർമ്മസൗന്ദര്യം നഷ്ടപ്പെടുകയും ചർമ്മത്തിന് പ്രയോജനപ്രദമായ കൊളാജന്‍റെ ഉത്പാദനത്തെ അത് തടസ്സപ്പെടുത്തുകയും ചെയ്യും. ചർമ്മം എന്നും മോയ്സ്ചറൈസ് ചെയ്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
പകൽസമയം മുഴുവനും ജ്യൂസ്, വെള്ളം എന്നിവ കഴിക്കുക. കൂടാതെ ഫ്രഷ് പഴങ്ങൾ, മോര്, തൈര്, പാൽ, മത്സ്യം, തവിടുള്ള അരി എന്നിവ കൂടിയ അളവിൽ കഴിക്കുക. ബാഹ്യവും ആന്തരികവുമായ പരിചരണത്തിലൂടെ ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കാം.
ഏതെങ്കിലും നല്ല മസ്സാജിംഗ് ഓയിൽ ഉപയോഗിച്ചുള്ള തേച്ചുകുളി ശീലമാക്കുക. ചർമ്മസൗന്ദര്യം വർദ്ധിക്കുമെന്ന് മാത്രമല്ല രക്തയോട്ടവും വർദ്ധിപ്പിക്കും. അതിനായി ആയുർവേദ എണ്ണയോ അല്ലാത്തതോ ആയ ധാരാളം എണ്ണകൾ ലഭ്യമാണ്.