ശരീരം ഫിറ്റ് ആയി നിലനിർത്താൻ ശരിയായ ഭക്ഷണം, ആവശ്യമായ വിശ്രമം, ചിട്ടയായ വ്യായാമം ഇവ മൂന്നും ആവശ്യം ആണെന്നറിയാമല്ലോ. വ്യായാമം പതിവായി ചെയ്യുന്ന വ്യക്തി പല രോഗങ്ങളിൽ നിന്നും മുക്തനാകുന്നു, അതോടൊപ്പം അവന്‍റെ കാര്യക്ഷമതയും വർദ്ധിക്കുന്നു. ആഴ്ചയിൽ 2- 3 മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം.
ജിമ്മിൽ പോകുക, ഓട്ടം, യോഗ, എയ്റോബിക്സ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സ്പോർട്സ് തുടങ്ങിയവ ഒക്കെ ചെയ്യാം. ഇതിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നീന്തലും ഒരു നല്ല ഓപ്ഷനാണ്, പ്രത്യേകിച്ച് വേനൽക്കാലത്ത് ആളുകൾക്ക് ഇത് വളരെ ഇഷ്ടമാണ്. സെന്‍റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ അഭിപ്രായത്തിൽ, നീന്തൽ ഒരു മികച്ച ഫുൾ ബോഡി വർക്ക്ഔട്ടാണ്.
ഒരു പഠനമനുസരിച്ച്, തുടർച്ചയായി 3 മാസത്തേക്ക് ആഴ്ചയിൽ 40- 50 മിനിറ്റ് നീന്തുന്നത് ഒരു വ്യക്തിയുടെ എയ്റോബിക് ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നു. ഇത് ഒരു വ്യക്തിയുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും. അർബുദം, പ്രമേഹം, വിഷാദം, ഹൃദ്രോഗം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായകമാണെന്ന് പഠനം പറയുന്നു.
വലിയ നേട്ടങ്ങൾ
നീന്തൽ ശരീരത്തിന്‍റെ പല ഭാഗങ്ങളുടെയും പേശികളെ സജീവമാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്ത തരം നീന്തൽ വിദ്യകൾ വ്യത്യസ്ത പേശികളെ ശക്തിപെടുത്തുന്നു നീന്തലിൽ ശരീരത്തിന്‍റെ എല്ലാ പ്രധാന ഭാഗങ്ങളെയും ഏകോപിപ്പിക്കുന്ന ചലനങ്ങൾ ഉൾപ്പെടുന്നുവെങ്കിലും കൈകൾ, കാലുകൾ, ശിരസ്സ്, ശരീരം ഇവ ഓരോന്നും ഉപയോഗിക്കുന്ന വ്യത്യസ്ത നീന്തൽ രീതികൾ കാരണം ഗുണങ്ങൾ വ്യത്യസ്തമാണ്.
ഉദാഹരണത്തിന്, ഫ്രീസ്റ്റൈലിൽ നിങ്ങൾക്ക് ഏത് വിധത്തിലും നീന്താം. ബ്രെസ്റ്റ് സ്ട്രോക്കിൽ നെഞ്ച് കൊണ്ട് തള്ളും, ബട്ടർഫ്ലൈയിൽ ശരീരം മുഴുവൻ ഉപയോഗിക്കുന്നു, സൈഡ് സ്ട്രോക്കിൽ ഒരു കൈ എപ്പോഴും വെള്ളത്തിൽ ആയിരിക്കും മറുകൈ ഉപയോഗിച്ച് നീന്തുന്നു.
കൈകാലുകളുടെ ചലനം മാത്രമല്ല, വയർ മസിൽ, നട്ടെല്ല് ഇവയൊക്കെ നല്ല രീതിയിൽ പ്രവർത്തനക്ഷമമാകും നട്ടെല്ലിന്‍റെ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് നീന്തൽ ഏറെ ഗുണം ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു.
ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്
ശരീരഭാരം കുറയ്ക്കാൻ ബട്ടർഫ്ലൈ സ്ട്രോക്ക് മികച്ചതായി കണക്കാക്കപ്പെടുന്നു. 10 മിനിറ്റ് കൃത്യമായി ചെയ്യുന്നതിലൂടെ ഏകദേശം 150 കലോറി എരിച്ചു പോകും. ശ്വസിക്കുമ്പോൾ അടിവയറ്റിലെയും പുറകിലെയും പേശികൾ ശരീരത്തെ വെള്ളത്തിൽ നിന്ന് പുറത്തേക്ക് തള്ളിവിടുന്നു. തോളുകൾ, കൈകാലുകൾ, ട്രൈസെപ്‌സ് എന്നിവയെല്ലാം ഈ സ്‌ട്രോക്ക് സമയത്ത് വളരെയധികം പ്രവർത്തിക്കുന്നു.
ബ്രെസ്റ്റ് സ്ട്രോക്കിനെക്കുറിച്ച് പറയുമ്പോൾ, നെഞ്ചു കൊണ്ടാണ് നീന്തൽ. ശരീരത്തിന്‍റെ ബാക്കി ഭാഗങ്ങൾ വളരെ കുറച്ച് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ശിരസ്സ് വെള്ളത്തിന് പുറത്താണ്, ശരീരം നിവർന്നുനിൽക്കുന്നു, തവള വെള്ളത്തിൽ നീന്തുന്നതുപോലെ കൈകാലുകൾ ഉപയോഗിക്കുന്നു.
നീന്തലിന്‍റെ മറ്റ് ഗുണങ്ങൾ
- ശ്വാസകോശത്തിന് ഗുണം ചെയ്യും
‘ഇന്ത്യൻ ജേണൽ ഓഫ് ഫിസിയോളജി’യിൽ പ്രസിദ്ധീകരിച്ച ‘നീന്തൽക്കാരിലും ഓട്ടക്കാരിലുമുള്ള ശ്വാസകോശ പ്രവർത്തനത്തെക്കുറിച്ചുള്ള താരതമ്യ പഠനം’ നീന്തൽ ശ്വാസകോശങ്ങളെ ശക്തിപ്പെടുത്തുകയും അവയിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്‍റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. നീന്തുമ്പോൾ, ശ്വാസകോശം വളരെ സജീവമാണ്, ആഴത്തിലുള്ള ശ്വാസം എടുത്ത് ദീർഘനേരം പിടിക്കുക. ഇത് ശ്വാസകോശത്തിന്‍റെ ശേഷി വർദ്ധിപ്പിക്കുകയും ശ്വാസകോശ പേശികളിൽ നല്ല സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. കൂടാതെ, നീന്തൽക്കാർ ചെറിയ ഇടവേളകളിൽ മാത്രം ആണ് ശ്വസിക്കുന്നത്. ഇതിനർത്ഥം ശരീരം അൽപ്പനേരം ശ്വാസം കാത്തിരിക്കാൻ പരിശീലിപ്പിക്കപ്പെടുന്നു, അതുവഴി ശ്വസനത്തിന്‍റെ സഹിഷ്ണുത വികസിക്കുന്നു. ഈ വ്യായാമങ്ങളുടെ നല്ല ഫലം ആസ്ത്മ രോഗികളിലും ദൃശ്യമാണ്.
- ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്
നീന്തുമ്പോൾ കാലുകൾ തുടർച്ചയായി ചലിക്കേണ്ടതുണ്ട്. ഇതോടൊപ്പം കൈകളും തോളും ചലിക്കേണ്ടതുണ്ട്. ജലത്തിന് വായുവിനേക്കാൾ സാന്ദ്രത കൂടുതലായതിനാൽ ശരീരത്തിൽ ജലത്തിന്‍റെ മർദം കൂടുതലായി അനുഭവപ്പെടുന്നു. വെള്ളം ചലനത്തിന് നിരന്തരമായ പ്രതിരോധം സൃഷ്ടിക്കുന്നു. ഈ പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാൻ ശരീരം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇത് പേശികളെ ടോൺ ചെയ്യുകയും സ്റ്റാമിനയും ശക്തിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുതിർന്നവരിൽ ഹിപ് പേശികളെ ശക്തിപ്പെടുത്തുന്നതിനും ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗികളിൽ ശക്തി മെച്ചപ്പെടുത്തുന്നതിനും നീന്തൽ നല്ലൊരു മാധ്യമമായി കണക്കാക്കപ്പെടുന്നു.
- മെന്‍റൽ വെൽ ബീയിങ്
വ്യായാമം നല്ല ഹോർമോണുകളെയും എൻഡോർഫിനുകളെയും പ്രോത്സാഹിപ്പിക്കുകയും സ്ട്രെസ് ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. മോശം മാനസികാവസ്ഥ, ഉത്കണ്ഠ, സമ്മർദ്ദം അല്ലെങ്കിൽ വിഷാദം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് നീന്തൽ ശുപാർശ ചെയ്യാറുണ്ട്. മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച് ചിലർക്ക് നീന്തൽ കൂടുതൽ ആശ്വാസം നൽകുന്നു.
- വാത രോഗത്തിനും നീന്തൽ
സന്ധിവാതമോ മറ്റേതെങ്കിലും അസ്ഥിക്ഷതമോ ആകട്ടെ, നീന്തൽ മറ്റ് വ്യായാമങ്ങളേക്കാൾ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. ഓട്ടം, സൈക്ലിംഗ് അല്ലെങ്കിൽ മറ്റ് ജിം വർക്കൗട്ടുകളിൽ ഏറ്റവും വലിയ അപകടം എല്ലുകൾക്കോ സന്ധികൾക്കോ ഉണ്ടാകുന്ന പരിക്കാണ്. ആർത്രൈറ്റിസ് രോഗികൾ നീന്താനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ശരീരം വെള്ളത്തിലായിരിക്കുമ്പോൾ ചലനങ്ങൾ എളുപ്പം ചെയ്യാൻ കഴിയും. അതിനാൽ, സന്ധികളിൽ വേദനയുണ്ടെങ്കിലും ഒരാൾക്ക് സുഖമായി നീന്താം.
- നന്നായി ഉറങ്ങാൻ
‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്’ പറയുന്നതനുസരിച്ച്, പ്രായമായവർക്ക് ഉറക്കമില്ലായ്മയ്ക്കുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് നീന്തൽ.
- ഹൃദയത്തെ പരിപാലിക്കുക
നീന്തൽ ഒരു തരം എയറോബിക് വ്യായാമമാണ്, ഇത് ഹൃദയത്തെ ശക്തിപ്പെടുത്തുന്നു, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും 30 മിനിറ്റ് നീന്തുകയാണെങ്കിൽ കൊറോണറി ഹൃദ്രോഗ സാധ്യത 30 മുതൽ 40% വരെ കുറയുന്നു. നല്ല കൊളസ്‌ട്രോളിന്‍റെ അളവ് കൂട്ടാനും നീന്തൽ സഹായിക്കും.