സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് തൈറോയ്ഡിസവുമായു ബന്ധപ്പെട്ട ഹൈപോതൈറോയിഡിസവും ഹൈപ്പർ തൈറോയ്ഡിസവും. സ്ത്രീകൾക്ക് മാനസികവും ശാരീരികവുമായ പല മാറ്റങ്ങളെ നേരിടേണ്ടി വരാം. അതുപോലെ അവരിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കാം. സ്ത്രീ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. എന്നാൽ ഈ മാറ്റങ്ങൾ അസാധാരണമാണെങ്കിൽ അവ പല രോഗങ്ങൾക്കും കാരണമാകും. ഇക്കാരണം കൊണ്ട് തന്നെ സ്ത്രീകളിൽ തൈറോയ്ഡ് രോഗം വരാനുള്ള സാധ്യത ഏറെയാണ്.
സ്ത്രീകളിൽ തൈറോയ്ഡ് സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയിൽ നിന്നും മോചനം നേടാനുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചുമാണ് പ്രിസ്റ്റീൻ കെയറിലെ ഡോ. ശാലു വർമ്മ നിർദ്ദേശിക്കുന്നു.
എന്താണ് തൈറോയ്ഡ്
കഴുത്തിന്‍റെ താഴെയുള്ള ഭാഗത്തു കാണപ്പെടുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ട്രയോഡൊത്രൊണിൻ (T3), തൈറോക്സിൻ (T4) എന്നിങ്ങനെ രണ്ടു പ്രധാന ഹോർമോണുകളെ സ്രവിപ്പിക്കുന്നു. ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിൽ ഈ രണ്ടു ഹോർമോണുകളും നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്.
എന്നാൽ ഈ രണ്ട് ഹോർമോണുകളിൽ ഏതെങ്കിലും ഒരു ഹോർമോണിന്‍റെ ഉല്പാദനത്തിന്‍റെ അളവിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമ്പോൾ ശരീരത്തിൽ പല പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങും.
ഹൈപർ തൈറോയ്ഡിസവും ഹൈപ്പോതൈറോയ്ഡിസവും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത് തൈറോയ്ഡ് ഹോർമോണിന്‍റെ ഉത്പാദനം ആവശ്യത്തിലധികം വരുമ്പോൾ ആ അവസ്ഥയെ ഹൈപ്പർ തൈറോയ്ഡിസം എന്നും തൈറോയ്ഡ് ഹോർമോണിന്‍റെ ഉത്പാദനം കുറയുന്ന അവസ്‌ഥയെ ഹൈപ്പോതൈറോയ്ഡിസം എന്ന് പറയുന്നു. ഈ രണ്ട് അവസ്‌ഥകളും അസാധാരണമാണ്. അതിനാൽ അവയ്ക്കു ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൈപർതൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവും 10 മടങ്ങ് കൂടുതലായി കണ്ടുവരുന്നു. സ്‌ഥിതി വിവരക്കണക്കുകൾ പ്രകാരം, ഓരോ 8 സ്ത്രീകളിലൊരാൾക്കെന്ന നിലയിൽ തൈറോയ്ഡ് പ്രശ്നം കണ്ടുവരുന്നുണ്ട്. ഇതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത്, തൈറോയ്ഡ് തകരാറുകൾ പലപ്പോഴും ഓട്ടോ ഇമ്മ്യൂൺ റിയാക്ഷൻ മൂലമുണ്ടാകുന്നുവെന്നതാണ്. ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കാൻ തുടങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സ്ത്രീകളിൽ ഓട്ടോ ഇമ്മ്യൂൺ അവസ്‌ഥ പുരുഷന്മാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
ആർത്തവ ചക്രത്തിൽ ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും തൈറോയ്ഡ് ഹോർമോണുകൾ തമ്മിലുള്ള പ്രതിപ്രവർത്തനവും മൂലവും സ്ത്രീകളിൽ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് കൂടാതെ തൈറോയ്ഡൈറ്റിസ് (തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം), അയോഡിന്‍റെ കുറവും ആധിക്യവും ഹൈപ്പോതൈറോയ്ഡിസത്തിനും കാരണമാകും.
തൈറോയ്ഡ് പ്രശ്നങ്ങൾ എങ്ങനെ ബാധിക്കുന്നു
സ്ത്രീയുടെ പ്രത്യുൽപാദനവ്യവസ്ഥയും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവും തമ്മിൽ ശരിയായ താളക്രമം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. തൈറോയ്ഡ് ഗ്രന്ഥി അമിതമായിട്ടോ അല്ലെങ്കിൽ കുറവായിട്ടോ സക്രിയമാകുന്നത് വിവിധ ഹോർമോൺ തകരാറുകൾക്ക് ഇടവരുത്തും.
ആർത്തവം
തൈറോയ്ഡ് തകരാറുകൾ കാരണം ആർത്തവം നേരത്തെ വരികയോ വൈകുകയോ ചെയ്യും. ഇത് കൂടാതെ, തൈറോയ്ഡ് ഹോർമോണുകളുടെ കുറഞ്ഞതോ ഉയർന്നതോ ആയ ഉത്പാദനം ആർത്തവവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും കാരണമാകും. ക്രമരഹിതമായ ആർത്തവം, ആർത്തവത്തിന്‍റെ അഭാവം, അമിത രക്തസ്രാവം എന്നിവയ്ക്ക് ഇടവരുത്തും.
പ്രത്യുൽപാദനം
ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്നിവയും അണ്ഡോല്പാദനത്തെ ബാധിക്കും. അണ്ഡോല്പാദനവേളയിൽ ഒരു സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്നും ഒരു അണ്ഡം പുറത്ത് വരുന്നു. അത് പുരുഷന്‍റെ ബീജവുമായി സംയോജിച്ച് ഭ്രൂണമായി മാറുന്നു. തൈറോയ്ഡ് പ്രശ്നമുണ്ടെങ്കിൽ അത് അണ്ഡോല്പാദനത്തെ തടയും. മാത്രമല്ല ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കിൽ ഒവേറിയൻ സിസ്റ്റ് ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാണ്.
ഗർഭാവസ്‌ഥയിൽ
ഒരു സ്ത്രീ ഗർഭിണിയാണെങ്കിൽ, തൈറോയ്ഡ് തകരാറുണ്ടെങ്കിൽ ഇത് മൂലം സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. ഹൈപ്പർ തൈറോയ്ഡിസം മോർണിംഗ് സിക്ക്നസ്സ് ഉണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതേസമയം ഹൈപ്പോ തൈറോയ്ഡിസം അകാല പ്രസവം, ഗർഭം അലസൽ മറ്റ് ഗുരുതരമായ സങ്കീർണതകൾ എന്നിവയിലേക്ക് നയിച്ചേക്കാം.
ആർത്തവവിരാമം
തൈറോയ്ഡ് തകരാറുകൾ കാരണം ആർത്തവ വിരാമം നേരത്തെ ഉണ്ടാകാം. എന്നിരുന്നാലും കൃത്യമായ സമയത്ത് ചികിത്സയുടെ സഹായത്തോടെ ആർത്തവവിരാമം തടയാൻ കഴിയും.
എങ്ങനെ മോചനം നേടാം
തൈറോയ്ഡ് പ്രശ്നം ഉണ്ടായ ശേഷം അതിനെ നിയന്ത്രിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. അതിനാൽ, രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കണ്ട് വേണ്ട ചികിത്സ തേടുക. ആരോഗ്യമുള്ള ഒരു സ്ത്രീയ്ക്ക് ഈ രോഗം തടയാൻ ഇനി പറയുന്ന മാർഗ്ഗങ്ങൾ പരീക്ഷിക്കാം.
സംസ്കരിച്ച ഭക്ഷണം ഒഴിവാക്കുക
തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിക്കുന്ന നിരവധി രാസവസ്തുക്കൾ സംസ്കരിച്ച ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നുണ്ട്. അതുകൊണ്ട് സംസ്കരിച്ച ഭക്ഷണങ്ങൾ വളരെ കുറഞ്ഞ അളവിൽ കഴിക്കുന്നതാണ് നല്ലത്.
സോയ ഒഴിവാക്കുക
ഇത് വളരെ ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും തൈറോയ്ഡ് സംബന്ധമായി വരുമ്പോൾ ഇത് ഒഴിവാക്കുന്നതാണ് ഉചിതം. ആവശ്യത്തിലധികമായ അളവിൽ സോയ കഴിക്കുന്നത് ഹോർമോൺ ഉത്പാദനത്തെ ബാധിക്കും.
പുകവലി പാടില്ല
പുകവലി മൂലമുണ്ടാകുന്ന വിഷമയമായ വസ്തു തൈറോയ്ഡ് ഗ്രന്ഥി കൂടുതൽ സംവേദനക്ഷമമാക്കും. പുകവലി തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും മൂല കാരണമാകും.
പിരിമുറുക്കം അകറ്റുക
തൈറോയ്ഡ് അടക്കം മറ്റ് പല രോഗങ്ങൾക്കും മാനസിക പിരിമുറുക്കം വലിയൊരളവുവരെ നിർണായക പങ്ക് വഹിക്കാം. പിരിമുറുക്കം അകറ്റാൻ ധ്യാനം, സംഗീതം ആസ്വദിക്കൽ, മറ്റ് വിനോദോപാധികളിൽ ഏർപ്പെടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാം.
കൃത്യമായ വൈദ്യസഹായം തേടുക
കൃത്യമായ സമയത്ത് വൈദ്യ സഹായം തേടുന്നത് സമ്പൂർണ്ണാരോഗ്യത്തിന് മാത്രമല്ല തൈറോയ്ഡിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പ്രാരംഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കണ്ട് പരിഹാരം തേടുകയാണെങ്കിൽ നിസാരമരുന്നുകൊണ്ട് പ്രശ്നത്തെ തുടക്കത്തിൽ തന്നെ നിയന്ത്രിക്കാനാകും.
തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും സ്രവിക്കുന്ന ഹോർമോണുകൾ കലോറി ഉപഭോഗ നിരക്കിനെ നിയന്ത്രിക്കുക, ഹൃദയമിടിപ്പ് നിയന്ത്രിക്കുക തുടങ്ങിയ ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും സഹായിക്കുന്നുണ്ട്. എന്നാൽ ഈ സ്രവങ്ങളുടെ അളവ് ആവശ്യത്തേക്കാൾ കൂടുതലോ കുറവോ ആണെങ്കിൽ ശരീരത്തിന് പല പ്രയാസങ്ങളും നേരിടേണ്ടി വന്നേക്കാം. ഇതിന്‍റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ രോഗ നിർണയത്തിന് എൻഡോക്രൈനോളജിസ്റ്റിനെ സമീപിക്കണം. സമയബന്ധിതമായ ചികിത്സ ചില ഗുരുതരമായ കേസുകളിൽ മരുന്നുകളുടെയോ തെറാപ്പിയുടെയോ സഹായത്തോടെ നിയന്ത്രിക്കാനാവും.
ചില ഗുരുതരമായ കേസുകളിൽ തൈറോഡക്ടമി ആവശ്യമായി വരാം. തൈറോയ്ഡ് തകരാറുകൾ മരുന്നുകൾ കൊണ്ട് സുഖപ്പെടുത്താൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ മാത്രമാണ് ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെടുക. സമീകൃതാഹാരം കഴിക്കുന്നതും ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇത് തൈറോയ്ഡ് രോഗം സുഖപ്പെടുത്തുക മാത്രമല്ല നിങ്ങളുടെ പൊതുജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും.