ഇതിനിടയിൽ നന്ദൻമാഷിനേയും കൊണ്ട് സുമേഷ് സിന്ദൂരത്തിലെത്തി. ശാന്തി ഒക്കത്ത് കൊച്ചുമോനെയും വച്ച് ഓടിവന്നു. അവൾ ഒരു കൈ കൊണ്ട് ഗേറ്റിന്‍റെ ഓടാമ്പലെടുത്ത് തുറന്നു കൊടുത്തു.

“താര ഓഫീസിൽ പോയോ?” കാറിൽ നിന്നിറങ്ങുമ്പോൾ സുമേഷ് ചോദിച്ചു.

“ഓ… ചേച്ചീ ഓഫീസിലേക്ക് ഇപ്പം സ്കൂട്ടറോടിച്ച് പോയതേ ഉള്ളൂ. ഞാൻ കിച്ചുമോന് പലഹാരം വായില് വച്ച് കൊടുക്കുകയായിരുന്നു.” സുമേഷ് ശാന്തിയുടെ ഒക്കത്തിരിക്കുന്ന മോന്‍റെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു

“എന്താ കുട്ടാ… നീ ഇപ്പോൾ എഴുന്നേറ്റതേ ഉള്ളോ? എഴുന്നേറ്റിട്ട് നീ ചീച്ചീ ഒഴിച്ചോ? പല്ലുതേച്ചോ?”

“എല്ലാം ചെയ്യിച്ചു സാർ. അവൻ കാലത്തെ കക്കുസിലും പോയ ശേഷമാണ് ഞാൻ കുളിപ്പിച്ചത്.”

“ഓ… അപ്പോൾ നീ മിടുക്കനായിപ്പോയല്ലോടാ കുട്ടാ… എന്നാ ശാന്തി ചെല്ല് അവന് ബ്രേക്ക്ഫാസ്റ്റ് മുഴുവൻ കൊടുക്ക്.”

“ശരി സാർ…” ശാന്തി അവനേയും കൊണ്ട് തിരിഞ്ഞു നടന്നു. അപ്പോഴാണ് സുമേഷ് അച്ഛന്‍റെ കാര്യം ഓർത്തത്. ഈ അച്ഛനെന്താ വീടെത്തിയിട്ടും കാറിൽ നിന്നും ഇറങ്ങാത്തത്? അച്ഛൻ അതും മറന്നു പോയോ? സുമേഷ് ആകാംക്ഷയോടെ കാറിനടുത്തെത്തി. ഡോർ തുറന്നു കൊടുത്തു കൊണ്ട് പറഞ്ഞു “അച്ഛനെന്താ… വീടെത്തിയ കാര്യം അറിഞ്ഞില്ലെ?”

“ഓ… വീടെത്തിയല്ലെ?… ഞാനത് ശ്രദ്ധിച്ചില്ല. എന്തോ ഓർത്തിരുന്നു പോയി.”

“ഈയിടെയായി അച്ഛന് സർവ്വത്ര മറവിയാണല്ലോ. അമ്മയെ മാത്രം ഓർമ്മയുണ്ട്.”

“ഇപ്പോഴാണ് ഞാനോർത്തത്. നീ സൗദാമിനി ഇവിടുണ്ടെന്നു പറഞ്ഞിട്ട് എവിടെ? ഞാൻ കാണുന്നില്ലല്ലോ?”

“അമ്മ അകത്തുണ്ടാവും അച്ഛാ… അച്ഛനിറങ്ങിയാട്ടെ…” നന്ദൻമാഷ് പതുക്കെ സുമേഷ് തുറന്നു പിടിച്ചിരുന്ന ഡോറിലൂടെ കാറിനു വെളിയിലിറങ്ങി. അയാൾ നടക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. വീഴാതിരിക്കാൻ അവിടവിടെ പിടിച്ചാണ് അയാൾ നടന്നത്. സുമേഷപ്പോൾ അച്ഛനോട് അമ്മയെക്കാണാത്തതിനെപ്പറ്റി എന്ത് കള്ളം പറയുമെന്ന് ആലോചിച്ചു കൊണ്ടിരുന്നു. സിറ്റൗട്ടിന്‍റെ സ്റ്റെപ്പുകൾ കയറാൻ തുടങ്ങിയ നന്ദൻമാഷ് അതിന്‍റെ കൈവരികളിൽ പ്പിടിച്ച് മെല്ലെ ക്കയറുന്നതിനിടയിൽ വീഴാൻ പോയി. അതു കണ്ട് സുമേഷ് അടുത്തു ചെന്നു പിടിച്ചിട്ടു പറഞ്ഞു.

“അച്ഛൻ ഇങ്ങനെ അനങ്ങാതെ വീട്ടിലിരിക്കുന്നതുകൊണ്ടാണ് നടക്കാനൊന്നും വയ്യാതാകുന്നത്. ഇടയ്ക്കെല്ലാം പണ്ടത്തെപ്പോലെ മുറ്റത്തിറങ്ങി നടക്കണം. അല്ലെങ്കിൽ ഈ പ്രായത്തിൽ കൈകാലുകളുടെ പ്രവർത്തനത്തെഅതു ബാധിക്കും. നടക്കാൻ വയ്യാതെ വീണ് എല്ലൊടിയാനും അതുമതി.”

സുമേഷ് അച്ഛന്‍റെ മുന്നിൽ തന്‍റെ വിജ്ഞാനം വിളമ്പി. അതു കേട്ട് നന്ദൻമാഷ് വിഷാദമഗ്നമായി പുഞ്ചിരിച്ചു… സത്യത്തിൽ ശാരീരികമായി തനിക്കനുഭവപ്പെടുന്ന ക്ഷീണവും മറ്റു പരിമിതികളും എങ്ങനെ മറികടക്കണമെന്ന് നന്ദൻമാഷിനും അറിയില്ലായിരുന്നു. ഇതിനിടയിൽ സുമേഷ് തന്‍റെ മുറിയിൽച്ചെന്ന് വേഷം മാറി വന്നിട്ട് ശാന്തിയെ വിളിച്ചു.

“ശാന്തി… എനിക്ക് പോകാൻ സമയമായി. നീ വേഗം എനിക്കുള്ള കാപ്പിയും പലഹാരങ്ങളും എടുത്തു വയ്ക്ക്.”

“ശരി സാറെ. കൊച്ച് എന്‍റെ കൈയ്യിലിരിക്കുന്നതുകൊണ്ടാ… അല്ലെങ്കിൽ നേരത്തേ എടുത്തുവച്ചേനെ.” അവൾ കിച്ചുമോനെ ഒക്കത്തു നിന്ന് താഴെ ഇറക്കിക്കൊണ്ടു പറഞ്ഞു.

നന്ദൻമാഷ് മുറിക്കകത്തു കടന്നു കസേരയിലിരുന്ന ഉടനെ സുമേഷിന്‍റെ രണ്ടു വയസ്സുള്ള മകൻ കിച്ചു പിച്ചവച്ചു നടന്നു വന്നു. നന്ദൻമാഷിന്‍റെ കൈയ്യിൽ പിടിച്ചു കൊണ്ട് അവൻ “അപൂപ്പാ” എന്നു വിളിച്ചു. അവന്‍റെ കൊഞ്ചൽനാദം നന്ദൻമാഷിന്‍റെ വിഷാദങ്ങളെ അകറ്റി. അദ്ദേഹം കിച്ചുവിനെ തന്നോടു ചേർത്തുപിടിച്ച് അവന് ഉമ്മ നൽകിക്കൊണ്ടു ചോദിച്ചു, “അപ്പൂപ്പന്‍റെ കൊച്ചുമോൻ എന്തു ചെയ്യുകയായിരുന്നു. മോൻ പാപ്പം കഴിച്ചോ? പാലു കുടിച്ചോ?”

“പാപ്പം കച്ചു. പാലു കുച്ചു…” അവൻ അപ്പൂപ്പനോട് ചേർന്നു നിന്ന് പാൽപ്പുഞ്ചിരി പൊഴിച്ചു. എന്നിട്ട് “എന്നെ എത്തോ… എത്തോ…” എന്നു പറഞ്ഞ് കൈകൾ പൊക്കി. അപ്പോൾ നന്ദൻമാഷ് അവനെ മടിയിലെടുത്തിരുത്തുവാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വിഷണ്ണനായി പറഞ്ഞു.

“അപ്പൂപ്പന് നിന്നെ എടുക്കാൻ വയ്യല്ലോടാ മോനെ. മോൻ പോയി കളിച്ചോ.അപ്പൂപ്പൻ ഇത്തിരിനേരം കിടക്കട്ടെ.” അവൻ അതു കേട്ട് പിച്ചവച്ച് അവിടെ നിന്നും നടന്നു പോയി. അവൻ ശാന്തിയുടെ അടുത്ത് ചെന്ന് പറഞ്ഞു. “അപ്പൂപ്പാ… വന്നു… ഒങ്ങാൻ പോയി…”

“ഓ… ഒങ്ങാൻ പോയോ… കിഴവന് എപ്പോഴും കിടന്നാൽ മതിയല്ലോ. ചുമ്മാ തീറ്റേം കിടപ്പും. ഇത്തിരി നേരം ഈ കൊച്ചിനെ നോക്കിയിരുന്നെങ്കി ഞാനെന്തെങ്കിലും പണി ചെയ്തേനെ.” സുമേഷിനുള്ള കാപ്പിയും ഇഡ്ഡലിയും മേശപ്പുറത്ത് എടുത്തു വയ്ക്കുന്നതിനിടയിൽ അവൾ പല്ലിറുമ്മിക്കൊണ്ടു പറഞ്ഞു.

സുമേഷ് ശുഭ്ര വസ്ത്രധാരിയായി മേശപ്പുറത്ത് വന്നിരുന്നു കൊണ്ടു പറഞ്ഞു.

“അച്ഛന് നീ ചായയും പലഹാരവും എടുത്ത് മേശപ്പുറത്ത് അടച്ചു വച്ചാൽ മതി അച്ഛൻ വിശക്കുമ്പോൾ വന്ന് എടുത്തു കഴിച്ചോളും.”

“ശരി സാറെ. അങ്ങേർക്ക് ചിലപ്പോ ആഹാരം കഴിക്കുന്ന കാര്യമൊന്നും ഓർമ്മയില്ല. ചിലപ്പോ ഞാൻ ചെന്ന് വിളിച്ചാ അങ്ങേര് എണീറ്റു വന്നു വല്ലതും കഴിക്കും. അല്ലെങ്കിൽ ചിലപ്പോ ചോദിക്കും, ഞാൻ അല്പം മുമ്പ് കാപ്പി കുടിച്ചില്ലേ? നീയല്ലേ എനിക്ക് എടുത്തു തന്നത് എന്ന്. അങ്ങേർക്ക് പലപ്പോഴും പലതും ഓർമ്മയില്ല സാറെ. ചിലപ്പോ എന്നെയും മോനെയുമൊന്നും ആലുവാമണപ്പുറത്തു വച്ചു കണ്ട പരിചയം പോലും ഇല്ലാതെയാ ഇരിക്കുന്നെ.അപ്പോ കണ്ടാ മറ്റേതോ ലോകത്താണെന്ന് തോന്നും. ഞാൻ എന്തു ചെയ്യാനാ സാറേ…”

“ശരി… ശരി… നീ ആഹാരം എടുത്തുവച്ചിട്ട് ഒരു പ്രാവശ്യം ചെന്നു പറഞ്ഞാ മതി. വേണോങ്കി വന്ന് എടുത്തു കഴിച്ചോളും.”

“ശരി സാറെ… അല്ലെങ്കിത്തന്നെ ഒരോരുത്തരുടെ പിറകേ നടക്കാൻ എനിക്കെവിടാ നേരം. എനിക്കാണെങ്കി ഇവിടെ കൊച്ചിനെ നോക്കുന്നതുൾപ്പെടെ പിടിപ്പതു പണിയൊണ്ട്. ഇത്രേം പണിയില്ലാത്തിടത്ത് വേറെ ചിലര് എന്നെ വിളിച്ചതാ. ശമ്പളവും കൂട്ടിത്തരാമെന്ന് പറഞ്ഞിരുന്നു…”

“ശരി… ശരി… നിനക്കാവുന്ന കാര്യങ്ങൾ ചെയ്താൽ മതി. ബാക്കി താര വന്നിട്ട് ചെയ്തോളും. പിന്നെ ശമ്പളം കൂടുതൽ വേണമെങ്കിൽ തരാം. എന്നാലും നീ ഇവിടെ നിന്ന് പോകരുത്. നീ പോയാൽ വേറെ ഒരാളെ കിട്ടുവാൻ വലിയ ബുദ്ധിമുട്ടാ…”

“അതു ശരിയാ സാറെ. ഓരോരുത്തര് വേലക്കാരെ അന്വേഷിച്ചു നടക്കുവാ എത്ര വേണമെങ്കിലും ശമ്പളം തരാമെന്ന് പറഞ്ഞ്…”

ഇതിനിടയിൽ കിച്ചു കൈയ്യെത്തിച്ച് അച്ഛന്‍റെ പ്ലേറ്റിൽ നിന്നും ഇഡ്ഡലി എടുക്കുവാൻ നോക്കുന്നുണ്ടായിരുന്നു. അവന്‍റെ കൈതട്ടി ചായ മറിഞ്ഞ് സുമേഷിന്‍റെ ഷർട്ടിൽ വീണു.

“അയ്യോ സാറെ. സാറിന്‍റെ ഷർട്ട് ചീത്തയായല്ലോ.”

“നീ അതും പറഞ്ഞ് നോക്കി നില്ക്കുകയാണോ? നീ വേഗം വന്ന് കൊച്ചിനെ എടുത്തേ. ഞാൻ ഷർട്ട് മാറ്റിയിട്ടു വരാം.”

“അയ്യയ്യോ… കിച്ചുക്കുട്ടാ… ചായ തട്ടിമറിച്ച് അച്ഛന്‍റെ ഷർട്ടിൽ വീഴ്ത്തിയല്ലേ? കൊച്ചുതെമ്മാടി…” എന്നു പറഞ്ഞവൾ കിച്ചുവിനെ കൊഞ്ചിച്ചു കൊണ്ട് എടുത്തു മാറ്റി. അപ്പോൾ സുമേഷ് കൈ കഴുകിയിട്ട് എഴുന്നേറ്റ് ബെഡ്റൂമിലേക്ക് പോയി. അയാൾ അലമാരിയിൽ നിന്നും മറ്റൊരു ഷർട്ട് ധരിച്ച് പുറത്തു വന്നു.

“ങാ… ശരി… ശാന്തി, ഞാൻ ബാങ്കിലേക്ക് പോവുകാ… നീ കിച്ചുവിനെ നന്നായി നോക്കണേ…”

“നോക്കാം സാറേ” അവൾ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. സുമേഷ് പതുക്കെ ചെന്ന് അച്ഛൻ മുറിയിൽ എന്തു ചെയ്യുകയാണെന്ന് നോക്കി. നന്ദൻമാഷ് മുറിയ്ക്കകത്ത് ഒന്നു കിടക്കുവാൻ വട്ടം കൂട്ടുകയായിരുന്നു.

എന്നാൽ തന്‍റെ മുറിക്കകത്തെത്തിയ ഉടനെ നന്ദൻമാഷിന് താൻ അത്രയും നേരം മറന്നിരുന്ന ഭാര്യയെ ഓർമ്മവന്നു. പെട്ടെന്ന് മുറിയിൽ നിന്നിറങ്ങി എല്ലാടത്തും തിരഞ്ഞു. എന്നാൽ എങ്ങും കാണാഞ്ഞ് ദുഃഖത്തോടും അല്പം ദേഷ്യത്തോടും കൂടി മകനോട് ആരാഞ്ഞു.

“എവിടെ സൗദാമിനി… അവളെ ഇവിടെങ്ങും കാണുന്നില്ലല്ലോടാ… അവൾ എവിടെപ്പോയി?”

“അച്ഛാ, അമ്മ അമ്പലത്തിൽ പോയിരിക്കുകയാണെന്ന് ശാന്തി ഇപ്പോൾ പറഞ്ഞു”

“ഓ… അതു ശരി… എങ്കിൽ അവൾ പോയിട്ടു വരട്ടെ. കേട്ടോ സുമേഷേ… ഒരു ദിവസം പോലും അമ്പലത്തി തൊഴാതെ അവൾക്ക് ഒറക്കം വരികയില്ല.” അച്ഛൻ സമാധാനപൂർവ്വം ബെഡ്റൂമിലേക്ക് നടക്കുന്നതു കണ്ടപ്പോൾ സുമേഷിന് ആശ്വാസമായി. തനിക്ക് അപ്പോൾ അങ്ങനെ പറയാൻ തോന്നിയത് നന്നായി എന്ന് അയാൾ ആലോചിച്ചു. എന്നിട്ട് പൂമുഖത്തെത്തി ശാന്തിയോട് വിളിച്ചു പറഞ്ഞു.

“ശാന്തി… ഈ വാതിലടച്ചോളൂ. ഞാൻ പോവുകയാ…” സുമേഷ് കാറെടുക്കാനായി കാർഷെഡ്ഡിലേക്കു നടക്കുമ്പോൾ ശാന്തി വന്ന് പൂമുഖ വാതിലടച്ച് അകത്തേക്കു പോയി. അല്പം കഴിഞ്ഞ് അവൾ കിച്ചുമോനെ തോളിലിട്ട് ഉറക്കാൻ തുടങ്ങി.

അവൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ അവൾ ബെഡ്റൂമിൽ കൊണ്ടുപോയി കിടത്തി. എന്നിട്ട് നന്ദൻമാഷിനുള്ള ചായയും ഇഡ്ഡലിയും എടുത്ത് മേശപ്പുറത്തു വച്ചു.

നന്ദൻമാഷിനെ വിളിക്കാനായി ചെന്നപ്പോൾ അദ്ദേഹം കണ്ണു തുറന്ന് കിടക്കുന്നതു കണ്ടു. അദ്ദേഹം ഏതോ കാഴ്ചകൾ കാണുന്നതു പോലെ ഇടയ്ക്കിടയ്ക്ക് പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“ഈ മനുഷ്യന് പ്രാന്താണെന്നു തോന്നുന്നു. തനിയെ കിടന്നു ചിരിക്കുന്നതുകണ്ടില്ലേ? ഏതായാലും കാപ്പി കുടിക്കാൻ വിളിച്ചു നോക്കാം. വിശക്കുന്നെങ്കിൽ എഴുന്നേറ്റു വരട്ടെ.” അങ്ങനെ വിചാരിച്ച് ശാന്തി, നന്ദൻമാഷിനെ അല്പം ഉറക്കെ വിളിച്ചു.

“സാറെ… മേശപ്പുറത്ത് കാപ്പി എടുത്ത് വച്ചിട്ടുണ്ട്. സാർ എഴുന്നേറ്റു വന്നാട്ടെ.”

നന്ദൻമാഷ് ശബ്ദം കേട്ടിടത്തേക്ക് നോക്കി. ശാന്തി നില്ക്കുന്നതു കണ്ട് പറഞ്ഞു.

“ങാ… നീയായിരുന്നോ… ഞാൻ നേരത്തേ കാപ്പി കുടിച്ചതല്ലെ?”

“എപ്പോ സാറെ? സാർ ഇപ്പോൾ സുമേഷ് സാറിന്‍റെ കൂടെ പുറത്തു നിന്നും വന്നതല്ലെ ഉള്ളൂ. സുമേഷ്സാർ ചായ കുടിച്ചിട്ട് ബാങ്കിൽ പോയി. സാറും വന്നാട്ടെ.’“

“ഓ… ശരിയാണല്ലോ… ഞാനതു മറന്നു പോയി. നീ അവിടെ സൗദാമിനിയുണ്ടെങ്കി അവളോടും കാപ്പി കുടിക്കാൻ വരാൻ പറ. ഞങ്ങൾ ഒന്നിച്ചിരുന്നു കഴിച്ചോളാം. സുമേഷിന്‍റെ വീട്ടിൽ വരുമ്പോഴൊക്കെ ഞങ്ങടെ പതിവതാ.”

“സൗദാമിനിയോ… അതാരാ… സാറിന്‍റെ ഭാര്യയാണോ?”

“അതെ… നിനക്കറിയില്ല. അവൾ അമ്പലത്തീ പോയിരിക്കുകയാണെന്ന് സുമേഷ് പറഞ്ഞല്ലോ. ങാ… അവളിപ്പം വന്നു കാണും. നീ ചെന്നു വിളിക്ക്. അവള് മുറിയ്ക്കകത്ത് കാണും.”

“മുറിയ്ക്കകത്തോ. അവിടെങ്ങും ആരുമില്ല സാറേ.”

“പിന്നെവിടെ പോയി? സൗദാമിനി… സൗദാമിനി… നീയെവിടെപ്പോയി കിടക്കുവാ?”

നന്ദൻമാഷിന്‍റെ സ്വരം ഉച്ചത്തിലാവുന്നതും അതിൽ ദേഷ്യം കലരുന്നതും ശാന്തി ഭയത്തോടെ നോക്കിനിന്നു. പെട്ടെന്ന് അദ്ദേഹം മുറിയിൽ നിന്നും ഇറങ്ങി നടന്നു തുടങ്ങി. ഊണുമുറിയിലെത്തിയ നന്ദൻമാഷിന്‍റെ മുഖം കോപത്താൽ കത്തിജ്വലിക്കുന്നത്കണ്ട് അല്പം ഭയത്തോടെ ശാന്തി പറഞ്ഞു.

“അമ്മച്ചി ബാത്‌റൂമിലാണെന്നു തോന്നുന്നു സാറെ. സാറിവിടിരുന്ന് കഴിച്ചാട്ടെ. അമ്മച്ചി വരും.” അങ്ങനെ പറഞ്ഞ് അവൾ ഊണുമുറിയിലെ കസേര നീക്കിയിട്ട് നന്ദൻമാഷിനു കൊടുത്തു.

എന്നാൽ നന്ദൻമാഷ് “സൗദാമിനി ബാത്റൂമിലോ… എങ്കിൽ ഞാൻ നോക്കട്ടെ” എന്നു പറഞ്ഞ് ഓരോ മുറിയായി കയറി ഇറങ്ങുവാൻ തുടങ്ങി. പക്ഷെ അദ്ദേഹത്തിന് ബാത്റൂം എവിടെയാണെന്ന് കണ്ടുപിടിക്കാർ കഴിഞ്ഞില്ല. ബാത്റൂമാണെന്ന് കരുതി അടഞ്ഞു കിടന്ന ചില മുറികളുടെ വാതിലിൽ തട്ടി ഉറക്കെ വിളിച്ചു.

और कहानियां पढ़ने के लिए क्लिक करें...