അൽപം മേക്കപ്പ് കൂടിയായൽ സുന്ദരിയായെന്ന് കരുതുന്നതിൽ തെറ്റില്ല. എന്നാൽ വാങ്ങി കൂട്ടിയ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഗുണമേന്മ ഉള്ളതാണോ എന്ന് നിങ്ങൾ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? മേക്കപ്പ് ഉൽപന്നങ്ങൾ മോശമായാൽ വെളുക്കാൻ തേച്ചത് പാണ്ടാകും എന്ന അവസ്ഥയാകും. ഇത്തരം സാഹചര്യം കണക്കിലെടുത്താണ് മിനറൽ മേക്കപ്പ് ഉൽപന്നങ്ങൾ വിപണിയിൽ എത്തിയത്. പ്രകൃതിദത്തമായ ധാതുക്കൾ (നാച്ചുറൽ മിനറൽസ്) കൊണ്ട് തയ്യാറാക്കിയ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് മിനറൽ മേക്കപ്പിൽ അടങ്ങിയിരിക്കുന്നത് എന്നതിനാൽ ഇവ ഒരു തരത്തിലും ചർമ്മത്തിന് ദോഷമേൽപ്പിക്കുന്നില്ല.
മിനറൽ മേക്കപ്പ് ഉൽപന്നങ്ങളിൽ മുഖം, കണ്ണ്, ചുണ്ട് ഇവയ്ക്കായി പ്രത്യേകം മേക്കപ്പ് പ്രോഡക്ട്സിന്റെ ഒരു ശ്രേണി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ചർമ്മത്തിന് ദോഷകരമായ യാതൊരു ഘടകവും ഇവയിൽ അടങ്ങിയിട്ടില്ല. ഇതിന്റെ ഉപയോഗം മൂലം ചർമ്മത്തിന് നിറ വ്യത്യാസമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകുന്നില്ല. മിനറൽ മേക്കപ്പ് പ്രോഡകട്സ് ഒരു തരത്തിലും സൈഡ് ഇഫക്ടിനു കാരണമാകുന്നില്ല എന്ന് ബ്യൂട്ടി എക്സ്പെർട്ട് രജനി പ്രകാശ് പറയുന്നു.
മികച്ച ഗുണം
പ്രകൃതിദത്ത ധാതുക്കൾ നേർമ്മയോടെ പൊടിച്ചെടുത്താണ് മിനറൽ മേക്കപ്പ് ഉൽപന്നങ്ങൾ തയ്യാറാക്കുന്നത്. സാധാരണയായി ലൂസ് പൗഡർ രൂപത്തിലാണ് ഇത് ലഭിക്കുന്നത്. ഒരു പ്രത്യേക തരം ബ്രഷ് ഉപയോഗിച്ചാണ് ഇത് സ്കിന്നിൽ തേച്ച് പിടിപ്പിക്കുന്നത്.
ചർമ്മത്തിൽ പല പാളികളായി പുരട്ടേണ്ടി വരുന്നില്ലെന്നതാണ് ഇതിന്റെ സവിശേഷത. ശരിയായ ബ്രഷ് ഉപയോഗിച്ച് അൽപം മിനറൽ മേക്കപ്പ് പുരട്ടിയാൽ മതി, മികച്ച റിസൾട്ട് കാണാനാകും. ഒരു പ്രശസ്ത മേക്കപ്പ് നിർമ്മാണ കമ്പനിയുടെ ഏരിയാ സെയിൽ മാനേജർ ദീപക് പറയുന്നു, ബ്യൂട്ടി പ്രൊഡക്ട്സ് തെരഞ്ഞെടുക്കുന്നതിലും ഉപയോഗിക്കുന്നതിലും ജനങ്ങൾ ജാഗരൂകരാണ്. മേക്കപ്പ് ഉൽപന്നങ്ങളുടെ കാര്യത്തിൽ വില അൽപം കൂടിയാൽ തന്നെ ഒരു തരത്തിലുമുള്ള കോംപ്രമൈസിനും തയ്യാറാകുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മിനറൽ മേക്കപ്പ് പ്രോഡക്ട്സിൽ ദോഷകരമായ യാതൊരു കെമിക്കൽസും അടങ്ങിയിട്ടില്ല എന്നതിനാൽ ചർമ്മത്തിന് ഹാനികരമാകുമെന്ന ഭയവും വേണ്ട. ചർമ്മത്തിലെ രോമകൂപങ്ങൾ അടയ്ക്കുകയാണ് സാധാരണ ഫൗണ്ടേഷൻ ചെയ്യുന്നത്. എന്നാൽ മിനറൽ മേക്കപ്പിന്റെ ഉപയോഗം ചർമ്മത്തിന് ആരോഗ്യവും തിളക്കവും പ്രദാനം ചെയ്യുന്നു.
മിനറൽ മേക്കപ്പിൽ ഫൗണ്ടേഷൻ റേഞ്ചാണ് ഏറ്റവും അധികമായി ഉള്ളത്. ഇതിന്റെ വർദ്ധിച്ച് വരുന്ന ഡിമാന്റ് കണക്കിലെടുത്ത് ബ്യൂട്ടി പ്രോഡക്ട്സ് നിർമ്മാതാക്കൾ സമ്പൂർണ്ണ മേക്കപ്പ് റേഞ്ച് തന്നെ വിപണിയിലെത്തിച്ചു. ഇതിൽ ഫൗണ്ടേഷൻ കൂടാതെ ഐ ഷാഡോ, ബ്ലഷർ, ലിപ്സ്റ്റിക് തുടങ്ങിയവ മുൻനിരയിൽ നിൽക്കുന്നു.
മുഖം, കണ്ണ്, ചുണ്ട്…
മിനറൽ മേക്കപ്പിൽ ഫേസ് മേക്കപ്പിന്റെ വലിയൊരു ശ്രേണി തന്നെയുണ്ട്. മുഖം ഹൈലൈറ്റ് ചെയ്യുന്നതിനുള്ള ഉൽപന്നങ്ങൾ ലൈറ്റ് ടെക്സ്ചറിൽ ലഭ്യമാണ്. പിങ്ക്, പീച്ച്, വൈൻ ഗോൾഡൻ, ബ്രാസ് എന്നിങ്ങനെ പല വർണ്ണങ്ങളിൽ ഇത് ലഭ്യമാണ്. ചർമ്മത്തിൽ എളുപ്പം മിക്സ് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
ബ്ലഷർ റേഞ്ചിൽ റോസ് ബെയ്ജ്, ഗോൾഡൻ ഐവറി, ഗോൾഡൻ നാച്ചുറൽ, ഗോൾഡൻ ബെയ്ജ് എന്നീ നിറങ്ങൾ ഏറെ പ്രചാരത്തിലുണ്ട്. ഐ മേക്കപ്പ് ഇനത്തിലാണ് ഏറ്റവും അധികം കളർ ഷേയ്ഡ്സ് ഉള്ളത്.
ചുണ്ടുകൾ വരണ്ട് ഉണങ്ങുന്നില്ല എന്നതാണ് മിനറൽ ലിപ്കളറിന്റെ സവിശേഷത. ചുണ്ടുകളിൽ ഈർപ്പം നിലനിർത്തുന്നതിനുള്ള കഴിവ് ഇതിനുണ്ട്.
ബ്രൈറ്റ്, ലൈറ്റ് ഷേയ്ഡ്സ് കൂടാതെ ചുണ്ടുകൾ പൊട്ടാതിരിക്കാൻ ലിപ് ഗ്ലോസും ഉണ്ട്. മിനറൽ മേക്കപ്പ് പ്രോഡക്ട്സിൽ എന്തെല്ലാം ഉൽപന്നങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് ലേബൽ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം വാങ്ങുക. ബ്രാന്റഡ്, ഗുണനിലവാരം ഉള്ള കമ്പനി പ്രോഡക്ട്സ് മാത്രം തെരഞ്ഞെടുക്കുക.