മഴക്കാലമെന്നത് കത്തുന്ന ചൂടിൽ നിന്ന് ആശ്വാസം പകരുന്ന സമയമാണ്. സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ഈ സീസൺ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇഷ്ട ഭക്ഷണം കഴിക്കുന്നതിലും ഒരു ത്രില്ലുണ്ടെന്ന് തന്നെ പറയാം. മനസിനും ശരീരത്തിനും ആശ്വാസം പകരുന്നതുപോലെ തന്നെ പ്രധാനമാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയെന്നുള്ളതും. ഈ സമയത്ത് അണുബാധ, പനി, പകർച്ചവ്യാധികൾ എന്നിവ പിടിപ്പെടാനുള്ള സാധ്യത ഏറ്റവും കൂടുതലാണ്.
ഇത്തരമൊരു സാഹചര്യത്തിൽ ശക്തമായ പ്രതിരോധശേഷിയുള്ള ഒരു വ്യക്‌തിയ്ക്ക് മാത്രമേ ആരോഗ്യകരമായ ജീവിതത്തോടൊപ്പം രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനാവൂ. അതിനാൽ ഇത് സംബന്ധിച്ച് മുംബൈ ഫോർട്ടിസ് ഹീരാനന്ദാനി ഹോസ്പിറ്റലിലെ ഇന്‍റേണൽ മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ ഫറാ ഇംഗ്ളേ പറയുന്നതെന്താണെന്ന് നോക്കാം.
എന്താണ് രോഗപ്രതിരോധശേഷി
ബാഹ്യ ഘടകങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്ന ശരീരത്തിന്‍റെ ആന്തരിക പ്രതിരോധ സംവിധാനമാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. ഏതെങ്കിലും വൈറസോ ബാക്ടീരിയയോ ശരീരത്തെ ആക്രമിക്കുമ്പോൾ തന്നെ അതിനെ ആക്രമിക്കാൻ പ്രതിരോധ സംവിധാനം സജീവമാകും. ശരീരത്തെ വൈറസുകളിൽ നിന്നും സംരക്ഷിച്ച് നിലനിർത്താൻ ശ്രമിക്കുന്ന ഈ ജോലിയിൽ വ്യത്യസ്തതരം കോശങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇതൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്.
രോഗപ്രതിരോധം പല തരത്തിലുള്ളതാവാം. ഉദാ: ആക്ടീവ് ഇമ്മ്യൂണിറ്റി, ബാക്ടീരിയ, വൈറസ് എന്നിവയുമായി ശരീരം സമ്പർക്കത്തിലേർപ്പെടുമ്പോഴാണ് ഇത് ലഭിക്കുക. ഈ സാഹചര്യത്തിൽ നമുക്ക് ഇതിനകം ലഭിച്ച ആന്‍റി ബോഡികളും പ്രതിരോധ കോശങ്ങളും ആ ബാഹ്യഘടകങ്ങളെ നശിപ്പിക്കുന്നതിൽ ഏർപ്പെടുന്നു.
രണ്ടാമത്തേത്, പാസീവ് ഇമ്മ്യൂണിറ്റിയാണ്. അതിൽ വൈറസിനെതിരെ സംരക്ഷണം നൽകുന്നതിന് ബാഹ്യ സഹായത്തോടെ ആന്‍റി ബോഡികൾ നൽകുന്നു. എന്നാൽ ശരീരത്തിന് ഉള്ളിൽ നിന്ന് ശക്തിയുണ്ടെങ്കിൽ മാത്രമേ ബാഹ്യഘടകങ്ങളോട് പോരാടാൻ കഴിയൂ. ശരീരത്തെ ഉള്ളിൽ നിന്ന് ശക്തമാക്കാൻ നല്ല ഭക്ഷണത്തോടൊപ്പം ആരോഗ്യകരമായ ചില ശീലങ്ങളും സ്വീകരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് മഴക്കാലത്ത്.
ശരീരത്തിന്‍റെ വിശപ്പകറ്റാൻ വേണ്ടിയാണ് എല്ലാവരും ഭക്ഷണം കഴിക്കുക. എന്നാൽ വയറ് നിറച്ചതു കൊണ്ട് ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. അതിന് ശരിയായ ഭക്ഷണം തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അങ്ങനെ ഉചിതമായ ആഹാരത്തിലൂടെ പോഷകാഹാര ആവശ്യങ്ങൾ ശരീരം പൂർത്തീകരിക്കുന്നു. ഇതുമൂലം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയും. ഇതിനായി മഴക്കാലത്ത് ഭക്ഷണത്തിലും ദിനചര്യയിലും ചില കാര്യങ്ങൾ തീർച്ചയായും ഉൾപ്പെടുത്തണം. ഒരു വ്യക്‌തിയെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനൊപ്പം ദിവസം മുഴുവൻ ആ വ്യക്‌തിയെ ഊർജ്ജസ്വലനായി നിലനിർത്താനും ഈ ഭക്ഷണങ്ങൾ പ്രവർത്തിക്കും.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മഴക്കാലത്ത് മാതള നാരങ്ങ, ഓറഞ്ച്, വാഴപ്പഴം, ആപ്പിൾ, തക്കാളി, മുന്തിരി, കിവി, ബ്രോക്കോളി, യെല്ലോ ബെൽപെപ്പർ, പപ്പായ, പച്ച ഇലവർഗ്ഗങ്ങൾ എന്നിവ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണം. കാരണം ഇവയെല്ലാം തന്നെ പോഷകസമ്പന്നമാണെന്നതിനൊപ്പം തന്നെ ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നവുമാണ്. ഇത് ബാക്ടീരിയ, വൈറസ് എന്നിവയിൽ നിന്നും ശരീരത്തിന് പൂർണ്ണമായ സംരക്ഷണം പ്രദാനം ചെയ്യുന്നതിനൊപ്പം ശരീരത്തിന് ആന്തരികമായ കരുത്തും പകരും. ഇതിലൂടെ ജലദോഷം, പനി തുടങ്ങിയ സീസൺ രോഗങ്ങളെ നമുക്ക് ഒഴിവാക്കാം. ശരീരം സ്വയം വിറ്റാമിൻ സി ഉത്പാദിപ്പിക്കുന്നില്ല. അതിനാൽ ശരീരത്തിൽ അതിന്‍റെ ആവശ്യകത നിറവേറ്റുന്നതിന് ഭക്ഷണങ്ങളിൽ നിന്നും സപ്ലിമെന്‍റുകളിൽ നിന്നും നാം അത് പൂർത്തീകരിക്കേണ്ടതുണ്ട്.
പ്രോട്ടീൻ
പുറത്ത് നടക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാൽ സ്വന്തം ഭക്ഷണക്രമം ഉപയോഗിച്ച് ശരീരത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. വിറ്റാമിൻ എ, സി, ഡി, ബി6, ബി12 എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനമാണ്. എന്നാൽ ഈ വിറ്റാമിനുകൾ എത്രത്തോളം പ്രധാനമാണോ അത്രത്തോളം അവശ്യ പോഷകങ്ങളും രോഗപ്രതിരോധത്തിന് ആവശ്യമാണ്.
ശരാശരി ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയ്ക്ക് പ്രതിദിനം ഓരോ കിലോഗ്രാം ശരീരഭാരത്തിനും ഒരു ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. നിങ്ങളുടെ ഭാരം 60 കിലോ ആണെങ്കിൽ ദിവസവും 60 ഗ്രാം പ്രോട്ടീൻ കഴിക്കേണ്ടി വരും.
ഇതിനായി ചെറുപ്പയർ പരിപ്പ്, മുട്ട, സോയാബീൻ, പനീർ, മുളപ്പിച്ച ധാന്യങ്ങൾ, റാഗി, ഓട്സ്, വിത്തുകൾ, നട്സ്, ഡയറി പ്രൊഡക്റ്റുകൾ, പീനട്ട് ബട്ടർ, പരിപ്പ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. ഇതിലൂടെ സ്വയം ഫിറ്റായി ഇരിക്കുന്നതിനൊപ്പം സ്വന്തം രോഗപ്രതിരോധത്തെ മെച്ചപ്പെടുത്തി രോഗങ്ങൾ പിടിപ്പെടാതെ സ്വയം രക്ഷ നേടാം.
ധാതുക്കളും പ്രധാനം
സ്വയം ആരോഗ്യം നിലനിർത്തണമെങ്കിൽ വിറ്റാമിനുകൾക്കൊപ്പം ശരീരത്തിന്‍റെ ധാതുക്കളുടെ ആവശ്യങ്ങളം നിറവേറ്റേണ്ടതുണ്ട്. എല്ലുകളെ ബലപ്പെടുത്തുന്നതിനും ഫിറ്റ്നസ് നിലനിർത്തുന്നതിനും ധാതുക്കൾ അത്യന്താപേക്ഷിതമാണ്. എന്നാൽ ശരീരത്തിൽ ഇവയുടെ കുറവുണ്ടെങ്കിൽ ആരോഗ്യകരമായ പുതിയ കോശങ്ങൾ രൂപപ്പെടുകയില്ല. ഇത് നമ്മുടെ പ്രതിരോധശേഷി കുറയ്ക്കുന്നതിനൊപ്പം അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളിൽ നിന്നും സ്വയം രക്ഷനേടുന്നതിന് ഭക്ഷണത്തിൽ അവശ്യധാതുക്കൾ ഉൾപ്പെടുത്താൻ മറക്കരുത്.
ഇതിനായി ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, സെലിനിയം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പേശികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം തലച്ചോറിന്‍റെ വളർച്ചയ്ക്ക് മാത്രമല്ല കോശങ്ങളുടെ രൂപീകരണത്തിനും ഇത് സഹായിക്കുന്നു.
ജലാംശം നിലനിർത്തുക
ഏത് സീസണായാലും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ഏറ്റവുമാവശ്യമാണ്. പ്രത്യേകിച്ചും മഴ സീസണിൽ. സുഖകരമായ കാലാവസ്‌ഥയായതിനാൽ ശരീരത്തിൽ വെള്ളത്തിന്‍റെ ആവശ്യം തോന്നണമെന്നില്ല. എന്നാൽ ശരീരത്തിൽ വെള്ളം നിർണായകമായ ധർമ്മം നിർവഹിക്കുന്നുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നു. ശരീരം ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ ഇത് ആവശ്യമാണ്. മാത്രവുമല്ല ശരീരത്തിൽ നിന്നും ടോക്സിനുകളെ പുറംതള്ളി രോഗപ്രതിരോധത്തെ മെച്ചപ്പെടുത്തുന്നു.
നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ രക്തപ്രവാഹത്തിലെ പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതായത് നമ്മുടെ രക്തപ്രവാഹം നല്ലൊരളവുവരെ വെള്ളത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് സാരം. എന്നാൽ ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നില്ലായെങ്കിൽ അവയവ വ്യവസ്‌ഥകളിൽ അനായാസം പോഷകങ്ങൾക്ക് എത്താനാവില്ല. അതിനാൽ സ്വയം ഹൈഡ്രേറ്റഡായിരിക്കാനും ബോഡി ഡീറ്റോക്സ് ചെയ്യുന്നതിനും ദിവസവും 9- 10 ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളത്തിന് പുറമെ നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ എന്നിവയും ആകാം.
ഗുണമേന്മയുള്ള ഉറക്കം
10- 12 മണിക്കൂർ ഉറങ്ങിയിട്ടും ഒരു ഉൻമേഷവും തോന്നുന്നില്ലെന്ന് ചിലർ പരാതിപ്പെടുന്നത് കാണാറുണ്ട്. എന്നാൽ ഒരു വ്യക്തി കേവലം 5 മണിക്കൂർ ഉറങ്ങിയാൽ പോലും വളരെയധികം ഉൻമേഷം അനുഭവിക്കാറുണ്ട്. അതായത് ക്വാളിറ്റി സ്ലീപ് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തെ സപ്പോർട്ട് ചെയ്യുന്നു. ശരിയായ ഉറക്കം ലഭിക്കാത്തവരെ രോഗങ്ങൾ അനായാസം പിടിപെടുമെന്നാണ് പല പഠനങ്ങളും പറയുന്നത്. വൈറസ് ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
അതിനാൽ സ്വയം റീചാർജ് ചെയ്യാനും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും ഓരോ വ്യക്‌തിയും ദിവസവും 7- 8 മണിക്കൂർ ഉറങ്ങണം. കാരണം ഇത് ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥയ്ക്ക് ആവശ്യമാണ്. ശരീരത്തിലെ അണുബാധയെ ഇത് തടയുകയും പരിമിതപ്പെടുത്തുകയും ചെയ്യും.
സമ്മർദ്ദം ഇല്ലാതാക്കുന്നതിനുള്ള വ്യായാമങ്ങൾ
സമ്മർദ്ദം നിന്ന് അകറ്റാൻ മാത്രമല്ല പേശികളെയും എല്ലുകളെയും ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വ്യായാമം ഏറ്റവുമാവശ്യമാണ്. അത് മാത്രമല്ല രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ല ഉറക്കത്തിനും വ്യായാമം സഹായകമാണ്. അതുകൊണ്ട് ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യാം. ഡീപ്ബ്രത്ത്, ബ്രിസ്ക് വാക്ക്, സൈക്കിളിംഗ്, ഡാൻസിംഗ്, റണ്ണിംഗ്, ജോഗിങ്ങ്, എയറോബിക്സ് എന്നിങ്ങനെയുള്ള വ്യായാമങ്ങൾ ചെയ്യാം.